Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ റൈറ്റേഴ്‌സ്‌ ഫോറം ചര്‍ച്ചാ സമ്മേളനം അതൃന്തം വിജ്ഞാനപ്രദമായി   - എ.സി. ജോര്‍ജ്‌

Picture

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും നിരൂപകരുടെയും വായനക്കാരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറം ജൂലൈ 19-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത്‌ കെയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ ജോണ്‍ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുഗുണന്‍ ഞെക്കാട്‌, ട്രഷറര്‍ മാത്യു കുരവക്കല്‍ എന്നിവര്‍ വിശദമായ പ്രതിമാസ റിപ്പോര്‍ട്ടവതരിപ്പിച്ചു. ആഗസ്റ്റ്‌ 30-ാം തീയതി വിപുലമായ സാഹിത്യ-സാംസ്‌ക്കാരിക പരിപാടികളോടെ കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ രജത ജൂബിലി സമുചിതമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഇതുവരെ ചെയ്‌ത വന്‍ ക്രമീകരണങ്ങളെപ്പറ്റി വിശദീകരിച്ചു. ഈ രജത ജൂബിലി ഒരു വന്‍ സാഹിത്യ-സാംസ്‌ക്കാരിക ഉല്‍സവമാക്കുവാന്‍ കേരളാ റൈറ്റേഴ്‌സ്‌ ഫോറം അംഗങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്‌. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളും പ്രവര്‍ത്തകരും അതിരറ്റ പ്രോല്‍സാഹനമാണ്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ 25 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരളാ റൈറ്റേഴ്‌സ്‌ ഫോറം ഇവിടത്തെ എഴുത്തുകാര്‍ക്കും അനുവാചകര്‍ക്കും വായനക്കാര്‍ക്കും ഈ മേഖലയില്‍ ഉത്തമമായ മാര്‍ക്ഷദര്‍ശനമാണ്‌ നല്‍കിയിട്ടുള്ളത്‌. വളരെ അധികം പുസ്‌തകങ്ങള്‍ കേരളാ റൈറ്റേഴ്‌സ്‌ ഫോറം അംഗങ്ങള്‍ വിവിധ പ്രസാധകര്‍ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാള ഭാഷാ സാഹിത്യ നഭോമണ്‌ഡലത്തിലെ അതി പ്രശസ്‌തരായ വിഷ്‌ണു നാരായണന്‍ നമ്പൂതിരി, ഒ.എന്‍.വി. കുറുപ്പ്‌, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, എം. മുകുന്ദന്‍, കാക്കനാടന്‍, വിനയചന്ദ്രന്‍, പുനത്തില്‍ കുഞ്ഞബ്‌ദുള്ള, സച്ചിതാനന്ദന്‍, എന്‍. മോഹന്‍ തുടങ്ങിയവര്‍ക്ക്‌ ആതിഥ്യം നല്‍കാനും അവരെ ശ്രവിക്കാനും കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തിന്‌ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്‌. രജതജൂബിലി ആഘോഷങ്ങള്‍ ഹ്യൂസ്റ്റനിലെ പ്രശസ്‌തമായ ഇന്ത്യാഹൗസിലും അതിന്റെ ഓഡിറ്റോറിയത്തിലുമായിരിക്കും നടത്തുക.

കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ മുന്‍വിവരിച്ച ബിസിനസ്‌ മീറ്റിംഗിനു ശേഷം എ.സി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഭാഷാ സാഹിത്യ ചര്‍ച്ചയും വിശകലനങ്ങളും നടത്തി. പ്രസിദ്ധ സാഹിത്യകാരനായ മാത്യു നെല്ലിക്കുന്ന്‌ എഴുതിയ കഥകളെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്‌ റിലീസ്‌ ചെയ്യാനിരിക്കുന്ന മാത്യു `നെല്ലികുന്നിന്റെ കഥകള്‍' എന്ന അദ്ദേഹത്തിന്റെ കൃതിയെ പറ്റി ഹ്രസ്വമായി അദ്ദേഹം തന്നെ വിശദീകരിച്ചു. ഈശൊ ജേക്കബ്‌ മലയാള ഭാഷാ ലിപികളുടെ അവസ്ഥാന്തര പരിണാമങ്ങളെപ്പറ്റി വിശദമായ പ്രബന്ധം അവതരിപ്പിച്ചു. ജോസഫ്‌ പുന്നോലി പ്രസിദ്ധ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചെറുകഥകളേയും നോവലുകളേയും പറ്റി സംക്ഷിപ്‌തമായി സംസാരിച്ചു. അന്തര്‍മുഖനായ ഒരു എഴുത്തുകാരനാണ്‌ മുഹമ്മദ്‌ ബഷീര്‍. സ്വന്തം സമുദായത്തില്‍ നേരിട്ടുകണ്ടതും അനുഭവിച്ചതുമായ പലതിലൂടേയും അദ്ദേഹത്തിന്റെ തൂലിക ഇറങ്ങിച്ചെന്നു. തകര്‍ച്ചയും ജീര്‍ണ്ണതയും ചിത്രീകരിക്കുമ്പോള്‍ ബഷീറിന്റെ ഉള്ളിലെ ചിരി വായനക്കാര്‍ക്ക്‌ അനുഭവിക്കാന്‍ പറ്റും. ഉദാഹരണമായി അദ്ദേഹത്തിന്റെ ഒരു കൃതിയിലെ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞ്‌ മാതിരിയുള്ള കഥാപാത്രങ്ങള്‍ ആ കാലത്തു മാത്രമല്ല ഇന്നിവിടെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പോലും ധാരാളമായി കാണാന്‍ പറ്റും. എവിടെ എന്തെങ്കിലും ഒരു ചെറിയ വിജയമൊ നേട്ടമൊ കണ്ടാല്‍ അതിന്റെ ഉത്തരവാദി അല്ലെങ്കില്‍ ആ നേട്ടങ്ങള്‍ നേടി തന്നത്‌ താനാണെന്ന്‌ പറഞ്ഞ്‌ പത്രത്താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകള്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ടെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ജോണ്‍ മാത്യു, സുഗുണന്‍ ഞെക്കാട്‌, മാത്യു കുരവക്കല്‍, അതുല്‍ കൃഷ്‌ണ, ജോസഫ്‌ മണ്‌ഡപം, ഈശൊ ജേക്കബ്‌, ശശിധരന്‍ നായര്‍, ടി.ജെ. ഫിലിപ്പ്‌, ജോസഫ്‌ തച്ചാറ, ജോര്‍ജ്‌ എബ്രഹാം, പൊന്നു പിള്ള, ഡോക്‌ടര്‍ സണ്ണി എഴുമറ്റൂര്‍, കെ. സുരേന്ദ്രന്‍, ജോസഫ്‌ പുന്നോലി, എ.സി. ജോര്‍ജ്‌, സജി പുല്ലാട്‌, ബിജു വര്‍ഗീസ്‌, മാത്യു നെല്ലിക്കുന്ന്‌, ബോബി മാത്യു തുടങ്ങിയവര്‍ ചര്‍ച്ചാ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code