കൊച്ചി : അഭിനേതാക്കളായ ദിലീപും മഞ്ജുവാരിയരും സംയുക്ത വിവാഹമോചന ഹര്‍ജി നല്കി. ഇതോടെ മറ്റു സാധ്യതകള്‍ പരിഗണിക്കാതെ കോടതി ഇടപെടലോടെ ആറു മാസത്തിനകം ഇരുവരും പിരിയുമെന്നത് ഉറപ്പായി. ഹര്‍ജി ജനുവരി 27ന് കോടതി പരിഗണിക്കും.
സ്വത്തു പങ്കിടല്‍ സംബന്ധിച്ച ഒത്തുതീര്‍പ്പിനു ശേഷം അടുത്തമാസം 16 നു മുന്‍പ് എറണാകുളം കുടുംബ കോടതിയില്‍ സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കുമെന്നായിരുന്നു സൂചനയെങ്കിലും ഇന്നു തന്നെ ഇരുവരും നേരിട്ടെത്തി കോടതിയിലെത്തി ജഡ്ജി പി.മോഹന്‍ദാസിനു മുന്നില്‍ ഹര്‍ജി നല്‍കുകയായിരുന്നു. രാവിലെ 9.40 ഓടെ കോടതിയിലെത്തിയ ഇരുവരും അരമണിക്കൂറോളം കോടതിയില്‍ ഉണ്ടായിരുന്നു. ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലൂടെ ഇരുവരും മടങ്ങി. സഹോദരന് മധുവാര്യര്ക്കൊപ്പമാണ് മഞ്ജു കോടതിയിലെത്തിയത്. മടങ്ങുമ്പോള്‍ മഞ്ജു കണ്ണീര് തുടയ്ക്കുന്നതും കാണാമായിരുന്നു.
വ്യക്തിജീവിതത്തെ മുറിപ്പെടുത്തും വിധത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കി സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കാനാണ് ഇരുവരും തീരുമാനിച്ചത്. മകള്‍ ആര്‍ക്കൊപ്പം നിന്നാലും അത് പ്രശ്നമല്ലെന്നും ജീവനാംശം വേണ്ടെന്നും മഞ്ജു കോടതിയെ ധരിപ്പിച്ചു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.
Comments