Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അക്ഷര സംഗമത്തിന്‌ അരങ്ങൊരുങ്ങി; ലാനാ കണ്‍വന്‍ഷന്‌ വെള്ളിയാഴ്‌ച തിരിതെളിയും

Picture

തൃശൂര്‍: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ ചരിത്രത്തിലാദ്യമായി മലയാളക്കരയിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലായി നടത്തുന്ന ത്രിദിന കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ്‌ ഓച്ചാലില്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ കെ. രാധാകൃഷ്‌ണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

ജൂലൈ 25-ന്‌ തൃശൂരിലെ സാഹിത്യ അക്കാഡമി മന്ദിരത്തിലും, 26-ന്‌ ചെറുതുരുത്തിയിലെ കേരള കലാമണ്‌ഡലം സര്‍വ്വകലാശാലയിലും, 27-ന്‌ ഞായറാഴ്‌ച തിരൂരിലെ തുഞ്ചന്‍പറമ്പിലുമായി സംഘടിപ്പിക്കുന്ന ലാനയുടെ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കുവാന്‍ വിവിധ സ്ഥലങ്ങളിലെ സ്വാഗതസംഘം കമ്മിറ്റികളും ലാനാ ഭാരവാഹികളും അവസാനവട്ട മിനുക്കുപണികള്‍ നടത്തിവരുന്നു. കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ എല്ലാ വിഭാഗം ജനങ്ങളുടേയും വമ്പിച്ച പിന്തുണയും പ്രോത്സാഹനവുമാണ്‌ ലാനാ കണ്‍വന്‍ഷന്‌ ലഭിച്ചുവരുന്നത്‌.

ജൂലൈ 25-ന്‌ വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക്‌ രജിസ്‌ട്രേഷനും അമേരിക്കന്‍ എഴുത്തുകാര്‍ക്കുള്ള സ്വീകരണ പരിപാടികളും നടക്കും. 10 മണിക്ക്‌ ലാനാ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വെച്ച്‌ കേരളാ സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ ത്രിദിന കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. സാഹിത്യ അക്കാഡമിയുടേയും ലാനയുടേയും ഭാരവാഹികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. തുടര്‍ന്ന്‌ നടക്കുന്ന സാഹിത്യ സെമിനാറില്‍ `ശ്രേഷ്‌ഠ ഭാഷ: പ്രതീക്ഷകളും വെല്ലുവിളികളും' എന്ന വിഷയത്തെ അധികരിച്ച്‌ പ്രൊഫ. കോശി തലയ്‌ക്കല്‍, ഏബ്രഹാം തെക്കേമുറി, ജോയിന്‍ കുമരകം തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്‌ക്ക്‌ അക്കാഡമി മിനി ഹാളില്‍ സ്‌നേഹവിരുന്ന്‌ വിളമ്പുന്നതാണ്‌. ഉച്ചയൂണ്‌ കഴിഞ്ഞ്‌ നടക്കുന്ന മാധ്യമ സെമിനാറില്‍ കേരളാ പ്രസ്‌ അക്കാഡമി ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബ്‌, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എക്‌സ്‌ എം.എല്‍.എ, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. ബോബി അലക്‌സ്‌, ഏഷ്യാനെറ്റ്‌ ന്യൂസ്‌ എഡിറ്റര്‍ മാങ്ങാട്‌ രത്‌നാകരന്‍, കേരള കൗമുദി ഡപ്യൂട്ടി എഡിറ്റര്‍ ആര്‍. ഗോപീകൃഷ്‌ണന്‍, തൃശൂര്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ വി.എം. രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിക്കും.

2014 ജൂലൈ 26-ന്‌ ശനിയാഴ്‌ച ചെറുതുരുത്തിയിലെ കേരള കലാമണ്‌ഡലത്തിലാണ്‌ വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നത്‌. രാവിലെ 10 മണിക്ക്‌ കണ്‍വീനര്‍ കെ. രാധാകൃഷ്‌ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം കലാമണ്‌ഡലം വൈസ്‌ ചാന്‍സലര്‍ പി.എന്‍. സുരേഷ്‌ ഉദ്‌ഘാടനം ചെയ്യും. രജിസ്‌ട്രാര്‍ ഡോ. കെ.കെ.സുന്ദരേശന്‍, പത്മശ്രീ കലാമണ്‌ഡലം സത്യഭാമ എന്നിവര്‍ പ്രസംഗിക്കുന്നതാണ്‌. തുടര്‍ന്ന്‌ തായമ്പകയും സംഗീത കച്ചേരിയും അതിനെ തുടര്‍ന്ന്‌ വിശിഷ്‌ടാതിഥികള്‍ക്കായി വള്ളുവനാടന്‍ സദ്യയും ഒരുക്കുന്നതാണ്‌. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെയുള്ള യാത്രയും നിളാ നദിക്കരയിലെ കവിയരങ്ങും അന്നേദിവസം ഉച്ചകഴിഞ്ഞാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. തുടര്‍ന്ന്‌ കലാമണ്‌ഡലം കൂത്തമ്പലത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്‌. കലാമണ്‌ഡലത്തിലെ പ്രതിഭകള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍, കഥകളി എന്നിവ ശനിയാഴ്‌ചത്തെ സായാഹ്നം സമ്പന്നമാക്കും.

മൂന്നാം ദിവസമായ ഞായറാഴ്‌ച തിരൂരിലെ തുഞ്ചന്‍പറമ്പില്‍ പഞ്ചവാദ്യത്തോടുകൂടി പരിപാടികള്‍ ആരംഭിക്കും. വിശിഷ്‌ടാതിഥികളേയും അമേരിക്കന്‍ എഴുത്തുകാരേയും സ്വീകരിച്ച്‌ ഓഡിറ്റോറിയത്തിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യും. ഡോ. കെ. ജയകുമാര്‍ ഐ.എ.എസ്‌, സി. രാധാകൃഷ്‌ണന്‍, സക്കറിയ, അക്‌ബര്‍ കക്കട്ടില്‍ തുടങ്ങിയ കേരളത്തിലെ പ്രമുഖ എഴുത്തുകാരും, ലാനാ ഭാരവാഹികളും പ്രസംഗിക്കും. ലാനാ അംഗങ്ങളായ അഞ്ച്‌ എഴുത്തുകാരുടെ പുതിയ പുസ്‌തകങ്ങളുടെ പ്രകാശനം എം.ടി. നിര്‍വഹിക്കും. തുടര്‍ന്ന്‌ `മലയാള സാഹിത്യം: രചനയുടെ പാഠഭേദങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച്‌ സി. രാധാകൃഷ്‌ണന്‍, സക്കറിയ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച്‌ പ്രസംഗിക്കും. ജോണ്‍ മാത്യു മോഡറേറ്ററായിരിക്കും. ഒരു മണിക്ക്‌ കേരളാ സദ്യയും തുടര്‍ന്ന്‌ തുഞ്ചന്‍ മ്യൂസിയം സന്ദര്‍ശനവും സംഘടിപ്പിച്ചിരിക്കുന്നു. വൈകുന്നേരം 3 മണിക്ക്‌ `മലയാളിയുടെ മാഹാത്മ്യങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച്‌ നടക്കുന്ന സാഹിത്യ സെമിനാറില്‍ പി.കെ. പാറക്കടവ്‌, ഡോ. കെ. ജയകുമാര്‍, കെ.പി. രാമനുണ്ണി തുടങ്ങിയവര്‍ പ്രസംഗിക്കും. അഞ്ചുമണിക്ക്‌ കേരളത്തിലെ പ്രമുഖ എഴുത്തുകാരും അമേരിക്കന്‍ എഴുത്തുകാരും പങ്കെടുക്കുന്ന സാഹിത്യ ചര്‍ച്ചയാണ്‌. പ്രൊഫ. മാത്യു പ്രാല്‍ മോഡറേറ്റ്‌ ചെയ്യുന്ന ചര്‍ച്ചയില്‍ എം.ടി. നേതൃത്വത്തിലുള്ള പ്രമുഖ എഴുത്തുകാരും ലാനാ പ്രതിനിധികളും പങ്കെടുക്കും.

കേരളത്തിന്റെ മണ്ണിലൂടെ ലാന നടത്തുന്ന ഈ സാംസ്‌കാരിക തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ എല്ലാ അക്ഷരസ്‌നേഹികളേയും ലാന ഭാരവഹികള്‍ ക്ഷണിക്കുന്നു. പൊതുജനങ്ങള്‍ക്കും, കേരളത്തില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസ്‌ ഉണ്ടായിരിക്കുന്നതല്ല.



Comments


അക്ഷര സംഗമം
by KRISHNA, KERALA on 2014-07-25 00:25:02 am
എല്ലാ വിജയങ്ങളും ആശംസിക്കുന്നു.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code