Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ ബിസിനസുകാരും സര്‍ക്കാരും - അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്‌ട്രീയം   - പി.സി. സിറിയക്‌ ഐ.എ.എസ്‌

Picture

ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞതോടെ നമ്മുടെ രാജ്യം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പഞ്ചവത്സര പദ്ധതികളുമായി മുന്നോട്ടുവന്നു. ഒന്നാം പഞ്ചവത്സരപദ്ധതി കൃഷിക്ക്‌ പ്രധാന്യം കൊടുത്തെങ്കിലും രണ്ടാം പദ്ധതി മുതല്‍ വ്യവസായത്തിന്‌ പ്രമുഖ സ്ഥാനം നല്‍കി. ഇന്ത്യയിലെ ചെറുകിട വ്യവസായികളും സംരംഭകരുമെല്ലാം വന്‍കിട വ്യവസായികളായിത്തീരാനുള്ള വഴിയായിരുന്നു അതോടെ സര്‍ക്കാര്‍ അവര്‍ക്ക്‌ തുറന്നു കൊടുത്തത്‌. സ്വദേശി വ്യവസായങ്ങള്‍ വളരാനും വികസിക്കാനും സൗകര്യമൊരുക്കാനായി ഇന്‍ഡസ്‌ട്രീയല്‍ ലൈസന്‍സിംഗ്‌ സമ്പ്രദായം കൊണ്ടുവന്നു. പുതിയ വ്യവസായം സ്ഥാപിക്കാന്‍ ലൈസന്‍സ്‌ നേടിയെടുക്കണമെന്ന്‌ വന്നതോടെ നിലവിലുള്ള വ്യവസായങ്ങള്‍ക്ക്‌ മത്സരഭീതി ഒഴിവായി. പുറത്തുനിന്നുള്ള ഉത്‌പന്നങ്ങള്‍ നാട്ടില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഉത്‌പന്നങ്ങളോട്‌ മത്സരിക്കാതിരിക്കാന്‍ ഉയര്‍ന്ന ഇറക്കുമതി ചുങ്കങ്ങളും സര്‍ക്കാര്‍ നിര്‍ണിയിച്ചു. ചുരുക്കത്തില്‍ അന്നത്തെ സ്വദേശി വ്യവസായങ്ങള്‍ക്ക്‌ ആരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്ത സ്ഥിതി. ബ്രഹ്മാണ്‌ഡമായ ഇന്ത്യന്‍ വിപണയില്‍ (അന്നത്തെ ജനസംഖ്യ 40 കോടി) ഇഷ്‌ടമുള്ള വിലയ്‌ക്ക്‌ ഏതു `ചവറും' ഉത്‌പാദിപ്പിച്ചു പറയുന്ന വിലയ്‌ക്ക്‌ വില്‍ക്കാന്‍ കഴിയുന്ന സ്ഥിതി.

പിന്നീട്‌ 1991-ല്‍ ഉദാരവത്‌കരണനയം കൊണ്ടുവന്ന്‌ പെര്‍മിറ്റ്‌ ലൈസന്‍സ്‌ രാജിന്‌ അന്ത്യംകുറിച്ചപ്പോള്‍ നമ്മുടെ വ്യവസായികള്‍ ബഹളമുണ്ടാക്കി. ``ഞങ്ങള്‍ക്ക്‌ Level Playing Field വേണം. വിദേശത്ത്‌ ചെലവുകുറഞ്ഞ വൈദ്യുതിയും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായിരിക്കുന്ന വിദേശ വ്യവസായികള്‍ക്ക്‌ പലതരത്തിലുള്ള വിഷമതകള്‍ക്കും പരാധീനതകള്‍ക്കും എതിരായി പടവെട്ടി പാടുപെട്ട്‌ നീന്തിക്കയറുന്ന ഞങ്ങളെ തുടച്ചുനീക്കാന്‍ സൗകര്യമൊരുക്കരുതേ.'' ഇതായിരുന്നു അവരുടെ അഭ്യര്‍ത്ഥന. ഏതായാലും നമ്മുടെ സര്‍ക്കാര്‍ തുടര്‍ന്നു കനിഞ്ഞു നല്‍കിയ ആനുകൂല്യങ്ങളുടെയും ഇവിടത്തെ വളരെ താഴ്‌ന്ന ശമ്പള നിരക്കുകളുടെയും ബലത്തില്‍ നമ്മുടെ വ്യവസായികള്‍ക്ക്‌ പിടിച്ചുനില്‍ക്കാനും പിന്നീട്‌ ക്രമേണ വിദേശവിപണിയില്‍ മത്സരിച്ച്‌ കയറ്റുമതി ചെയ്യാനും കഴിഞ്ഞു. അതുപോലെതന്നെ നവീന സാങ്കേതികവിദ്യ വിദേശത്തുനിന്നും കൊണ്ടുവരാനും ഇന്ത്യന്‍ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിഞ്ഞു.

ഇതിനിടയ്‌ക്ക്‌ മറ്റൊരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വന്‍ വിജയം വരിച്ച വ്യവസായികള്‍ മിക്കവരും ഭരണത്തിലുള്ളവരെ `കാക്കപിടിച്ച്‌' നയങ്ങള്‍ അവര്‍ക്ക്‌ അനുകൂലമായി വളച്ചൊടിപ്പിച്ച്‌ മുന്നോട്ടുകയറാന്‍ പ്രത്യേക സാമര്‍ത്ഥ്യം കാണിച്ചവരായിരുന്നു. ഉദാഹരണം അംബാനിയുടെ റിലയന്‍സ്‌, ബജാജ്‌, റൂയിയ ബ്രദേഴ്‌സ്‌, അദാനി ഗ്രൂപ്പ്‌, സ്വരാജ്‌ പോളിന്റെ എ.പി.ജെ. ഗ്രൂപ്പ്‌, അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ്‌ മുതലായവ. ഈ സ്ഥിതി ഈയടുത്ത കാലത്ത്‌ കുറേക്കൂടി വഷളായിത്തീര്‍ന്നതും നാം കണ്ടു. ഉദാഹരണം, യു.പി.എ. സര്‍ക്കാര്‍ അവസാന ഘട്ടത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൃഷ്‌ണാ ഗോദാവരി തടത്തില്‍നിന്നും ഉത്‌പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്‌ യൂണിറ്റൊന്നിന്‌ 4.20 ഡോളറില്‍ നിന്നും 8.40 ഡോളറായി വില ഉയര്‍ത്തിക്കൊടുക്കാന്‍ എടുത്ത തീരുമാനം. പത്തു കൊല്ലംമുമ്പ്‌ ഇതേ പ്രകൃതിവാതകത്തിന്‌ ടെണ്ടര്‍ സമര്‍പ്പിച്ചപ്പോള്‍ യൂണിറ്റൊന്നിന്‌ 2.34 ഡോളറിന്‌ ഗ്യാസ്‌ സപ്ലൈ ചെയ്യാമെന്ന്‌ അവര്‍ സമ്മതിച്ചിരുന്നതാണ്‌. പക്ഷെ കഴിഞ്ഞ പത്തുകൊല്ലത്തിനിടയ്‌ക്ക്‌ അവര്‍ പ്രകൃതിവാതകത്തിന്‌ വില കൂടുതല്‍ ആവശ്യപ്പെടുകയും അത്‌ നേടിയെടുക്കുകയും ചെയ്‌തു. അതിനുപുറമെ പറഞ്ഞു സമ്മതിച്ചത്ര അളവില്‍ പ്രകൃതിവാതകം ഉത്‌പാദിപ്പിക്കാന്‍ കൂട്ടാക്കിയതുമില്ല. യാതൊരു തെളിവുമില്ലാതെ അവിടെ ആവശ്യത്തിനു പ്രകൃതിവാതകം കിട്ടാനില്ല എന്ന പരാതി ഉയര്‍ത്തി; ഉത്‌പാദനം കുറച്ചു. അതോടെ പ്രകൃതിവാതകത്തെ ആശ്രയിച്ച്‌ പണം മുടക്കി സ്ഥാപിച്ച വൈദ്യുതിനിലയങ്ങളും വളം നിര്‍മാണ ഫാക്‌ടറികളും നിശ്ചലമായി കിടക്കേണ്ടിവരികയും ചെയ്‌തു. വൈദ്യുതിക്ഷാമം, മറ്റു നിരവധി മേഖലകളില്‍ ഉത്‌പാദനോന്മുഖമായ പദ്ധതികളെ തളര്‍ത്തി.

ചുരുക്കത്തില്‍ റിലയന്‍സ്‌ കമ്പനി പ്രകൃതിവാതകത്തിന്റെ ഉത്‌പാദനം കുറച്ച്‌ അതിന്റെ വില ഉയര്‍ത്തി നിര്‍ണയിക്കാന്‍ സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. പോരാഞ്ഞിട്ട്‌ സര്‍ക്കാരിന്റെ ഗ്യാസ്‌ പ്രൈസ്‌ ഫോര്‍മുല എന്താണെന്നോ? ഇവിടുത്തെ ഉത്‌പാദനച്ചെലവും ന്യായമായ ലാഭവിഹിതവും കണക്കാക്കി വില നിര്‍ണയിക്കുന്നതിനു പകരം യാതൊരു ഇന്ധനങ്ങളും സ്വന്തമായി ഇല്ലാത്ത ജപ്പാന്‍പോലൊരു രാജ്യത്തില്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യാന്‍ അവര്‍ക്ക്‌ കൊടുക്കേണ്ടിവരുന്ന വിലയാണ്‌ (ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രകൃതിവാതക നിരക്കുകളില്‍പ്പെടും ജപ്പാനിലെ നിരക്ക്‌) ബംഗാള്‍ ഉള്‍ക്കടലില്‍ കൃഷ്‌ണാ-ഗോദവരി ബേസിനില്‍ എണ്ണക്കിണറിന്റെ കരയ്‌ക്ക്‌ (Well Head Rate) നിര്‍ണയിച്ചിരിക്കുന്ന വില!

സ്വാധീനശക്തിയുള്ള ബിസിനസുകാര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തങ്ങള്‍ക്കു കൊള്ളലാഭം നേടാന്‍ പറ്റുന്നവിധത്തില്‍ വളച്ചൊടിക്കുന്നതിന്റെ നല്ലൊരുദാഹരണം.

അതുപോലെതന്നെ ഈയടുത്തകാലത്ത്‌ ടാറ്റാ, അദാനി ഗ്രൂപ്പ്‌ കമ്പനികള്‍ക്ക്‌ ഗുജറാത്തില്‍ തങ്ങള്‍ ഓപ്പറേറ്റ്‌ ചെയ്യുന്ന അള്‍ട്രാ മെഗാ വൈദ്യുതി നിലയങ്ങളില്‍ നിന്നും ഒരു നിശ്ചിത നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന്‌ കരാര്‍ ചെയ്‌തിരുന്നിടത്ത്‌ അധികവില നല്‍കാന്‍ അവിടുത്തെ ഇലക്‌ട്രിസിറ്റി റെഗുലേറ്റര്‍ അനുവാദം നല്‍കി. അവര്‍ ഉത്‌പാദിപ്പിച്ച വൈദ്യുതി വാങ്ങാനായി വൈദ്യുതി വിതരണ കമ്പനികള്‍ അദാനിക്ക്‌ 830 കോടി രൂപയും ടാറ്റാ പവറിന്‌ 330 കോടി രൂപയും കൂടുതലായി നല്‍കേണ്ടിവന്നിരിക്കുന്നു. ഭാവിയില്‍ അവര്‍ സപ്ലൈ ചെയ്യുന്ന വൈദ്യുതിക്കും നേരത്തെ ടെണ്ടറില്‍ കരാര്‍ എടുത്ത സമയത്ത്‌ സമ്മതിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കുകള്‍ ഇപ്പോള്‍ ഇതാ അനുവദിച്ചിരിക്കുന്നു. ഇതിനു ന്യായീകരണം എന്താണെന്നോ? ആ വൈദ്യുതിനിലയങ്ങളില്‍ ഉപയോഗിക്കാനായി ഇറക്കുമതി ചെയ്‌ത കല്‍ക്കരിക്ക്‌ ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കുകയും അങ്ങനെ ഇറക്കുമതി കല്‍ക്കരിയുടെ വില ഉയരുകയും ചെയ്‌തു. ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ അന്താരാഷ്‌ട്ര വിപണിയിലുണ്ടാകുമെന്ന്‌ അറിയാത്തവരല്ലല്ലോ ടാറ്റായും അദാനിയും മറ്റും. അപ്രതീക്ഷിതമായ ഇത്തരം ഷോക്കുകളില്‍ നിന്നും വലിയ ക്ഷതമേല്‍ക്കാതെ മുമ്പോട്ടുപോകാനുള്ള കഴിവ്‌ ഇവര്‍ക്കുണ്ടായിരിക്കേണ്ടതാണ്‌. അതിനുവേണ്ട സംവിധാനങ്ങള്‍ മുന്‍കൂട്ടി ഇവര്‍ ഒരുക്കിയില്ലെങ്കില്‍ അവരെത്തന്നെ കുറ്റപ്പെടുത്തുക മാത്രമാണ്‌ ചെയ്യേണ്ടത്‌. അതിനുപകരം ഇവിടെ ഇതാ, അവരുടെ കഴിവുകേടിന്‌ ഉപഭോക്താക്കള്‍ സമ്മാനം നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

ചുരുക്കത്തില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്മാര്‍ക്ക്‌ സംഭവിക്കുന്ന തെറ്റുകള്‍ക്കും അവര്‍ കരുതലില്ലാതെ ചെന്നുചാടുന്ന ചതിക്കുഴികള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുകയാണ്‌ നമ്മുടെ സര്‍ക്കാര്‍. അവര്‍ക്ക്‌ അധികലാഭം ഉറപ്പുവരുത്താന്‍വേണ്ടി ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. അങ്ങനെ കൂട്ടുനിന്ന്‌ ഇത്തരം തീരുമാനങ്ങളെടുക്കുന്ന സര്‍ക്കാരും ഉദ്യോഗസ്ഥന്മാരും അവിഹിത നേട്ടങ്ങള്‍ പ്രതിഫലമായി നേടുന്നുണ്ടോ? ചുമ്മാതല്ല, അഴിമതിയാരോപണങ്ങളുടെ ബാഹുല്യം. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച വ്യവസായ ഭീമന്മാര്‍ ഒരു പോറലുമേല്‍ക്കാതെ വിലസുന്നു. (കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിനെ ധൂര്‍ത്തടിച്ച്‌ നശിപ്പിച്ച വിജയ്‌മല്യയെ ഓര്‍ക്കുക) ഇതിനിടയ്‌ക്കാണ്‌ മകളുടെ നേഴ്‌സിംഗ്‌ വിദ്യാഭ്യാസത്തിന്‌ എടുത്ത കടം തിരിച്ചുകൊടുക്കാന്‍ കഴിയാതെ പോയ ജോസഫിനെ ജയിലിലടച്ച സംഭവം. കോണ്‍ഗ്രസ്സും ബി.ജെ.പിയുമെല്ലാം ഈ വിഷയത്തില്‍ കൂട്ടുപ്രതികളാണ്‌. ചുമ്മാതല്ല ആം ആദ്‌മി പാര്‍ട്ടിക്കാര്‍ `ക്രോണി ക്യാപിറ്റലിസ'ത്തിനെ വിമര്‍ശിക്കുന്നതും ജനം അവര്‍ക്ക്‌ പിന്തുണ നല്‍കുന്നതും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code