ഓഹരി വിറ്റും വീണ്ടും വാങ്ങിയും വൃഷഭം പോല്‍
ഓടുന്നു ജനമാകെയോഹരിക്കമ്പോളത്തില്!
ഊണുമില്ലുറക്കവുമില്ലതന്നുന്മാദത്തില്
ഊഷ്മള ലഹരിയില്‍ ഉഴലുന്നെല്ലാവരും!
രാഷ്ട്രീയം പോല്ത്തന്നന്തര്ദേശീയ തലങ്ങളില്‍
രാപകല്വീശും കാറ്റിലോഹരിയിളകുമ്പോള്
ഹര്ഷരാകുന്നൂലാഭംകൊയ്യുവോരതേനേരം
ഹതഭാഗ്യരം നഷ്ടംവന്നവര് കരയുന്നു!
പണയം വെച്ചുംവസ്തുവിറ്റുമൊട്ടനേകരും
പണമുണ്ടാക്കുന്നേറെയോഹരി കൈക്കലാക്കാന്‍!
പണിചെയ്യുന്നു രാവും പകലും, മാറ്റങ്ങളില്‍
പതറാതതിമോഹക്കാറ്റടിച്ചുലകമാകെ!
പൊള്ളയാംധനാഢ്യതപം കാട്ടാനുള്ളാവേശത്തി-
ലുള്ളതുപോലും ചിലര്‍ കളഞ്ഞുകുളിക്കുന്നു!
ആര്ക്കുമേയടങ്ങാതെയോടുമീവൃഷഭത്തെ
യോര്ക്കുന്നോരതിന് പിമ്പേയോടുന്നു ബന്ധിക്കുവാന്‍!
ഒന്നുമില്ലാത്തോനെന്നുമൊന്നുമില്ലാത്തോനെത്ര
ഓടിയെന്നാലും സത്യസന്ധമായഹോരാത്രം!
ഓതുവാനാവാത്തൊരു വ്യാധിപോല് പടരുമീ
ഓഹരിഭ്രമം മാറാന്‍ ഓ!ഹരി! തുണയ്ക്കണേ!
*** ****
Comments