Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ ശക്തമാക്കുമോ, അതോ...   - പി.സി. സിറിയക്‌ ഐ.എ.എസ്‌

Picture

കപടരാഷ്‌ട്രീയത്തിന്റെയും ജാതി-മത-സമുദായ-സാമ്പത്തിക അന്തരങ്ങളുടെയും പേരില്‍ രാജ്യത്തെ 543 ലോക്‌സഭാ മണ്‌ഡലങ്ങളെ അത്രതന്നെ വ്യത്യസ്‌ത തുരുത്തുകളായി ഭിന്നിപ്പിക്കുന്ന വികലമായ ഒരു പ്രക്രിയയാണ്‌ രാഷ്‌ട്രീയത്തിന്റെ പേരില്‍ ഇന്ത്യയിലെമ്പാടും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഈ ദുസ്ഥിതി, ഭൂരിപക്ഷ ജനവിധി മാനിച്ചുള്ള ഒരു സര്‍ക്കാര്‍ ഇന്ത്യയിലുണ്ടാവുന്നത്‌ അസാധ്യമാക്കിത്തീര്‍ത്തിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തി അതിവേഗം ക്ഷയിച്ചുവരികയാണ്‌.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌, ബി.ജെ.പി. എന്നീ രണ്ട്‌ ദേശീയ രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ അവരോടൊപ്പം മാറിമാറി കൂട്ടുകൂടുകയും വിട്ടുപോവുകയും ചെയ്യുന്ന പ്രാദേശിക കക്ഷികള്‍ ചേര്‍ന്നുള്ള യു.പി.എ., എന്‍.ഡി.എ. എന്നീ പ്രമുഖ മുന്നണികള്‍ക്ക്‌ രാജ്യം ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം - 272 സീറ്റുകള്‍ - ലഭിക്കുമെന്ന്‌ അവര്‍ പോലും അവകാശപ്പെടുന്നില്ല. ജനാധിപത്യ വ്യവസ്ഥയെതന്നെ ദുര്‍ബലവും ശിഥിലവുമാക്കുന്ന ഇതുപോലുള്ള ജനവിധി മാനിച്ച്‌ സുശക്തമായ ഒരു കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാനാവുകയില്ല. എന്നുമാത്രമല്ല സമ്മതിദായകരെ ഒന്നടങ്കം അപഹസിച്ചുകൊണ്ട്‌ അവര്‍ നല്‍കുന്ന നിയമാനുസൃത മാന്‍ഡേറ്റിന്‌ നേര്‍വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികള്‍ക്ക്‌ ഇന്നുള്ള ജനാധിപത്യ സമ്പ്രദായത്തിനകത്ത്‌ നടത്താവുന്ന കുതിരക്കച്ചവടങ്ങള്‍ അവസരം നല്‍കുകയും ചെയ്യുന്നു.

അതീവ ഗുരുതരമായ ഈ ജനാധിപത്യ ലംഘനത്തിന്‌ ഏറ്റവുമധികം പിന്തുണ നല്‍കിവരുന്നതില്‍ സമ്പൂര്‍ണ സാക്ഷരരും രാഷ്‌ട്രീയ പ്രബുദ്ധരും എന്നവകാശപ്പെടുന്ന കേരളത്തിലെ സമ്മതിദായകരും ഉള്‍പ്പെടും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ സസൂക്ഷ്‌മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ വസ്‌തുത മനസിലാക്കാനാവും. കേരളത്തിലെ ഇരുമുന്നണികളും - എല്‍.ഡി.എഫും യു.ഡി.എഫും - കാലാകാലങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഈ യാഥാര്‍ത്ഥ്യം പുതുതലമുറയില്‍ പെട്ടവരും കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിച്ചിരുന്നവരിലും, അഭ്യസ്‌തവിദ്യരായ സ്‌ത്രീകളില്‍ പ്രത്യേകിച്ചും വേറിട്ടൊരു ചിന്തയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ശക്തമായ രാഷ്‌ട്രീയ നിലപാടുകളുള്ളവരെന്ന്‌ കേരളീയ വോട്ടര്‍മാരെ ധരിപ്പിച്ച്‌ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പിന്നില്‍ സമ്മതിദായകരെ അണിനിരത്തുക. തിരഞ്ഞെടുപ്പുകഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ മതേതരത്വം സംരക്ഷിക്കാനെന്നോ ഉറപ്പുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്നോ പേരില്‍ കേരളത്തില്‍നിന്നും വിജയിക്കുന്ന എല്‍.ഡി.എഫ്‌. എം.പിമാര്‍ക്ക്‌ കോണ്‍ ഗ്രസ്‌ നേതൃത്വം നല്‍ കുന്ന യു.പി.എ.ക്ക്‌ പിന്തുണ നല്‍കാന്‍ യാതൊരു മടിയും ഉണ്ടാവില്ല. ചരിത്രപരമായ വിഡ്‌ഢിത്തം ഒന്നിലേറെ തവണ ആവര്‍ത്തിക്കാനും പാടില്ലല്ലോ? ഇങ്ങനെ ഒന്നിക്കാന്‍ ഇരുകൂട്ടര്‍ക്കും പ്ലാനുണ്ടെങ്കില്‍ അതിപ്പോഴെ കേരളത്തിലെ വോട്ടര്‍മാരെ വിശ്വാസത്തിലെടുത്ത്‌ പറയേണ്ടതല്ലേ?

കഴിവുതെളിയിച്ച ഒ. രാജഗോപാല്‍ മത്സരിക്കുന്ന തിരുവനന്തപുരത്തുപോലും ബി.ജെ.പി. ക്ക്‌ വിജയപ്രതീക്ഷയുണ്ടോ എന്ന്‌ സംശയമാണ്‌. അതേസമയം യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ഭരണവൈകല്യങ്ങളും പരസ്‌പര സഹകരണ സമീപനങ്ങളും മനസിലാക്കാനുള്ള ബുദ്ധിയുള്ള ശരാശരി കേരളീയന്‍ ഈ രണ്ടുകൂട്ടരും അല്ലാതെ ഒരു ബദലിനുവേണ്ടി പരതുകയാണ്‌. ബി.ജെ.പിയോ ആം ആദ്‌മിയോ ഈ അവസരം മുന്നില്‍ കണ്ട്‌ ആത്മാര്‍ത്ഥമായി കേരളത്തിലെ സാധാരണജന സാമാന്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട്‌ വിശ്വസനീയവും സത്യസന്ധമായ പശ്ചാത്തലമുള്ള ഒരു മതേതര നേതൃത്വത്തിന്‍കീഴില്‍ ഒരു ബദല്‍ സംവിധാനമായി ജനങ്ങളെ സമീപിച്ചിരുന്നെങ്കില്‍ അത്‌ കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ഒരു പുതിയ വിജയഗാഥ രചിക്കുമായിരുന്നു. ബി.ജെ.പി. എല്ലാ ജാതിമതസ്ഥരേയും ഉള്‍ക്കൊള്ളിച്ച്‌ രാഷ്‌ട്രീയ അടിത്തറ വിപുലമാക്കി ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നതിനുപകരം ഇപ്പോഴും പഴയ ഹിന്ദുത്വകാര്‍ഡുതന്നെയാണ്‌ കളിക്കുന്നത്‌. (പത്തനംതിട്ടമണ്‌ഡലത്തില്‍ അല്‍ഫോന്‍സ്‌ കണ്ണന്താനം മത്സരിക്കേണ്ടാ; അവിടെ ഒരു ശുദ്ധ ഹിന്ദുതന്നെ മത്സരിക്കണമെന്ന നിര്‍ബന്ധം). ആം ആദ്‌മിയാണെങ്കില്‍ ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ രാഷ്‌ട്രീയ കുട്ടിക്കളി നടത്തുന്നു. രാഷ്‌ട്രീയവാദമെന്നോ, പ്രത്യയശാസ്‌ത്രമില്ലാത്ത നിലപാടെന്നോ എന്തൊക്കെ ആക്ഷേപങ്ങള്‍ ഉന്നയിച്ചാലും പതിവു രാഷ്‌ട്രീയ മുന്നണികളെ മടുത്തുകഴിഞ്ഞ ഒരു നിശ്ശബ്‌ദ ജനവിഭാഗത്തെ കണ്ടില്ലെന്നു നടിച്ച്‌ പതിവു നയങ്ങളുമായി എത്തുന്നതിനു പകരം ഇക്കൂട്ടര്‍ ബുദ്ധിപൂര്‍വം പുതിയ സമീപനവുമായി ജനങ്ങളുടെ മുമ്പില്‍ എത്തിയിരുന്നെങ്കില്‍! അപ്പോള്‍ ഇരുമുന്നണികള്‍ക്കും ഞെട്ടലുളവാക്കുന്നവിധം ആര്‍ക്കും പ്രവചിക്കാനാവാത്ത നിലപാടുകള്‍ പ്രകടിപ്പിച്ച്‌ കേരളജനത നമ്മെ വിസ്‌മയിപ്പിച്ചേനെ.

വോട്ടര്‍മാര്‍ക്ക്‌ ഈ പുതിയ നിലപാട്‌ സ്വീകരിക്കാന്‍ പ്രേരകമായി ഭവിക്കുന്ന വിഷയങ്ങള്‍ പലതുണ്ട്‌.

1. വിലക്കയറ്റം: 2009-ല്‍ നടന്ന തിരഞ്ഞെടുപ്പ്‌ കാലത്ത്‌ കേരളീയരുടെ നിത്യോപയോഗ സാധനങ്ങളായ അരി, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍, പാചകവാതകം എന്നിവ കൂടാതെ ഡീസല്‍, പെട്രോള്‍ വിലവര്‍ധന എത്ര ശതമാനം ഉണ്ടായിരുന്നു? 50 മുതല്‍ 250 ശതമാനം വരെ എന്നാണ്‌ പൊതുവെ കാണക്കാക്കപ്പെടുന്നത്‌. അക്കാലയളവില്‍ ഇന്നാട്ടിലെ സാധാരണക്കാരുടെ വരുമാനത്തിലുണ്ടായ വര്‍ധനവ്‌ 25 ശതമാനത്തില്‍ താഴെമാത്രം. അതേസമയം കേരളത്തില്‍ ഉല്‍പാദിപ്പിച്ചിരുന്ന റബര്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍ എന്നിവയ്‌ക്ക്‌ യഥേഷ്‌ടം ഇറക്കുമതി അനുവദിച്ചും ഡ്യൂട്ടി ഇളവ്‌ നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധന അനുവദിക്കുന്നില്ല എന്നുമാത്രമല്ല വിലയിടിവിന്‌ സഹായകമായ നിലപാട്‌ സ്വീകരിക്കുകയും ചെയ്യുന്നു. ഏതായാലും ഇന്ത്യയിലെ മൂന്നിലൊന്നോണം വരുന്ന ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരെയും (ഏതാണ്ട്‌ 30 കോടി ജനങ്ങള്‍) പ്രതിനിധീകരിക്കുന്ന നമ്മുടെ എം.പി.മാര്‍ ഇക്കഴിഞ്ഞ ലോക്‌സഭയില്‍ തങ്ങളുടെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും മൂന്നിരട്ടിയായി (300%) വര്‍ധിപ്പിക്കാന്‍ കക്ഷിരാഷ്‌ട്രീയത്തിനുപരിയായി കൂട്ടായി തീരുമാനിച്ചുവെന്നത്‌ ഇവിടെ സ്‌മരിക്കാതെ വയ്യ. ഡല്‍ഹിയില്‍ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്ക്‌ ആഡംബര താമസസൗകര്യം, വൈദ്യുതി, ടെലിഫോണ്‍, വിമാന-റെയില്‍ യാത്രാ സൗകര്യങ്ങള്‍, പാചകവാതകം (ആധാര്‍ ഇല്ലാതെതന്നെ തങ്ങള്‍ക്കുവേണ്ടതിലേറെ). രാജ്യത്ത്‌ സാധാരണക്കാര്‍ക്കായി നിയമനിര്‍മാണം നടത്തുന്ന ഇവര്‍ ഇതൊക്കെ അവകാശമായി അനുഭവിക്കട്ടെ. ഇങ്ങനെ ഒറ്റയടിക്ക്‌ വന്‍ ശമ്പളവര്‍ധന സ്വയം വരുത്തിയ എം.പി.മാര്‍ സാധാരണക്കാരെ മറന്നു.

2. അഴിമതി: ഓരോ മേഖലയിലും നടമാടുന്ന ഭീകരമായ അഴിമതിയുടെ കഥകള്‍. കോമണ്‍വെല്‍ത്ത്‌ ഗെയിംസും, ടുജി സ്‌പെക്‌ട്രവും കല്‍ക്കരിഖനി കുംഭകോണവും സബ്‌മറൈന്‍ കോണ്‍ട്രാക്‌ടറുകളും എല്ലാം വഴിയായി ഭരിക്കുന്നവരുടെ വിദേശബാങ്ക്‌ അക്കൗണ്ടുകളില്‍ കോടിക്കണക്കിന്‌ പണം കുന്നുകൂടാന്‍ അനുവദിച്ചത്‌ ജനങ്ങള്‍ വെറുപ്പോടെയാണ്‌ നോക്കിക്കാണുന്നത്‌.

3. കുടിവെള്ളം: രണ്ടാം പഞ്ചവത്സര പദ്ധതി അവസാനിക്കുമ്പോള്‍ രാജ്യത്ത്‌ ഭക്ഷ്യക്ഷാമം പഴങ്കഥയാകുമെന്ന്‌ പണ്ട്‌ പത്രങ്ങളില്‍ വായിച്ചിട്ടുള്ളവര്‍ ഈ തിരഞ്ഞെടുപ്പിലും സമ്മതിദായകരായും വോട്ടര്‍പ്പട്ടികയിലുണ്ട്‌. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി ഉള്‍പ്പെടുന്ന എറണാകുളം പാര്‍ലമെന്റ്‌ മണ്‌ഡലത്തിലും നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരത്തും പോ ലും കുടിവെള്ളത്തിനായി ക്യൂവില്‍ കാത്തുകിടക്കുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്‌. 44 നദികളാല്‍ അനുഗ്രഹീതമാണ്‌ കേരള സംസ്ഥാനം. (മഴ 300 സെ.മീ.) ആരാണ്‌ ഇതിനു കുറ്റക്കാര്‍, സമ്മതിദായകരോ, മാറിമാറി നാടു ഭരിച്ചവരോ? ഇതൊക്കെ അനുഭവിക്കുന്നവര്‍ സമ്മതിദായകരായ സാധാരണ ജനങ്ങള്‍. പ്രതികരിക്കാന്‍ അവര്‍ വെമ്പുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code