Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുല്ലപ്പെരിയാര്‍ പ്രശ്‌നം: പരിഹാരമെന്ത്‌?   - പി.സി സിറിയക്‌ ഐ.എ.എസ്‌

Picture

സുപ്രീം കോടതിയുടെ വിധി കേരളത്തിനെതിരായി വന്നിരിക്കുകയാണല്ലോ. ഡാം സുരക്ഷിതമല്ലെന്നും അവിടെ 136 അടിയില്‍ കൂടുതല്‍ ജലം നിര്‍ത്താന്‍ അനുവദിക്കരുതെന്നും മറ്റുമുള്ള നമ്മുടെ വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്‌. പക്ഷേ, കേരളത്തില്‍ അനേക ലക്ഷം ജനങ്ങള്‍ ആ ഡാമിന്റെ സുരക്ഷിതാവസ്ഥയില്‍ വളരെയധികം ആശങ്കയുള്ളവരാണ്‌. ഒരു ഭൂകമ്പമോ മറ്റോ വന്നാല്‍ ഇപ്പോഴത്തെ നിലയിലും ജലനിരപ്പ്‌ ഉയര്‍ത്തിയാല്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ട്‌ അത്‌ താങ്ങാനാവാതെ വരുന്ന സ്ഥിതിയിലും അണക്കെട്ട്‌ തകരുമെന്നാണ്‌ അവര്‍ ഭയപ്പെടുന്നത്‌. ഇവരുടെ ആശങ്കയകറ്റി ശങ്കയില്ലാതെ ഉറങ്ങാന്‍ സാഹചര്യമൊരുക്കേണ്ടത്‌ കേരള സര്‍ക്കാരിന്റെ കടമയാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട Straight Gravity Dam ആണെന്നും അതുകൊണ്ട്‌ ഡാമില്‍ ഉപയോഗിച്ചിരിക്കുന്ന കല്ലിന്റെയും മണ്ണിന്റെയും സുര്‍ക്കിയുടെയും അണക്കെട്ട്‌ ബലപ്പെടുത്തല്‍ പണിയുടെ ഭാഗമായി ഡാമിലേക്ക്‌ തള്ളിക്കയറ്റിയിരിക്കുന്ന കോണ്‍ക്രീറ്റിന്റെയും മൊത്തം ഭാരം വെള്ളത്തിന്റെ തള്ളലിനെക്കാള്‍ വളരെ കൂടുതലുണ്ടെ ന്നും അതുകൊണ്ട്‌ വലി യ അപകടം ഉണ്ടാകാന്‍ ഇടയില്ലെന്നും വിദഗ്‌ധരെക്കൊണ്ട്‌ പറയിപ്പിക്കുന്നതുകൊണ്ട്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുകയില്ല. പ്രത്യേകിച്ചും ജലനിരപ്പ്‌ 136 അടിക്കുമുകളില്‍ ഉയരുകയാണെങ്കില്‍ ആശങ്ക പെരുകും. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഡാമി ലെ ജലനിരപ്പ്‌ 136 അടിക്ക്‌ മുകളില്‍ ഉയരാതെ നോ ക്കേണ്ടത്‌ വളരെ പ്രധാനം.

പക്ഷേ അനുകൂലമായ കോടതി ഉത്തരവ്‌ ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ജലനിരപ്പ്‌ ഉയര്‍ത്താതെയിരിക്കാന്‍ തമിഴ്‌നാട്‌ സമ്മതിക്കുമോ? കഴിഞ്ഞ ഏതാ നും വര്‍ഷങ്ങളായി മുല്ലപ്പെരിയാര്‍ ഡാം 136 അടിക്കുമേല്‍ ജലം ഉയരുകയോ അതിലുപരി വന്ന വെള്ളം കേരളത്തിലേക്ക്‌ വിടുകയോ ചെയ്‌തിട്ടില്ല. ഡാമില്‍ എത്തിച്ചേരുന്ന വെള്ളം മുഴുവന്‍ തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുചെല്ലാനുള്ള ടണലുകളും ചാനലുകളും കൂടുതലായി നിര്‍മ്മിച്ചിട്ടുണ്ട്‌. അതുപോലെതന്നെ ഇങ്ങനെ തമിഴ്‌നാട്ടില്‍ എത്തുന്ന വെള്ളം മുഴുവന്‍ സംഭരിച്ചുവയ്‌ക്കാനായി പല വലിയ കുളങ്ങളും ചെക്‌ഡാമുകളും റിസര്‍വോയറുകളും ഉണ്ടാക്കിയിട്ടുമുണ്ട്‌. ചുരുക്കത്തില്‍ പെരിയാറില്‍ ഒഴുകിയെത്തുന്ന വെള്ളം മുഴുവന്‍തന്നെ അണക്കെട്ട്‌ തടുത്തുനിര്‍ത്തി കിഴക്കോട്ട്‌ ഒഴുക്കിവിടുകയാണ്‌ ഇന്ന്‌. ഈ സാഹചര്യത്തില്‍ ജലനിരപ്പ്‌ 136 അടിക്കുമുകളില്‍ ഉയര്‍ത്തുന്നതുകൊണ്ട്‌ തമിഴ്‌നാടിന്‌ കൂടുതല്‍ ജലം ലഭിക്കുകയില്ല. റിസര്‍വോയറില്‍ ഒഴുകിയെത്തുന്ന ജലം തമിഴ്‌നാട്ടില്‍ സംഭരിച്ചുവയ്‌ക്കുന്നതിനുപകരം കൂടുതലായി കേരളത്തില്‍ത്തന്നെ സംഭരിച്ചുവയ്‌ക്കാം. അങ്ങനെ അല്‍പം Operational Flexibility ലഭിക്കും എന്നു മാത്രം. അതായത്‌ വെള്ളം കുറച്ചുകൂടി ആയാസരഹിതമായി കൈകാര്യം ചെയ്യാന്‍ കഴിയും. ഒരുപക്ഷേ അല്‍പം കൂടി കൂടുതല്‍ വൈദ്യുതി ഉത്‌പാദന സാധ്യത ഉണ്ടാകുകയും ചെയ്യും. പക്ഷേ കേരളത്തെ സംബന്ധിച്ചിടത്തോളം ജീവന്‍ മരണ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്ന ജലനിരപ്പ്‌ ഉയര്‍ത്തല്‍ ഒഴിവാക്കാന്‍ സഹകരിക്കുന്നതുകൊണ്ട്‌ തമിഴ്‌നാടിന്‌ ജലനഷ്‌ടം ഒട്ടും ഉണ്ടാകുകയില്ല എന്ന്‌ നാം അവരെ ബോധ്യപ്പെടുത്താന്‍ കഴിയുകയില്ലേ? (ഇക്കാര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിഞ്ഞിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു!)

1979-ല്‍ ആയിരുന്നല്ലോ മുല്ലപ്പെരിയാര്‍ ജലാശയത്തിലെ ജലനിരപ്പ്‌ 136 അടിയായി നിയന്ത്രിച്ചു നിര്‍ത്താന്‍ തീരുമാനിച്ചത്‌. അതിനുമുമ്പ്‌ 152 അടിവരെ ജലം സംഭരിക്കാന്‍ കഴിയുമായിരുന്നു. അക്കാലത്ത്‌ തമിഴ്‌നാട്ടില്‍ 1,70,000 ഏക്കര്‍ സ്ഥലമായിരുന്നു പെരിയാര്‍ വെള്ളം കൊണ്ട്‌ ജലസേചനം ചെയ്യപ്പെട്ടിരുന്നത്‌. കഴിഞ്ഞ 35 കൊല്ലക്കാലം ജലനിരപ്പ്‌ 136 അടിയായി നിയന്ത്രിച്ചു നിര്‍ത്തിയിട്ടും ഇപ്പോള്‍ തമിഴ്‌നാട്ടില്‍ 2,35,000 ഏക്കര്‍ സ്ഥലത്ത്‌ പെരിയാര്‍ ജലംകൊണ്ട്‌ ജലസേചനവും കൃഷിയും നടക്കുന്നുണ്ട്‌. അതിന്റെ അര്‍ത്ഥം ജലനിരപ്പ്‌ നിയന്ത്രിച്ചതുകൊണ്ട്‌ തമിഴ്‌നാടിന്‌ ലഭിച്ചിരുന്ന ജലത്തിന്റെ അളവും അതുപോലെതന്നെ ജലസേചന സൗകര്യവും ഒട്ടും കുറഞ്ഞിട്ടില്ല എന്നാണ്‌. ഒരുപക്ഷേ അധിക വിസ്‌തൃതിയില്‍ ജലസേചനം നടത്താന്‍ സാധിച്ചത്‌ അവര്‍ വെള്ളത്തിന്റെ അത്യാവശ്യം മനസ്സിലാക്കി കൂടുതല്‍ കാര്യക്ഷമതയോടെ ജലസേചനം നടത്താന്‍ തുടങ്ങിയത്‌ ആയിരിക്കാം. ഈ കണക്കുകള്‍ പറഞ്ഞ്‌ തമിഴ്‌നാട്‌ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ പറ്റില്ലേ?

കഴിഞ്ഞ 35 വര്‍ഷക്കാലം ജലനിരപ്പ്‌ 136 അടിയായി നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന സാഹചര്യത്തില്‍ മുമ്പ്‌ വെള്ളത്തിനടിയിലായിരുന്ന പല സ്ഥലങ്ങളിലും സ്വാഭാവികമായും പുതിയ കാടുകളും മറ്റും വളര്‍ന്നിട്ടുണ്ട്‌. പക്ഷികളും മൃഗങ്ങളും വൃക്ഷലതാദികളുമായി ഈ പ്രദേശത്ത്‌ ജൈവവൈവിധ്യം വളരെയധികം വര്‍ധിച്ചിട്ടുമുണ്ട്‌. അങ്ങനെയുണ്ടായ പുതിയ ജൈവവൈവിധ്യവും പരിസ്ഥിതിയും വീണ്ടും വെള്ളത്തിനടിയിലാക്കി നഷ്‌ടപ്പെടുത്തുന്നത്‌ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ശക്തമായ നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഉചിതമാണോ?

പെരിയാര്‍ ജലം തമിഴ്‌നാടിന്‌ വിട്ടുകൊടുക്കാന്‍ നാം സമ്മതിച്ച സാഹചര്യം കൂടി ഓര്‍മ്മിക്കേണ്ടതുണ്ട്‌. അന്ന്‌ ബ്രിട്ടീഷുകാര്‍ നേരിട്ട്‌ ഭരിച്ചിരുന്ന മദ്രാസ്‌ പ്രസിഡന്‍സിയിലെ മധുര, രാമനാട്‌ ജില്ലകളിലെ ലക്ഷക്കണക്കിനാളുകള്‍ ജലദൗര്‍ലഭ്യം കാരണം ഒരു കൃഷിയും ചെയ്യാനാവാതെ വല്ലപ്പോഴും കിട്ടുന്ന മഴകൊണ്ട്‌ കഷ്‌ടിച്ച്‌ കഴിഞ്ഞുകൂടുകയായിരുന്നു. ആദായകരമായ കൃഷിക്ക്‌ സാധ്യതകള്‍ ഇല്ലാതെ വന്നപ്പോള്‍ ഉപജീവനത്തിനായി അവര്‍ മോഷണം, പിടിച്ചുപറി, കൊള്ള, കൊല ഇങ്ങനെ ക്രിമിനല്‍ പ്രവൃത്തികളിലേക്ക്‌ തിരിഞ്ഞു. അവിടെ അധിവസിച്ചിരുന്ന കള്ളര്‍ വിഭാഗക്കാരെ ബ്രിട്ടീഷുകാര്‍ ഒരു ക്രിമിനല്‍ ട്രൈബ്‌ എന്നു മുദ്രചാര്‍ത്തി പ്രത്യേക നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നു. പലപ്പോഴും സംശയത്തിന്റെ പേരില്‍ അവര്‍ക്ക്‌ പോലീസ്‌ പീഡനം ഏല്‍ക്കേണ്ടിവരുകയും ചെയ്‌തിരുന്നു. ഇവരുടെ ക്രിമിനല്‍ സ്വഭാവം മാറ്റിയെടുത്ത്‌ അവരെ പുനരധിവസിപ്പിക്കണമെങ്കില്‍ ആദായകരമായ കൃഷിക്ക്‌ സാധ്യത തെളിയണം. കൃഷിക്ക്‌ വെള്ളം അത്യാവശ്യം. ആ മഴനിഴല്‍ പ്രദേശത്ത്‌ വാര്‍ഷിക വര്‍ഷപാതമാണെങ്കില്‍ 20 മുതല്‍ 25 ഇഞ്ച്‌ മാത്രം. അങ്ങനെയാണ്‌ പെരിയാറിലെ വെള്ളം കിഴക്കോട്ട്‌ തിരിച്ചുവിട്ട്‌ ഈ ഊഷരഭൂമിയിലെ ജനങ്ങള്‍ക്ക്‌ ഒരു പുതുജന്മം ഉണ്ടാക്കിക്കൊടുക്കണമെന്ന്‌ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ആഗ്രഹിച്ചത്‌.

അഭിനവ ഭാഗീരഥന്മാരുടെ ഉദ്ദേശം കുലീനമായിരുന്നെങ്കിലും 999 വര്‍ഷത്തെ ഉടമ്പടിയും വെള്ളത്തിന്റെ അളവ്‌ പറയാതെ നദി മുഴുവന്‍ കിഴക്കോട്ട്‌ തിരിച്ചുവിടാനുള്ള തീരുമാനവുമെല്ലാം അല്‍പം ക്രൂരമായിപ്പോയി എന്നതാണ്‌ സത്യം. രാജ്യം സ്വതന്ത്രമായതോടെ ബ്രിട്ടീഷുകാരും തിരുവിതാംകൂറുമായി ഉണ്ടാക്കിയ ഈ ഉടമ്പടി നിയമപരമായി കാലഹരണപ്പെട്ടു. അതുകൊണ്ടാണ്‌ അത്‌ എങ്ങനെയെങ്കിലും പുതുക്കിയെടുക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ആകാംക്ഷ കാണിച്ചത്‌. അതിനിടയ്‌ക്ക്‌ കേരളത്തിന്റെ അനുവാദമില്ലാതെതന്നെ തമിഴ്‌നാട്‌ 140 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദനശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതി നടപ്പിലാക്കി പെരിയാര്‍ ജലമുപയോഗിച്ച്‌ വൈദ്യുതി ഉത്‌പാദനവും തുടങ്ങിക്കഴിഞ്ഞിരുന്നു. കാലഹരണപ്പെട്ട ഉടമ്പടി വ്യവസ്ഥകള്‍ക്കെതിരായിരുന്നു ഈ വൈദ്യുതപദ്ധതിയും. ഈ സാഹചര്യത്തില്‍ കേരളം ചര്‍ച്ചകള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്‌തിരുന്നെങ്കില്‍ അന്യായമായ വ്യവസ്ഥകളെല്ലാം നീക്കി ഡാം സുരക്ഷിതമാക്കാനുള്ള നടപടികള്‍ എടുക്കാന്‍ തമിഴ്‌നാടിനെ ചുമതലപ്പെടുത്താനും, ഉടമ്പടിയുടെ കാലാവധി ന്യായമായി നിര്‍ണയിക്കാനും, അങ്ങോട്ട്‌ നല്‍കുന്ന ജലത്തിന്റെ അളവ്‌ നിശ്ചയിക്കാനും, ന്യായമായ വില വെള്ളത്തിന്‌ നേടിയെടുക്കാനുമെല്ലാം നമുക്ക്‌ കഴിയുമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത്‌ 1970ല്‍ മുല്ലപ്പെരിയാല്‍ ഉടമ്പടി പുതുക്കാന്‍ കേരളം സമ്മതിച്ചു. വൈദ്യുതി പദ്ധതിക്ക്‌ അനുമതി നല്‍കി. ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റൊന്നിന്‌ 11 പൈസ മാത്രം നമുക്ക്‌. 8,100 ഏക്കര്‍ സ്ഥലത്തിന്റെ വാര്‍ഷിക പാട്ടത്തിലും ചെറിയ വര്‍ധനവ്‌. വലിയൊരു നേട്ടമായി അന്ന്‌ പറഞ്ഞത്‌ കേരളത്തിന്‌ ജലാശയത്തില്‍ മീന്‍ പിടിക്കാനുള്ള അവകാശം!

ഇനിയിപ്പോള്‍ നദി മുഴുവന്‍ തിരിച്ചുവിടുന്നതിനു പകരം ഇന്ന്‌ ലഭ്യമായിരിക്കുന്ന ജലം അതായത്‌ 2,35,000 ഏക്കറില്‍ കൃഷി നടത്താന്‍ ആവശ്യമായ വെള്ളം നല്‍കുക മാത്രമാണ്‌ കേരളത്തിന്റെ ഉദ്ദേശ്യമെന്നും, തമിഴ്‌നാടിലെ ഊഷരപ്രദേശങ്ങള്‍ മുഴുവന്‍ ജലസേചനം ചെയ്‌ത്‌ സമ്പന്നമാക്കാന്‍ മാത്രം അപരിമിതമായി ജലം നല്‍കാനുള്ള ഉത്തരവാദിത്വം കേരളത്തിനില്ലെന്നും നാം വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ ഇപ്പോഴത്തെ വൈദ്യുതി ഉത്‌പാദനച്ചെലവുകള്‍ കണക്കിലെടുത്ത്‌ ന്യായമായ പ്രതിഫലം ആ പദ്ധതിയില്‍ നിന്നും കേരളം ആവശ്യപ്പെടണം. മുല്ലപ്പെരിയാര്‍ കരാര്‍ ഒരു പാട്ടക്കരാര്‍ മാത്രമാണെന്നും സുപ്രീം കോടതി പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ പാട്ടക്കരാര്‍ പുനപരിശോധിച്ച്‌ വ്യവസ്ഥകള്‍ പുനര്‍നിര്‍ ണയം ചെയ്യണമെന്നും നാം വാദിക്കണം. ഇതൊരു നിയമപ്രശ്‌നമായി കരുതുന്നതിനു പകരം കേന്ദ്ര സര്‍ക്കാരും, കേരള, തമിഴ്‌നാട്‌ സര്‍ക്കാരുകളും കൂടി ഒന്നിച്ചിരുന്ന്‌ ചര്‍ച്ച നടത്തി രാഷ്‌ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടത്‌ ആവശ്യമാണ്‌ എന്നു നാം അവരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

ഇതിനൊന്നും അവര്‍ വഴങ്ങുന്നില്ലെങ്കില്‍ നമ്മുടെ മുന്നില്‍ ഒരു വഴിമാത്രം. ഇന്നത്തെ സാഹചര്യത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പല ഗ്രാമങ്ങളിലും വേനല്‍ക്കാലത്ത്‌ കുടിനീര്‍പ്രശ്‌നം രൂക്ഷമാകുന്നതു കണക്കിലെടുത്ത്‌ പെരിയാറിന്റെ വൃഷ്‌ടിപ്രദേശത്തുള്ള ചില അരുവികളിലെങ്കിലും ചെക്‌ഡാമുകള്‍ കെട്ടി വെള്ളം തിരിച്ചുവിടാന്‍ കേരളം തയ്യാറാകണം. അങ്ങനെ പെരിയാര്‍ ജലാശയത്തില്‍ എത്തിച്ചേരുന്ന വെള്ളത്തിന്റെ അളവ്‌ നിയന്ത്രിക്കാനും 136 അടിയില്‍ കൂടുതല്‍ ജലനിരപ്പ്‌ ഉയരാതെ നോക്കാനും കേരളം മുന്‍കൈ എടുക്കേണ്ടിവരും. ജനങ്ങളുടെ ആശങ്കയകറ്റേണ്ടത്‌ ഏതു സര്‍ക്കാരിന്റെയും മൗലികമായ ഒരു ബാധ്യതയായി കരുതി കേരള സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാട്‌ എടുക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. (കര്‍ണാടക സര്‍ക്കാര്‍ കാവേരി നദിയില്‍ കുടിവെള്ളപദ്ധതികളുടെ പേരില്‍ പുതിയ അണകള്‍ കെട്ടി, തമിഴ്‌നാട്ടില്‍ മേട്ടൂര്‍ അണക്കെട്ടിലേക്ക്‌ അയയ്‌ക്കുന്ന വെള്ളത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നു. അങ്ങനെ തമിഴ്‌നാട്ടില്‍ തഞ്ചാവൂര്‍ മുതലായ നെല്ലറകളില്‍ 12 ലക്ഷം ഏക്കറില്‍ പത്തു നൂറ്റാണ്ടുകളായി അഭംഗുരം നടന്നുവന്ന ജലസേചന അവകാശങ്ങളെ അവര്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code