Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജീവിതം ആനന്ദപൂര്‍ണ്ണവും ആയാസരഹിതവുമാക്കാം: സ്വാമി ഉദിത്‌ ചൈതന്യ

Picture

ഡിട്രോയിറ്റ്‌: പൗരാണിക ഭാരതീയ ദര്‍ശനത്തിലെ ഉപദേശസാരം, ആയാസകരമായ ജീവിതവും ആനന്ദലബ്‌ദിയും എന്നീ വിഷയങ്ങളെ അധികരിച്ച്‌ കെ.എച്ച്‌.എന്‍.എ മിഷിഗണ്‍, ഡിട്രോയിറ്റിന്റെ വിവിധ വേദികളില്‍ ഭാഗവതം വില്ലേജ്‌ സ്ഥാപകനും, മഠാധിപതിയുമായ സ്വാമി ഉദിത്‌ ചൈതന്യയുടെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.

പലതരം നവജന്യ രോഗങ്ങളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുവാന്‍ നിഷ്‌ഠയായ ജീവിതത്തിന്‌ കഴിയുമെന്ന്‌ ആയുര്‍വേദം സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പ്‌ തന്നെ കണ്ടെത്തിയിരുന്നു. ആധുനികതയുടെ അധിനിവേശത്തിലും അത്തരം അറിവുകള്‍ വീണ്ടെടുക്കുന്നത്‌ എങ്ങനെയെന്നു വിശദമാക്കുന്നതായിരുന്നു പ്രഭാഷണ പരമ്പര. ശരീരവും മനസ്സും കൂടിച്ചേര്‍ന്ന മനുഷ്യന്റെ രോഗമില്ലാത്ത അവസ്ഥയെ ആരോഗ്യമെന്നു വിളിച്ച, ദീര്‍ഘായുസിനെ സംബന്ധിച്ച അറിവായിരുന്നു ആയുര്‍വേദം. നിഷ്‌ഠയായ ജീവിതത്തിലൂടെ ആന്തരിക ചോദനകളെ പ്രചോദിപ്പിച്ച്‌ ഔഷധങ്ങളെ അകറ്റി നിര്‍ത്താമെന്ന്‌ ആയുര്‍വേദം നമ്മളെ പഠിപ്പിക്കുന്നു. ശരീരത്തിനുള്ളിലുള്ള പ്രാണന്റെ തടസ്സമില്ലാത്ത സഞ്ചാരമാണ്‌ ജീവിതസൗഖ്യം പ്രദാനം ചെയ്യുന്നതെന്നും, അത്തരത്തിലുള്ള പഞ്ചപ്രാണനുകളുടെ സഞ്ചാരത്തെ എങ്ങനെ സുഗമമാക്കാമെന്നും സ്വാമി വിശദീകരിച്ചു.

ശരീരത്തിനുള്ളിലെ പ്രാണന്റെ പ്രവാഹം തടസ്സപ്പെടാതിരിക്കാന്‍ യോഗ, പ്രാണായാമം, ധ്യാനം, ഉപാസന, മധുരമായ വചനം ചൊരിയുന്ന പ്രസന്ന വദനം, ശുഭാപ്‌തിവിശ്വാസം നിറഞ്ഞ സമീപനവും പ്രവര്‍ത്തിയും, ജാഗ്രതാപൂര്‍ണ്ണമായ മനസ്‌ എന്നിവയുടെ പരീശീലനം കൊണ്ട്‌ സാധിക്കുമെന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു.

ശരീര പേശികളെ ദൃഢീകരിച്ച്‌ ഉദ്ദീപിപ്പിക്കുന്ന ജിംഖാനകളിലേക്ക്‌ നാം ആകര്‍ഷിക്കപ്പെടുമ്പോഴും, പരിശീലനം നിര്‍ത്തിയാലോ, പ്രായം കുടുന്തോറുമോ ശരീര പേശികള്‍ കൂടുതല്‍ ക്ഷീണിക്കുന്നതായി നാം മനസിലാക്കുന്നില്ല. പേശികളുടെ ദൃഢതയോടൊപ്പം അവയുടെ ചലനാത്മകത നിലനിര്‍ത്തുകയാണ്‌ പരമ പ്രധാനം. ചലനാത്മകത നഷ്‌ടപ്പെട്ട പേശികളും അവിടെ അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ്‌ പലവിധ ആരോഗ്യ പ്രശ്‌നങ്ങളുടേയും, മാരക രോഗങ്ങളുടേയും മുഖ്യഹേതു.

ഔഷധങ്ങള്‍ രോഗശാന്തിയെക്കാളേറെ പാര്‍ശ്വഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍, ശരീരത്തിന്റെ അയത്‌നമായ ചലനം സാധ്യമാക്കാനുള്ള ശാസ്‌ത്രീയ മാര്‍ഗ്ഗമാണ്‌ യോഗാസനങ്ങള്‍. ജീവനേയും പ്രാണനേയും സംബന്ധിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വേദസംഹിതകളുടേയും ശാസ്‌ത്ര നിഗമനങ്ങളുടേയും പിന്‍ബലത്തോടെ സ്വാമി മറുപടി പറഞ്ഞു.

വിവിധ വേദികളിലായി നടന്ന സത്‌സംഗങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും കെ.എച്ച്‌.എന്‍.എ ഭാരവാഹികളായ ഡോ. സതി നായര്‍, സുരേന്ദ്രന്‍ നായര്‍, രാധാകൃഷ്‌ണന്‍, അനില്‍ കേളോത്ത്‌, രാജേഷ്‌ കുട്ടി, ബൈജു പണിക്കര്‍, രമ്യാ കുമാര്‍, വെങ്കിടാചലം, വെങ്കിടേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. സുരേന്ദ്രന്‍ നായര്‍ (ഡിട്രോയിറ്റ്‌) അറിയിച്ചതാണിത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code