Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തിന്‌ റെയില്‍വേ അവഗണന   - പി.സി. സിറിയക്‌ ഐ.എ.എസ്‌

Picture

നരേന്ദ്രമോദി സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ചത്‌ ഉത്തര കേരളവുമായി അടുത്ത ബന്ധമുള്ള റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ആയിരുന്നു. വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും കേരളത്തെ റെയില്‍വേ ബജറ്റ്‌ പാടെ അവഗണിച്ചുകളഞ്ഞു. കേരള നിയമസഭ ഈ അവഗണനയോട്‌ പ്രതിഷേധിച്ച്‌ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുകയും ചെയ്‌തു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ റെയില്‍വേ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കുവാനുമായി ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ ശുപാര്‍ശപ്രകാരം നടപടികളെടുക്കുമെന്നും മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചിട്ടുണ്ട്‌. ഇത്‌ സ്വാഗതാര്‍ഹമായ തീരുമാനമാണ്‌.

പക്ഷേ, എന്തൊക്കെയാണ്‌ കേരളത്തിന്റെ റെയില്‍വേ പ്രശ്‌നങ്ങള്‍, അവയ്‌ക്ക്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം, എന്ന്‌ നമ്മുടെ നേതാക്കള്‍ക്ക്‌ നിശ്ചയമുണ്ടോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റെയില്‍വേ ബജറ്റിനു തൊട്ടുമുമ്പ്‌ കേരളത്തിന്‌ ഒരു പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കണം എന്ന ആവശ്യമാണ്‌ നാം ഏറ്റവും ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത്‌. ഇക്കൊല്ലവും ഈ ആവശ്യംതന്നെ നാം ഉയര്‍ത്തി. അടുത്തതായി നാം ആവശ്യപ്പെടുന്നത്‌ കേരളത്തിന്റെ പാലക്കാട്‌ ഡിവിഷന്റെ അതിര്‍ത്തികള്‍ ചുരുക്കാന്‍ പാടില്ലെന്നും മംഗാലപുരം ഡിവിഷന്‍ അനുവദിച്ചാലും അത്‌ കേരളത്തിനു പുറത്തുള്ള പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കണം എന്നതാണ്‌. കൂടാതെ വടക്കേ ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക്‌ പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്നും നാം ആവശ്യപ്പെടുന്നു. ഇതിനു പുറമെ ശബരി റെയില്‍വേ ലൈന്‍ ഉള്‍പ്പെടെ പുതിയ ലൈനുകള്‍ക്കുവേണ്ടിയും നാം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്‌. പക്ഷേ, ഇവയാണോ റെയില്‍വേയെ സംബന്ധിച്ച കേരളത്തിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍?

കേരളത്തിന്‌ റെയില്‍വേ സോണ്‍ കിട്ടുന്നതുകൊണ്ട്‌ പറയത്തക്ക പ്രയോജനം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. ഒരു ജനറല്‍ മാനേജര്‍, അദ്ദേഹത്തിന്റെ സഹായികളായി ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ ഒരു പട, പുതിയ ഓഫീസുകള്‍ എന്നിങ്ങനെ റെയില്‍വേ വകുപ്പിന്‌ ചെലവുകള്‍ ഉണ്ടാകും എന്നല്ലാതെ അവരുടെ സാന്നിധ്യം യാതൊരു വിധത്തിലും കേരളത്തിന്‌ സഹായകരമാകാന്‍ പോകുന്നില്ല. കുറെ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ഉദ്യോഗക്കയറ്റങ്ങള്‍ കിട്ടും. കുറേപേര്‍ക്ക്‌ പുതിയതായി ജോലിയും കിട്ടും. അവരില്‍ എത്രപേര്‍ കേരളീയരായിക്കുമെന്ന്‌ കണ്ടറിയണം. വാസ്‌തവത്തില്‍ കേരളത്തിലെ ജനങ്ങളുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ റെയില്‍വേയ്‌ക്ക്‌ കഴിയും. അതിനുവേണ്ട കാര്യങ്ങളാണ്‌ നാം ആവശ്യപ്പെടേണ്ടത്‌. ഉദാഹരണമായി താഴെപറയുന്ന മൂന്നു കാര്യങ്ങള്‍ ഉടനെ അനുവദിക്കേണ്ടവയാണ്‌:

1. കേരളത്തിലെ മുഴുവന്‍ റെയില്‍പാതകളും വൈദ്യുതിവത്‌കരിക്കുക.
2. നമ്മുടെ റെയില്‍വേ ലൈനുകളില്‍ കാലഹരണപ്പെട്ട സിഗ്നല്‍ സംവിധാനം ഉപേക്ഷിച്ച്‌ ആധുനിക ഇലക്‌ട്രോണിക്‌ സിഗ്നല്‍ സമ്പ്രദായം കൊണ്ടുവരിക.
3. തിരുവനന്തപുരം - മംഗലാപുരം പാത മുഴുവനായി ഇരട്ടിപ്പിക്കാന്‍ ആവശ്യമായ പണം ഉടനെ ലഭ്യമാക്കുക. (ഈ പാതയുടെ മിക്കവാറും ഭാഗം ഇതിനകം ഇരട്ടിപ്പ്‌ ചെയ്‌തുകഴിഞ്ഞു).

ഒന്നാമത്തേയും രണ്ടാമത്തേയും കാര്യങ്ങള്‍ - വൈദ്യുതിവത്‌കരണവും സിഗ്നല്‍ നവീകരണവും - റെയില്‍വേയ്‌ക്ക്‌ ഉടനെ ചെയ്യാവുന്ന കാര്യങ്ങളാണ്‌. മൂന്നാമത്തെ കാര്യം അതായത്‌ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിനായി റെയില്‍വേ വകുപ്പ്‌ പണം ലഭ്യമാക്കി നടപടിയെടുക്കുന്നതോടൊപ്പം കേരള സര്‍ക്കാര്‍ അടിയന്തരമായി ഭൂമി ഏറ്റെടുത്ത്‌ റെയില്‍വേയ്‌ക്ക്‌ നല്‍കുകയും വേണം. ഈ മൂന്നു കാര്യങ്ങളും പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തിനും മംഗലാപുരത്തിനുമിടയ്‌ക്ക്‌ ഇരുദിശകളിലും അര മണിക്കൂറിന്‌ ഒന്നുവീതം പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്‌ തുടങ്ങാന്‍ സാധിക്കും. ദീര്‍ഘദൂര എക്‌സ്‌പ്രസ്‌, മെയില്‍ ട്രെയിനുകളും മറ്റും ഈ പാസഞ്ചറുകള്‍ക്ക്‌ പുറമെ. സിഗ്നലിംഗ്‌ സിസ്റ്റം നവീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു പുറത്തുള്ള നഗരങ്ങളിലേക്കുള്ള കൂടുതല്‍ സര്‍വീസുകളും തുടങ്ങാന്‍ സാധിക്കും.

ചുരുക്കത്തില്‍ തിരുവനന്തപുരം - മംഗലാപുരം പാത സജീവമായി ഇരുദിശകളിലേക്കും തുടര്‍ച്ചയായി ട്രെയിനുകള്‍ ഓടാന്‍ തുടങ്ങുന്നതോടെ കേരളത്തിലെ പ്രധാന യാത്രാമാര്‍ഗമായിത്തീരും, ഈ പാത. ഈ പാതയിലുള്ള ഓരോ സ്റ്റേഷനിലേക്കും ഫീഡര്‍ സര്‍വീസുകള്‍ നടത്താന്‍ ബസ്സുകള്‍ക്ക്‌ പെര്‍മിറ്റ്‌ നല്‍കുക. അങ്ങനെ അര മണിക്കൂറില്‍ ഒരിക്കല്‍ വീതം എത്തുന്ന യാത്രാ ട്രെയിനുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നമ്മുടെ യാത്രക്കാര്‍ക്ക്‌ അവസരം കിട്ടും. ഇങ്ങനെ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിച്ച്‌ അപകടമില്ലാതെ സൗകര്യപൂര്‍വം യാത്രചെയ്‌ത്‌ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത്‌ എത്താന്‍ കഴിയുമെന്ന്‌ കാണുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ സ്വകാര്യ വാഹനങ്ങളോടുള്ള പ്രതിപത്തിയും കുറഞ്ഞുകിട്ടും. ഇന്ന്‌ ട്രെയിന്‍, ബസ്‌ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്തതും സമയനഷ്‌ടത്തിന്‌ കാരണമാക്കുന്നതും ആയതുകൊണ്ടാണ്‌ ജനങ്ങള്‍ പ്രയാസമേറിയ ഗതാഗതക്കുരുക്കുകളെ അവഗണിച്ച്‌ സ്വന്തം കാറുകളും ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്‌. ട്രെയിന്‍, ബസ്‌ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ ശക്തമാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നു മാത്രം.

സിഗ്നലിംഗ്‌ സംവിധാനം ആധുനികവത്‌കരിക്കുന്നതിലൂടെ പുതിയ ട്രെയിനുകളും സര്‍വീസുകളും സംസ്ഥാനത്തിനു പുറത്തുള്ള കേന്ദ്രങ്ങളിലേക്ക്‌ തുടങ്ങാനും സാധിക്കും. ഇങ്ങനെ യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലാക്കി കേരള സര്‍ക്കാരും എം.പിമാരും റെയില്‍വേ മന്ത്രിയെ സമീപിച്ചാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കിട്ടുമെന്നതില്‍ സംശയമില്ല.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code