Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മദ്യനിരോധനം കേരളത്തില്‍   - നിരണം കരുണാകരന്‍

Picture

വളരെ യാദൃശ്ചികമായാണ്‌ മദ്യനിരോധനം കേരളത്തില്‍ നടപ്പാക്കാനുള്ള യത്‌നം ആരംഭിച്ചത്‌. ഇതു കേള്‍ക്കുമ്പോള്‍ ആരും അത്ഭുതപരതന്ത്രരായേക്കാം. എന്നാല്‍ സത്യം അതാണ്‌. മദ്യനിരോധനം ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കാനാണ്‌ സര്‍ക്കാരിന്റെ ശ്രമം.

പത്രമാധ്യമങ്ങളുടെ വിശേഷാല്‍ ശ്രദ്ധ പിടിച്ചുപറ്റിയതാണ്‌ മേലുദ്ധരിച്ച വിഷയം. ആദ്യം നൂറില്‍പ്പരം മദ്യശാലകള്‍ അടച്ചുപൂട്ടിയത്‌ ഗുണനിലവാരമില്ലാത്തതുകൊണ്ടായിരുന്നു എന്നാണ്‌ സര്‍ക്കാരിന്റെ വിജ്ഞാപനം. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. ഗുണനിലവാരമുണ്ടായിരുന്നെങ്കില്‍ ഈ മദ്യശാലകള്‍ അടച്ചുപൂട്ടണമായിരുന്നോ? സാധാരണക്കാരന്റെ തൃഷ്‌ണയെ, ആസക്തിയെ ശമിപ്പിക്കുന്ന മദ്യശാലകള്‍ അടച്ചുപൂട്ടുകയും, പഞ്ചനക്ഷത്ര ശ്രേണിയിലുള്ള മദിരാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന്‌ കേള്‍ക്കുമ്പോള്‍ അതൊരു വിരോധാഭാസമാകുന്നില്ലേ?

കേരളത്തില്‍ മദ്യപാനികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതുകൊണ്ടാണോ അതോ, മദ്യപന്മാര്‍ നിന്നു സമൂഹത്തിനു നേരിടേണ്ടിവരുന്ന അനാശാസ്യപ്രവര്‍ത്തനങ്ങളുടെ തോത്‌ വര്‍ദ്ധിച്ചതുകൊണ്ടാണോ, സര്‍ക്കാര്‍ ഇപ്രകാരം ഒരു തീരുമാനത്തിലെത്തിയതെന്ന്‌ വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടായിരത്തിലധികം കോടികളുടെ വരവ്‌ സര്‍ക്കാരിന്റെ ഖജനാവിലേക്ക്‌ വന്നുകൊണ്ടിരുന്നത്‌ മദ്യവില്‍പ്പനയിലൂടെ മാത്രമായിരുന്നുവെന്നുള്ള സത്യം ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌.

കേരളത്തില്‍ പല കാലങ്ങളായി വന്ന പല പല മന്ത്രിസഭകള്‍ മദ്യനിരോധനം നടപ്പാക്കിയെങ്കിലും ദയനീയമായി പരാജയപ്പെടുകയുണ്ടായി. അക്കാലങ്ങളിലെല്ലാം വ്യാജമദ്യ നിര്‍മ്മാണം ക്രമാതീതമായി വര്‍ദ്ധിക്കുകയും മദ്യം സുലഭമാകുകയും ചെയ്‌തിരുന്ന അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതുമാണ്‌.

ഗാന്ധിജിയുടെ നാടായ ഗുജറാത്തില്‍ മദ്യനിരോധനം നടപ്പാക്കിയിട്ടുണ്ടെങ്കിലും, ആഘോഷവേളകളില്‍ ലഹരിപാനീയം സുലഭമായി വലിയ അളവില്‍ തന്നെ ലഭിക്കുന്നുണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഗുജരാത്തിലെ വാപിയിലും ദമനിലും തുച്ഛമായ ചെലവില്‍ മദ്യം ആസ്വദിക്കാവുന്നതാണ്‌. കേന്ദ്രസര്‍ക്കാര്‍ അതിനുള്ള എല്ലാ വ്യവസ്ഥകളും അനുകൂലമായിത്തന്നെ ചെയ്‌തുവെച്ചിട്ടുണ്ട്‌.

അതുപോലെ ഒരു ചെറിയ സംസ്ഥാനമായ ഗോവയില്‍ മുക്കിനുമുക്കിന്‌ ചെറിയ മദ്യശാലകളും, എവിടെയും എപ്പോഴും മദ്യം ഉപലബ്‌ദമാക്കാനുള്ള വ്യവസ്ഥയും മദ്യപന്മാര്‍ക്ക്‌ അനുകൂലമായി വര്‍ത്തിക്കുന്നു. അവിടെയെങ്ങും വലിയ കോളിളക്കങ്ങള്‍ ഉണ്ടായിട്ടില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും `ആത്മശാന്തി'ക്കുവേണ്ടി മദ്യം അശിക്കാം.

മുംബൈ നഗരത്തിലും മഹാരാഷ്‌ട്രയുടെ ഇതര ഭാഗങ്ങളിലും മദ്യം സുലഭമാണ്‌. ഇവിടെയുള്ള സര്‍ക്കാരും മദ്യത്തെ `നീച'മായി കാണുന്നില്ല. തീപ്പെട്ടിയില്‍ തീയുണ്ട്‌. എന്നാല്‍ അത്‌ സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ തീ പടരുകയും നാശനഷ്‌ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട്‌ തീപ്പെട്ടി കണ്ടുപിടിച്ച വ്യക്തിയെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല.

മദ്യനിര്‍മ്മാണവും ഉപയോഗവും തീര്‍ച്ചയായും ഒരു അപരാധമല്ല. ആദിമ മനുഷ്യന്റെ കാലം മുതല്‍ക്കേ ലഹരിയില്‍ ആസക്തിയുണ്ടായിരുന്നതായി കാണാന്‍ കഴിയും. മദ്യവും രതിയും മനുഷ്യന്റെ ജന്മവാസനയാണ്‌. അത്‌ ജീവിതാന്ത്യംവരെ നിലനില്‍ക്കുമെന്നുള്ള കാര്യം നിസ്‌തര്‍ക്കമാണ്‌.

പുരാണങ്ങള്‍, ഇതാഹാസങ്ങള്‍ എന്നിവ പരിശോധിച്ചാലും `സോമരസം' നുകരുന്ന ഇന്ദ്രന്‍ തുടങ്ങിയ ദേവകളെ നമുക്ക്‌ കാണാം. അതുപോലെതന്നെ വിശുദ്ധ വേദപുസ്‌തകത്തിലും വീഞ്ഞിന്റെ പരാമര്‍ശം കാണാം. ക്രിസ്‌തീയ ദേവാലയങ്ങളില്‍ വീഞ്ഞ്‌ (മുന്തിരിച്ചാറ്‌) വളരെ ദിവ്യമായി നിവേദിക്കപ്പെടുന്നു. അപ്പോള്‍ മദ്യത്തിന്‌ ജനജീവിതത്തിലുള്ള സ്ഥാനം എന്താണെന്ന്‌ മനസിലാക്കാന്‍ സാധിക്കും.

ലോകവും മനുഷ്യനുള്ളിടത്തോളം കാലം മദ്യമുണ്ടാക്കുകയും പാനം ചെയ്യുമെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കല്‍ കൊച്ചിയില്‍ ഈയിടെ പ്രസ്‌താവിക്കുകയുണ്ടായി.

കേരളത്തിലെ മദ്യനിരോധനം കൊണ്ടുണ്ടാക്കുന്ന ഗുണങ്ങളും ദോഷങ്ങളും എന്താണെന്ന്‌ ഒരു വിശകലനം നടത്താം. സര്‍ക്കാരിന്‌ വര്‍ഷം തോറും ലഭിക്കുന്ന ആയിരക്കണക്കിനു കോടികളുടെ സാമ്പത്തിക നഷ്‌ടം അത്ര നിസാരമായി പരിഹരിക്കാന്‍ കഴിയാതെവരും. വനമേഖലകളില്‍ വ്യാജമദ്യ നിര്‍മ്മാണസംഘങ്ങള്‍ക്ക്‌ ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കും. തദ്വാരാ സാമൂഹ്യദ്രോഹികളെ സൃഷ്‌ടിക്കാന്‍ കഴിയും. അങ്ങനെ കള്ളപ്പണം കുന്നുകൂടി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകരും. അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രവഹിക്കുന്ന സ്‌പിരിറ്റ്‌ തടയുവാന്‍ കൂടുതല്‍ പോലീസുകാരേയും, വ്യാജവാറ്റ്‌ തടയുവാന്‍ അധികം എക്‌സൈസ്‌ ഓഫീസര്‍മാരേയും നിയമിക്കേണ്ടിവരും. ഈ നിയമപാലകര്‍ കാലക്രമത്തില്‍ അഴിമതിപാലകരായി വളരാന്‍ സാധ്യതയുണ്ട്‌.

മദ്യം ലഭ്യമാകാതെ വന്നാല്‍ മദ്യപാനികളുടെ എണ്ണം കുറയുമെന്നൊരു വിശ്വാസമുണ്ട്‌. എന്നാല്‍ മദ്യം കഴിക്കണമെന്നാശിക്കുന്ന ഒരാള്‍ ഏതുമാര്‍ഗ്ഗം സ്വീകരിച്ചും അത്‌ ലഭ്യമാക്കാന്‍ ശ്രമം തുടരും. അ#പ്പോള്‍ മദ്യശാലകള്‍ പൂട്ടുന്നതുകൊണ്ട്‌ മദ്യപാനികള്‍ ഇല്ലാതാകുമെന്നു ചിന്തിക്കുന്നവര്‍ `മൂഢസ്വര്‍ഗ്ഗത്തില്‍' വസിക്കുന്നവരാകും. എങ്കിലും മദ്യപാന രംഗത്തേക്ക്‌ പുതുതായി പ്രവേശിക്കുന്നവരെ തടയാന്‍ കഴിയും ഈ നിരോധനം മൂലം എന്ന്‌ നമുക്ക്‌ ആശിക്കാം.

പക്ഷെ, കേരളത്തിന്റെ മദ്യനയം വികലമായ ഒന്നാണെന്ന്‌ പറയാതിരിക്കാന്‍ നിവൃത്തിയില്ല. സ്‌പിരിറ്റ്‌ കടത്തുന്നവര്‍ക്കെതിരേ ഗുണ്ടാനിയമം ഏര്‍പ്പെടുത്തുമെന്ന്‌ മന്ത്രി രമേശ്‌ ചെന്നിത്തല മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. എത്രമാത്രം വിജയത്തിലെത്തും ഇതെന്ന്‌ കണ്ടറിയണം. ഇന്ത്യയില്‍ പൂര്‍ണ്ണമായും ജനപിന്തുണ നഷ്‌ടപ്പെട്ട കോണ്‍ഗ്രസ്‌, കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയെ തിരിച്ചുവിടാനുള്ള ഒരു ഉപാധിയായി ഈ മദ്യനയത്തെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ പിന്നിലെ ചേതോവികാരം ഒരു സംശയമായി അവശേഷിക്കുന്നു.

ചുരുക്കത്തില്‍, വിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നതുപോലെ മദ്യനിരോധനത്തേക്കാള്‍ അഭികാമ്യം മദ്യവര്‍ജ്ജനത്തിനുള്ള പ്രവര്‍ത്തനമണ്‌ഡലമാണ്‌. ആഗ്രഹമുള്ളവര്‍ മദ്യം കഴിക്കട്ടെ. വേണ്ടാത്തവര്‍ വര്‍ജ്ജിക്കട്ടെ.

നിരണം കരുണാകരന്‍.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code