Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓണത്തിന്നൊരു മൂലം (കവിത)   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

ആടിമാസത്തിലെ കഷ്ടതകള്‍
ആഴക്കടലിലേക്കാഴ്ന്നിറങ്ങെ
ആടിയും പാടിയു, മാര്‍ത്തിടുവാന്‍
ആവണിമാസം പിറന്നുവീണു .

മേഘങ്ങള്‍ മാറി ; മനം നിറഞ്ഞു
അംബരം ശുഭ്രമണിഞ്ഞുനിന്നു .
ഇല്ലവും വല്ലവും പെട്ടികളും
ധാന്യസമൃദ്ധി വിളിച്ചുകൂവി

ചേട്ടാഭഗോതിയെ ' ആട്ടി ' മാറ്റി
ശ്രീഭഗോതിക്കു അരങ്ങൊരുക്കി
കര്‍ഷകരേവരും കാത്തുനിന്നു
ആവണിപ്പെണ്ണിനെ സ്വീകരിക്കാന്‍

കര്‍ഷകരേവരും നിശ്ചയിച്ചു
ദൈവത്തിനോട് സ്തുതിപറയാന്‍
ആടണം , പാടണം , ആര്‍ത്തിടേണം
സംവത്സരത്തിലെ ആദ്യമാസം !

ശ്രാവണമെന്നത് ഓണമാക്കി
ആഘോഷമെല്ലാമൊരുക്കിടാലോ ...
എങ്കിലും സംശയം ബാക്കിനിന്നു :
ഓണത്തിനുമൊരു 'മൂലം' വേണ്ടേ ?

വിജ്ഞന്മാര്‍ പണ്ഡിതര്‍ നോക്കിയപ്പോള്‍
കിട്ടിയവര്‍ക്കൊരു ' മൂലഹേതു '
"ബലി'യെന്ന ദാനവന്‍ ശ്ലാഘനീയന്‍
കാണാന്‍വരുന്ന ദിവസമത്രെ !

ബലിയെന്ന സാക്ഷാല്‍ മഹാബലിയെ
കേരളനാടിന്‍റെ സ്വന്തമാക്കി ,
കേരളം കാണുവാന്‍ മാത്രമാണ്
'"തമ്പ്രാന്‍ ' വരുന്നത് എന്നുമാക്കി .

* * * * *
മാവേലി നാടുഭരിച്ചകാലം
സമ്പത്സമൃദ്ധി നിറഞ്ഞകാലം
കള്ളനും പോലീസും എന്നഭേദം
ഇല്ലാതിരുന്ന സുവര്‍ണ്ണകാലം

ഇല്ലാ കളവുകള്‍ , കാലുവെട്ടും
പിന്നീന്നുകുത്തലും തീരെയില്ല
മാനുഷരെല്ലാരുമൊന്നുപോലെ
മാവേലിവാഴ്ത്തുകളേറ്റുപാടി .

മാവേലിമന്നന്‍റെ രാജനീതി
എല്ലായിടത്തും പരന്നിടുമ്പോള്‍
ആയിരംനാവുള്ളനന്തന്‍പോലും
നാവുപോരാതെ വലഞ്ഞു പാവം !

വിണ്ണിലെ സ്വര്‍ഗനിവാസികള്‍ക്ക്
ഭൂമീലെ സ്വര്‍ഗമജീര്‍ണ്ണമായി .
ഭൂമിയും സ്വര്‍ഗ്ഗവും തുല്യമായാല്‍
സ്വര്‍ഗത്തിനെന്തു പ്രസക്തി പിന്നെ ?

ദേവഗണങ്ങളസൂയമൂത്ത്
വിഷ്ണുദേവന്‍റെ അരികിലെത്തി
കള്ളച്ചതികളിലൂടെമാത്രം
പ്രശ്‌നപരിഹാരമെന്നു ദേവന്‍ !

* * * * *
കുള്ളനാം ബ്രാഹ്മണനായി ദേവന്‍
മൂന്നടി ­ ദാനം ഇരന്നുവാങ്ങി
അവസാനപാദം പതിക്കുവനായ്
മാവേലിമന്നന്‍ ശിരസ്സുതാഴ്ത്തി

അന്ത്യാഭിലാഷമായ് ദാനവന്നു
പ്രജകളെ കാണാനനുജ്ഞനല്‍കി ;
ശ്രാവണമാസത്തിന്‍ (ല്‍) ശ്രാവണനാള്‍
സന്ദര്‍ശനത്തിന്നനുമതിയായ് .

* * * * *
ഈസ്വരന്‍പോലും അടിപറഞ്ഞ
മാവേലിമന്നനെ കേരളീയര്‍
നാടുമുഴവനലങ്കരിച്ച്
ആടിയും പാടിയും സ്വീകരിച്ചു

വിഷ്ണുഭഗവാന്‍ തുടങ്ങിവെച്ച
ഔന്നത്യമേറിയ വന്‍ചതികള്‍
ചെയ്തുകൂട്ടുന്നവര്‍ പോലുമിന്ന്
മാവേലിമന്നനെ വാഴ്ത്തിടുന്നു !!!

കള്ളച്ചതികളിലജ്ഞനായ
ശുഭ്രമനസ്കനെ വാഴ്ത്തിടുമ്പോള്‍
കള്ളച്ചതിയുടെ ചക്രവര്‍ത്തി
വിഷ്ണുവിനേയും സ്തുതിപ്പു നമ്മള്‍ .

രാമനെ രാവണന്‍ കൊന്നുവെങ്കില്‍
രണ്ടുപേര്‍ക്കും സ്തുതിപാടിടുവാന്‍
കായംകുളത്തുള്ള വാളുകള്‍ക്ക്
ട്യൂഷനൊരുക്കാന്‍ മെനക്കെടേണോ ?

ഒറ്റദിനംകൊണ്ട് തീരുകില്ല
ആഘോഷ, മത്സര , ഉത്സവങ്ങള്‍ .
അത്തംമുതല്‍ക്കേ തുടങ്ങിടുക
രാജ്യം മുഴുവനലങ്കരിക്കാന്‍

മാവേലി വന്നതിന്‍ശേഷമല്ലേ
ഉത്സവത്തിന്നു തുടക്കമാവൂ ...
ഇത്തിരികൂടി അനുവദിച്ചാല്‍
ഏവര്‍ക്കും സൗകര്യമാകുമല്ലോ .

പണ്ഡിതശ്രേഷ്ടരോ വെട്ടിലായി
ഗ്രന്ഥംനോക്കാതെ വിധിപറഞ്ഞു :
നാലഞ്ചുനാളുകള്‍ താമസിക്കാന്‍
മാവേലിമന്നനനുജ്ഞയുണ്ട് !!!

അത്തംമുതല്‍ക്കേ ഒരുക്കുകൂട്ടി
ഓണംമുതല്‍ നാലുനാളുകൂടി
മന്നന്‍റെ മുന്നില്‍ നടിച്ചിടുവാന്‍
കേരളീയര്‍ക്കു പ്രമാണമായി .

കണ്ണില്‍ പൊടിയിടാന്‍ കേരളീയര്‍
എന്നേ പഠിച്ചതിന്‍ സൂചകമായ്
ദു:ഖഭാരങ്ങള്‍ മറച്ചുവെച്ച്
മാവേലിമന്നനെ ആദരിച്ചു.

C . S . Sankara Warrier , Anubhuti Cherussery
Thaikkattussey - Ollur , Thrissur 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code