Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി സില്‍വര്‍ ജൂബിലിയും ഓണവും ആഘോഷിച്ചു.   - വര്‍ഗീസ് പ്ലാമ്മൂട്ടില്‍

Picture

വിഭവസമൃദ്ധമായ ഓണസ്ദ്യയ്ക്കും വര്‍ണ്ണശബളമായ ഘോഷയാത്രയ്ക്കും ശേഷം നടത്തിയ പൊതുസമ്മേളനം കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് കേരളത്തില്‍ നിന്നെത്തിയ കേരള റവന്യൂ മന്ത്രി ശ്രീ. അടൂര്‍ പ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബര്‍ഗന്‍ കൗണ്ടിഎക്‌സിക്യൂട്ടീവ്  കാത്ത്‌ലീന്‍  ഡോണവന്‍, ടീനെക്ക് മേയര്‍ ലിസ്റ്റ് പാര്‍ക്കര്‍, ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ നോര്‍മന്‍ ഷ്‌മെല്‍സ്, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ  ന്യൂയോര്‍ക്ക് കോണ്‍സല്‍ ശ്രീ.ജി.ശ്രീനിവാസ റാവു എന്നിവരും വിവിധ സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ സംഘടനകളുടെ നേതാക്കളും ആഘോഷങ്ങളില്‍ സന്നിഹിതരായിരുന്നു.

ജാതി മത ഭേദമെന്യെ എല്ലാ മലയാളികളെയും ഒരു  കുടക്കീഴില്‍ അണിനിരത്തുവാനും നമ്മുടെ നാടിന്റെ ഭാഷയും സംസ്‌കാരവും നിലനിര്‍ത്തുവാനും വരും തലമുറയ്ക്ക് കൈമാറുവാനും രൂപം കൊണ്ട കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി ശ്രീ.അടൂര്‍ പ്രകാശ് പ്രശംസിക്കുകയും, സുനാമി പോലുള്ള വന്‍ ദുരന്തങ്ങള്‍ക്കിരയായവര്‍ക്ക് സഹായമെത്തിച്ചതില്‍ സംഘടനാപ്രവര്‍ത്തകരെ അഭനന്ദിക്കുകയും ചെയ്തു. തുടര്‍ന്നും ജന്മഭൂമിയില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങലേകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2015- ഓടെ സ്വന്തമായി ഭൂമിയില്ലാത്ത ഒരു കുടുംബം പോലും കേരളത്തില്‍ ഉണ്ടാകരുതെന്നുള്ളത് ലക്ഷ്യമിട്ട് റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭൂരഹിത വിമുക്ത കേരളം എന്ന മഹത്തായ യജ്ഞത്തില്‍ ഭാഗഭാക്കുകളാവുവാനും എല്ലാവരെയും അദ്ദേഹം ആഹ്വാനം ചെയ്തു. 10 സെന്റു ഭൂമി മാത്രം സ്വന്തമായി ഉണ്ടായിരിക്കെ ഭൂരഹിതരുട വേദനയകറ്റുവാന്‍ ഉള്ളതില്‍നിന്നും മൂന്നു സെന്റു സ്ഥലം ദാനം ചെയ്ത കണ്ണൂരിലെ വില്ലേജ് ഓഫീസര്‍ നസീമയാണ് ഈ പദ്ധതിക്ക് രൂപം കൊടുക്കുവാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ലക്ഷത്തോളം  കുടുംബങ്ങളാണ് കേരളത്തില്‍ ഭൂരഹിതരായിട്ടുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നതെന്നും ഇതിനോടകം 5000 ല്‍ പരം കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുവാന്‍ സാധിച്ചുവെന്നും കേരളത്തിലെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കേരളത്തിലെയെന്നല്ല, ഇന്ത്യയിലെതന്നെ പൂര്‍ണ്ണമായും ഭൂരഹിതരില്ലാത്ത ജില്ലകളായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ രണ്ടാം ഭൂദാന പ്രസ്ഥാനമായി ഇതുമാറിയിരിക്കുകയാണെന്നും ഇതിലേക്ക് ഭൂമിദാനം ചെയ്യുവാനും പാവപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്ന ഈ മഹത്തായ ദൗത്യത്തിന് നേതൃത്വം കൊടുക്കുവാനും സാധിച്ചത് ഈശ്വര കൃപയായി താന്‍ കാണുന്നുവെന്നും മന്ത്രി പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്വം അദ്ദേഹം സ്വാഗതം ചെയ്തു. കേരള കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ദാസ് കണ്ണംകുഴിയില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അതിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവതലമുറയെ ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രസിഡന്‌റ് ജോയി ചാക്കപ്പന്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. കേരള കള്‍ച്ചറല്‍ ഫോറം ട്രഷറര്‍ വര്‍ഗീസ് ജേക്കബും സജില്‍ ജോര്‍ജ്ജും ചേര്‍ന്ന് തയ്യാറാക്കിയ സംഘടനയുടെ 25 വര്‍ഷത്തെ ചരിത്രം, സമൂഹത്തിനു നല്‍കിയ സംഭാവനകള്‍, സംഘടനയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തികളുടെ സംഭാവനകള്‍ എന്നിവ അടങ്ങുന്ന സ്ലൈഡ് ഷോ അവതരിപ്പിച്ചു. എഫി മാത്യൂ അമേരിക്കന്‍ ദേശീയ ഗാനവും ഏബ്രഹാം മാത്യൂ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

സംഘടനയുടെ സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ ശ്രീ.ടി.എസ്.ചാക്കോ തന്റെ പ്രസംഗത്തില്‍ ഈ പ്രദേശത്ത് ആരംഭകാലത്ത് ജാതി-മത-വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമിച്ചു കൂടുവാന്‍ അവസരമില്ലാതിരുന്നുവെന്നും ആ വിടവു നികത്തുവാനും നമ്മുടെ കലാ, സാംസ്‌കാരിക, സാമൂഹ്യ മൂല്യങ്ങള്‍ പരിപോഷിപ്പിക്കുവാനും വരും തലമുറയ്ക്ക് കൈമാറുന്നതിനുമായുമാണ് കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സിക്ക് രൂപം കൊടുത്തതെന്ന് അനുസ്മരിച്ചു. ഈ യജ്ഞത്തില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച നേതാക്കളായ പരേതരായ വര്‍ഗീസ് ചാണ്ടി, ഫിലിപ്പ് വി. ഫിലിപ്പ്‌സ്, ദാനിയേല്‍ ജോണ്‍ എന്നിവരെ സ്മരിക്കുകയും അതുപോലെതന്നെ കഴിഞ്ഞ 24 വര്‍ഷവും കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണസദ്യയില്‍ തന്നോടൊപ്പം പങ്കെടുത്തിരുന്ന പ്രിയ പത്‌നി ഈ വര്‍ഷം തന്നോടൊപ്പം ഇല്ലെന്നു പറയുകയും ചെയ്ത അവസരത്തില്‍ ശ്രീ.ടി.എസ്.ചാക്കോ ഗദ്ഗദകയണ്ഠനായി. മലയാളം സ്‌ക്കൂള്‍, ഡാന്‍സ് സ്‌കൂള്‍ മുതലായവ ത്യാഗം സഹിച്ച് ആരംഭിച്ചുവെന്നും രാഷ്ട്രീയ സംഘടനയല്ലെങ്കില്‍പ്പോലും  കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ അംഗങ്ങളായവര്‍ അമേരിക്കയിലെ രാഷ്ട്രീയ മേഖലയില്‍ എത്തുവാന്‍ സംഘടന വേണ്ട പ്രോത്സാഹനവും പിന്തുണയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലോചിതമായ പരിപാടികളും പദ്ധതികളുമായി മാതൃകാ സംഘടനയായി കേരള കള്‍ച്ചറല്‍ ഫോറം മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഈ വര്‍ഷം പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ബര്‍ഗന്‍ കൗണ്ടി എക്‌സിക്യൂട്ടീവ് കാത്ത്‌ലീന്‍ ഡോനവന്‍ കേരളത്തനിമയില്‍ സാരിയുടുത്ത് ചടങ്ങില്‍ പങ്കെടുത്തത് കൗതുകകരമായിരുന്നു. ഇന്ത്യന്‍ വംശജരായ കൗണ്ടി നിവാസികളുടെ സേവനം വിലപ്പെട്ടതാണെന്നും മുഖ്യധാരയിലേക്ക് അവര്‍ കൂടുതലായി കടന്നുവരണമെന്നും കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തില്‍ നിങ്ങളിലൊരാളായി പങ്കെടുക്കാനിടയായതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തില്‍ നിങ്ങളിലൊരാളായി പങ്കെടുക്കാനിടയായതില്‍ അതിയായ സന്തോഷമുണ്ടെന്നും  അവര്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറലിന്റെ പ്രതിനിധി കോണ്‍സല്‍ ശ്രീ.ശ്രീനിവാസ റാവു, ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ നോര്‍മെന്‍ ഷ്‌മെല്‍സ്, ടീനെക്ക് മേയര്‍ ലിസെറ്റ് പാര്‍ക്കര്‍, സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജേക്കബ് ക്രിസ്റ്റി, നായര്‍ ബനിവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. രഘുവരന്‍ നായര്‍, ഫൊക്കാന പ്രസിഡന്റ് ശ്രീ.ജോണ്‍ പി.ജോണ്‍, ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഐ.എന്‍.ഒ.സി. പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി.റവ.ബാബു.കെ.മാത്യൂ, റോക്ക്‌ലാന്‍ഡ് കൗണ്ടി ലജിസ്ലേറ്റര്‍ ശ്രീമതി ആനി പോള്‍, റവ. ജോണ്‍ മാത്യൂ, സില്‍വര്‍ ജൂബിലി ചെയര്‍മാന്‍ ദേവസി പാലാട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ ഉദിദ് ചൈതന്യ സ്വാമിയുടെ ഓണസന്ദേശം വായിച്ചു. ഫൊക്കാന പ്രസിഡന്റ് ശ്രീ. ജോണ്‍ പി.ജോണ്‍ തന്റെ പ്രസംഗ മധ്യേ ബഹു.മന്ത്രിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിലെ ഭൂരഹിതര്‍ക്കായി 10 സെന്റു സ്ഥലം നല്‍കുമെന്ന് അറിയിച്ചു.

സില്‍വര്‍ ജൂബിലിയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ കേരളാ കള്‍ച്ചറല്‍ ഫോറം പ്ലാക്കു നല്‍കി ആദരിച്ചു. പ്രസിഡന്റ് ജോയി ചാക്കപ്പന്‍ മന്ത്രി അടൂര്‍ പ്രകാശിനും ഡോ.ഓമന മാത്യൂ കൗണ്ടി എക്‌സിക്യൂട്ടീവ് കാത്ത്‌ലീന്‍ ഡോനവനും അവാര്‍ഡ് സമ്മാനിച്ചു. ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സാമൂഹ്യസേവനത്തിനും നേതൃത്വത്തിനുമുള്ള അംഗീകാരമായി സംഘടനയുടെ സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ ശ്രീ.ടി.എസ്.ചാക്കോയ്ക്കുള്ള പുരസ്‌കാരം മന്ത്രി അടൂര്‍ പ്രകാശ് സമ്മാനിച്ചു. സംഘടനയുടെ മുന്‍കാല നേതാക്കന്മാരെ പൊന്നാടയണിച്ച് ആദരിച്ചു. കെ.സി.എഫിന്റെ പ്രഥമ ഡാന്‍സ് സ്‌കൂള്‍ അധ്യാപിക സുധശേഖറിനെ ചടങ്ങില്‍ ആദരിച്ചു. ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണത്തിന്റെ ആദ്യത്തെ തുക വര്‍ഗീസ് പ്ലാമൂട്ടില്‍ ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി സൂസമ്മ തോമസിന് കൈമാറി. ജോയിന്റ് ആഘോഷങ്ങളുടെ ഭാഗമായി ഉന്നത നിലവാരമുള്ള നൃത്തനൃത്യങ്ങളും ഗാനമേളയും കോമഡി ഷോയും ക്രമീകരിച്ചിരുന്നു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ലേഡീസ് ഫോറം അംഗങ്ങളുടെ തിരുവാതിര, കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്നീ നൃത്തവിദ്യാലയങ്ങള്‍ അവതരിപ്പിച്ച അവിസ്മരണീയമായ മോഹിനിയാട്ടവും നൃത്തരൂപങ്ങളും കാണികളുടെ മനംകവരുകതന്നെ ചെയ്തു.

ജെംസണ്‍ കുറിയാക്കോസ്, കാര്‍ത്തിക ജിനു തിരുവല്ല എന്നിവരുടെ ഗാനമേള ആസ്വാദ്യകരമായിരുന്നു. ലാല്‍ അങ്കമാലിയും സുശീല്‍ വര്‍ക്കലയും അവതരിപ്പിച്ച കോമഡി ഷോയും ഉണ്ടായിരുന്നു. കൊച്ചു കുട്ടികള്‍ക്കുവേണ്ടി നടത്തിയ പുഞ്ചിരി മത്സരം കൗതുകകരമായിരുന്നു. പ്രസിഡന്റ് ജോയി ചാക്കപ്പന്‍, സെക്രട്ടറി ദാസ് കണ്ണംകുഴിയില്‍, ട്രഷറര്‍ വര്‍ഗീസ് ജേക്കബ്, വൈസ് പ്രസിഡന്റ് അഡ്വ.റോയ് ജേക്കബ് കൊടുമണ്‍, പേട്രേണ്‍ ടി.എസ്. ചാക്കോ, ജോയിന്റ് സെക്രട്ടറി ആന്റണി കുര്യന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ടി.എം. സാമുവേല്‍, സുവനീര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജോജി ചെറിയാന്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററ് എല്‍ദോ പോള്‍, സില്‍വര്‍ ജൂബിലി കോ-ഓര്‍ഡിനേറ്റര്‍ ദേവസി പാലാട്ടി എന്നിവരും  കമ്മറ്റിയംഗങ്ങളും സില്‍വര്‍ ജൂബിലിയുടെയും ഓണാഘോഷത്തിന്റെയും വിജയത്തിനായി പ്രവര്‍ത്തിച്ചു.

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code