Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആഘോഷങ്ങളുടെ നിറദീപവുമായി വെരി റവ.ഡോ. വര്‍ഗീസ്‌ പ്ലാന്തോട്ടം കോര്‍എപ്പിസ്‌കോപ്പ

Picture

ന്യൂയോര്‍ക്ക്‌: എല്‍മോണ്ടിലുള്ള സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ വികാരി വെരി റവ.ഡോ. വര്‍ഗീസ്‌ പ്ലാന്തോട്ടം കോര്‍എപ്പിസ്‌കോപ്പയുടെ സപ്‌തതിയും പൗരോഹിത്യത്തിന്റെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികവും അദ്ദേഹം എഴുതിയ അഞ്ച്‌ പുസ്‌തകങ്ങളുടെ പ്രകാശനവും സംയുക്തമായി സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച നടത്തുകയുണ്ടായി.

രാവിലെ 7.3-ന്‌ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റേയും അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസിന്റേയും ഇരുപതില്‍പ്പരം വൈദീകരുടേയും സാന്നിധ്യത്തിലും ബന്ധുജനങ്ങളും സുഹൃത്തുക്കളുമായി എത്തിയ നാനൂറില്‍പ്പരം ആളുകളുടെ പ്രാര്‍ത്ഥനയിലും ബഹു. പ്ലാന്തോട്ടത്തിലച്ചന്‍ സെന്റ്‌ ബസേലിയോസ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മുത്തുക്കുടകളും താലപ്പൊലിയും ഏന്തിയ കുട്ടികളുടെ അകമ്പടിയോടെയും, ജോസ്‌ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ഗാനാലാപനത്തിലൂടെയും തിരുമേനിമാരേയും വൈദീകരേയും വേദിയിലേക്ക്‌ ആനയിച്ചു. പോള്‍ പുന്നൂസിന്റെ സ്വാഗത പ്രസംഗവേളയില്‍ വര്‍ഗീസ്‌ പുഞ്ചമണ്ണില്‍, വെരി. റവ. ഡോ. പ്ലാന്തോട്ടം കോര്‍എപ്പിസ്‌കോപ്പയെ പൊന്നാട അണിയിച്ചു. ഗ്രിഗോറിയോസ്‌ തിരുമേനി തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ബ. പ്ലാന്തോട്ടത്തില്‍ അച്ചനുമായി സെമിനാരിയില്‍ ഒന്നിച്ചുപഠിച്ച കാലങ്ങള്‍ സ്‌മരിക്കുകയുണ്ടായി. ആ സതീര്‍ത്ഥ്യരുടെ ഇന്നും നിലനില്‍ക്കുന്ന ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം അനുസ്‌മരിച്ചു.

ഇടവകാംഗങ്ങള്‍ക്ക്‌ ബഹു. പ്ലാന്തോട്ടം അച്ചനോടുള്ള സ്‌നേഹാദരവുകളുടെ പ്രതിഫലനമായി അദ്ദേഹത്തിന്‌ സെക്രട്ടറി രാജന്‍ കുരുവിളയും ട്രഷറര്‍ പോള്‍ പുന്നൂസും ചേര്‍ന്ന്‌ പ്ലാക്ക്‌ സമ്മാനിച്ചു.

ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ അഭിവന്ദ്യ ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ സംസാരിച്ചു. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം സൃഷ്‌ടിച്ചുകൊണ്ട്‌ ഇടവകയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക്‌ നയിക്കുന്ന പ്ലാന്തോട്ടത്തില്‍ അച്ചന്റെ നേതൃപാടവത്തെക്കുറിച്ച്‌ വെരി. റവ.ഡോ. പി.എസ്‌. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ സംസാരിക്കുകയുണ്ടായി. സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷനെ പ്രതിനിധീകരിച്ച്‌ മാര്‍ത്തോമാ സഭയിലെ റവ.ഫാ. ജോജി കെ. മാത്യു പ്രസംഗിച്ചു. മലങ്കര സഭ മാനേജിംഗ്‌ കമ്മിറ്റിയംഗം കോരസണ്‍ വര്‍ഗീസ്‌, അമേരിക്കന്‍ ഭദ്രാസനത്തിന്റെ ലേ സെക്രട്ടറി വര്‍ഗീസ്‌ പോത്താനിക്കാടും ആശംസകള്‍ അര്‍പ്പിച്ചു. പ്ലാന്തോട്ടം അച്ചന്‍ പ്രസിഡന്റായിരിക്കുന്ന കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിനെ പ്രതിനിധീകരിച്ച്‌ ഫിലിപ്പോസ്‌ സാം പ്രസംഗിച്ചു. അച്ചന്റെ വന്ദ്യ ഗുരു കെ.ഇ. സാമുവേല്‍ സാര്‍, തന്റെ ശിഷ്യഗണത്തില്‍ അഗ്രഗണ്യനായ പി.ജി വര്‍ഗീസിനെക്കുറിച്ചും അതോടൊപ്പം ശിഷ്യബന്ധത്തിന്റെ ഓര്‍മ്മകളും അയവിറക്കുകയുണ്ടായി. അച്ചന്റെ സഹോദരന്‍ പ്രൊഫ. മാത്യു ജോര്‍ജും, മക്കളായ ഓമനയും, സോണിയും അച്ചന്റെ ജീവിതപന്ഥാവിനെക്കുറിച്ച്‌ വിവരിച്ചപ്പോള്‍ സദസ്യരുടെ ഹൃദയങ്ങള്‍ തരളിതമായി. അച്ചന്റെ ചെറുപ്പം മുതലുള്ള ഫോട്ടോകളുടെ പ്രദര്‍ശനം ഈ വാക്കുകള്‍ക്ക്‌ മാറ്റുകൂട്ടി.

ഈ ആഘോഷവേളയില്‍ അച്ചന്‍ എഴുതിയ അഞ്ച്‌ പുസ്‌തകങ്ങള്‍ അഭി. ഗ്രിഗോറിയോസ്‌ തിരുമേനി പ്രകാശനം ചെയ്‌തു. എഴുത്തിന്റെ പാതയിലെ അച്ചന്റെ വിജയഗാഥയെക്കുറിച്ച്‌ പുസ്‌തക പ്രകാശനത്തിന്‌ ചുക്കാന്‍ പിടിച്ച ലിസ ജോര്‍ജ്‌ വിശദകരിക്കുകയുണ്ടായി. സ്‌നേഹ തോമസിന്റെ പ്രാര്‍ത്ഥനാ ഗാനവും, ഇസ്‌ലിന്‍ വില്‍സന്റെ അച്ചനെക്കുറിച്ചെഴുതിയ മംഗള ഗാനവും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വെല്‍ക്കം ഡാന്‍സും ആഘോഷപരിപാടികള്‍ക്ക്‌ മോടികൂട്ടി.

ഇന്നോളം തന്നെ നടത്തിയ ദൈവത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ അഭിവന്ദ്യ പ്ലാന്തോട്ടത്തില്‍ അച്ചന്‍ മറുപടി പ്രസംഗം നടത്തി. ഗതകാല സ്‌മരണകള്‍ അയവിറക്കിക്കൊണ്ട്‌ കഴിഞ്ഞുപോയ എഴുപത്‌ വര്‍ഷങ്ങളിലെ ഓരോ ഘട്ടങ്ങളിലും സഹായിച്ചവരേയും സഹകരിച്ചവരേയും സ്‌മരിച്ചുകൊണ്ട്‌, ഇന്ന്‌ വികാരിയായിരിക്കുന്ന സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തിലെ ഓരോ വ്യക്തികള്‍ക്കും സ്‌നേഹവായ്‌പുകള്‍ക്ക്‌ അച്ചന്‍ നന്ദി പറഞ്ഞു.

ഈ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റേഴ്‌സായ ജോമോനും (ചെറിയാന്‍ ജോര്‍ജ്‌),മിനി വര്‍ഗീസിനുമൊപ്പം എല്ലാ ഇടവക അംഗങ്ങളും ഒരുപോലെ കൈകോര്‍ത്ത്‌ നിന്നതുകൊണ്ടാണ്‌ ഈ സംരംഭം വന്‍ വിജയത്തിലെയതെന്ന്‌ നന്ദി പറഞ്ഞ സാബു വര്‍ഗീസ്‌ ഓര്‍മ്മിപ്പിക്കുകയുണ്ടായി. അനുപ ജോര്‍ജ്‌, ബഞ്ചമിന്‍ തോമസ്‌ എന്നിവരായിരുന്നു എം.സിമാര്‍. വന്നു ചേര്‍ന്ന എല്ലാവര്‍ക്കും തോമസ്‌ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്‌നേഹവിരുന്ന്‌ ഒരുക്കിയിരുന്നു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code