Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ ജോയി ആലപ്പാട്ട്‌- നാള്‍വഴികളിലൂടെ ഒരു യാത്ര   - ബീനാ വള്ളിക്കളം

Picture

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌, സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്റെ കൈവെയ്‌പ്‌ ശുശ്രൂഷയോടെ മെത്രാഭിഷിക്തനായിരിക്കുകയാണ്‌. മാര്‍ത്തോമാശ്ശീഹായുടെ കരങ്ങളാല്‍ ജന്മമെടുത്ത സഭ ഇന്ന്‌ ലോകമെമ്പാടും പടര്‍ന്ന്‌ പന്തലിക്കുമ്പോള്‍ അമേരിക്കന്‍ സഭാ വിശ്വാസികളുടെ പുണ്യദിനമായി സെപ്‌റ്റംബര്‍ 27.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര ഗ്രാമത്തിലായിരുന്നു ജോയി പിതാവിന്റെ ജനനം. ലോനാ മുത്തപ്പന്റെ നാമഥേയത്തിലുള്ള ഇടവകയില്‍ ആലപ്പാട്ട്‌ തെക്കേത്തല വര്‍ഗീസ്‌- റോസി ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍. ജോണ്‍ എന്നു മാമ്മോദീസാ പേരു നല്‍കിയ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല ഭാവിയില്‍ എഴാം കടലിനക്കരെ തങ്ങളുടെ മകന്‍ ഒരു മെത്രനായിത്തീരുമെന്ന്‌.

വിശ്വാസതീക്ഷണതയും, സംഗീതവാസനയും തികഞ്ഞ കൊച്ചു ജോയി ഇടവക വികാരി ഫാ. ജേക്കബ്‌ ചക്കാലയ്‌ക്കലിന്റെ താത്‌പര്യപ്രകാരം അള്‍ത്താര ബാലനും, ഗായകസംഘത്തിലെ അംഗവുമായി. പുത്തന്‍പള്ളി വരാപ്പുഴ സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍, പറപ്പൂക്കര പി.വി.എസ്‌ ഹൈസ്‌കൂള്‍ എന്നിവടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞ്‌ വൈദീകപഠനത്തിനു ചേര്‍ന്നു. കുടുംബത്തിലെ തികഞ്ഞ പ്രാര്‍ത്ഥനാന്തരീക്ഷവും, മാതാപിതാക്കളുടെ വിശ്വാസ മാതൃകയും, വൈദീകരുടേയും സന്യസ്‌തരുടേയും മഹനീയ ജീവിതങ്ങളുമാണ്‌ തന്റെ അജപാലന ജീവിതത്തിന്റെ പ്രചോദനമെന്ന്‌ പിതാവ്‌ സാക്ഷ്യപ്പെടുത്തുന്നു.

തൃശൂര്‍ തോപ്പ്‌ സെന്റ്‌ മേരീസ്‌ മൈനര്‍ സെമിനാരിയിലും, കോട്ടയം വടവാതൂര്‍ സെന്റ്‌ തോമസ്‌ സെമിനാരിയിലുമായി വൈദീകപഠനം പൂര്‍ത്തിയാക്കിയശേഷം 1981-ല്‍ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ ജയിംസ്‌ പഴയാറ്റില്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. ചാലക്കുടി, മാള, കുമ്പിടി, ഇരഞ്ഞാലക്കുട ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ച ജോയി അച്ചന്‍ രൂപതാ അള്‍ത്താര സംഘത്തിന്റെ ഡയറക്‌ടറുമായി. ദൈവശാസ്‌ത്രത്തിലും സാമൂഹ്യശാസ്‌ത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയെടുക്കുകയും ചെയ്‌തു.

സ്‌നേഹത്തോടും സൗമ്യതയോടുംകൂടി മാത്രം ഇടപഴകുന്ന ജോയി അച്ചന്റെ മാതൃക കൂടുതല്‍ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്കടുപ്പിച്ചു. പ്രവാസികള്‍ക്ക്‌, അവര്‍ എവിടെയായിരുന്നാലും അജപാലന ശുശ്രൂഷ ലഭ്യമാക്കണമെന്ന രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ തീരുമാനം നടപ്പിലാക്കുവാന്‍ ഇരിഞ്ഞാലക്കുട രൂപതയെ ചുമതലപ്പെടുത്തിയപ്പോള്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ ജോയി അച്ചനെ മദ്രാസ്‌ മിഷനിലേക്കയച്ചു രൂപതാ നേതൃത്വം. പ്രവാസികളുടെ വിശ്വാസ സംരക്ഷണവും വളര്‍ച്ചയും എന്ന ദൗത്യം അവിടെ ആരംഭിക്കുകയായിരുന്നു. മദ്രാസ്‌ മിഷനിലെ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച്‌ ഒട്ടേറെ മിഷനുകളും ഇടവകകളുമായി വളര്‍ത്തിയതില്‍ ജോയി അച്ചനുള്ള പങ്ക്‌ സ്‌തുത്യര്‍ഹമായിരുന്നു.

തികഞ്ഞ സംഗീതാസ്വാദകനും, കലാസ്‌നേഹിയുമായ ഈ വൈദീകന്‍ പ്രാര്‍ത്ഥനാ ജീവിതത്തില്‍ സംഗീതത്തിനുള്ള സ്വാധീനത്തില്‍ ഏറെ വിശ്വസിക്കുന്നു. മഹാരഥന്മാരായ യേശുദാസ്‌, ജെ.എം. രാജു എന്നിവരോട്‌ ചേര്‍ന്നൊരുക്കിയ `സ്‌നേഹസുധ' എന്ന ആല്‍ബം സംഗീത പ്രേമികളും വിശ്വാസികളും എന്നും നെഞ്ചോട്‌ ചേര്‍ത്ത്‌ നിര്‍ത്തുന്നു. ദിവ്യധാര, വരദാന മഞ്‌ജരി, ആത്മസൗഖ്യം, കാനാന്‍ ദേശം, അമ്മ എന്നീ ആല്‍ബങ്ങളില്‍ പിതാവിന്റെ തൂലികയില്‍ നിന്നുതിര്‍ന്ന മനോഹരഗാനങ്ങളാണ്‌.

1994-ല്‍ അമേരിക്കയിലെത്തിയ പിതാവ്‌ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരി ഓഫ്‌ അസംപ്‌ഷന്‍ ചര്‍ച്ചില്‍ സഹ വികാരിയായി. ന്യൂയോര്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ തിയോഡോര്‍ മക്കാരിക്കിന്റെ ക്ഷണപ്രകാരം ന്യൂമില്‍ഫോര്‍ഡ്‌ അസന്‍ഷന്‍ ചര്‍ച്ചിലും തുടര്‍ന്ന്‌ വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചാപ്ലെയിനായും സേവനം അനുഷ്‌ഠിച്ചു.

പ്രവാസി വിശ്വാസ സംരക്ഷണം ഹൃദയത്തോടു ചേര്‍ത്ത്‌ നിര്‍ത്തിയ സീറോ മലബാര്‍ വിശ്വാസികളുടെ പ്രിയ ജോയി അച്ചന്‍ ന്യൂജേഴ്‌സിയിലെ വിശ്വാസികളെ ഒന്നിച്ചു നിര്‍ത്തുവാനുള്ള ദൗത്യം ഏറ്റെടുത്തു. നന്മയുള്ള ഈ വൈദീകന്റെ അക്ഷീണ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു 2001-ല്‍ സീറോ മലബാര്‍ രൂപീകൃമായപ്പോള്‍ അവിടേയ്‌ക്കുള്ള അവിടേയ്‌ക്കുള്ള അങ്ങാടിയത്ത്‌ പിതാവിന്റെ പ്രത്യേക ക്ഷണം. അച്ചന്റെ നേതൃപാടവവും, സംഘടനാമികവിന്റേയും കറകളഞ്ഞ ആത്മാര്‍ത്ഥതയുടേയും പ്രതിഫലനമായിരുന്നു രൂപതാസ്ഥാപനത്തിനുശേഷം ആദ്യമായി നടന്ന ന്യൂജേഴ്‌സി കണ്‍വെന്‍ഷന്റെ വന്‍ വിജയം.

2004-ല്‍ ഗാര്‍ഫീല്‍ഡ്‌ മിഷനില്‍ നിയമിതനായതിനുശേഷം ആ കൂട്ടായ്‌മയ്‌ക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്ക്‌ നിദാനം അച്ചന്റെ അശ്രാന്ത പരിശ്രമങ്ങളായിരുന്നു. സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്റെ സ്ഥാപക ഡയറക്‌ടറായ അച്ചന്‍ സ്റ്റാറ്റന്‍ഐലന്റ്‌ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമഥേയത്തിലുള്ള വിശ്വാസി സമൂഹത്തിന്റെ അജപാലന ദൗത്യവും വളരെ സസന്തോഷം നിറവേറ്റി.

2011-ല്‍ ചിക്കാഗോ കത്തീഡ്രലിന്റെ വികാരിയായി സ്ഥാനമേറ്റ അച്ചന്‍ 1200-ലധികം കുടുംബങ്ങളുള്ള വലിയ ഇടവക ജനത്തിന്റെ സ്‌നേഹാദരവുകള്‍ അതിവേഗം നേടി. നിറഞ്ഞ ചിരിയോടെയുള്ള പെരുമാനറ്റവും വിശ്വാസമാതൃകയും ദൈവമക്കളില്‍ വിശ്വാസവളര്‍ച്ചയ്‌ക്കുള്ള ചാലകശക്തിയായി. എല്ലാ മതവിഭാഗങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയ ജോയി അച്ചനെ ഏക മനസോടെ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു.

സ്‌നേഹാത്മകതയും, ലാളിത്യവും, ആത്മവിശുദ്ധിയും, സുവിശേഷചൈതന്യവും മുഖമുദ്രയായ ഈ വ്യക്തിത്വത്തിനു ലഭിച്ച പരമോന്നത അംഗീകാരമായി മെത്രാന്‍ പദവി നല്‍കി സഭ ആദരിച്ചിരിക്കുകയാണ്‌. പ്രവാസി സഭാ മക്കളുടെ സേവനം തന്റെ ദൈവീക നിയോഗമായി ഏറ്റെടുത്ത ആലപ്പാട്ട്‌ പിതാവിന്റെ നീണ്ട 33 വര്‍ഷത്തെ നിസ്‌തുല സേവനത്തിന്റെ ദൈവീക സമ്മാനമായി ഈ പദവി വന്നുചേര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ ഒരു വലിയ സന്തോഷത്തിന്റെ നിറവിലാണ്‌. സെപ്‌റ്റംബര്‍ 27-ന്‌ പിതാവിന്റെ ജന്മദിനം തന്നെ മെത്രാഭിഷേക ദിനമായി വന്നുചേര്‍ന്നപ്പോള്‍ അത്‌ പ്രത്യേക ദൈവീക പദ്ധതിയായി എന്നു നിസ്സംശയം വിശ്വസിക്കാം. 'ആത്മാക്കളുടെ രക്ഷയ്‌ക്ക്‌ സ്‌നേഹപൂര്‍വ്വം' എന്നതാണ്‌ പിതാവിന്റെ ആപ്‌തവാക്യം. തികഞ്ഞ കലാസ്‌നേഹിയും, അടിയുറച്ച വിശ്വാസത്തിന്റെ ഉടമയുമായ പിതാവ്‌ പുതിയ ദൗത്യമേറ്റടുക്കുമ്പോള്‍ തന്നില്‍ നിക്ഷിപ്‌തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു. സഭാ വിശ്വാസികളേവരും പ്രാര്‍ത്ഥനാപൂര്‍വ്വം സഭയുടെ വളര്‍ച്ചയ്‌ക്കായി നേതൃത്വത്തോടൊപ്പം അണിചേരുകയും ചെയ്യുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code