Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെങ്കിടാചലപതിയുടെ തിരുനെറ്റിയിലെ ദീര്‍ഘതിലകം   - തൊടുപുഴ കെ. ശങ്കര്‍, മുംബൈ

Picture

ഒരിക്കല്‍, സാക്ഷാല്‍ വൈകുണ്‌ഠവാസിയായി പ്രശോഭിക്കുന്ന ശ്രീമാന്‍ നാരായണന്‌,- പല അവതാരങ്ങളുടേയും കേന്ദ്രബിന്ദുവായ മഹാവിഷ്‌ണുവിന്‌- ഭക്തജനങ്ങളെ അനവരതം കണ്ടുകൊണ്ടിരിക്കണമെന്നുള്ള അഭിലാഷമുണ്ടായി. അതിന്‌, സദാസമയവും തന്റെ പാര്‍ശ്വത്തില്‍ തന്നെ ഉപവിഷ്‌ടയായ പത്മാവതിയുടെ -ലക്ഷ്‌മീദേവിയുടെ പൂര്‍ണ്ണമായ അനുമതിയും ലഭിച്ചു. സ്വന്തം കളത്രത്തിനോടുകൂടി ആലോചിച്ചിട്ട്‌ കാര്യങ്ങള്‍ നിശ്ചയിക്കുന്ന പതിവ്‌, ദൈവങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്നര്‍ത്ഥം. പക്ഷെ, അതിന്‌ വൈകുണ്‌ഠലോകം വിട്ട്‌ ഭൂലോകത്തില്‍ വരണമല്ലോ- വരാനും, അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ഏറ്റവും ശ്രേഷ്‌ഠമായ സ്ഥലം- അതായത്‌ എവിടെ ആസ്ഥാനമുറപ്പിക്കുന്നുവോ, അവിടെനിന്ന്‌ നോക്കിയാല്‍ ഭൂതലത്തിലെ എല്ലാ ഭക്തജനങ്ങളേയും എല്ലായ്‌പ്പോഴും കണ്ടുകൊണ്ടിരിക്കാന്‍ കഴിയണം. അതിനായി, ഭഗവാന്‍, ഏറ്റവും ഉയരംകൂടിയ പര്‍വ്വതസമാനമായ ഒരു ഭൂവിഭാഗം ലഭിച്ചാല്‍ വളരെ ഉചിതമായിരുന്നേനെ എന്ന നിഗമനത്തിലെത്തി. അതനുസരിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍ ഏറ്റവും ഉയരംകൂടിയ തിരുവെങ്കിടമെന്ന തിരുപ്പതി മല മാത്രമാണ്‌ എന്ന തീരുമാനം ഭഗവാനും ബോധ്യമായി. അങ്ങനെ തനിക്ക്‌ വസിക്കുവാനുള്ള ഭൂലോക വൈകുണ്‌ഠമായി പ്രകീര്‍ത്തിക്കപ്പെടുന്ന തിരുവെങ്കിടത്തില്‍ ദേവി പത്മാവതീ സമേതനായി സ്വന്തം ആസ്ഥാനമുറപ്പിച്ചു.

ഭക്തവത്സലനും കരുണാമയനുമായ ഭഗവാന്‌, ഭക്തവൃന്ദത്തെ കാണുന്നതുപോലെ മറ്റൊരു സന്തോഷവുമില്ല. കൈകൂപ്പി തൊഴുതുകൊണ്ട്‌, തന്റെ മുന്നില്‍ നമ്രശിരസ്‌കരായി നില്‍ക്കുന്ന ഭക്തരെ വീക്ഷിക്കുന്ന ഭഗവാന്‌ നയനങ്ങളില്‍ നിന്നും പൊഴിയുന്ന അമൃതസമാനമായ കാരുണ്യകിരണങ്ങള്‍ അതേ അവഗാഢമായ സാന്ദ്രതയില്‍ അവരുടെ മേല്‍ പതിച്ചാല്‍ അതിന്റെ വീര്യം താങ്ങാനുള്ള ശക്തി അവര്‍ക്കില്ലെന്നു മാത്രമല്ല, അത്‌ അവര്‍ക്ക്‌ ദൂഷ്യം ചെയ്‌തേക്കാമെന്നുള്ള സത്യം പത്മാവതീ ദേവിക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ. ആ സത്യം ദേവി ഭഗവാനെ യഥോചിതം അറിയിക്കുകയും ചെയ്‌തു. അതിന്റെ പിന്നാലെ വാസ്‌തവാവസ്ഥ ഭഗവാനും ബോധ്യമായി. അതിനുള്ള അനുയോജ്യമായ പ്രതിവിധിയും ദേവി ഭഗവാനെ അറിയിച്ചു. അതിപ്രകാരമാണ്‌:

കണ്ണുകള്‍ക്കും ഫാലസ്ഥലത്തിനും, തിരുനെറ്റിക്കുമിടയില്‍ പച്ച കര്‍പ്പൂരം നീളത്തില്‍ പൂശി ഭാഗികമായി കണ്ണുകളെ മറച്ചാല്‍ അതിന്റെ കുളിര്‍മ മൂലം ദൃഷ്‌ടി സ്‌നിഗ്‌ധവും മൃദുലവുമാക്കാന്‍ കഴിയും. അപ്രകാരമുള്ള സംവിധാനത്തില്‍, ഭഗവാന്‍ ആരേയും നേരേ നോക്കുന്നതായി അനുഭവപ്പെടുകയില്ല. അത്‌ നിയന്ത്രണാതീതമായ രീതിയില്‍ മിതമായി മാത്രമേ, ഭക്തരുടെ മേല്‍ പതിക്കുകയുള്ളൂ. അപ്പോള്‍ അവര്‍ക്കു താങ്ങാനാകും. ദൂഷ്യം ചെയ്യുകയില്ല. ഒരു ദിവസം രണ്ടുതവണ പച്ചക്കര്‍പ്പൂരം പൂശാറുള്ളതായി പറയുന്നു.

എന്തുകൊണ്ട്‌ അപ്രകാരമുള്ള ഒരുമറക്കണ്ണുകള്‍ക്കു മുന്നില്‍ കാണുന്നതെന്ന്‌ അറിയുവാന്‍ എല്ലാവര്‍ക്കും ജിജ്ഞാസയുണ്ടാകും. കണ്ണുകളില്‍ നിന്നും പൊഴിയുന്ന കാരുണ്യാമൃതത്തിന്റെ വീര്യം കുറച്ച്‌, മയമുള്ളതാക്കുവാനാണെന്നതാണ്‌ പകല്‍പോലെ ജാജ്വലമായ സത്യം!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code