Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയോര ഹൈവേ ഇടുക്കിയുടെ സ്വപ്‌ന പദ്ധതി: അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി.

Picture

ഇടുക്കി പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട്‌ മണ്‌ഡലങ്ങളിലൂടെ കടന്നുപോകുന്ന മലയോരഹൈവേ ഇടുക്കിയുടെ സമഗ്ര പുരോഗതിയ്‌ക്ക്‌ വലിയ മാറ്റങ്ങള്‍ക്ക്‌ ഇട നല്‍കുന്നതാണ്‌. കാര്‍ഷിക വിപണന സൗകര്യത്തിന്‌ കൂടുതല്‍ റോഡുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത സ്വാമിനാഥന്‍ കമ്മീഷന്‍പോലും ഊന്നി പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നഗരകേന്ദ്രീകൃത സമതല പ്രദേശങ്ങളിലൂടെ എല്ലാവികസനങ്ങളും എത്തിച്ചേരുമ്പോഴും കേരളത്തിന്റെ മലയോര മേഖല പലപ്പോഴും ഒറ്റപ്പെട്ടുതന്നെ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ്‌ മലയോര ഹൈവേയുടെ ആശയും രൂപപ്പെടുന്നത്‌. 06.07.2009 ലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ജി.ഒ. നം. (ആര്‍.ടി.) 13/05 പ്രകാരം കാസര്‍ഗോഡ്‌ ജില്ലയിലെ നന്ദാരപ്പടവ്‌ മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നാറ്റ്‌പാകിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ്‌ അംഗീകരിച്ച്‌ ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്‌ ഒപ്പുവെച്ച ഉത്തരവിറങ്ങിയിട്ടുള്ളതാണ്‌. എറണാകുളം ജില്ലയിലെ വെറ്റിലപ്പാറ - അടിവാരം - ചെട്ടിനട - കോട്ടപ്പടി - ചേലാട്‌ - ഊഞ്ഞാപ്പാറ - നാടുകാണി - നേര്യമംഗലം - ആറാംമൈല്‍ - എളംപ്ലാശ്ശേരി വരെയും ഇടുക്കി ജില്ലിയില്‍ കുറത്തിക്കുടി - പെരുമ്പന്‍കുത്ത്‌ - മാങ്കുളം - കല്ലാര്‍ - ഇരുട്ടുകാനം - കുഞ്ചിത്തണ്ണി - രാജാക്കാട്‌ - കുത്തുങ്കല്‍ - തിങ്കള്‍ക്കാട്‌ - മൈലാടുംപാറ - നെടുങ്കണ്ടം - പുളിയന്‍മല - കട്ടപ്പന - ഏലപ്പാറ - കുട്ടിക്കാനം - മുണ്ടക്കയം - എരുമേലി - റാന്നി - പത്തനാപുരം - പുനലൂര്‍ - പെരിങ്ങമല - വെള്ളറട - കാരക്കോണം വഴി പാറശ്ശാലയില്‍ എത്തുന്നതാണ്‌ മലയോര ഹൈവേ.

ഇതിന്‌ സ്റ്റേറ്റ്‌ ഹൈവേ 59 എന്ന പേര്‌ നല്‍കിയിട്ടുണ്ട്‌. കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാനപാതയായി (1332.16 കിലോമീറ്റര്‍) വിജ്ഞാപനം ചെയ്യുകയും 1500 കോടി രൂപ ഏകദേശ ചെലവ്‌ പ്രതീക്ഷിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ 2011 ജൂണിലെ ബഡ്‌ജറ്റ്‌ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും മാമലക്കണ്ടം - ആവറുകുട്ടി ഭാഗം വീതികൂട്ടുന്നതിനായി 4 കോടി രൂപ അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്‌തു. 2012 മാര്‍ച്ച്‌ 19 ന്‌ ധനകാര്യ മന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റില്‍ 5 കോടി രൂപകൂടി അനുവദിക്കുകയും 23.02.2013 -ല്‍ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച്‌ ഉത്തരവിറങ്ങിയിട്ടുള്ളതാണ്‌.

1969 -ല്‍ കുട്ടമ്പുഴ പഞ്ചായത്ത്‌ രൂപീകരിക്കുമ്പോള്‍ എളംപ്ലാശ്ശേരി കുറത്തിക്കുടി റോഡാണ്‌ അതിര്‍ത്തിയായി നിര്‍ണ്ണയിച്ചിരുന്നത്‌. ഈ റോഡ്‌ രാജഭരണ കാലം മുതല്‍ നിലനിന്നിരുന്നതാണ്‌. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ ഉപയോഗിച്ചു വന്ന ഈ റോഡിന്‌ ചിലര്‍ തെറ്റിദ്ധരിപ്പിക്കുംപോലെ കേന്ദ്രാനുമതി ആവശ്യമില്ല. അതുകൊണ്ടാണ്‌ നിയമമന്ത്രി കൂടിയായ ധനമന്ത്രി കെ.എം. മാണി ഈ റോഡിന്‌ ബഡ്‌ജറ്റില്‍ തുക നീക്കി വച്ചത്‌. 1969 -ല്‍ സെപ്‌റ്റംബര്‍ 20 ന്‌ നം 221 ആയി സംസ്ഥാന ഗവണ്‍മെന്റ്‌ പുറപ്പെടുവിച്ച അസാധാരണ ഗസറ്റ്‌ വിജ്ഞാപനത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. 1980 -ല്‍ കേന്ദ്ര വനം സംരക്ഷണ നിയമം വരുന്നതിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഈ പ്രദേശം പുനലൂര്‍ പേപ്പര്‍ മില്ലിന്‌ റോഡ്‌ നിര്‍മ്മിക്കുന്നതിനായി വിട്ടു നല്‍കിയിരുന്നു. പേപ്പര്‍ മില്ലിലേക്ക്‌ ഈറ്റകള്‍ കൊണ്ടുപോകുന്നതിനായി അവര്‍ നിര്‍മ്മിച്ച റോഡാണിത്‌. വന സംരക്ഷണ നിയമത്തിന്‌ മുമ്പ്‌ വനേതര ആവശ്യങ്ങള്‍ക്ക്‌ വിട്ടുകൊടുത്ത ഭൂമിക്ക്‌ യാതൊരുവിധ നിയമതടസ്സങ്ങളും ഇല്ലെന്ന്‌ മാത്രമല്ല അതിന്‍മേല്‍ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇടപെടാനുള്ള അവകാശവുമില്ല. അഥവാ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായുള്ള ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഡിസ്‌പ്യൂട്ട്‌ റിഡ്രസ്സല്‍ ഫോറത്തില്‍ വനം വകുപ്പ്‌ ഉന്നയിക്കുകയോ, പൊതുമരാമത്ത്‌ വകുപ്പിന്‌ നോട്ടീസ്‌ നല്‍കുകയോ ചെയ്യുന്നതിന്‌ പകരം രാത്രിയുടെ മറവില്‍ സ്‌ഫോടക വസ്‌തുക്കള്‍ വച്ച്‌ കലുങ്ക്‌ തകര്‍ക്കുന്ന അസാധാരണ നടപടിക്കു പിന്നില്‍ വനം വകുപ്പിന്റെ ഗൂഢാലോചന ഉള്ളതായി വേണം കരുതാന്‍. വനം വകുപ്പിന്റെ ഈ രീതി തുടര്‍ന്നാല്‍ കുടിയേറ്റത്തിന്‌ മുമ്പ്‌ തന്നെ പഴക്കമുള്ള ഇടുക്കി ഉടുമ്പന്നൂര്‍ റോഡുള്‍പ്പടെ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്‌, കോതമംഗലം, ഇടുക്കി മണ്‌ഡലങ്ങളിലെ ഒട്ടേറെ റോഡുകള്‍ നിര്‍മ്മിക്കാന്‍ കഴിയാതെ വരികയും ഈ പ്രദേശത്തെ ജനങ്ങളും വിദ്യാര്‍ത്ഥികളും ഇനിയുമേറെക്കാലം ഒറ്റപ്പെട്ടുതന്നെ കഴിയേണ്ടിയും വരും. ഇടുക്കിയിലെ ജനങ്ങളെ വനം വകുപ്പിന്റെ അടിമകളാക്കി സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിച്ച്‌ മുന്നോട്ട്‌ പോകാനാണ്‌ വനം വകുപ്പ്‌ ശ്രമിക്കുന്നത്‌. ഇത്‌ അനുവദിച്ച്‌ കൊടുക്കാനാവില്ല. കുറത്തിക്കുടി വഴിയുള്ള മലയോര ഹൈവേ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ വാക്കു പാലിക്കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്യുമെന്ന്‌ തന്നെയാണ്‌ എന്റെ പ്രതീക്ഷ.

അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code