Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മദാമ്മയേയും, മക്കളേയും മാറ്റിനിര്‍ത്തൂ! കോണ്‍ഗ്രസിനെ രക്ഷിക്കൂ!!!   - രാജു മൈലപ്ര

Picture

അങ്ങനെ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസ്‌ പാര്‍ട്ടി പരാജയത്തിന്റെ പടുകുഴിയില്‍ വീണിരിക്കുന്നു. അങ്കം നടന്നത്‌ സംസ്ഥാനതലത്തിലായിരുന്നെങ്കില്‍ തന്നെയും മഹാരാഷ്‌ട്രയിലേയും ഹരിയാനയിലേയും തിളക്കമാര്‍ന്ന വിജയം, ദേശീയ തലത്തില്‍ ബി.ജെ.പിക്ക്‌ വര്‍ധിച്ചുവരുന്ന പിന്തുണ പകല്‍പോലെ വ്യക്തമാക്കുന്നു. പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും, മുന്നില്‍ നിന്നു പടനയിച്ചതും മോദി തന്നെ. മുപ്പതോളം പ്രചാരണ യോഗങ്ങളിലാണ്‌ പങ്കെടുത്തത്‌.

അതേസമയം മദാമ്മയും മകനുംകൂടി പത്തില്‍താഴെ സമ്മേളനങ്ങളിലേ കോണ്‍ഗ്രസിനുവേണ്ടി ദര്‍ശനമരുളിയുള്ളൂ! സോണിയാജിയുടെ മുഖം കണ്ടാല്‍, എല്ലാ ഭാരതീയരോടും അവര്‍ക്കു പുച്ഛമോ വെറുപ്പോ ആണെന്നു തോന്നിപ്പോകും. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ ചൂടിന്റെ തിരമാലകള്‍ ഉയര്‍ത്തി മോദി കത്തിപ്പടര്‍ന്നപ്പോള്‍, അമുല്‍ ബേബി പഞ്ചാബിലെ യുവതികളുമായി സംവാദം നടത്തുകയായിരുന്നത്രേ! എന്നാ കോപ്പ്‌ അറിഞ്ഞിട്ടാണ്‌ ഈ പയ്യന്‍ സംവാദത്തിന്‌ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്‌!

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ദേശവ്യാപകമായി കോണ്‍ഗ്രസിനുണ്ടായ പരാജയം അവര്‍ ചോദിച്ചുവാങ്ങിയതാണ്‌. നരേന്ദ്ര മോദിയുടെ ജൈത്രയാത്രയ്‌ക്ക്‌ വഴിയൊരുക്കിയത്‌ കോണ്‍ഗ്രസിന്റെ കഴിഞ്ഞകാല വികല നയങ്ങളാണ്‌. മഹാത്മാഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും പിന്‍ഗാമികള്‍ എന്നു അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി, കഴിഞ്ഞ ഒരു ദശകം ഭരണം നടത്തിയപ്പോള്‍ പ്രധാനമായും അവഗണിച്ചത്‌ ആ മഹാന്മാരുടെ നയങ്ങളെ തന്നെയായിരുന്നു.

പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവിന്റെ പദവി പോലും സ്വന്തമാക്കാന്‍ കഴിയാതെ പോയ ഒരു ദയനീയാവസ്ഥയാണ്‌ ഇന്നു കോണ്‍ഗ്രസിന്റേത്‌- തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ അമ്മയും മകനും കൂടി ഒരു രാജിനാടകം കളിച്ചു. മദാമ്മയെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്ന കോണ്‍ഗ്രസ്‌ കുഞ്ഞുങ്ങളെല്ലാവരും കൂടി `അമ്മേ...അമ്മേ....പോകല്ലേ...' എന്ന്‌ നെഞ്ചത്തടിച്ച്‌ കരഞ്ഞ്‌ കാലുപിടിച്ചു. `ശരി, അത്ര നിര്‍ബന്ധമാണെങ്കില്‍ ഞാനും മോനുംകൂടി ഇനിയും നിങ്ങളെ നയിച്ചുകൊള്ളാം' എന്നവര്‍ മനസ്സലിവു തോന്നി സമ്മതിച്ചു. മദാമ്മയാരാ മോള്‍? ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ നാലു മാസം പിന്നിട്ടിട്ടും, ശക്തിക്ഷയത്തില്‍ നിന്ന്‌ കരകയറുവാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്ക്‌ ഭരണം സുവര്‍ണ്ണത്തളികയില്‍ വെച്ച്‌ നല്‍കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസിന്റേത്‌. ഇലക്ഷ്‌ന്‌ മുമ്പുതന്നെ കോണ്‍ഗ്രസ്‌ തോല്‍വി സമ്മതിച്ചു. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ പടിച്ചു നില്‍ക്കാന്‍ മദാമ്മയ്‌ക്കും മകനും കഴിയാതെ പോയി. കഴമ്പുള്ള ആരോപണങ്ങളാണ്‌ പാര്‍ട്ടിക്കെതിരേ ഉയര്‍ന്നത്‌. രാജ്യത്തെ സമ്പദ്‌ഘടനയെ ദുരുപയോഗിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്‌തതായിരുന്നു അതില്‍ ഒന്നാമത്തേത്‌. മന്‍മോഹന്‍ സിംഗിനെ പാവയാക്കി നിര്‍ത്തി അമ്മയും മകനും കൂടി അധികാരം കൈയ്യാളി. 2 ജി സ്‌പെക്‌ട്രം, കല്‍ക്കരി ഖനികള്‍, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ആദര്‍ശ്‌ ഫ്‌ളാറ്റ്‌ എന്നിങ്ങനെ ശതകോടികളും സഹസ്രകോടികളും കഴിഞ്ഞ്‌ അഴിമതിയുടെ തോത്‌ ലക്ഷം കോടിയിലേക്ക്‌ കടക്കുന്നതു കണ്ട്‌, ഒരു ലക്ഷമെന്നു കേട്ടാല്‍ തലകറങ്ങി താഴെപ്പോകുന്ന സാധാരണ ഭാരതീയര്‍ക്ക്‌, ബാലറ്റുപെട്ടിയിലൂടെ കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗമുണ്ടായിരുന്നില്ല.

രാജ്യം അംഗീകരിക്കുന്ന ഒരു ദേശീയ നേതാവിന്റെ അഭാവമാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേരിടുന്ന പ്രധാന പ്രതിസന്ധി. രാഹുല്‍ഗാന്ധി കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞു. എ.കെ. ആന്റണി `ഞ ഞ്ഞാ പിഞ്ഞാ' പറഞ്ഞ്‌ ആദര്‍ശധീരനായി ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനായി തെക്കുവടക്ക്‌ ഷട്ടിലടിക്കുന്നു. `പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നു മുറവിളി കൂട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്‌. എന്നാല്‍ പ്രിയങ്ക പാര്‍ട്ടിയുടെ അമരത്തു വന്നാല്‍ അതു പുലിവാലാകുമോ എന്ന ആശങ്കയും ഇല്ലാതില്ല. പ്രിയങ്കയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാദ്രയുടെ റിയല്‍ എസ്റ്റേറ്റ്‌ അഴിമതിയാണ്‌ നരേന്ദ്രമോദി ഹരിയാന തെരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ടാക്കിയത്‌. ഹരിയാനയുടെ ഇതുവരെയുള്ള രാഷ്‌ട്രീയ ചരിത്രം തിരുത്തി എഴുതി, 2009-ല്‍ നാലു സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി 47 സീറ്റുകളാണ്‌ ഹരിയാനയില്‍ തൂത്തുവാരിയത്‌. 2009-ല്‍ 40 സീറ്റുകള്‍ നേടി ഭരണത്തിലേറിയ കോണ്‍ഗ്രസ്‌ 15 സീറ്റുകളുമായി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. ഭൂമിയിടപാട്‌ അഴിമതി വലയില്‍ കുരുങ്ങി അകത്താകാതിരിക്കാന്‍ തന്റെ അണികളെ ഇപ്പോള്‍തന്നെ റോബര്‍ട്ട്‌ വാദ്ര, മോദി അനുഭാവികളാക്കി മാറ്റിക്കഴിഞ്ഞുവെന്നാണ്‌ പിന്നാമ്പുറ വാര്‍ത്തകള്‍! കോണ്‍ഗ്രസിന്റെ അമ്പതില്‍ താഴെയുള്ള പാര്‍ലമെന്റ്‌ അംഗങ്ങളിലെ പ്രമുഖരെ സ്വന്തം ചേരിയിലേക്ക്‌ ചേര്‍ക്കുവാനുള്ള തന്ത്രമാണ്‌ ഇപ്പോള്‍ മോദി മെനയുന്നത്‌. പട്ടികയില്‍ പ്രഥമ സ്ഥാനം ഡല്‍ഹി നായര്‍ ശശി തരൂരാണ്‌. ഈയിടെയായി തരൂര്‍ പ്രകടിപ്പിക്കുന്ന അമിത മോദി ഭക്തി, താന്‍ മറുകണ്ടം ചാടാനുള്ള തയാറെടുപ്പിലാണെന്നു വ്യക്തമാക്കുന്നു. സുനന്ദാ പുഷ്‌കറിന്റെ ഗതികിട്ടാതെ അലയുന്ന ആത്മാവിന്റെ ശാപം തരൂരിനെ നിഴല്‍ പോലെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, അഴിയെണ്ണാതിരിക്കണമെങ്കില്‍, മോദിയൊരുക്കുന്ന കൂട്ടില്‍ കയറി കിടക്കുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗമൊന്നും അദ്ദേഹത്തിനു മുന്നിലില്ല.

ഒരു വിജയംകൊണ്ട്‌ ഏതെങ്കിലും ഒരു പാര്‍ട്ടി അനിഷേധ്യമാകുകയോ, പരാജയംകൊണ്ട്‌ മറ്റൊരു പാര്‍ട്ടി എഴുതിത്തള്ളപ്പെടുകയോ ചെയ്യുന്ന ചരിത്രം ഇന്ത്യയ്‌ക്കില്ല. എന്നാല്‍ പരാജയത്തില്‍ നിന്ന്‌ ഒരു പാഠവും പഠിക്കാതെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നു വീമ്പിളക്കുന്നതു കേള്‍ക്കുമ്പോള്‍, ഒരിക്കലും ചിരിക്കാത്ത പിണറായി വിജയന്‍ പോലും ചിരിച്ചുപോകും. ഹരിയാനയിലും മഹാരാഷ്‌ട്രയിലും ബി.ജെ.പി നേടിയ വന്‍വിജയം പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്‌ദാനം ചെയ്യുന്ന വികസന സ്വപ്‌നങ്ങള്‍ക്ക്‌ ജനം നല്‍കിയ അംഗീകാരമാണ്‌. ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ചിരുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ബി.ജെ.പിയ്‌ക്കും, താന്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ മോദിക്കും കഴിയുമെന്ന്‌ പ്രത്യാശിക്കാം.

പ്രവാസി മലയാളികള്‍ക്കു നയാ പൈസയുടെ നന്മ ചെയ്യാതിരുന്ന പല്ലുകൊഴിഞ്ഞ പഴയ പ്രവാസി മന്ത്രിയെ ഈയിടയ്‌ക്ക്‌ അമേരിക്കയിലേക്ക്‌ ക്ഷണിച്ചുവരുത്തി വ്‌ലപ്പോഴുമൊക്കെ ഒന്ന്‌ ആദരിക്കണമെന്ന്‌ ഓവര്‍സീസ്‌ കോണ്‍ഗ്രാസുകാരോട്‌ അഭ്യര്‍ത്ഥിക്കുകയാണ്‌. വെറുതെ ചോറിയും കുത്തി വീട്ടില്‍ ഇരിക്കുകയല്ലേ? പഴയ ഓര്‍മ്മകള്‍ പുതുക്കി അദ്ദേഹം ഒന്നു ഉഷാറാകട്ടെ! ഒരു ഗവര്‍ണറാകാനുള്ള ബാല്യമൊന്നും അദ്ദേഹത്തിനില്ല. ബി.ജെ.പിയുടെ വാതില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ തുറന്നിട്ടിരിക്കുകയാണ്‌? ഭാഗ്യം തേടിവരുന്ന വഴി അതാണെന്നു പ്രവചിക്കാന്‍ പറ്റില്ലല്ലോ!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code