Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാവറയച്ചന്‍ ദൈവീക മനുഷ്യന്‍   - സിസ്റ്റര്‍ ടിന്‍സി മരിയ സി.എം.സി

Picture

`മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല പീഠത്തിന്മേലാണ്‌ വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.` മത്തായി 5:1415

അത്യുന്നതന്‍ ഉയര്‍ത്തി, പീഠത്തിന്മേല്‍ സ്ഥാപിച്ച വിളക്കാണ്‌ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍. 1805 ഫെബ്രുവരി 10 നു കേരളത്തിലെ കൈനകരിയില്‍ ചാവറയച്ചന്‍ ജനിച്ചു. 13 )ീ വയസ്സില്‍ പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്ന്‌ വൈദീക പഠനം പൂര്‍ത്തിയാക്കി. 1829 നവംബര്‍ 29 ന്‌ വൈദീകനായി.


സെമിനാരി പഠനത്തിന്റെ ആരംഭകാലങ്ങളില്‍ തന്നെ അപ്പനും, അമ്മയും, ഏക സഹോദരനും പകര്‍ച്ചവ്യാധിയില്‍പ്പെട്ട്‌ മരണമടഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടും, അതുമൂലം ജീവിതത്തിലുണ്ടായ ദുഖങ്ങളും വേദനകളും, മരിയ ഭക്തനായ ചാവറയച്ചന്‍ മാതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച്‌ ശക്തി പ്രാപിച്ചു.

സന്യാസ ജീവിതം അദ്ദേഹത്തിന്റെ ഒരു ഹൃദയാഭിലാഷമായിരുന്നു. ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശിയ സന്യാസ സമൂഹമായ സി. എം. ഐ (CMC) സഭയ്‌ക്ക്‌ 1831ല്‍ ചാവറയച്ചന്‍ രൂപം നല്‍കി. പിന്നീട്‌ സ്‌ത്രീകളുടെയും, കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി 1866ല്‍ ലയോപ്പോള്‍ദ്‌ മിഷനറിയുടെ സഹായത്തോടെ കൂനമ്മാവില്‍ കേരളത്തിലെ ആദ്യത്തെ സന്യാസിനി സമൂഹമായ സി.എം.സി (CMC) സഭക്ക്‌ അദ്ദേഹം രൂപം നല്‍കി. സഭാസ്ഥാപകനായ ചാവറയച്ചന്റെ മാതൃകയും പ്രചോദനവും ഉള്‍ക്കൊണ്ട്‌ ഇന്ന്‌ ഇങക സഭയില്‍ 2800ല്‍ പരം അംഗങ്ങളും, ഇങഇ സഭയില്‍ 6700ല്‍ പരം സമര്‍പ്പിതരും വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹ്യപ്രവര്‍ത്തനം എന്നീ വിവിധ മേഖലകളിലായി ശുശ്രൂഷ ചെയ്യുന്നു.

സഭയ്‌ക്കും, സമൂഹത്തിനും, കുടുംബത്തിനും ചാവറയച്ചന്‍ നല്‌കിയ സംഭാവനകള്‍ നിരവധിയാണ്‌. തീണ്ടലും തൊടീലും ഉച്ചനീചത്വങ്ങളും കാരണം വിദ്യാഭ്യാസം നിഷിദ്ധമായ കാലഘട്ടത്തില്‍ ചാവറയച്ചന്‍ ധീരതയോടെ മുന്നോട്ടു വന്നു `എല്ലാ പള്ളികളോടുംകൂടെ പള്ളിക്കൂടം സ്ഥാപിക്കണം` എന്ന ആശയം നടപ്പില്ലാക്കി. കുട്ടികള്‍ക്ക്‌ ആഹാരം, വസ്‌ത്രം, പഠനോപകരണങ്ങള്‍ ഇവ സൗജന്യമായി വിതരണം ചെയ്‌തു. സമൂഹത്തിന്റെയും ഓരോ വ്യക്തിയുടെയും സാംസ്‌കാരികവും, സാമ്പത്തികവുമായ വളര്‍ച്ച വിദ്യാഭ്യാസത്തിലൂടെ കൈവരിക്കാന്‍ സാധിക്കുമെന്ന്‌ ചാവറയച്ചന്‍ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും, ജ്ഞാനവും കേരളജനതയെ വളര്‍ത്തി വിദ്യാസമ്പന്നരാക്കി.

ചാവറയച്ചന്‍ ഒരു ദൈവീക മനുഷ്യനായിരുന്നു. പരിശുദ്ധകുര്‍ബ്ബാനയുടെയും തിരുകുടുംബത്തിന്റെയും ഭക്തനായിരുന്നു. നീണ്ട മണിക്കൂറുകള്‍ അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയില്‍ ചിലവഴിച്ചിരുന്നു. കേരളത്തില്‍ ആദ്യമായി 40 മണി ആരാധന അദ്ദേഹം ആരംഭിച്ചു. ഞായറാഴ്‌ച്ച പ്രസംഗങ്ങളും, ഇടവക ധ്യാനങ്ങളും, വൈദികര്‍ക്കും അല്‍മായര്‍ക്കും വേണ്ടിയുള്ള ധ്യാനങ്ങളും അദ്ദേഹം നടപ്പിലാക്കി പ്രചരിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ മെയ്‌മാസവണക്കം. കുരിശിന്റെ വഴി, ദിവ്യകാരുണ്യ ഭക്തി എന്നീ ഭക്തകൃത്യങ്ങള്‍ കേരളത്തിലെ മാന്നാനത്ത്‌ ആരംഭിച്ചു. കുര്‍ബ്ബാനക്രമം , കാനോന നമസ്‌കാരം, കുര്‍ബ്ബാന കലണ്ടര്‍, മരിച്ചവരുടെ ഓര്‍മ്മ തുടങ്ങിയ ആരാധനക്രമ നവീകരണത്തിന്‌ അദ്ദേഹം നേതൃത്വമെടുത്തു. അങ്ങനെ ചാവറയച്ചനില്‍ നിറഞ്ഞു നിന്നിരുന്ന ദൈവസ്‌നേഹം പലവിധത്തിലും രൂപത്തിലുമായി ജനഹൃദയങ്ങളിലെത്തി.

ചാവറയച്ചന്‍ പാവപ്പെട്ടവരുടെ സ്‌നേഹിതനായിരുന്നു. അനാഥര്‍ക്കും, അഗതികള്‍ക്കും, സംരക്ഷിക്കാന്‍ ആരുമില്ലാത്ത വൃദ്ധര്‍ക്കും വേണ്ടി കൈനകരിയില്‍ 1869ല്‍ ഒരു െ്രെകസ്‌തവ അഗതിമന്ദിരം സ്ഥാപിച്ചു. പാവപ്പെട്ടവരോട്‌ അദ്ദേഹത്തിന്‌ പ്രത്യേക പരിഗണനയും, സ്‌നേഹവും, ശ്രദ്ധയുമുണ്ടായിരുന്നു. 'ഇല്ലാത്തവര്‍ക്ക്‌ ഉള്ളവരല്ലാതെ മറ്റാരാണ്‌ കൊടുക്കുക, അതിനാല്‍ ദാനം ചെയ്യാന്‍ ശങ്കിക്കേണ്ട. അല്‌പമേ ഉള്ളു എങ്കില്‍ അതുമതി. എല്ലാം കാണുന്ന ദൈവം അതും കാണും. ജോലി ചെയ്യുന്നവര്‍ക്കും നിന്നെപ്പോലെ ജീവിക്കണം, അതുകൊണ്ട്‌ ജോലി ചെയ്യിപ്പിക്കുന്ന നീ അവര്‍ക്ക്‌ ന്യായമായ കൂലി കൊടുക്കണം. അതിന്‌ കാലതാമസം വരുത്തുകയുമരുത്‌. കഴിവില്ലാത്ത ആ പാവപ്പെട്ടവന്റെ കണ്ണീരു ദൈവം കാണും. പാവപ്പെട്ടവരെ നിന്ദിക്കുകയോ, ബുദ്ധിമുട്ടിക്കുകയോ അരുത്‌.' വഴിയോരങ്ങളില്‍ അനാഥരായി മരണത്തിന്റെ കാലൊച്ചകേട്ടു കിടന്നവര്‍ക്ക്‌ തുണയായി ചാവറയച്ചന്‍ തുടക്കമിട്ട `നന്മരണ സഭ` എന്ന സംഘടന പരസ്‌നേഹത്തിന്റെ പുതിയൊരു മുഖമായിരുന്നു.

`നന്മ ചെയ്യാത്ത ഒരു ദിവസം ഉണ്ടായാല്‍ അത്‌ നിന്റെ ആയുസ്സിന്റെ പുസ്‌തകത്തില്‍ രേഖപ്പെടുത്താതെ പോകും.` എന്ന്‌ പഠിപ്പിച്ച ചാവറയച്ചന്‍ സഭക്കും സമൂഹത്തിനും ഭാവിതലമുറയ്‌ക്കുമായി അനേകം നന്മകള്‍ ചെയ്‌തു. തിരുകുടുംബം നിങ്ങളില്‍ ഭരണം നടത്തട്ടെ എന്നാശംസിച്ചുകൊണ്ട്‌ ഈ പുണ്യപുരുഷന്‍ ഭാഗ്യമരണം പ്രാപിച്ചു. ഈ പുണ്യാത്മാവിന്റെ ജീവിതം നമുക്കൊരു പാഠപുസ്‌തകമാകട്ടെ. വായിച്ചു പഠിക്കാനും, പഠിപ്പിക്കാനുമുള്ള പാഠപുസ്‌തകം. ചാവറയച്ചന്റെ മാദ്ധ്യസ്ഥം വഴി നമ്മെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

Sr. Tincy Maria CMC
Kenosha, WI



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code