Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിറക്കൂട്ട്‌ (കവിത)   - പവിത്രന്‍ കണ്ണപുരം

Picture

ഒരുനല്ല കാലത്തിന്റെ
ഓര്‍മ്മകള്‍ ചേക്കേറുന്നൊ
രീവഴിയോരത്തു നാം
കണ്ടുമുട്ടുമ്പോള്‍ വീണ്ടും ;
ആത്മ നൊമ്പരത്തിന്റെ
അക്ഷരനിശ്വാസങ്ങ
ളല്ലാതെ മറ്റൊന്നുമി
ല്ലിപ്പൊഴും കൈമാറുവാന്‍ !

കാവ്യ നര്‍ത്തനമാടി
വാസന്ത സായാഹ്നങ്ങ
ളെത്തിടും സാരസ്വത
ക്ഷേത്രാങ്കണത്തില്‍നിന്നും ,
വര്‍ണ്ണസ്വപ്‌നങ്ങള്‍ നമ്മ
ളാദ്യ മായന്നാണല്ലോ
പുല്‍കിനിന്നതും ,നമ്മില്‍
പ്രണയം തളിര്‍ത്തതും !

മനസ്സിന്‍വിതാനത്തില്‍
മാരിവില്‍ വിരിയിച്ചും ,
ചുണ്ടിലാവേശത്തിന്റെ
ഗാനവീചികള്‍ തീര്‍ത്തും ;
എത്രയോകാതം നമ്മ
ളന്നൊരു കുടക്കീഴില്‍
നടന്നൂ പേമാരിയില്‍
രാഗലോലരായല്ലോ !

കാലമെത്രയോ പിന്നി
ട്ടെത്ര ദുര്‍ഗ്ഗങ്ങള്‍ കട
ന്നീവഴിവക്കില്‍ വന്നു
നില്‍പ്പുനാം മദ്ധ്യാഹ്നത്തില്‍ !
എങ്കിലും ,ഒര്‍മ്മിപ്പൂ ഞാന്‍
പോയ ബാല്ല്യത്തിന്‍ മുഗ്‌ന
ചിത്രങ്ങളിന്നെന്നപോല്‍ ,
ഊഷ്‌മളമെന്‍ കണ്മുമ്പില്‍ !

പൂവിളി കാതോര്‍ക്കുന്നൊ
രാതിരാത്തെന്നല്‍ മൂളി
പ്പാട്ടുമായ്‌ വന്നെത്തുന്ന
പൊന്നോണപ്പുലരിയില്‍ ,
തുമ്പിതുള്ളുന്നു സര്‍ഗ്ഗ
മോഹങ്ങളുള്ളില്‍ വീണ്ടും
ഓടിയെത്തുന്നു ചുണ്ടില്‍ ,
ഓണപ്പാട്ടുകളിന്നും !

ഓണക്കോടിയും ചുറ്റി ,
ഉണ്ണികള്‍ മുറ്റത്തേറെ
അഴകില്‍ മാവേലിക്കു
പൂക്കളമൊരുക്കുമ്പോള്‍ ,
ആശിച്ചു പോകുന്നു ഞാന്‍ ,
കുസൃതിക്കുരുന്നായി
പിറക്കാന്‍വീണ്ടും, മണ്ണില്‍
ഓണപ്പൂക്കളം തീര്‍ക്കാന്‍ !

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code