Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ പ്രതിസന്ധി-സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടുകൊണ്ട് ഓട്ടയടച്ച് കര്‍ഷകരെ വിഢികളാക്കുന്നു: ഇന്‍ഫാം

Picture


കോട്ടയം: കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും ക്രിയാത്മക നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ കര്‍ഷകരെ ഒന്നടങ്കം വിഢികളാക്കുകയാണെന്നും ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന സ്ഥിരം സര്‍ക്കാര്‍ പല്ലവി വിലപ്പോവില്ലെന്നും ഇന്‍ഫാം ദേശീയ സമിതി.

ഒന്‍പത് സംസ്ഥാന മന്ത്രിമാര്‍ ആഴ്ചകള്‍ക്കുമുമ്പ് കേന്ദ്രസര്‍ക്കാരില്‍ നിവേദനം സമര്‍പ്പിച്ചിട്ടും പലം കാണാതെ  ഇപ്പോള്‍ സര്‍വ്വകക്ഷി സംഘത്തിന്റെ ഡല്‍ഹി യാത്ര എന്തുനേടിത്തരുമെന്ന് മുന്‍കൂട്ടി വിലയിരുത്തപ്പെടണം. റബറിന്റെ വിലത്തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരുന്ന സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള  യുപിഎ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കര്‍ഷകവിരുദ്ധ നിലപാടുമായിരുന്നു ഈ തകര്‍ച്ചയുടെ പ്രധാന കാരണമെന്നത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നത് ദുഃഖകരമാണ്.  ആഗോളതലത്തിലുള്ള വിലത്തകര്‍ച്ചയാണെന്ന ന്യായവാദങ്ങള്‍ നിരത്തുമ്പോഴും ലോകത്തിലെ പ്രധാന റബര്‍ ഉല്പാദക രാജ്യങ്ങളുടെ അവസരോചിത വിപണി ഇടപെടലുകളും കാര്‍ഷിക ക്ഷേമപദ്ധതികളും ശ്രദ്ധേയവും പഠനവിഷയമാക്കേണ്ടതുമാണ്. ലോക റബറിന്റെ 67 ശതമാനം ഉല്പാദനവും 80 ശതമാനം കയറ്റുമതിയും നടത്തുന്ന തായ്‌ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നീ റബറുല്‍പാദക രാജ്യങ്ങള്‍ ഇവിടങ്ങളിലുള്ള  46 ലക്ഷം ചെറുകിടകര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ ആശ്വാസപാക്കേജുകള്‍ നടപ്പിലാക്കിയിരക്കുന്നു.  പട്ടാളഭരണമുള്ള തായ്‌ലണ്ടില്‍ മാത്രം 6000 കോടിരൂപയാണ് കര്‍ഷകക്ഷേമ പദ്ധതികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. 

സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ വിപണിയിലുള്ള കഴിഞ്ഞകാല ഇടപെടലുകള്‍ സമ്പൂര്‍ണ്ണ പരാജയമായിരിക്കുന്നു.  റബര്‍ അടിസ്ഥാന നികുതികള്‍ താല്‍ക്കാലികമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ തന്നെ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും.  ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി നടത്തുന്ന പ്രഖ്യാപനങ്ങള്‍ കൊട്ടിഘോഷിക്കലുകള്‍ക്കപ്പുറം നടപ്പിലാക്കപ്പെടുന്നതില്‍ വിജയിച്ചിട്ടില്ല.  ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ പലതും ചിലരുടെ മുഖം രക്ഷിക്കാനും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രങ്ങളായി മാറുകയാണെന്നും ഇന്‍ഫാം ആരോപിച്ചു.  കഴിഞ്ഞ ബഡ്ജറ്റിലെ കര്‍ഷകക്ഷേമ പ്രഖ്യാപനങ്ങളില്‍ എന്തു നടപ്പിലാക്കിയെന്ന് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.  കര്‍ഷകപാര്‍ട്ടികള്‍കൂടി  ഭരണം നടത്തുന്ന യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ഇന്‍ഫാം ദേശീയ സമിതി മുന്നറിയിപ്പുനല്‍കി.

പ്രാദേശിക റബര്‍ വിപണിയില്‍ റബറിനു ന്യായവില ഉറപ്പാക്കാനും അവധി വ്യാപാരത്തെ നിയന്ത്രിക്കാനും  കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ വിധത്തില്‍ പ്രവര്‍ത്തിക്കാനും ഉതകുന്ന ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കാതെ ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിപാടുസമരങ്ങള്‍ നടത്തി ജനങ്ങളെ വിഢികളാക്കുകയാണെന്ന് ഇന്‍ഫാം കുറ്റപ്പെടുത്തി.

ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.സി.സിറിയക്, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്, കെ.മൊയ്തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, ഫാ.ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്.മാത്യു മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍
ചെയര്‍മാന്‍ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code