ഹൂസ്റ്റണ്‍: 2014 ലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ക്ലീന്‍ റസ്റ്ററന്റ് അവാര്‍ഡ് മിസോറി സിറ്റിയില്‍ എഫ്എം 1092 ല്‍ പ്രവര്‍ത്തിക്കുന്ന മഹിമ ഇന്ത്യന്‍ ബിസ്ട്രോ ഇത്തവണയും കരസ്ഥമാക്കി. വ്യത്യസ്തങ്ങളായ രുചി കൂട്ടുകള്‍ പ്രവാസി മലയാളികള്‍ക്ക് പകര്‍ന്നു നല്കി വൈവിധ്യമാര്‍ന്ന ഭക്ഷണ സാധനങ്ങളുടെ പുത്തന്കലവറ ഒരുക്കിയിരിക്കുകയാണ് ഹൂസ്റ്റണിലെ മിസോറി സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മഹിമ.
സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അലന് ഓവന്റെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എലീന ഏബ്രഹാമില്‍ നിന്ന് ഉടമ സബി പൗലോസ് അവാര്‍ഡ് സ്വീകരിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് രംഗത്ത് രണ്ടുപതിറ്റാണ്ടിന്റെ വിജയ ഗാഥയാണ് പെരുമ്പാവൂര്‍ സ്വദേശിയായ സബിക്ക് പറയുവാനുളളത്. കേറ്ററിങില്‍ ഡിഗ്രി നേടിയുളള ഇദ്ദേഹം മൂന്ന് വര്‍ഷം മുമ്പാണ് മഹിമ ഇന്ത്യന്‍ ബിസ്ട്രോ എന്ന പേരില്‍ റസ്റ്റോറന്റിന് തുടക്കമിട്ടത്. നഴ്സായ ഭാര്യ ദീപയും വിദ്യാര്‍ഥികളായ മക്കള്‍ മീവല്‍, നോയല്‍ എന്നിവരും സബിക്ക് പ്രചോദനമായി ഒപ്പമുണ്ട്.
മിസോറി സിറ്റിയില്‍ നിന്നും മൂന്ന് തവണ സ്ഥിരമായി അവാര്‍ഡിന് അര്‍ഹനായ ഏക ഇന്ത്യാക്കാരനും മലയാളിയുമാണ് സബി.
ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന് ഭക്ഷണത്തോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നതില്‍ ഈ റെസ്റ്റോറന്റിന്റെ ശുചിത്വം സഹായകമായിട്ടുണ്ടെന്ന് മേയര്‍ അലന് അഭിപ്രായപ്പെട്ടു.
തുടര്‍ച്ചയായ തന്റെ അവാര്‍ഡിന് ദൈവത്തോട് നന്ദി അര്‍പ്പിക്കുന്നതിനായി ഞായറാഴ്ച ദിവസം ദൈവാരാധനക്ക് നീക്കി വെക്കുന്നതിനും തിങ്കളാഴ്ചകളില്‍ പുത്തന്‍ വിഭവങ്ങളുമായി തുറന്നു പ്രവര്‍ത്തിക്കാനുമാണ് സബി പൗലോസിന്റെ തീരുമാനം.
Comments