Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ഇമ്മാനുവേല്‍ ഗരീബിനു മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സ്വീകരണം നല്‍കി

Picture

കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കോമണ്‍ കൌണ്‍സില്‍ ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ബന്യാമിന്‍ ഗരീബിനു മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും പഴയ സെമിനാരിയിലും സ്വീകരണം നല്‍കി.
ഇന്ത്യയും കുവൈറ്റുമായുള്ള ബന്ധം പൌരാണികവും ആഴത്തില്‍ വേരോടിയതുമാണെന്നും, ഏകദേശം ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യക്കാര്‍ പൊതുവേയും പ്രത്യേകിച്ച് മലയാളികളും കുവൈറ്റിന്റെ വികസത്തിനുവേണ്ടി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും റവ. ഇമ്മാനുവേല്‍ ഗരീബ് പറഞ്ഞു.
എന്‍.ഇ.സി.കെ. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. കോശി, സെക്രട്ടറി റോയി യോഹന്നാന്‍ എന്നിവരോടൊപ്പം മലങ്കരയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൂനന്‍കുരിശ് സത്യത്തിന്റെ 360ാമത് വാര്‍ഷിക സ്മാരക മെഡലുകള്‍ പരിശുദ്ധ കാതോലിക്കാ ബാവാ വിശിഷ്ഠാതിഥികള്‍ക്ക് സമ്മാനിച്ചു. കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ്, പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
1815ല്‍ സ്ഥാപിതമായതും ഏഷ്യയിലെ തന്നെ പ്രഥമ വൈദീക പഠനകേന്ദ്രവുമായ പഴയ സെമിനാരി എന്നറിയപ്പെടുന്ന ഓര്‍ത്തഡോക്‌സ് വൈദീക സെമിനാരിയും സന്ദര്‍ശിച്ചു. 200ാം വാര്‍ഷികത്തിന്റെ നിറവിലെത്തിനില്‍ക്കുന്ന സെമിനാരിയിലെ സന്ധ്യാനമസ്‌കാരത്തിനും തുടര്‍ന്ന് നടന്ന സ്വീകരണ ചടങ്ങിലും അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജേക്കബ് കുര്യന്‍, വാര്‍ഡന്‍ ഫാ.ഡോ. യൂഹാനോന്‍ റമ്പാന്‍, ഫാ.ഡോ. ഒ.തോമസ്, മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരി ഫാ. രാജു തോമസ്, ഓര്‍ത്തഡോക്‌സ് സഭ മാനേജിംങ് കമ്മിറ്റി അംഗങ്ങളായ ജെയ്‌സണ്‍ പി. വര്‍ഗ്ഗീസ്, സാബു റ്റി. ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code