Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം- അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അവഗണിച്ചു   - പി.പി.ചെറിയാന്‍

Picture

ഇന്ത്യയുടെ അറുപത്തി ആറാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം സ്വീകരിച്ചു എത്തിചേര്‍ന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടേയും, പ്രഥമ വനിതാ മിഷേല്‍ ഒബാമയുടേയും മൂന്നുദിവസം നീണ്ടുനിന്ന പര്യടനത്തിന്റെ ഓരോ നിമിഷവും ഇന്ത്യന്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍, അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ ഈ ചരിത്രസംഭവത്തെ തീര്‍ത്തും അവഗണിച്ചതും, തണുത്ത പ്രതികരണം നല്‍കിയതും മാധ്യമ ലോകത്ത് ചര്‍ച്ചാവിഷയമായി.

അമേരിക്കയുമായി ആരോഗ്യകരമായ ഒരു സുഹൃദ് ബന്ധം വളര്‍ത്തിയെടുക്കണമെന്ന ലക്ഷ്യം  നേടിയെടുക്കുന്നതിന് ഇന്ത്യന്‍ ഖജനാവില്‍ നിന്നും കോടികളാണ് ഒബാമയുടെ സന്ദര്‍ശനം കൊഴുപ്പിക്കുന്നതിനും, സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കുന്നതിനും ചിലവഴിച്ചത്. വിമാനത്തില്‍ നിന്നും ഇറങ്ങിവരുന്ന അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കുവാന്‍ നിലവിലുള്ള പ്രോട്ടോക്കോള്‍ പോലും അവഗണിച്ചു വിമാനത്തിനു സമീപം നോക്കി നില്‍ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രം ദൃശ്യമാധ്യമങ്ങളിലൂടെ ലോകജനത വളരെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക- വ്യവസായ-കാര്‍ഷീക മേഖലകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള അമേരിക്കന്‍ രാഷ്ട്ര തലവനെ സ്വീകരിക്കുവാന്‍ പ്രോട്ടോകോള്‍ ലംഘിച്ചതില്‍ നരേന്ദ്രമോഡി പ്രശംസ അര്‍ഹിക്കുന്നു. വലിപ്പ ചെറുപ്പം കണക്കാക്കാതെ, ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന എല്ലാ രാഷ്ട്രതലവന്‍മാര്‍ക്കും ഭാവിയില്‍ ഇതേ സ്വീകരണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ ചേരിചേരാ നയത്തിന് ഉത്തമമാതൃക കൂടിയാകുമത്.

ഇന്ത്യയിലെ ത്രിദിന പര്യടം കഴിഞ്ഞു ഒബാമ മടങ്ങിയപ്പോള്‍ സന്ദര്‍ശനം കൊണ്ട് അമേരിക്കക്കാണോ, ഇന്ത്യക്കാണോ നേട്ടമുണ്ടായതെന്ന് അറിയുവാന്‍ ചില ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.
അമേരിക്കയിലെ പ്രധാന പ്രിന്റ് മീഡിയാ ന്യൂയോര്‍ക്ക് ടൈംസില്‍ ഒബാമയുടെ ചരിത്രപ്രധാനമായ ത്രിദിന സന്ദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റുപറ്റി. ജനുവരി 25, 26, 27 തിയ്യതികളില്‍ ന്യൂയോര്‍ക്ക് ടൈംസ്, ഐ എസ്എസ് നടത്തിയ ഭീക്ഷണിയെകുറിച്ചും, സൗദി അറേബ്യ രാജാവ് അബ്ദുള്ളയുടെ മരണത്തെകുറിച്ചും, അമേരിക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകളാണ് വളരെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചത്. ചിക്കാഗോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദിനപത്രമായ ഡി.എന്‍.എ. ഇന്‍ഫര്‍മേഷനില്‍ ഡോ.മുനീഷ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഒബാമയുടെ സന്ദര്‍ശനത്തെ കുറിച്ച് ദേശീയ ദിന പത്രങ്ങള്‍ തണുത്ത പ്രതികരണമാണ് നടത്തിയതെന്ന് ചൂണ്ടികാണിക്കുന്നു.

സി.എന്‍.എന്‍. തുടങ്ങിയ പ്രമുഖ ടി.വി.ചാനലുകള്‍ ഒബാമയുടെ സന്ദര്‍ശനത്തിന്റെ തല്‍സമയ പ്രക്ഷേപണം നടത്തേണ്ട സമയങ്ങളില്‍ ക്രൈം സീരിയലുകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. അതോടൊപ്പം യമന്‍ രാഷ്ട്രീയം, മിഡില്‍ ഈസ്റ്റ് ക്രൈസിസ്, ഭീകരവാദികളെ കുറിച്ചുള്ള റിപ്പോര്‍ട്ട്, സൗദി രാജാവിന്റെ മരണം തുടങ്ങിയവ ബ്രേക്കിങ്ങ് ന്യൂസായി കാണിക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും അശുദ്ധമായ വായു ഒബാമ ശ്വസിക്കുന്നതായി ഫോക്‌സ് ടിവിയും, ഇന്ത്യയുടെ സാനിറ്ററി സിസ്റ്റത്തെകുറിച്ചും, കുരങ്ങമാരെ ഒഴിപ്പിക്കുന്നതിനെകുറിച്ചുമുള്ള വാര്‍ത്തകള്‍ക്കാണ് അമേരിക്കയിലെ മറ്റു ചില ദൃശ്യ മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കിയത്.

7500 മൈല്‍ യാത്ര ചെയ്ത് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു എത്തിചേര്‍ന്ന ഏകദേശം 1600 അമേരിക്കന്‍ പൗരന്മാര്‍ (സുരക്ഷാ സന്നാഹം ഉള്‍പ്പെടെ) ഇന്ത്യയിലെത്തിയത് റിപ്പബ്ലിക്ക്ദിന പരേഡ് വീക്ഷിക്കുന്നതിനാണെന്നാണ് അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

മൂന്നുദിവസം ഒബാമ ഇന്ത്യയില്‍ ചിലവഴിച്ചത് ഒരു വേള്‍ഡ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിനോ, പ്രധാന തീരുമാനങ്ങളില്‍ ഒപ്പുവെക്കുന്നതിനോ, അല്ല, മറിച്ച് ഇന്ത്യയുടെ ഏറ്റവും പോപ്പുലര്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയുമായി ഡിന്നറുകളിലും, ചായസല്‍ക്കാരങ്ങളിലും, സരസ സംഭാഷണങ്ങളിലും പങ്കെടുക്കുന്നതിനായിരുന്നുവെന്ന് യു.എസ്സിലെ മറ്റൊരു പ്രധാന ദിനപത്രമായ Los ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

്അമേരിക്കയിലെ ടൈം മാഗസിന്‍, വാള്‍ സ്ട്രീറ്റ് ജേര്‍നല്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഒബാമയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചില ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിച്ചത്.

അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ ഇന്ത്യന്‍ സമൂഹം പ്രകടിപ്പിച്ച ആവേശമോ, പ്രതീക്ഷയോ, ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രകടിപ്പിച്ചിട്ടില്ല എന്നതും വസ്തുതയാണ്.

അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരത്തിലേറിയ ഒബാമയുടെ ജനസമ്മിതി കുറഞ്ഞു വരുന്നു എന്നുള്ളതും, അമേരിക്കയിലെ ഇരു പ്രതിനിധി സഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതുമാണ് ഒബാമയുടെ സന്ദര്‍ശന പ്രാധാന്യം കുറച്ചതെന്ന രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒബാമ എടുക്കുന്ന തീരുമാനങ്ങള്‍ പലതും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള യു.എസ്. കോണ്‍ഗ്രസ് അട്ടിമറിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. നഷ്ടപ്പെട്ട ജനസമ്മിതി സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്. നഷ്ടപ്പെട്ട ജനസമ്മിതി വീണ്ടെടുക്കുന്നതിന് നടത്തിയ ചില തന്ത്രപരമായ നീക്കങ്ങളാണ് ഈ സന്ദര്‍ശനത്തിന്റെ രഹസ്യമെന്നും ഇവര്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ദൃശ്യമാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഒബാമയുടെ സന്ദര്‍ശനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്നതെന്ന് അടുത്ത് നടക്കുന്ന മാധ്യമ സെമിനാറുകളില്‍ ചര്‍ച്ചാവിഷയമാകും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code