Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അല്‍പം അത്യന്താധുനികം ( നര്‍മ്മഭാവന)   - പ്രസാദ്‌ നായര്‍

Picture

എഴര വെളുപ്പിനു സരസ്വതീ വിളയാട്ടം ഉള്ള നേരത്തു ഉണര്‍ന്നെണീറ്റ്‌ പഠിച്ചാല്‍ ഓര്‍മയില്‍ നില്‍ക്കും എന്നതു പഴഞ്ചന്‍. എന്നാല്‍ ടി.വി.യും ഇന്റര്‍നെറ്റും ചാറ്റിങ്ങുമായി പാതിരാവോളം ഉണര്‍ന്നിരുന്ന്‌ സൂര്യന്‍ ഉച്ചിക്കുമേല്‍ എത്തുന്നതു വരെ കിടന്നുറങ്ങുന്നതു മോഡേണ്‍. കാലത്ത്‌ എഴുനേറ്റ്‌ കൂളിച്ചു ഫ്രഷ്‌ ആകൂന്നതു പഴഞ്ചന്‍. മുഖമൊന്നുകഴുകി മേയ്‌കപ്പിട്ടു്‌ പുറത്തിറങ്ങുതു മോഡേണ്‍. അങ്ങനെ പഴമകളെ ത്യജിച്ച്‌ പുതുമകളുടെ പിമ്പേ പായുന്ന ഈ കാലഘട്ടം വേഗതയുടെതാണു്‌. ഈ വേഗതമൂലം ശൈശവത്തില്‍ നിന്നു്‌ വാര്‍ദധക്യത്തില്‍ എത്തുന്ന ദൂരം വളരെ ചുരുങ്ങിയതുപോലെ. ചെയ്യാന്‍ ആഗ്രഹിക്കുന്ന പലതും ചെയ്യാന്‍ കഴിയാതെ ഓടിയകലുന്ന കൂട്ടത്തോടൊപ്പം എത്തിപ്പെടാനുള്ള തത്രപ്പാടിലാണു്‌ ഏവരും.

വേഗതയുടെ ഈ യുഗത്തില്‍ ജീവിത സൗകര്യങ്ങള്‍ ഏറുന്നതനുസരിച്ച്‌ കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാകുന്നു. പണ്ട്‌ കാലത്ത്‌ നാലഞ്ചു ദിവസം കൊണ്ടു്‌ തപാല്‍ മുഖേന എത്തിയിരുന്ന സന്ദേശങ്ങള്‍ ഇന്നു്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഇമെയില്‍ മുഖേന എത്തേണ്ടിടത്ത്‌ എത്തിച്ചേരുന്നു. ഈ കാരണം കൊണ്ടുതന്നെ തപാല്‍ വകുപ്പിന്റെ `ആപ്പീസുപൂട്ടേണ്ട' ഗതികേടില്‍ എത്തിയിരിക്കുകയാണെന്നുള്ളതു സത്യം. അന്നു്‌ തപാല്‍ ശിപായിമാര്‍ സത്യസന്ധമായി കത്തുകള്‍ എത്തിച്ചിരുന്നെങ്കില്‍ (ചില കുഴിമടിയന്മാര്‍ പൊട്ടകിണറ്റില്‍ വലിച്ചെറിഞ്ഞതായും കേഴ്‌വിയുണ്ട്‌) ഇന്നു്‌ വിദഗ്‌ധന്മാര്‍, അയക്കുന്നതും ലഭിക്കുന്നതുമായ ആളുകളുടെ ജാതകവും തലക്കുറിയും വരെ ചോര്‍ത്തിയെടുത്ത്‌ വേണ്ടവര്‍ക്കു വിറ്റു കാശാക്കുന്നു. നാം കമ്പ്യൂട്ടര്‍ മുഖേന തിരയുന്ന കാര്യങ്ങള്‍ തിരസ്‌കരണിയില്‍ ഇരുന്നുകൊണ്ട്‌ ഒരുപറ്റം വിദഘ്‌ധന്മാര്‍ വീക്ഷിക്കുന്നുണ്ടെന്ന സത്യം ഒട്ടുമിക്ക പേര്‍ക്കൂം അറിവുണ്ടാവില്ല. എന്നാലും മുഖം കാണാതെയുള്ള വ്യവഹാരങ്ങള്‍ നടത്തുന്നതിനു്‌ കമ്പ്യൂട്ടറിന്റെ സഹായം വളരെ സൗകര്യമാണു്‌.

ലോകത്ത്‌ വിസ്‌മയങ്ങള്‍ സൃഷ്ടിക്കുന്ന ഈ കമ്പ്യൂട്ടര്‍ എന്ന സൂത്രം ഹാര്‍ഡ്‌ വെയറും സോഫ്‌റ്റു വെയറും ചേര്‍ന്നതാണെന്ന സത്യം ഭൂമിയിലേക്കു പിറന്നുവീഴുന്ന പൊടിക്കുഞ്ഞിനുവരെ അറിയാം. കാരണം അവരും ഇതൊക്കെ കേട്ടുകൊണ്ടാണല്ലൊ പൂര്‍ണതയില്‍ എത്തുന്നതു്‌. ഓരോ കാര്യങ്ങള്‍ക്കായി ഓരോ തരത്തിലുള്ള സോഫ്‌റ്റു വെയര്‍ നിറച്ചിരിക്കുന്നു. വിവിധ തരത്തിലുള്ള സോഫ്‌റ്റു വെയര്‍ കൊണ്ടു്‌ കമ്പ്യൂട്ടര്‍ തന്റെ വേലത്തരങ്ങള്‍ കാട്ടുമ്പോള്‍ സാധാരണ മനുഷ്യന്‍ അതിനുമുമ്പില്‍ വെറും അശു! ഒന്നാലോചിച്ചാല്‍ ഈ മനുഷ്യശരീരവും ഒരു ഹാര്‍ഡ്‌ വെയര്‍ അല്ലേ? മുകളില്‍ ഇരിക്കുന്ന ഉടയതമ്പുരാന്‍ എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ പല തരത്തിലുള്ള സോഫ്‌റ്റു വെയര്‍ നിറച്ച്‌ മനുഷ്യനെന്ന കമ്പ}ട്ടറിനെ ഭൂമിയിലേക്കു്‌ ഡെസ്‌പാച്ചു്‌ ചെയിതിരിക്കുന്നു.

ചിലരില്‍ സംഗീതമെങ്കില്‍ ചിലരില്‍ സാഹിത്യം. പിന്നെ അഭിനയം, രാഷ്ട്രീയം, കള്ളകടത്തു്‌, കുശുമ്പു്‌, കുന്നായ്‌മ, പാരവയ്‌പ്പ്‌ എന്നുവേണ്ട ഏതു തരത്തിലുള്ള സോഫ്‌റ്റു വെയറും അദ്ദേഹത്തിന്റെ പക്കലുണ്ട്‌. അതൊക്കെ ഇച്ചാനുസരണം ലോഡു ചെയ്‌ത്‌ ഇങ്ങോട്ടു വിട്ടിരിക്കുകയല്ലേ? ചിലരില്‍ ഒന്നില്‍ കൂടുതല്‍ സോഫ്‌റ്റു വെയര്‍ നിറച്ച്‌ പാര്‍ഷ്യാലിറ്റിയും കാട്ടാറുണ്ട്‌. ങാ.. മനുഷ്യ കമ്പ്യൂട്ടറിന്റെ കാര്യം അവിടെ നില്‍ക്കട്ടെ.

പിശുക്കനായ ഒരു ഭരതീയന്റെ ഗുണഗണങ്ങള്‍ ഉള്ളതിനാല്‍ 15 വര്‍ഷം മുമ്പു വാങ്ങിയ ഒരു കമ്പ}ട്ടറുമായി അഡ്‌ജ്‌സ്റ്റ്‌ ചെയ്‌തു വരികയായിരുന്നു. കാലഹരണപ്പെട്ടതുകൊണ്ടു ഒന്നു ഉണര്‍ത്തിയെടുക്കാന്‍ കുംഭകര്‍ണനെ ചെയ്‌ത പ്രയോഗങ്ങളെക്കാള്‍ കൂടുതല്‍ വേണം. അങ്ങനെ ക്ഷമയുടെ നെല്ലിപ്പടിക്കടി വരെ തപ്പിയശേഷം `നാടോടുമ്പോള്‍ നടുവേ' എന്ന സിദ്ധാന്തത്തെ മാനിച്ച്‌ ഒരു കമ്പ}ട്ടര്‍ വാങ്ങാന്‍ തുനിഞ്ഞപ്പോളാണു്‌ അയലുവാസിയും സഹപ്രവത്തകനുമായ ജിം ജോണ്‍സണ്‍ന്റെ ഉപദേശം. ജിം നെപറ്റി പറയുകയണെങ്കില്‍ 45 കഴിഞ്ഞ വെള്ളക്കാരന്‍. ആദ്യ ഭാര്യയെ ഇദ്ദേഹം ഉപെക്ഷിക്കുകയും രണ്ടാമത്തെ ഭാര്യ ഇദ്ദേഹത്തെ ഉപെക്ഷിക്കുകയും ചെയ്‌ത ദുഖത്തില്‍ അങ്ങ്‌ ടെക്‌സസിലുള്ള ഒരുവളുമായി അനുരാഗത്തിന്റെ കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണദ്ദേഹം. ഞങ്ങളുടെ ഒരു കുടുംബാങ്ങത്തെപ്പൊലെയാണു. സമയം കിട്ടുമ്പൊഴൊക്കെ വീട്ടില്‍ വരും. മിക്കവാറും ടൂറിലായതിനാല്‍ വളരെ ചുരുക്കമായേ അദ്ദെഹത്തിന്റെ വീട്ടില്‍ അന്തിത്തിരി തെളിയാറുള്ളു.

`3ജി യും 4ജി യും ഒക്കെ കസറുന്ന ഈ കാലത്ത്‌ ഒരു ഫോണ്‍ വാങ്ങിയാല്‍ പോരേ.. കമ്പ}ട്ടര്‍ ചെയ്യുന്ന പലതും ഫോണില്‍കൂടി ചെയ്യാന്‍ കഴിയുമല്ലൊ'

ങാ.. അതു ശരിയാ.. ഇക്കാലത്ത്‌ വെറും ഫോണ്‍ അല്ലല്ലൊ ഫോണ്‍! ഫോണില്‍കൂടി `മോന്ത പുസ്‌തകം' എന്ന്‌ മലയാളത്തില്‍ പറയാവുന്ന ഫെയിസ്‌ ബൂക്കില്‍ എത്താം. കാലത്തെണീറ്റു മുത്രമൊഴിക്കുന്നതു മുതല്‍ അത്താഴം കഴിഞ്ഞു കിടക്കുന്നതുവരെയുള്ള കാര്യങ്ങള്‍ അതില്‍ കുറിച്ചിടാം. അതു കണ്ടു സുഹൃത്തുക്കള്‍ ലൈക്‌ എന്നു ക്ലിക്‌ ചെയ്‌തു കഴിയുമ്പൊള്‍ നാം ചെയ്‌ത കാര്യങ്ങള്‍ ഒക്കെ അവര്‍ക്കും ഇഷ്ടമായി എന്ന ഒരു സംതൃപ്‌തി ഉണ്ടാകും. ഇന്നു വിളിയെക്കാള്‍ കൂടുതല്‍ മറ്റു കാര്യങ്ങള്‍ ആണല്ലൊ ഫോണില്‍കൂടി നടക്കുന്നത്‌. അതിനുവേണ്ട ആപ്പുകള്‍ വാങ്ങിയാല്‍ മതി. ഈ `ആപ്പുകള്‍' എല്ലാം കൂടിച്ചേര്‍ന്ന്‌ നമുക്കു്‌ ആപ്പാകുന്ന കാലം അതിവിദൂരമല്ലെന്നു്‌ അന്തര്യാമി പറയുന്നു.

അങ്കവും കാണാം താളിയും ഒടിക്കാം എന്നവണ്ണം ഒരു സ്‌മാര്‍ട്ടു ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചു. നാലുപേരുടെ മുന്നില്‍ അതും പിടിച്ചു നില്‍ക്കുന്നതുതന്നെ ഒരു അന്തസ്സാണു്‌. ചെവിയില്‍ പാറ്റാ കടിച്ചിരിക്കുന്നതുപൊലെ ഒരു ബ്ലൂ ടൂത്തും ഫിറ്റ്‌ ചെയ്‌തു ആരെങ്കിലും അടുത്തുകൂടി പോകുമ്പോള്‍ സംസാരിക്കുന്നതായി ഭാവിച്ചു നടന്നാല്‍ ലോകത്തിലെ ഏറ്റവും ബിസ്സിയായ ആളാണെന്നുതോന്നും.

അങ്ങനെ ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങി. എവിടെ ഞെക്കിയാല്‍ എന്താകും എന്നു പഠിച്ചെടുക്കാന്‍ നാളേറെ വേണ്ടി വന്നു. ജിമ്മിന്റെ സഹായം നമ്പിയൊടെ സ്‌മരിക്കുന്നു. അദ്ദേഹം മോന്ത പുസ്‌തകത്തില്‍ ഒരു അക്കൗണ്ട്‌ തുറന്നു തന്നു. ഏറ്റവും കൂടുതല്‍ `ഫ്രണ്ട്‌സ്‌ ഉള്ളവരാണത്രേ നിലയും വിലയും ഉള്ളവര്‍! ഈ കാരണം കൊണ്ട്‌ തന്നെ അറിയുന്നവരേയും അറിയാത്തവരേയും വരെ മിത്ര്‌ങ്ങളാക്കി മിത്രഗണങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നു. ഇവരില്‍ ഒരു ചെറിയ ശതമാനം പേരുമായി മാത്രമേ സ്ഥിരമായി ബന്ധപ്പെടാറുള്ളു എന്നത്‌ പച്ച പരമാര്‍ഥം. അതോടൊപ്പം ലൈക്‌, ഷെയര്‍, റ്റാഗ്‌ തുടങ്ങിയ പ്രയോഗങ്ങളും ജിം പഠിപ്പിച്ചു തന്നു. ഈ പുസ്‌തകം ഒരു തുറന്ന പുസ്‌തകമാണെന്നും ഒന്നിനും ഒരു മറയുമില്ലാതെ എല്ലാവര്‍ക്കും എല്ലം കാണാമെന്നും അനുഭവിച്ചറിഞ്ഞപ്പോളണു മനസ്സിലായത്‌. ജനിച്ച ദിവസവും സ്ഥലവും മുതല്‍ പഠിത്തം, ജോലി, കുടുംബം, കുട്ടികള്‍, താല്‌പര്യങ്ങള്‍ അങ്ങനെ ഒളിക്കാനായി ഒന്നുമില്ലാതെ എല്ലാം കാണാന്‍ സാധിക്കുന്ന ഒന്ന്‌.

എന്തായാലും ഒരു പഴയ പള്ളികൂടംകാരനല്ലാ എന്ന്‌ സ്വയം ബോധ്യപ്പെടാനും മിത്രഗണങ്ങളെ ബോധ്യപ്പെടുത്താനും കണ്ടതും കേട്ടതും എല്ലാം അതില്‍ കുറിച്ചിടാനും മിത്രങ്ങളുടെ `ലൈക്‌' നിര്‍ലോഭം ലഭിക്കാനും തുടങ്ങിയപ്പോള്‍ ജീവിതത്തില്‍ ഒരു ഉണര്‍വ്‌ വന്നതുപോലെ തോന്നി. ലൈക്‌ ക്കുകള്‍ കൂടുതല്‍ കിട്ടാന്‍ വേണ്ടി ഇടതടവില്ലാതെ ഓരോന്ന്‌ കുറിച്ചിട്ടുകൊണ്ടിരുന്നു. എന്നാല്‍ ഈ ലൈക്‌ ക്കുകള്‍ക്കൊന്നും വൈകാരികമായി യാതൊരു ബന്ധവും ഇല്ലന്ന്‌ പിന്നീടാണു മനസ്സിലായത്‌. ഒരു നാള്‍ വയറിളക്കം കലശലായതിനാല്‍ എഴുനേറ്റിരിക്കാന്‍ ശേഷിയില്ല എന്നു കുറിച്ചിട്ടപ്പൊള്‍ അതിനും കിട്ടി 50ല്‍ പരം `ലൈക്‌'. അന്നാണു ഈ മിത്രങ്ങളുടെ ഒക്കെ മനസ്സിലിരുപ്പ്‌ മനസ്സിലായത്‌. ഒരു സുഹൃുത്തിനു കഷ്ടതവരുമ്പോള്‍ അത്‌ ഇഷ്ടപ്പെടുന്ന പരിഷകള്‍. ആ ലൈക്‌ ചെയതവരെ ഒക്കെ ഞാന്‍ ഉന്നി വച്ചിട്ടുണ്ട്‌ തരം കിട്ടുമ്പോള്‍ പകരം വീട്ടാന്‍.

അങ്ങനെ ഫോണ്‍, വിക്രമാദിത്യനോടൊപ്പം വേതാളം എന്ന കണക്കെ ഒരു സന്തതസഹചാരിയായി. നാലാളുകള്‍ കാണുമ്പൊള്‍ സ്‌ക്രീനില്‍ കൂടി വിരലോടിച്ചു പത്രാസ്‌ കാണിച്ചു. പുത്തനച്ചി പുരപ്പുറം തൂക്കും എന്നപോലെ ഒട്ടുമിക്ക വ്യവഹാരങ്ങളും ഫോണ്‍ മുഖേന ചെയ്‌തു ഒരു മോഡേണ്‍ മനുഷ്യനായി. വെറുതെ ക്ര്‌ഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ ഇട്ടുകൊടുത്താല്‍, ഒന്ന്‌ രണ്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍ വാങ്ങിയ സാധനം വാതുക്കല്‍ എത്തും. പിന്നെ എന്തിനു കാറും എടുത്തു ഷോപ്പിംഗ്‌ എന്നും പറഞ്ഞ്‌ ഊരുതെണ്ടാന്‍ നടക്കണം.

ക്രിസ്‌മസ്‌ നാളുകള്‍. ഉപഭോക്താക്ക്‌ളുടെ പണക്കിഴി ഒഴിയുകയും വ്യപാരികളുടെ പണപ്പെട്ടി നിറയുകയും ചെയ്യുന്ന ദിനങ്ങള്‍. അങ്ങോട്ടും ഇങ്ങോട്ടും സമ്മാനപ്പൊതികള്‍ കൈമാറി ആടിത്തിമിര്‍ക്കുന്ന ദിവസങ്ങള്‍. പെട്ടെന്നാണു ഭാര്യയില്‍ പ്രതീക്ഷിക്കാത്ത ഒരു മാറ്റം കാണാനിടയായത്‌. കല്യാണം കഴിഞ്ഞ നാളുകളില്‍ ഞാന്‍ പറഞ്ഞിട്ടുള്ള വിഭവങ്ങള്‍ ഒന്നൊന്നായി പുനര്‍ജനിക്കാന്‍ തുടങ്ങി. ക്രിസ്‌മസ്‌ അടുക്കുംതൊറും വിഭവങ്ങ്‌ളുടെ രുചി ഏറിവരുന്നതുപൊലെ. എന്തായിരിക്കാം ഈ മാറ്റത്തിനൂ കാരണം. ഞാന്‍ ആലോചിച്ചാലോചിച്ച്‌ തല പുണ്ണാക്കിക്കൊണ്ടിരുന്നു. ഏതായാലും രുചികരമായ കറികളുടെ നിര്‍മ്മാണത്തിനു കോട്ടം വരാതിക്കാനായി ഒരു ഉഗ്രന്‍ വിന്റര്‍ ജാക്കറ്റ്‌ വാങ്ങി ക്ലോസെറ്റില്‍ കൊണ്ടു ഒളിച്ചു വച്ചു. ഒരു സര്‍പ്രൈസ്‌ ആയിക്കോട്ടെ!

അങ്ങനെ ക്രിസ്‌മസ്‌ ദിനം വന്നണഞ്ഞു. പതിവിനു വിപരീതമായി ഭാര്യ കാലത്തെഴുനേറ്റ്‌ ചായയും പലഹാരങ്ങളും തയ്യാറാക്കി. ഞാന്‍ ഉണര്‍ന്നു വന്നപ്പൊഴേക്കും എല്ലാം തയ്യാര്‍.

`ഇതാ ചായ കുടിച്ചിട്ട്‌മതി'.
`എന്ത്‌'?
`ഗിഫ്‌റ്റു തുറക്കുന്നത്‌'

ഗിഫ്‌റ്റൊ ? ഞാന്‍ ഒന്നും അറിയാത്തപോലെ ചൊദിച്ചു.

ഞാന്‍ നിങ്ങള്‍ക്കൊരു ഗിഫ്‌റ്റു വാങ്ങിയിട്ടുണ്ട്‌

ങാഹാ.. എന്നാല്‍ ചായകുടി ഒക്കെ പിന്നെ.. എവിടെ ഗിഫ്‌റ്റ്‌ ?

അവള്‍ സമ്മാനപൊതി എന്റെ കൈയില്‍ തന്നു. നല്ല ഒരു സ്വെറ്റര്‍.

ങാഹാ.. കൊള്ളാമല്ലൊ. ഞാന്‍ നന്ദിപൂര്‍വം പറഞ്ഞു.

അതൊന്ന്‌ ഇട്ടുനോക്കൂ

നന്നായിരിക്കും.. നിന്റെ സെലക്ഷന്‍ ഏപ്പൊളും നല്ലതാണല്ലൊ. ഞാന്‍ ഉള്‍പടെ..

ഒന്നു പോ..

ഞാന്‍ സ്വെറ്റര്‍ ഇട്ടുനോക്കിയിട്ട്‌ നമ്പി പറഞ്ഞു. അവള്‍ പ്രതീക്ഷയൊടെ എന്നെ നോക്കി.

എന്താ?

എവിടെ എന്റെ ഗിഫ്‌റ്റ്‌?

നിനക്കു ഗിഫ്‌റ്റ്‌ ഒന്നും ഇല്ല ഞാന്‍ വെറുതെ പറഞ്ഞു.

പിന്നെ.. എനിക്ക്‌ അറിയാമല്ലൊ

ഓ.. എന്നാല്‍ ആ ക്ലോസെറ്റില്‍ പോയി നോക്ക്‌.

ഒരു ചെറിയ കുട്ടിയെപോലെ ക്ലോസെറ്റില്‍ പോയി ഞാന്‍ നേരത്തെ പായ്‌ക്‌ ചെയ്‌തു വച്ചിരുന്ന ഗിഫ്‌റ്റ്‌ കൊണ്ടുവന്നു തുറന്നു.

മറ്റേ ഗിഫ്‌റ്റ്‌ എവിടെയാ?

ഞാന്‍ കൊടുത്ത വിന്റര്‍ ജാക്കറ്റ്‌ പോരാഞ്ഞെന്നവണ്ണം അവള്‍ ചോദിച്ചു.

മറ്റേ ഗിഫ്‌റ്റോ? ഞാന്‍ വേറൊന്നും വാങ്ങിയിട്ടില്ല

എനിക്കറിയാം നിങ്ങള്‍ വാങ്ങിയെന്ന്‌.. നാലു ദിവസം മുമ്പല്ലെ നിങ്ങള്‍ വാങ്ങിയത്‌? എന്നാലും അവ്‌ടുന്നൊക്കെ നിങ്ങള്‍ ഗിഫ്‌റ്റ്‌ വാങ്ങുമെന്ന്‌ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല

നിനക്കെന്താ വട്ടാണൊ..?

വട്ടു നിങ്ങള്‍ക്കായതുകൊണ്ടല്ലെ `വിക്ടോറിയാസ്‌ സീക്രട്ടില്‍' പോയി എനിക്കുവേണ്ടി ഗിഫ്‌റ്റ്‌ വാങ്ങിയത്‌.. എത്ര ഡോളര്‍ ചിലവാക്കി എന്നുകൂടി വേണമെങ്കില്‍ പറയാംണ്ടണ്ട ഒന്നു നിര്‍ത്തിയിട്ട്‌ അവള്‍ തുടര്‍ന്നൂ.ണ്ടണ്ട എവിടാ ഒളിച്ചു വച്ചിരിക്കുന്നേ?

വട്ട്‌ പിടിപ്പിക്കാതെ പോകുന്നുണ്ടോ.. ആ സ്വെറ്റര്‍ അല്ലാതെ ഞാന്‍ ഒന്നും വാങ്ങിയിട്ടില്ല. എനിക്കു ദേഷ്യം വന്നു.

പിന്നെ ഏതവള്‍ക്ക്‌ കൊടുക്കാനാ നിങ്ങള്‍ അതൊക്കെ വാങ്ങിയത്‌

മണിചിത്രത്താഴിലെ ശോഭനയെപ്പൊലെ അവളുടെ ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചു. എനിക്കു തല ചുറ്റുന്നതുപോലെ തോന്നി. ദാമ്പത്യത്തിന്റെ ഫൗണ്ടേഷനിലാണു അവള്‍ കൊണ്ട്‌ ബൊംബ്‌ വച്ചിരിക്കുന്നത്‌.

വാതില്‍ക്കല്‍ ആരോ മുട്ടുന്നതു കേട്ട്‌ അവള്‍ വാതില്‍ തുറന്നു. ഫെഡെക്‌സ്‌ ജീവനക്കാരന്‍ ഒരു പായ്‌ക്കറ്റ്‌ എല്‌പിചിട്ട്‌ ഒപ്പിനായി കാത്തു നിന്നു. സാധനം വാങ്ങിയിട്ട്‌ അവള്‍ എന്നെ നോക്കി. ഞാന്‍ ഒപ്പിട്ട്‌കൊടുത്ത്‌ അയാളെ മടക്കിയയച്ചു. എന്റെ പേരില്‍ വന്നതായതുകൊണ്ട്‌ അവള്‍ അതു സോഫയിലേക്ക്‌ വലിച്ചെറിഞ്ഞു. ഒരു പക്ഷേ സോഫയെ എന്റെ തലയാണെന്നു കരുതിയിട്ടുണ്ടാകും. പെട്ടെന്നു എന്തോ ഓര്‍ത്തിട്ടെന്നവണ്ണം പായ്‌ക്കറ്റ്‌ എടുത്ത്‌ അയച്ച ആളിന്റെ പേരും വിലാസവും നോക്കി.

ഇപ്പോള്‍ ഗംഗാ പൂര്‍ണമായും നാഗവല്ലി ആയിക്കഴിഞ്ഞിരിക്കുന്നു.

`ആരാ സ്റ്റെയ്‌സി കൂപ്പര്‍ ?'

`സ്റ്റെയ്‌സിയോ ? ആ എനിക്ക്‌ അറിയാമ്മേലാ'

`എന്താ വിക്ടോറിയാസ്‌ സീക്രട്ടില്‍നിന്നും ഗിഫ്‌റ്റ്‌ വാങ്ങി കൊടുത്തപ്പോള്‍ പേരു ചോദിക്കാന്‍ മറന്നു പൊയോ ?'

`കൊറേ നേരമായല്ലൊ.. നീ വിക്ടോറിയായെടെ സീക്രട്ടും പിടിച്ചോണ്ടിരിക്കുന്നു'

`ഞാന്‍ പിടിച്ചതാ കുഴപ്പം, നിങ്ങള്‍ ചെയ്‌തതല്ല....'

ഗിഫ്‌റ്റ്‌ സോഫയിലേക്കിട്ട്‌ അവള്‍ ഉറഞ്ഞു തുള്ളി ബെഡ്ഡ്‌ റൂമില്‍ കയറി വാതില്‍ അടച്ചു. ഞാന്‍ കണ്‍ഫ|ഷന്റെ നെല്ലിപ്പടി കണ്ടു നില്‍ക്കുകയാണ്‍. ഇനിം ഇവള്‍ വല്ല കടുംകൈയും പ്രവര്‍ത്തിക്കുമോ.. എന്റെ എല്ലാമായ മൊബൈല്‍ ഫോണ്‍ ബെഡ്ഡ്‌ റൂമില്‍ അകപ്പെട്ടിരിക്കുകയാണ്‌. എന്താ ഇപ്പോ ചെയ്യുക.. കൂട്ടിലിട്ട വെരുകിനേപ്പോലെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ആരാണീ സ്റ്റെയ്‌സി ? അവര്‍ എനിക്കെന്തിനു ഗിഫ്‌റ്റ്‌ അയക്കണം ?

അകത്ത്‌ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. എനിക്കത്‌ എടുക്കുവാന്‍ പോലും സാധിക്കുന്നില്ല. ഞാന്‍ വീണ്ടും വാതില്‍ മുട്ടി.. ഫോണിന്റെ ശബ്ദം നിലച്ചു. അവള്‍ ആരോടോ സംസാരിക്കുന്നു.

ഹൊ.. സമധാനം ആയി.. കടും കൈ ഒന്നും കാണിച്ചിട്ടില്ലല്ലൊ. എന്നാലും എങ്ങാണ്ടൂന്നുവന്ന സ്റ്റെയ്‌സി എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. രാമനാഥനെപ്പോലെ ഞാന്‍ വാതിലില്‍ മുട്ടി. സാവകാശം വാതില്‍ തുറക്കപ്പെട്ടു.

`അയോഗ്യ നായേ... ഇന്നേക്കു ദുര്‍ഗാഷ്ട്‌മി ...' തുടങ്ങിയ ഡയലോഗുകള്‍ ഞാന്‍ പ്രതീക്ഷിച്ചു. പകരം `സോറി' എന്ന വാക്കാണു്‌ കേട്ടത്‌. ഞാന്‍ സ്വയം നുള്ളി നോക്കി. അല്ല സ്വപ്‌നത്തില്‍ അല്ല. ഞാന്‍ ചോദ്യഭാവതില്‍ അവളെ നോക്കി.

`ജിമ്മിന്റെ ഫോണ്‍ ആയിരുന്നു. അയാളുടെ ഗേള്‍ ഫ്രണ്ട്‌ സ്റ്റെയ്‌സി അയച്ചതാണത്രേ ആ പാക്കറ്റ്‌. അയാള്‍ സ്ഥലത്തില്ലത്തതിനാല്‍ ഒപ്പിട്ട്‌ വാങ്ങാനായി നിങ്ങളുടെ പേരില്‍ അയച്ചതാണെന്ന്‌.. സോറി.. സോറി.. നൂറുവട്ടം സോറി'.

ക്ഷ്‌മിക്കാമെന്നു വച്ചിട്ടും സ്‌ക്രാച്ചു വീണ മനസ്സെന്ന ദര്‍പണത്തിനെ എന്തു ചെയ്യും.

`വിക്ടോറിയാസ്‌ സീക്രട്ടിന്റെ കാര്യം നിന്നോടാരാ പറഞ്ഞേ ?' എനിക്ക്‌ ആധിയായി.

`അത്‌ രണ്ട്‌ ദിവസം മുമ്പ്‌ ബാങ്കീന്നു്‌ കോളു വന്നിരുന്നു. അവര്‍ തന്നെയാ ചോദിച്ചേ ഭര്‍ത്താവ്‌ ക്രിസ്‌മസ്‌ ഗിഫ്‌റ്റ്‌ വാങ്ങാന്‍ സാധ്യത ഉണ്ടോ എന്ന്‌. ഞാന്‍ ഉണ്ട്‌ന്നു്‌ പറഞ്ഞു. പിന്നെ നിങ്ങള്‍ ബ്രോഡ്‌ വേ ഷോയ്‌ക്കു്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത കാര്യവും പറഞ്ഞു.. ഏതിനാ.. ഹെയര്‍ സ്‌പ്രെയ്‌ക്കാണൊ ?'

പെട്ടന്ന്‌ എന്റെ തലക്കുള്ളില്‍ വെളിച്ചം തെളിഞ്ഞു.

`ഹെയര്‍ സ്‌പ്രെ.. നിന്റെ.. എടീ കഴുതേ.. നമ്മുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ ആരോ മോഷ്ടിച്ചിരിക്കുന്നു'

`ങേ.. എന്റെ മാതാവേ..' അവള്‍ വേവലാതിപ്പെട്ടു.

അന്നു്‌ ക്രിസ്‌മസ്‌ ദിവസം ആണെന്നും അവധി ആണെന്നും ഓര്‍ക്കാതെ ഞാന്‍ 1-800 നമ്പര്‍ വിളിക്കാനായി ഫോണിന്റെ അടുത്തേക്ക്‌ പാഞ്ഞു.

പ്രസാദ്‌ നായര്‍ (prasknair@yahoo.com)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code