Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമയ്‌ക്ക്‌ കരുത്തനായ സാരഥിയാകാന്‍ ബെന്നി വാച്ചാച്ചിറ   - ജോസ്‌ കാടാപുറം

Picture

ഫോമ രൂപവത്‌കരിച്ചിട്ട്‌ ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ചിക്കാഗോയില്‍ ഇതേവരെ കണ്‍വന്‍ഷന്‍ നടന്നിട്ടില്ല. അതിനാല്‍ മയാമിക്കുശേഷം അടുത്ത കണ്‍വന്‍ഷന്‍ (2018) ചിക്കാഗോയിലായിരിക്കണമെന്നാണ്‌ പൊതു അഭിപ്രായം. ഈ പശ്ചാത്തലത്തിലാണ്‌ ഫോമാ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതെന്ന്‌ ബെന്നി വാച്ചാച്ചിറ പറഞ്ഞു.

ഇപ്പോഴത്തെ ഭാരവാഹികളുടെ ഇലക്ഷന്‍ കഴിഞ്ഞയുടനെ അടുത്ത നേതൃസ്ഥാനത്തേക്ക്‌ ബെന്നി വാച്ചാച്ചിറയുടെ പേര്‌ പൊതുവെ അംഗീകരിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീട്‌ ചിക്കാഗോ റീജിയന്‍ യോഗം ബെന്നിയെ  പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി ഐക്യകണ്‌ഠ്യേന പ്രഖ്യാപിക്കുകയും ചെയ്‌തു.

പാനലിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവാനാണെന്നും അതില്‍ പാനലിനൊന്നുമില്ലെന്നുമാണു  ബെന്നിയുടെ നിലപാട്‌. ജയിച്ചു വരുന്നവരുമായി ഒത്തു പ്രവര്‍ത്തിക്കാന്‍ തനിക്ക്‌ പ്രശ്‌നമൊന്നുമില്ല. കഴിവും പ്രാപ്‌തിയുമുള്ളവര്‍ ഫോമയില്‍ ധാരാളമുണ്ട്‌. അവര്‍ മുന്നോട്ടുവരണം.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജിബി തോമസും, ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ നിന്നുള്ള ജോസ്‌ ഏബ്രഹാമും രംഗത്തുവരുന്നതായി അറിയിച്ചിരുന്നു. രണ്ടുപേരും യുവാക്കളും കഴിവുള്ളവരും സംഘടനാ പ്രവര്‍ത്തകരുമാണ്‌. ആരേയും പ്രത്യേകം പിന്തുണയ്‌ക്കില്ല.

വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുമെന്ന്‌ അറിയിച്ച ലാലി കളപ്പുരയ്‌ക്കലും സ്ഥാനത്തിന്‌ അര്‍ഹയായ വ്യക്തിയാണെന്നതില്‍ തര്‍ക്കമില്ല.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തോമസ്‌ ടി. ഉമ്മന്‍ മത്സരിക്കുമെന്ന വാര്‍ത്ത കണ്ടതേയുള്ളു. അദ്ദേഹവുമായി അതുസംബന്ധിച്ച്‌ സംസാരിച്ചിട്ടില്ല. മത്സര രംഗത്ത്‌ കൂടുതല്‍ പേര്‍ വരുന്നത്‌ ജനാധിപത്യ സംഘടനയുടെ ശക്തി വിളിച്ചോതുന്നു. എങ്കിലും ഒത്തുതീര്‍പ്പിലൂടെ മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തും. എന്തായാലും സംഘടനാ പ്രതിനിധികളാണല്ലോ വിധിയെഴുതുന്നത്‌.

ഇലക്ഷന്‍ സംബന്ധിച്ച്‌ ഇപ്പോഴേ  വാര്‍ത്തകള്‍ വരുന്നതുകൊണ്ട്‌ അസാംഗത്യമൊന്നുമില്ല. അംഗങ്ങള്‍ക്ക്‌ കൂടുതല്‍ ആലോചിക്കാനും ഓരോരുത്തരേയും വിലയിരുത്താനും കൂടുതല്‍ സമയം കിട്ടും. ഇതു മൂലം ഇപ്പോഴത്തെ ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നു ശ്രദ്ധ മാറിപ്പോകുമെന്നും കരുതുന്നില്ല. 65 അംഗ സംഘടനകളുള്ള ഫോമയില്‍ കൂടുതല്‍ ജനകീയവത്‌കരണമാണ്‌ ഇതുമൂലം ഉണ്ടാകുന്നത്‌. എന്തായാലും സഘടനയുടെ നന്മയും നല്ല ഭാവിയും ആണ്‌ തന്റെ ലക്ഷ്യം. അതു കഴിഞ്ഞിട്ടുള്ള വ്യക്തിതാത്‌പര്യങ്ങളേയുള്ളൂ.

മൂത്ത ജ്യേഷ്‌ഠന്‍ ജോയി വാച്ചാച്ചിറ നേരത്തെ അവിഭക്ത ഫൊക്കാനാ പ്രസിഡന്റായി മത്സരിച്ചിരുന്നു. പിന്നീട്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍ ആയി.

മൂന്നു പതിറ്റാണ്ടുമുമ്പ്‌ അമേരിക്കയിലെത്തിയ ബെന്നി ചിക്കാഗോ ട്രാന്‍സിറ്റിലെ ഉദ്യോഗസ്ഥനാണ്‌. അടുത്തവര്‍ഷം ആകുമ്പോള്‍ 26 വര്‍ഷം സര്‍വീസാകും. വേണമെങ്കില്‍ റിട്ടയര്‍ ചെയ്യാം. ഫോമ പ്രസിഡന്റ്‌ സ്ഥാനം ഒരു മുഴുവന്‍ സമയ ജോലി ആയിരിക്കുമെന്നും അതിനാല്‍ അപ്പോഴേയ്‌ക്കും ഔദ്യോഗിക ജോലിയില്‍ നിന്നു വിരമിക്കാന്‍ പ്ലാനുണ്ടെന്നും ബെന്നി പറഞ്ഞു.

സാധാരണക്കാരായ അമേരിക്കന്‍ മലയാളികളുടെ സംഘടനയാണ്‌ ഫോമ. അവരുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ആശ്രയിക്കാവുന്ന സംഘടനയായി ഫോമ മാറണമെന്നാണ്‌ തന്റെ കാഴ്‌ചപ്പാട്‌. നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഓരോ സമയത്തും ഓരോന്നായിരിക്കും. ചിലപ്പോള്‍ പാസ്‌പോര്‍ട്ട്‌- വിസ സംബന്ധിച്ചാകും. ചിലപ്പോള്‍ ജോലി സംബന്ധവും വിവേചനപരവും ആകാം. അതിനു പുറമെ നമ്മുടെ പുതിയ തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍. ഇക്കാര്യത്തിലൊക്കെ ശക്തമായ ഒരു കേന്ദ്ര സംഘടനയ്‌ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയും. എല്ലാവരേയും ഉള്‍ക്കൊള്ളിക്കുക എന്നതാണ്‌ തന്റെ പ്രധാന വീക്ഷണം.

റോച്ചസ്റ്റര്‍ കണ്‍വന്‍ഷനു ശേഷമാണ്‌ സമ്മേളനങ്ങളില്‍ ആള്‍ കുറയാന്‍ തുടങ്ങിയത്‌. മത സംഘടനകളുടെ കണ്‍വന്‍ഷനുകളുടെ ആധിപത്യം വന്നത്‌ ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ എല്ലാവരും ഒരുമിച്ചു ചേരാനുള്ള വേദിയാണ്‌ ഫോമ. അതിനാല്‍ ഭിന്നതയ്‌ക്കപ്പറമുള്ള ഐക്യബോധവുമായി നാം ഒത്തുചേര്‍ന്നാലേ നേട്ടങ്ങളും ഉണ്ടാകൂ. എല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നതുതന്നെയായിരിക്കും തന്റെ ദൗത്യം.

നിലവിലുള്ള ഭാരവാഹികള്‍ മികച്ച പ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌. അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്‌. ഇതുവരെയുള്ള ഫോമ നേതാക്കള്‍ തുടങ്ങിവെച്ച നല്ലകാര്യങ്ങളൊക്കെ തുടരണം. ഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാക്കിയ ബന്ധം നമ്മുടെ സമൂഹത്തിനു എത്രമാത്രം പ്രയോജനം ചെയ്‌തുവെന്നു കണ്ടുകഴിഞ്ഞു. നഴ്‌സിംഗിനു പുറമെ മറ്റു കോഴ്‌സുകള്‍ക്കും അത്തരം ആനുകൂല്യങ്ങളുണ്ടാകണം. മറ്റു  യൂണിവേഴ്‌സിറ്റികളും സ്ഥാപനങ്ങളുമായി ഇത്തരം ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കണം.

യുവതലമുറയിലാണ്‌ നമ്മുടെ പ്രതീക്ഷ. സംഘടനയിലും അവര്‍ നേതൃരംഗത്തേക്കു വരണം. പുതിയ ആശയങ്ങള്‍ അവരില്‍ നിന്നാണു ലഭിക്കുക. പഴയ തലമുറയുടെ അനുഭവസമ്പത്തുകൂടി ചേരുമ്പോള്‍ അതു മാറ്റങ്ങള്‍ക്കു വഴിതുറക്കും.

എന്തായാലും അമേരിക്കന്‍ മണ്ണിനോട്‌ ചേരാനുള്ളവരാണ്‌ നമ്മളില്‍ ബഹുഭൂരിപക്ഷവും. അപ്പോള്‍ ഇവിടെ ജീവിതം കെട്ടിപ്പെടുക്കുന്നതിനുള്ള കൈത്താങ്ങായാണ്‌ ഫോമയും മറ്റ്‌ സംഘടനകളുമൊക്കെ നിലകൊള്ളേണ്ടതെന്നാണ്‌ തന്റെ അഭിപ്രായം.

മതസംഘടനകളുടെ കണ്‍വന്‍ഷന്‍ കണക്കിലെടുത്ത്‌ ഫോമ കണ്‍വന്‍ഷന്‍ മാറ്റിവെയ്‌ക്കുക എളുപ്പമല്ല. ഏതെങ്കിലും മതവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ ഓരോ വര്‍ഷവുമുണ്ട്‌ എന്നതുതന്നെ പ്രധാന കാരണം.

പോസ്റ്റ്‌ ഓഫീസ്‌ ഉദ്യോഗസ്ഥയായ ആനിയാണ്‌ ഭാര്യ. മക്കള്‍: ഫിയോന, അനിസ എന്നിവര്‍ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍, മറിയ സ്‌പീച്ച്‌ തെറാപ്പി വിദ്യാര്‍ത്ഥിനി. ജോസഫിന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code