Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നന്മകള്‍ വറ്റാത്ത ഇടങ്ങള്‍ കേരളത്തിലിപ്പോഴും! (വാല്‍ക്കണ്ണാടി- കോരസണ്‍)

Picture

കഴിഞ്ഞവര്‍ഷം നാലുതവണ കേരളത്തില്‍ പോയിരുന്നു; ഓരോ തവണ വരുമ്പോഴും വീണ്ടും പോകാന്‍ വളരെ ആവേശവും സന്തോഷവും ഉണ്ടായിരുന്നു. ഈവര്‍ഷം ആദ്യ യാത്രയില്‍ തന്നെ സര്‍വ്വ ആവേശവും കെട്ടടങ്ങി മടുപ്പ്‌ അനുഭവപ്പെട്ടുതുടങ്ങി. കേരളത്തിന്റെ ചാരുതയും, വേനല്‍ മഴയുടെ ഉന്മാദവും വൈകാരികമായ അനുഭൂതിയായി നിലനില്‍ക്കുമ്പോള്‍ തന്നെ; എന്തുകൊടുത്താലും, എത്ര കൊടുത്താലും തൃപ്‌തിയാക്കാനാവാത്ത മനുഷ്യരും, ലക്ഷക്കണക്കിനു കടം ചോദിക്കുന്നവരും, സ്വന്തമെന്നു കരുതിയതൊക്കെ അടിച്ചുമാറ്റാന്‍ വിരുതുള്ളവരേയും കൂടുതലായി കണ്ടുതുടങ്ങി എന്നു തോന്നുന്നു. കൃത്രിമത്വവും, കൈക്കൂലിയും, കപട സദാചാരങ്ങളും, ബന്ദും, പിരിവുകളും, ഗള്‍ഫ്‌ മേഖലയിലെ വിമാനയാത്രയില്‍ അനുഭവപ്പെടുന്ന വീര്‍പ്പുമുട്ടലുകളും, അസഹനീയതയുടെ അതിരുതാണ്ടിക്കഴിഞ്ഞു. കേരളത്തിലനുഭവപ്പെടുന്ന മാറ്റങ്ങളുടെ ഗതി അതിവിചിത്രമാണ്‌. മടുപ്പ്‌-വെറുപ്പ്‌ അനുഭവപ്പെടുന്ന തലത്തിലേക്കെത്താന്‍ അധികം താമസിക്കില്ല എന്നാണ്‌ തോന്നിത്തുടങ്ങിയത്‌.

ഒരു യാത്രയില്‍ അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി തിരികെ എത്തിയപ്പോള്‍ കാര്‍ ഡ്രൈവറെ കാണാതെ പരിഭ്രമിച്ചു. അധികം സംസാരിക്കാത്ത പ്രസാദ്‌, കുറച്ചു ദൂരെ മാറിനിന്ന്‌ വളരെ ഉച്ചത്തില്‍ ആരോടോ ഫോണില്‍ സംസാരിക്കുകയാണ്‌. അയാളുടെ മുഖത്ത്‌ അതുവരെ കാണാത്ത ചുവപ്പും പ്രകാശവും! അല്‌പം നീരസത്തോടെ കനത്ത വേനലില്‍ നിന്നും കാറിന്റെ ഉള്ളിലെ തണുപ്പിലേക്ക്‌ പ്രവേശിച്ചപ്പോഴും ചൂടു ശമിച്ചിരുന്നില്ല. പക്ഷെ പ്രസാദിന്റെ മുഖം പ്രസാദിച്ചുതന്നെയിരുന്നു. അല്‌പം നിശബ്‌ദതയ്‌ക്കുശേഷം പ്രസാദ്‌ പറഞ്ഞു. അമേരിക്കയില്‍ നിന്നും ഒരാള്‍ വിളിച്ചിരുന്നു. അമേരിക്കയില്‍ നിന്ന്‌ ഒറ്റവിളിക്ക്‌ ഇത്ര പ്രകാശം പരത്താനായെങ്കില്‍ വല്ലപ്പോഴുമൊക്കെ ഇങ്ങനെ ചിലരെ വിളിച്ചാല്‍ കേരളത്തിലുടനീളം പ്രകാശം പരത്താനാകുമല്ലേ എനിക്കും എന്ന്‌ ഉള്ളില്‍ ചിന്തിച്ചു.

അല്‌പസമയത്തെ കുശലപ്രകടനങ്ങള്‍ക്കിടയിലാണ്‌ പ്രസാദിന്റെ പ്രകാശനിര്‍ഭരമായ ജീവിതത്തിന്റെ അദ്ധ്യായം തുറന്നത്‌. ഒരു നാട്ടുമ്പുറത്തെ ഓട്ടോ ഡ്രൈവര്‍ തന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നും നൂറുകണക്കിനു ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കഥകള്‍ ആശ്ചര്യപൂര്‍വ്വം കേട്ടിരുന്നു.

പത്തനംതിട്ട തെങ്ങുംകാവ്‌ പുത്തന്‍പറമ്പില്‍ പ്രസാദ്‌ തനിക്കു ലഭിക്കുന്ന വരുമാനം അര്‍ഹരായവര്‍ക്കായി വീതിച്ചു നല്‍കാന്‍ സന്നദ്ധനാണ്‌. അനാഥര്‍ക്കും, രോഗികള്‍ക്കും, വയോധികര്‍ക്കും എന്തു സഹായം ചെയ്യാനും പ്രസാദ്‌ മനസുകാട്ടുന്നു. പഠനം വഴിമുട്ടിയ കുട്ടികള്‍ക്കു കൈത്താങ്ങാകാനും അദ്ദേഹം ഉത്സാഹം കാട്ടുന്നു. നാലു കുട്ടികളെ ഏറ്റെടുത്ത്‌ പഠിപ്പിക്കുന്ന പ്രസാദ്‌ തന്റെ മക്കളായ മാളവികയ്‌ക്കും, കണ്‍മഷിക്കും ഒരു കുറവും വരുത്താതെ ശ്രദ്ധിക്കുന്നുമുണ്ട്‌. 20 വര്‍ഷമായി പ്രസാദ്‌ ഓട്ടോ ഡ്രൈവറാണ്‌. നിര്‍ദ്ധനാരയ ആളുകളുടെ വീട്ടിലെ ചടങ്ങുകള്‍ക്ക്‌ പ്രസാദും തന്റെ 'സ്വന്തം ഗ്രാമ'മെന്ന ഓട്ടോയും ഉണ്ടാകും. നിര്‍ദ്ധനരായ രോഗികളേയും, വൃദ്ധരേയും സൗജന്യമായി ആശുപത്രയിലെത്തിക്കും. കഴിഞ്ഞവര്‍ഷം 500 പാഠപുസ്‌തകങ്ങള്‍ വിതരണം ചെയ്‌തു. പ്രായമാവര്‍ പ്രസാദിന്റെ കണ്ണില്‍പ്പെട്ടാല്‍ എത്തിക്കേണ്ടിടത്ത്‌ അദ്ദേഹമെത്തിക്കും. ചില ദിവസങ്ങളിലെ വരുമാനം പൂര്‍ണ്ണമായും പാവപ്പെട്ട രോഗികള്‍ക്കുള്ള മരുന്നു വാങ്ങാനാണ്‌. ചെറിയ ഒരു അറിയിപ്പ്‌ 'സ്വന്തം ഗ്രാമ'ത്തില്‍ ഒട്ടിച്ചു വെച്ചിരിക്കും. തന്റെ ഒപ്പം ജോലി ചെയ്യുന്ന സഹ ഓട്ടോ ഡ്രൈവര്‍മാരെ സംഘടിപ്പിച്ച്‌ ഒരു നിശ്ചിത തുക സമാഹരിച്ച്‌ പ്രസാദ്‌ മാറ്റങ്ങള്‍ക്ക്‌ തിരിതെളിയിക്കുകയാണ്‌.

പ്രസാദിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടരായി നിരവധിപേര്‍ സഹായഹസ്‌തവുമായി എത്തുന്നുണ്ട്‌. എല്ലാം ഏകോപിപ്പിച്ചുകൊണ്ട്‌ തന്റെ ഒറ്റയാന്‍ പ്രവര്‍ത്തനം ട്രസ്റ്റ്‌ രൂപീകരിച്ച്‌ വിപുലപ്പെടുത്താനാണ്‌ അദ്ദേഹം ആഗ്രഹിക്കുന്നത്‌. തന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളും കണ്ടു തുടങ്ങി. ഈ സ്‌കൂള്‍ വര്‍ഷത്തില്‍ 700 കുട്ടികള്‍ക്ക്‌ പുസ്‌തകവും കുടയും നല്‍കാനാണ്‌ ഉദ്ദേശിക്കുന്നത്‌. പത്രവാര്‍ത്തകളില്‍ നിന്നും അറിഞ്ഞ, നേരിട്ടറിയാത്ത ഒരു മാന്യദേഹമാണ്‌ അമേരിക്കയില്‍ നിന്നും വിളിച്ചിരുന്നതെന്നും അദ്ദേഹം കുറച്ചു പണം അയയ്‌ക്കുകയാണെന്നും പറഞ്ഞതാണ്‌ പ്രസാദിനെ പ്രകാശിപ്പിച്ചത്‌ എന്നറിഞ്ഞപ്പോള്‍, ഈ 38-കാരന്‍ ചെയ്യുന്ന നന്മയുടെ മാതൃകകള്‍ അന്യംനിന്നുപോകരുതേ എന്ന്‌ ആഗ്രഹിച്ചു.

തനിക്ക്‌ എന്നും മാര്‍ഗ്ഗദീപമായിരുന്നത്‌ തന്റെ അച്ഛനായിരുന്നുവെന്നും, ആരുമറിയാതെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍മാത്രം മുന്നില്‍കണ്ട്‌ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ കാലടികളാണ്‌ താന്‍ പിന്‍തുടരുന്നതെന്നും പ്രസാദ്‌ പറഞ്ഞു. തന്റെ ഗള്‍ഫിലേക്കുള്ള ജോലി നഷ്‌ടപ്പെടുത്തിയ ബന്ധുവിനെപ്പറ്റി യാതൊരു പരിഭവവുമില്ല; മറിച്ച്‌ എവിടെയായിരുന്നാലും നന്മകള്‍ ചെയ്‌ത്‌ ജീവിക്കുകയാണ്‌ തന്റെ കടമ എന്നു കരുതുന്നു. പുളിമുക്ക്‌ മലര്‍വാടിക്കൂട്ടം വായനശാലയുടെ സെക്രട്ടറികൂടിയാണ്‌ പ്രസാദ്‌.

ആഗോളവത്‌കരണത്തില്‍ ചാരിറ്റി വിതരണം ഒരു ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ? മുതലാളിത്തത്തിന്റെ ഔദാര്യമായ പിച്ചയാണ്‌ ഇങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്നത്‌. നല്ലൊരു ശതമാനം ചാരിറ്റി സമാഹരണവും അര്‍ഹിക്കുന്ന കൈകളില്‍ എത്താറില്ല. ഇന്നും വിതരണം ചെയ്യപ്പെടാനറിയാതെ പിരിച്ചുകൂട്ടിയിരിക്കുന്ന തുകകള്‍ പല സംഘടനകളുടെ കണക്കിലും കറങ്ങിക്കിടപ്പുണ്ട്‌. ഒരു അത്യാഹിതം ഉണ്ടാകുമ്പോള്‍ ഉണ്ടാകപ്പെടുന്ന മനുഷ്യസഹജമായ അനുകമ്പ ചൂഷണം ചെയ്യാന്‍ സംഘടനകള്‍ അനവധിയാണ്‌. എത്ര കൊടുത്തു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഒരു വ്യക്തിയെ സമുദായം പോലും വിലയിരുത്തുന്നത്‌. ഒരു പിരിവ്‌ നടത്താന്‍ വിഷയം വേണ്ടേ? സംഭാവന കൊടുത്തവര്‍ അത്‌ എങ്ങനെ വിനിയോഗിച്ചു എന്ന്‌ അറിയാറുമില്ല.

അനുദിനം ചൂഷണവിധേയരാകുന്ന നല്ലവരായ ആളുകള്‍ക്ക്‌ പ്രസാദിനെപ്പോലുള്ള ചെറുപ്പക്കാര്‍ ആശ്വാസമാണ്‌. തന്റെ നേരേ മുമ്പില്‍, താന്‍ കാണുന്ന ഇടങ്ങളില്‍ ഈശ്വരന്റെ സ്‌പര്‍ശനം ഏല്‍പിക്കാന്‍ കഴിവുള്ള നല്ല മനസുകള്‍ ഇന്നും അവിടവിടെ നില്‍ക്കുന്നു എന്നതാണ്‌ ആശാദീപം.

(പ്രസാദിന്റെ നമ്പര്‍: 9495 4381 57).

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code