Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സംവാദങ്ങളില്‍നിന്ന്‌ ഒറ്റപ്പെടുന്നവര്‍ (ലേഖനം)   - ജോണ്‍ മാത്യു

Picture

മലയാള കവിതയുടെ രീതികള്‍ക്ക്‌ കവിത്രയകാലം കഴിഞ്ഞിട്ടും ആ കാലഘട്ടത്തിന്റേതായ സ്വാധീനം തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ നോവല്‍ കഥ തുടങ്ങിയവയുടെ ചരിത്രം അങ്ങനെയല്ല. അത്‌ ക്ലാസിക്ക്‌ ശൈലിയില്‍നിന്നും നേരെ എത്തിച്ചേര്‍ന്നത്‌ `പുരോഗമന-ജീവല്‍' സംവാദങ്ങളിലേക്കും. സമൂഹത്തിന്റ ആവശ്യവും അങ്ങനെയായിരുന്നെന്ന്‌ പറയാം.

പ്രഗത്ഭരായ നമ്മുടെ അനേകം എഴുത്തുകാര്‍ ഈ പ്രസ്ഥാനത്തില്‍ക്കൂടിയാണ്‌ മലയാളത്തിനു അംഗീകാരം നേടിത്തന്നത്‌. ഈ അംഗീകാരമാണ്‌, നമ്മുടേത്‌ ഒരു ചെറിയ ഭാഷയായിരുന്നിട്ടും, മറ്റു ഭാരതീയഭാഷകള്‍ക്കിടയില്‍ ശ്രദ്ധപിടിച്ചു പറ്റാന്‍ ഇടയാക്കിയതും.

ഇത്‌ മുപ്പതുകള്‍ മുതല്‍ അമ്പതുകളുടെ അവസാനംവരെ ജ്വലിച്ചുനിന്ന മലയാളസാഹിത്യത്തിലെ `പുരോഗമന'ത്തിന്റെ കഥ.

പിന്നീടുണ്ടായത്‌ ആധുനികതയിലേക്ക്‌ മാറിച്ചവുട്ടിയതിന്റെ ചരിത്രം, അതിനു പിന്നിലുണ്ടായിരുന്ന അന്താരാഷ്‌ട്ര പൊളിറ്റിക്കല്‍ കളികളുടെ ചരിത്രം, ഇതിന്‌ മുന്‍പ്‌ എത്രയോ തവണ വിശദമായി ചര്‍ച്ച ചെയ്‌തിട്ടുമുണ്ട്‌. ഉടയാടകള്‍ക്ക്‌ ഒരു പുതിയ ഫാഷന്‍ ഉണ്ടാകുന്നതുപോലെയായിരുന്നു അത്‌.

പുരോഗമനസാഹിത്യംപോലെ നമ്മുടെ സാമൂഹികജീവിതത്തിന്റെ ഉള്ളുകള്ളികള്‍ തുറന്നിടുന്ന ഒന്നായിരുന്നില്ല ആധുനികത; അങ്ങനെ കല്‌പിച്ചിരുന്നെങ്കിലും! ഒരു കൊടുങ്കാറ്റുപോലെ വന്നു, ഏതാണ്ട്‌ രണ്ടു പതിറ്റാണ്ടുകാലം ചില ചലനങ്ങള്‍ സൃഷ്‌ടിച്ചു, അതേ, കൊടുങ്കാറ്റുപോലെ നൈമഷീകമായിരുന്നു മലയാളസാഹിത്യത്തില്‍ ആധുനികത. ഇനിയും ഉത്തര-ഉത്തര ആധുനികകളും ഒറ്റപ്പെട്ട ഭാഷ്യങ്ങളില്‍മാത്രം ഒതുങ്ങിനിന്നു. ഇവിടെ പ്രധാന ചോദ്യം: ഈ രണ്ടു പ്രസ്ഥാനങ്ങളുടെയും പിന്നിലുണ്ടായിരുന്ന `അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്‌' ഈ എഴുത്തുകള്‍ പരിഹാരമായോ?

സാധാരണക്കാര്‍ ഇന്ന്‌ സമൃദ്ധമായ ജീവിതം രുചിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട്‌ ജീവിതത്തെ ഒരു പോരാട്ടമായി നേരിടുന്നവരുടെ ദുഃഖം കാണാന്‍ അവര്‍ക്ക്‌ കഴിയുന്നില്ലായിരിക്കാം. ഉണ്ടുനിറഞ്ഞവന്‌ ഉള്ളുതുറന്ന്‌ ചിരിക്കാന്‍ കഴിയുന്ന കോമഡിമാത്രം മതിയല്ലോ.

അതുപോലെ തത്വശാസ്‌ത്രപരമായി മനസ്സിന്റെ ദുഃഖത്തിലേക്കിറങ്ങിച്ചെല്ലുന്ന ആധുനികതയും അവര്‍ക്ക്‌ വേണ്ട. അത്‌ `കിറുക്ക'ന്മാരുടെ എഴുത്തുകള്‍. `ഞാനാരാണ്‌' എന്ന ചോദ്യം ആര്‍ക്കും കേള്‍ക്കേണ്ട. അതുപോലെ ഭാഷയുടെമേലുള്ള സ്വതന്ത്ര്യവും പരീക്ഷണവുംപോലും പ്രസക്തമല്ലാതായി.

മലയാളസാഹിത്യത്തിലെ ചര്‍ച്ച മുഴുവന്‍ കേന്ദ്രീകരിച്ചത്‌ മുകളില്‍പറഞ്ഞ രണ്ടു പ്രസ്ഥാനങ്ങളിലായിരുന്നു, സോഷ്യലിസ്റ്റ്‌-കമ്മ്യൂണിസ്റ്റ്‌ ചിന്തകള്‍ `പുരോഗമന'തയിലും, ബുദ്ധിജീവികളെന്ന്‌ കരുതുന്നവര്‍ `ആധുനികത'യിലും ധാരാളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഇപ്പോള്‍ ലോകം നന്നാക്കാമെന്ന്‌ ആദ്യത്തെ കൂട്ടരും, തങ്ങളുടെ അസ്‌തിത്വദുഃഖം ലോകവ്യാപകമെന്ന്‌ ആധുനികരും സംശയത്തിന്‌ ലവലേശം വകയില്ലാതെ വിശ്വസിച്ചു. ഇതിനപ്പുറം മറ്റ്‌ സാഹിത്യരൂപങ്ങള്‍ ഉണ്ടായിരുന്നില്ലേ?

ഉണ്ടായിരുന്നു. മലബാറിലെ കൂട്ടുകുടംബങ്ങളുടെ കഥ ഒരു വശത്ത്‌, ഇനിയും തിരുവിതാംകൂറിലെ സ്‌ത്രീധനസമ്പ്രദായത്തിന്റെ കഥ മറുവശത്തും. കുറേക്കാലം മുന്‍പ്‌ ഒരു ലേഖനത്തില്‍ക്കൂടി ഞാനവതരിപ്പിച്ച രണ്ട്‌ കഥാപാത്രങ്ങളെ വീണ്ടും ഓര്‍ക്കുകയാണ്‌. അതായത്‌: ``ഉണ്യേട്ടനും ജോണ്യേട്ടനും.''

ഒന്ന്‌ സങ്കല്‌പിക്കുക: ഈ രണ്ട്‌ ഏട്ടന്മാരെയും കേരളത്തിനു പുറത്തുള്ള ഒരു നഗരത്തില്‍ നാം കണ്ടുമുട്ടുന്നു. രണ്ടുപേര്‍ക്കും ഇരുപതു വയസ്സ്‌ കഴിഞ്ഞിട്ടേയുള്ളൂ. ഡിഗ്രി എടുത്തശേഷം ഒരു തൊഴിലന്വേഷിച്ച്‌ നേരെ വണ്ടികയറിയവര്‍!

നമ്മുടെ ഉണ്യേട്ടന്‍ അമ്മയ്‌ക്ക്‌ ഇങ്ങനെ കത്തെഴുതുന്നു: `അമ്മാവനും അമ്മായിക്കും നന്ദിനിക്കുട്ടിക്കും സുഖമെന്ന്‌ വിശ്വസിക്കുന്നു.'

ഈ നന്ദിനിക്കുട്ടി ഉണ്യേട്ടന്റെ മുറപ്പെണ്ണാണ്‌. കത്ത്‌ വീട്ടില്‍ കിട്ടുമ്പോള്‍ നന്ദിനിക്കുട്ടി ഒളിഞ്ഞുനിന്ന്‌ കേള്‍ക്കുന്നു, തന്റെ പേരെഴുതി ഒരന്വേഷണം ഉണ്ടോയെന്നറിയാന്‍.

ഇനിയും ജോണ്യേട്ടന്റെ കത്ത്‌: `... നമ്മുടെ പടിഞ്ഞാറെപ്പറമ്പിനു വില പറഞ്ഞിരുന്നല്ലോ, അത്‌ കിട്ടുമോ? ഞാന്‍ രണ്ടു ജോലി ചെയ്യുന്നു. പണം എങ്ങനെയും ഉണ്ടാകും.'

ഏറെ പറമ്പ്‌ വാങ്ങിക്കൂട്ടിയാല്‍ അത്‌ സ്വരൂപിക്കപ്പെട്ടുന്നത്‌ ഭാവിയിലേക്കാണ്‌, സ്‌ത്രീധനമായി മടക്കിക്കിട്ടാന്‍!

ഉണ്യേട്ടന്‌ ഒരു ദിവസം സുഹൃത്ത്‌ രാമകൃഷ്‌ണന്റെ ഒരു കത്തുകിട്ടി. അവനും ആ നഗരത്തിലേക്ക്‌ വരുന്നെന്നോ മറ്റോ എഴുതുന്ന സന്തോഷവാര്‍ത്ത പ്രതീക്ഷിച്ചാണ്‌ കത്ത്‌ തുറന്നത്‌. പക്ഷേ, രാമകൃഷ്‌ണന്‍ ഇങ്ങനെ എഴുതി:

`നിന്റെ അമ്മാവന്റെ മകള്‍ നന്ദിനിക്കുട്ടിയുടെ കല്യാണമാണ്‌. വരന്‍ പട്ടാമ്പിക്കാരന്‍ ഒരു കോളജ്‌ ലക്‌ചറര്‍. നീ വിഷമിക്കരുത്‌. നിന്റെ അമ്മ എഴുതുന്നതിന്‌ മുന്‍പ്‌ ഞാന്‍ ഈ വിവരം അറിയിച്ചെന്നേയുള്ളൂ.'

ഉണ്യേട്ടന്റെ കഥ സാഹിത്യ പ്രസ്ഥാനമൊന്നുമല്ലെങ്കിലും ധാരാളം ചര്‍ച്ചചെയ്‌തു. ധാരാളം കണ്ണീരൊഴുക്കി. ഇന്നും അത്‌ ക്ലാസിക്ക്‌ രൂപത്തില്‍ നിലനില്‌ക്കുന്നു, കൂട്ടുകുടുംബത്തിന്റെ ചിത്രമായി.

ജോണ്യേട്ടന്റെ കഥയും എഴുതി, മാംസളമായ ശൈലിയില്‍ സ്‌ത്രീധനസമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട്‌, അതിനും ധാരാളം വായനക്കാരുണ്ടായി, ധാരാളം ചലച്ചിത്രങ്ങളുണ്ടായി. പക്ഷേ, എഴുതിയവര്‍ക്കും വായിച്ചവര്‍ക്കും ഒരു ചര്‍ച്ച ആവശ്യമില്ലായിരുന്നു. ഒരൊറ്റ വായനകൊണ്ട്‌ അതവിടെ അവസാനിച്ചു.

ഇനിയും പറയൂ: മദ്ധ്യതിരുവിതാംകൂറിലെ `മധുരമായ' സാമൂഹികവിമര്‍ശനത്തെ ആരെങ്കിലും മാറ്റിനിര്‍ത്തിയോ എന്ന്‌. തീര്‍ച്ചയായും അത്‌ വായനാസുഖമുള്ളതായിരുന്നു, സമൂഹത്തിന്റെ യഥാര്‍ത്ഥ കഥകളായിരുന്നു. എന്നാല്‍, ഈ എഴുത്തുകളും എഴുത്തുകാരും ചര്‍ച്ചകളില്‍നിന്ന്‌ സ്വയം ഒഴിഞ്ഞുമാറുകയല്ലേ ചെയ്‌തത്‌? ആരും അവരെ മാറ്റിനിര്‍ത്തിയില്ലെന്ന്‌ ചുരുക്കം! ഇന്നും ആ കഥ തുടരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code