Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിര്‍ണ്ണയം, സവിനയം (ഡോക്‌ടര്‍ നന്ദകുമാര്‍ചാണയില്‍ എന്ന സാഹിത്യനിരൂപകന്‍)   - എത്സി യോഹന്നാന്‍ ശങ്കരത്തില്‍

Picture

വിചാരവേദിയില്‍ അവതരിപ്പിച്ചത്‌

വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച്‌ വല്ലപ്പോഴും എഴുതുന്ന ലേഖനങ്ങളിലൂടെയാണ്‌ ഞാന്‍ ഡോക്‌ടര്‍ നന്ദകുമാര്‍ എന്ന വ്യക്‌തിയെ, എഴുത്തുകാരനെ ആദ്യമായി പരിചയപ്പെടുന്നത്‌. അന്ന്‌ അദ്ദേഹം സാഹിത്യനിരൂപണം തുടങ്ങിട്ടില്ല. എങ്കിലും എഴുതുന്ന വിഷയങ്ങളില്‍ ഒരു നിരൂപകന്റെ, തത്വചിന്തകന്റെ കഴിവുകള്‍ പ്രകടമാക്കിയിയിരുന്നു. നിശിതമായ ഒരു വിമര്‍ശനത്തിനു പകരം മൃദുവായ ഒരു നിരൂപണ രീതിയാണ്‌ ഇദ്ദേഹത്തിന്റെ നിരൂപണങ്ങളില്‍ കാണുന്നത്‌. ഞാന്‍ വായിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ക്രുതികളെ ആധാരമാക്കിയാണു ഞാന്‍ ഈ അഭിപ്രായം പറയുന്നത്‌. എങ്കിലും നിരൂപണം ഉപരിപ്ലവമായ ഒരു കര്‍മ്മമായി അദ്ദേഹം കാണുന്നില്ല. കൃതികളെ സശ്രദ്ധം വായിച്ചതിനു ശേഷം അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. എന്റെ കവിതകളേയും, ലേഖനങ്ങളേയും കുറിച്ച്‌ അദ്ദേഹം നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്‌. വായനകാര്‍ ഇല്ലെന്ന്‌ അപഖ്യാതിയുള്ള അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍ അപരന്റെ കൃതികളെ സശ്രദ്ധം വായിച്ച്‌ അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ എഴുതുക എന്നത്‌ അദ്ദേഹത്തിന്റെ ഹ്രുദയ നൈര്‍മ്മല്യമായി ഞാന്‍ കരുതുന്നു.അത്‌കൊണ്ട്‌ തന്നെ അദ്ദേഹത്തിന്റെ സാഹിത്യനിരൂപണ ഉദ്യമങ്ങളെ ഞാന്‍ സവിനയം നടത്തുന്ന ഒരു നിര്‍ണ്ണയമായി കണക്കാക്കുന്നു. നിരൂപകര്‍ക്ക്‌ ശത്രുക്കള്‍ ഉണ്ടാകുക സാധാരണയാണ്‌. വളരെ നിരൂപണങ്ങള്‍ നടത്തിയിട്ടും അദ്ദേഹം ബഹുജനസമ്മതനായി, സാഹിത്യലോകത്ത്‌ എല്ലാവരുടേയും പ്രിയമിത്രമായി കഴിയുന്നവെന്നത്‌ അദ്ദേഹത്തിന്റെ സൗഹ്രുദ മനോഭാവത്തിന്റേയും നന്മയുടേയും തെളിവാണ്‌.

കൂടാതെ അമേരിക്കന്‍ മലയാള സാഹിത്യത്തിനു അദ്ദേഹത്തിന്റേതായ രീതിയില്‍ സംഭാവന നല്‍കികൊണ്ടിരിക്കുന്നു.ഒരു ക്രുതി പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം അതിനു കിട്ടുന്ന നിരൂപണങ്ങള്‍ ആ ക്രുതിയ്‌ക്ക്‌ വായനകാരുടെയിടയില്‍ പ്രചാരം ലഭിക്കാന്‍ സഹായിക്കുന്നു. വാസ്‌തവത്തില്‍ നിരൂപകന്‍ ഭാഷയേയും സാഹിത്യത്തേയും വളര്‍ത്തുന്നു. ഒരു ശാസ്ര്‌തജ്ഞന്‍ കൂടിയായ ഡോക്‌ടര്‍ നന്ദകുമാറിനു ഒരുഗവേഷകന്റെ കുപ്പായമണിഞ്ഞ്‌കൊണ്ട്‌ നിരൂപണം നട്രത്താന്‍ കഴിയുമ്പോള്‍ നിരൂപണം ചെയ്യപ്പേടുന്ന ക്രുതിയുടെ എല്ലാ ഗുണങ്ങളും കുറവുകളും അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിയും. രോഗിയെ സുഖപ്പെടുത്താന്‍ ശ്രമിക്കുന്ന ഡോക്‌ടറെപോലെ ഡോക്‌ടര്‍ നന്ദകുമാറും എഴുത്തുകാരനു വേണ്ട നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും നല്‍കുന്നുണ്ട്‌. നേരത്തെ സൂചിപ്പിച്ച പോലെ വിമര്‍ശനം മാത്രമായി അദ്ദേഹം തന്റെ കഴിവുകളെ പരിമിതിപ്പെടുത്തില്ല. അതായത്‌ ഖണ്ഡനത്തിനുപകരം അദ്ദേഹം ഒരു പരിശോധകനും നിരീക്ഷകനുമായിട്ടാണ്‌ നമ്മള്‍ക്ക്‌ അനുഭവപ്പെടുക.

നിരൂപണം നടത്തുന്ന ക്രുതിയുടെ ശീര്‍ഷകത്തില്‍ നിന്ന്‌, അല്ലെങ്കില്‍ അതിന്റെ ആവിഷ്‌കാര രീതിയില്‍ നിന്നും നര്‍മ്മം കണ്ടെത്തുന്ന ഒരു രീതി ഡോക്‌ടര്‍ നന്ദകുമാറിന്റെ സവിശേഷതയാണ്‌. ശ്രീ ജോസ്‌ ചെരിപുറത്തിന്റെ `അളിയന്റെ പടവലങ്ങ' എന്ന നര്‍മ്മകഥയെപ്പറ്റി എഴുതിയപ്പോള്‍ `പെമ്പിളയുടെ വ്യാക്കൂണും, അളിയയന്റെ പടവലങ്ങയും' എന്ന നര്‍മ്മരശമൂറുന്ന ശീര്‍ഷകമാണ്‌ അദ്ദേഹം കൊടുത്തത്‌. ഡോക്‌ടര്‍ നന്ദകുമാറിന്റെ നിരൂപണങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹം നിരൂപണം ചെയ്യുന്ന ക്രുതി വളരെ സൂക്ഷ്‌മമായി വായിച്ചിട്ടുണ്ടെന്ന്‌ മനസ്സിലാക്കാം. എഴുത്തുകാരന്‍ ഒരു പക്ഷെ വരികള്‍ ഇടയില്‍ പറയാതെ വിട്ട്‌ പോകുന്നത്‌ നിരൂപകന്‍ കാണുന്നുവെന്നല്ലേ സാഹിത്യവിചാരത്തിന്റെ അടിസ്‌ഥാനം. വിമര്‍ശനം, നിരൂപണം, ആസ്വാദനം എന്നീ മൂന്ന്‌ മേഖലകളിലൂടെ ഇദ്ദേഹം സഞ്ചരിക്കുന്നെങ്കിലും നിരൂപണത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നു.

വിമര്‍ശനം പലപ്പോഴും വ്യക്‌തിവിദ്വേഷം മൂലമൊ, വിമര്‍ശകന്റെ അറിവും സാഹിത്യക്രുതികളും തമ്മിലുള്ള ബന്ധത്തിന്റെ അന്തരം മൂലമോ, അടിസ്‌ഥാനരഹിതമായി ചിന്തകളുടെ ഫലമോ ആകാറുണ്ട്‌. എന്നാല്‍ നിരൂപണത്തില്‍ അത്തരം ഘടകങ്ങള്‍ കടന്നു വരുന്നിക്ല. നിരൂപണം എന്നാല്‍ പര്യാലോചന എന്നാണു്‌. ഒരു ക്രുതി സശ്രദ്ധം വായിച്ച്‌, അതിലെ വിഷയം, ആവിഷ്‌കാരം, ആശയ വിനിമയം, ഭാഷ, അത്‌ വായന കാരനു നല്‍കുന്ന സന്ദേശം എന്നിവയെ കുറിച്ച്‌ നിരൂപകന്‍ ഏകാഗ്ര ബുദ്ധിയോടെ ചിന്തിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ആ വിഷയത്ത്‌ക്കുറിച്ചുള്ള ചിന്ത മാത്രമാണു്‌. അങ്ങനെസുതാര്യമായ തന്റെ കാഴ്‌ച്ചപ്പാടിലൂടെ അദ്ദേഹം ക്രുതിയെ കുറിച്ച്‌ മനസ്സിലാക്കുന്നത്‌ കുറിക്കുന്നു. ഡോക്‌ടര്‍ നന്ദകുമാര്‍ ഇങ്ങനെ ഒരു മാത്രുക പിന്‍ തുടരുന്നു എന്നാണു എനിക്ക്‌ മനസ്സിലായിട്ടുള്ളത്‌.പുസ്‌തകങ്ങളെക്കുറിുച്ച്‌ എഴുതുന്നവ പുസ്‌തക പരിചയം എന്ന പേരിലും അറിയപ്പെടുന്നെങ്കിലും ഡോക്‌ടര്‍ നന്ദകുമാറിന്റെ നിരൂപണങ്ങള്‍ അത്തരം നിര്‍വ്വചനങ്ങളില്‍ ഉള്‍പ്പെടുന്നില്ല. നിരൂപണം ചെയ്യപ്പെടുന്ന ക്രുതി അല്ലെങ്കില്‍ വിഷയം സൂക്ഷമമയ പരിശോധന, അപഗ്രഥനം, വ്യാഖ്യാനം, അനുമാനം, എന്നിവയിലൂടെ അരില്ലെടുത്ത്‌ സ്വന്തമായ അഭിപ്രായം ഇദ്ദേഹം എഴുതുന്നു. ഒരു ക്രുതി എങ്ങനെയായിരിക്കണമെന്നു നിരൂപകന്‍ പറയുന്നത്‌ മുഴുവന്‍ ശരിയാണെന്ന്‌ ഇദ്ദേഹം വിശ്വസിക്കുന്നതായി കാണുന്നില്ല. .

ഡോക്‌ടര്‍ നന്ദകുമാറിന്റെ നിരൂപണങ്ങളിലെ ഭാഷ വളരെ ലളിതമാണു്‌. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, ദുര്‍ഗ്രഹമായ അലങ്കാരങ്ങളുമില്ലാതെ എഴുതുന്ന നിരൂപണങ്ങള്‍ എഴുത്തുകാരനും വായനകാരനും, എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തിലാണു്‌. പറയേണ്ടത്‌ നേരെ ചൊവ്വേ പറയുകയെന്ന ശൈലി ഇദ്ദേഹം സ്വീകരിച്ചിിട്ടുണ്ട്‌. എന്തു കൊണ്ടാണു്‌ ഓരൊ നിരൂപണങ്ങളിലും എത്തിചേരുന്നതെന്ന്‌ ഇദ്ദേഹം വിവരിക്കുന്നു. മറ്റ്‌ നിരൂപകരുടെ, എഴുത്തുകാരുടെ വരികള്‍ ചിലപ്പോഴെല്ലാം ഉദ്ധരിക്കുമെങ്കിലും അത്‌ വളരെ സന്ദര്‍ഭോചിതമാണെന്ന്‌ നമുക്ക്‌ ബോധ്യമാകും വിധത്തിലാണ്‌ അത്തരം ഉദ്ധരണികള്‍ ആശയത്തെ കൂടുതല്‍ സ്‌പഷ്‌ടമാക്കാന്‍ സഹായിക്കുന്നതായും കാണാം.

ഈ വിഷയത്തെകുറിച്ച്‌ സുദീര്‍ഘമായ ഒരു ലേഖനമെഴുതി ഞാന്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. ഈ സമ്മേളനത്തില്‍ എനിക്ക്‌ പങ്ക്‌ ചേരാന്‍ കഴിയാഞ്ഞതില്‍ അതീവ ഖേദമുണ്ട്‌. എങ്കിലും ഈ വരികളിലൂടെ ഞാന്‍ എന്റെ സാന്നിധ്യം അറിയിക്കുന്നു. ഇത്‌ എനിക്ക്‌ വേണ്ടി വായിക്കാന്‍ സന്മനസ്സ്‌ കാണിച്ച എന്റെ പ്രിയ സഹോദരന്‍ രാജു തോമസ്സിനു നന്ദി അറിയിക്കുന്നു. സദസ്സിലെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. ഡോക്‌ടര്‍ നന്ദ്‌കുമാര്‍ ധാരാളം നിരൂപണങ്ങള്‍ എഴുതി മലയാള ഭാഷയിലെ കുട്ടിക്രുഷ്‌ണമാരാരോ, എം.പി.പോളൊ, ജോസ്‌ഫ്‌ മുണ്ടശേരിയോ, ആശാ മേനോനോ, നരേന്ദ്രപ്രസാദോ അല്ലെങ്കില്‍ അവരേക്കാള്‍ ഉന്നതനോ ആകട്ടെ എന്ന ആത്മര്‍ത്ഥമായ ആശംസകളോടെ,

എത്സി യോഹന്നാന്‍ ശങ്കരത്തില്‍




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code