Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നുറുങ്ങുകള്‍ (10)   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

മാറ്റ്‌ 916


പാതിരാപ്പൂനിലാപ്പോലെവെളുത്തൊരു
പാരില്‍പിറന്നയെന്നപ്‌സരസുന്ദരി
ആതിരാനാളില്‍പിറന്ന എന്‍കണ്മണി
പത്തരമാറ്റുള്ളതങ്കമെന്നിങ്ങിനെ
പഞ്ചാരവാക്കുപറഞ്ഞുമയക്കിയ
വെണ്മണിശ്ലോകങ്ങള്‍ചൊല്ലിയിളക്കിയ
പ്രാണനേക്കാളും പ്രിയങ്കരി പ്രേയസി
കാലംകഴിയവേ ക്ലാവുപിടിച്ചുവോ ?


കാലാതീതം


പരിണാമതത്വമനുസരിച്ചാകിലോ
വാനരനെന്നോ മനുഷ്യനായില്ലയോ !
ഓട്ടവും ചാട്ടവും കാമഭ്രമങ്ങളും
ശാഖോപശാഖകള്‍ കേറിമറിയലും
കാണവെ, ഡാര്‍വിനു പറ്റിയ തെറ്റോര്‍ത്ത്‌
പൊട്ടിചിരിപ്പതും വാനരലക്ഷണം .


മുത്തായിരുന്നവള്‍ മോദമോടെ
മുത്തശ്ശിയായി പരിണമിച്ചു!!
മുത്തശ്ശനെന്നു വിളിച്ചിടുമ്പോള്‍
മുത്തനോ നീരസം ഡാര്‍വിനോടും !


കുട്ടന്‍


അച്ഛനുമമ്മയ്‌ക്കും കൊഞ്ചുവാന്‍കിട്ടില്ല
അഞ്‌ജനക്കട്ടയെ ഒന്നുപോലും .
എല്ലാവരുടേയും ലാളനാപാത്രമായ്‌
അമ്പാടിക്കുട്ടന്‍ വളര്‍ന്നുവന്നു !


അച്ഛന്‍റെ നാളിനുതന്നെ പിറന്നവന്‍
അച്ഛനേപ്പോലെ പഠിച്ചുയര്‍ന്നു .
എല്ലാ പരീക്ഷയും നന്നായെഴുതിയോന്‍
എഞ്ചിനീറിങ്ങിനു യോഗ്യനായി .


പുരോഗതി !


ആദ്യത്തെ കത്തിന്‌ ആഴ്‌ചയൊന്നു ;
പിന്നത്തെ കത്തിനൊ മാസമൊന്ന്‌.
അവസാനകത്തിന്‌ ആറുമാസായിട്ടും
മറുകുറിയോന്നുമേ കണ്ടതില്ല .

കുട്ടനു കെട്ടുവാന്‍


കുട്ടനെ കെട്ടുവാന്‍, കുട്ടനു കെട്ടുവാന്‍
കുട്ടിത്തംമാറിയ കുട്ടിവേണ്ടേ ?
കുട്ടിത്തംമാറിയ കുട്ടിയാണെങ്കിലും
കുട്ടിത്തമേറിയ കുട്ടിവേണം


ഏഴുപൊരുത്തം നിറഞ്ഞുനില്‍ക്കും
ഏഴഴകുള്ളോരാ മുത്തെവിടെ ?
ഏഴുലോകത്തിലും സുന്ദരിയായവള്‍
ഏഴാമിടമായി വന്നിടേണം.


ഏഴാംകടലിന്‍റെ അക്കരെയക്കരെ
ഏഴുകടത്തും കടന്നുചെന്ന്‌
ഏഴാം കുടീരത്തി, ലേഴാം നിലയിലെ
ഏഴാം മുറിയിലൊ(ളി)ഴിഞ്ഞിരിപ്പോ ?






കുരുക്ഷേത്രം


പാണ്ഡവരഞ്ചുപേര്‍ : അഞ്ചുപേര്‍പാണ്ഡവര്‍
കേള്‍ക്കേണ്ടെനിക്കീ പെരുംനുണയിന്നിനി
'പാണ്ഡവ'രാരെന്നു ചൊല്ലുമോ , മാതാവേ
'അഞ്ചുപേര്‍'മാത്രമോ 'പാണ്ഡുവിന്‍ ' മക്കളായ്‌


സംശയമുണ്ടെങ്കിലെണ്ണിനോക്ക്‌ , പെണ്ണേ

അച്ഛനാരെന്നും അവരോടു കേള്‍ക്ക നീ .
തര്‍ക്കിച്ചിടുവാന്‍, ജയിക്കുവാന്‍, തോല്‍ക്കുവാന്‍ കോന്തന്മാരഞ്ചുപേര്‍ ഉണ്ടലോ ചുറ്റിലും ?


ഉത്രമന്‍


ഉത്രം തിരുനാളിലാദ്യപാദത്തിലായ്‌
ഉത്തമപുത്രന്‍ പിറന്നുവീണൂ .
ഉത്തമാജാതകമെന്നു ചൊല്ലീട്ടവ
രെല്ലാവരുംകൂടി ഘോഷമായി


ഉത്രത്തിന്‍കാലില്‍ പിറന്ന ജയക്കുട്ട
നുത്തരമെണ്ണുന്ന ജോലിയിന്നും


ജയശ്രീ


എന്‍റെ ജയന്നു കൊടുക്കുവാന്‍ ശ്രീയുമായ്‌
ഭൂവില്‍ പിറന്ന ജയശ്രിയോ നീ ?
വിജയനും ദേവിയും പോറ്റിവളര്‍ത്തിയ
അപ്‌സരരാജകുമാരിയോ നീ ?

ഒന്നുമറിയാത്ത , ഒന്നിനും വയ്യാത്ത
കുട്ടനെനോക്കാന്‍ പിറന്നവള്‍ നീ
പക്ഷെ, നിനക്കുമറിയില്ലയൊന്നുമേ
ചങ്കരനൊത്തൊരു ചക്കി നീയും .


വിരഹിണി


കിഴക്കുദിക്കിലെ തായ്‌ വാനില്‍
പണിമുറുകണ നേരത്ത്‌
കിളുന്തുപെണ്ണേ നിന്നുടെയുള്ളില്‍
പെരുമ്പറ കൊട്ടണതെന്താണ്‌ ?


കിണറ്റിന്‍കരയില്‌ വെളുപ്പാന്‍കാലത്ത്‌
കവിളുതുപ്പണ നേരത്ത്‌
കദളിവാഴക്കുലയില്‍നോക്കി
കവിതമൂളിയതെന്താണ്‌ ?

ഇടവപ്പാതിയിലിടിമുകിലുകള്‍
ഇളിച്ചുകാട്ടണ നേരത്ത്‌
ഇളമപ്പെണ്ണേ , നിന്‍ കരളില്‍
ഇടിമുഴങ്ങണതെന്താണ്‌ ?
കിഴക്കുദിക്കിലെ തായ്‌ വാനില്‍ ...


അനുപമ


വര്‍ഷങ്ങളാറു കഴിഞ്ഞവാറെ
ലീലയ്‌ക്കു പിന്നെയും നാളുതെറ്റി .
അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതോ ;
സൂക്കേട്‌ വല്ലതും വന്നതാമോ .....

തന്തയും തള്ളയും ലജ്ജയോടെ
ആസ്‌പത്രിനോക്കി ഗമിച്ചിടുന്നു !
'ടെസ്റ്റു'കഴിഞ്ഞതും ഡോക്ടരമ്മ
കള്ളച്ചിരിയോടെ യാത്രയാക്കി !!!


മുപ്പതും നാല്‌പതും ആയശേഷം
.........................................................................




മധുവസന്തം


കോളേജില്‍ചേര്‍ന്നൊരുനാളുതൊട്ടേ ,
കൂടെ പഠിക്കും(?) പ്രദീപനെന്ന
സുന്ദരക്കുട്ടനാം വായിനോക്കി
എന്തിനോ(?) കൂടെ വിടാതെകൂടി .


വര്‍ഷം കൊഴിഞ്ഞു ; പറന്നുകാലം
ക്ലാസ്സുകയറ്റമോ , നിഷ്‌പ്രയാസം !
പ്രേമം വളര്‍ന്നൂ ; വിടര്‍ന്നുവന്നു
നാലാംകൊല്ലത്തിലോ , നട്ടപ്രാന്തായ്‌ !!


കൊച്ചുമകളുടെ രാഗവായ്‌പില്‍
അഛനുമമ്മയും എന്തുചെയ്യാന്‍ !
മറ്റൊരു വീട്ടിലും ഇപ്രകാരം
ഒന്നിനും വയ്യാത്ത കീഴടക്കം !!


വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞവാറെ
പുംഗവാന്‍ മെല്ലെ കടല്‍കടന്നു
അല്‍പം കഴിഞ്ഞതും കണ്മണിയാള്‍
മെല്ലെ പറന്നു പുറകെയെത്തി .


'ചക്രം' പോലെ


ഹേ സുന്ദരീ , നിന്‍ കുചദ്വയങ്ങള്‍
ശരിക്കും ചക്രവര്‍ത്തികള്‍ തന്നെ !
പ്രജകളില്‍നിന്നും 'കരം' ഗ്രഹിക്കുന്ന
രാജാവുപോലും അവക്ക്‌ 'കരം ' കൊടുക്കുന്നു


യൌവ്വനം


സൗന്ദര്യവും യൌവ്വനവും
കൊണ്ടെന്തു കാരിയം ?
കുചംതഴുകുന്ന കൈകള്‍
തന്‍റേതുതന്നെയെങ്കില്‍ ? ?


പാന്ഥായനം


ശങ്കിച്ചുനില്‍ക്കുന്ന പാന്ഥനോട്‌
കൂസാതുരച്ചോരാ ധര്‍മ്മപത്‌നി :


ഹേ പാന്ഥാ , അങ്ങാരാണ്‌ ?
വൈദ്യനാണെങ്കില്‍ അമ്മയുടെ
തിമിരത്തിനുള്ള മരുന്നുണ്ടോ ?
ജ്യോതിഷിയാണെങ്കില്‍ ദൂരെയുള്ള
എന്‍കാന്തന്‍ എന്നുതിരിച്ചുവരും ?


പയോധരത്തിന്‍റെ ഉയര്‍ച്ചകണ്ടാ
ണീവ്യാധിയെങ്കില്‍ പുലരെഗമിക്കാം !


കുട്ടികളുടെ വൈദ്യുതി


കിലോവോള്‍ട്‌ , കിലോവാട്ട്‌ , കിലോഹെര്‍ട്‌സ്‌
തെറ്റിപ്പറയുന്നു പത്രവും , റേഡിയോയും
പൊട്ടെന്‍ഷിയല്‍ വ്യത്യാസമാണ്‌ വോള്‍ട്ട്‌ ;
ശക്തിയാണ്‌ വാട്ട്‌ ... കുതിരശ്ശക്തിപോലെ .
പ്രത്യാവര്‍തി ആവര്‍ത്തനത്തിന്‍ നിരക്കാണ്‌
ഹെര്‍ട്‌സ്‌ , സൈക്കിളുകള്‍ പ്രതിസെക്കന്‍ഡ്‌ .
പതിനൊന്ന്‌കിലോവോള്‍ട്ട്‌ വൈദ്യുതിലൈന്‍ ...


കാവ്യം കഥേയം കഥ വൈദ്യുതീയം
കര്‍ത്താ തൃശിവപുരജാതവിദ്വാന്‍
ഗഹനം വിഷയം കിന്തു ലളിതം ഭാഷ
വിദ്യാര്‍ഥ്യുപകാരാര്‍ഥ മിദംഗ്രന്ഥം .


ശുഭം : ശുഭമസ്‌തു

C. S Sankara Warrier , Anubhuti Cherussery
Thaikkattussery -Ollur , Thrissu 680306
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code