Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മരണാനന്തരം അദൃശ്യ ജീവിതത്തിലേക്ക്‌ (ലേഖനം)   - പി. പി. ചെറിയാന്‍

Picture

നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ഞായറാഴ്‌ച രാവിലെ വീട്ടിലേക്ക്‌ പുറപ്പെട്ടപ്പോള്‍ പതിവില്‍ കഴിഞ്ഞ ക്ഷീണം അനുഭവപ്പെട്ടു. തിങ്കളാഴ്‌ച മുതല്‍ ആരംഭിച്ച ഡ്യൂട്ടി അവസാനിച്ചല്ലോ ' എന്ന്‌ ചിന്തിച്ചപ്പോള്‍ അല്‌പം ആശ്വാസവും. ആശുപത്രിയില്‍ നിന്നും പത്ത്‌ മൈല്‍ അകലെയുളള വീട്ടില്‍ എത്തിയതും ഗാരേജില്‍ കാര്‍ പാര്‍ക്ക്‌ ചെയ്‌തു പുറകുവശത്തെ വാതിലിലൂടെ അകത്തു കടന്നു. പെട്ടെന്നാണ്‌ എല്ലാം സംഭവിച്ചത്‌. തലയ്‌ക്കുളളില്‍ ശക്തിയായ വേദന അനുഭവപ്പെടുകയും അബോധാവസ്ഥയില്‍ നിലത്തേക്ക്‌ മറിഞ്ഞു വീഴുകയും ചെയ്‌തു.

ബോധം തെളിഞ്ഞപ്പോള്‍ ശിരസ്‌ മുതല്‍ പാദം വരെ വിവിധ ഉപകരണങ്ങള്‍ ഘടിപ്പിച്ചു ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുകയാണെന്ന്‌ മനസ്സിലായി. സംഭവം നടന്നിട്ട്‌ ഇരുപത്തിനാല്‌ മണിക്കൂറേ കഴിഞ്ഞിട്ടുളളൂ. അപകടനില തരണം ചെയ്‌തിട്ടില്ല. ബെഡിനു ചുറ്റും ഡോക്ടറന്മാരും നഴ്‌സുമാരും അടക്കം പറയുന്നു ? കിടക്കയില്‍ കിടന്നു തന്നെ കേട്ടു. കൂടി നിന്നവരുടെ മുഖഭാവം ശ്രദ്ധിച്ചപ്പോള്‍ എന്തോ സംഭവിക്കുവാന്‍ പോകുന്നു എന്നൊരു തോന്നല്‍. ചില മണിക്കൂറുകള്‍ കൂടി പിന്നിട്ടു.

ശ്വാസോച്ഛ്വാസത്തിനു അല്‌പം തടസ്സം നേരിട്ടു. അകത്തേക്കും പുറത്തേക്കുമുളള ശ്വാസത്തിന്‌ ഗതിവേഗം കുറഞ്ഞു വന്നു. കണ്ണുകളില്‍ ഇരുട്ടു വ്യാപിച്ചു. കേള്‍വി അശേഷം ഇല്ലാതായി. എല്ലാവരും നോക്കി നില്‍ക്കെ നാളിതുവരെ അഭയം നല്‍കിയ ശരീരത്തെ ഉപേക്ഷിച്ച്‌ തേജസ്സും ഓജസും നല്‍കിയിരുന്ന ആത്മാവ്‌ അന്തരീക്ഷത്തിലേക്ക്‌ പറന്നുയര്‍ന്നു. നിശ്ചലമായി കിടക്കുന്ന ശരീരത്തിന്റെ മാറില്‍ ഡോക്ടറന്മാര്‍ മാറിമാറി മുഷ്ടിയുദ്ധം നടത്തുന്നതാണ്‌ എവിടെയോ പോയി ഹാജര്‍ രേഖപ്പെടുത്തിയശേഷം തിരിച്ചെത്തിയ ആത്മവായി മാറിയ എനിക്ക്‌ കാണുവാന്‍ കഴിഞ്ഞത്‌.

അല്‌പ മിനിറ്റുകളുടെ അഭ്യാസത്തിനുശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന എല്ലാ ഉപകരണങ്ങളും നിമിഷനേരം കൊണ്ട്‌ എടുത്തുമാറ്റി. ഇനി ഇവിടെ കിടക്കാന്‍ അനുവാദമില്ലല്ലോ. നഴ്‌സുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ എത്തിയ രണ്ടു പേര്‍ ഒരു സ്‌ട്രക്‌ച്ചറിലേക്ക്‌ ശരീരം മാറ്റി ആംബുലന്‍സില്‍ അതിവേഗം ഫ്യൂണറല്‍ ഹോമിലെത്തിച്ചു. അന്ന്‌ രാത്രി മുഴുവന്‍ ഏകനായി മാര്‍ബിള്‍ മേശയില്‍ കിടക്കുമ്പോള്‍ കൂട്ടിന്‌ ഞാനും അവിടെ തന്നെ ഉണ്ടായിരുന്നു.

രാവിലെ കുടുംബാംഗങ്ങളില്‍ ഒരാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത ഒരു ഫോട്ടോ കൊണ്ടുവന്ന്‌ ഫ്യൂണറല്‍ ഉദ്യോഗസ്ഥനെ ഏല്‌പിച്ചു. മുപ്പതുവര്‍ഷമെങ്കിലും പഴക്കമുളള ആ മുഖം തയ്യാറാക്കുവാന്‍ വളരെ പാടുപെട്ടുവെങ്കിലും എല്ലാം കഴിഞ്ഞപ്പോള്‍ വളരെ സുന്ദരനായി കാണപ്പെട്ടു. വിവാഹ ദിവസം മാത്രം അണിഞ്ഞിരുന്ന സ്യൂട്ടും കോട്ടും കൂടി ധരിപ്പിച്ചപ്പോള്‍ ശരീരത്തിന്റെ അഴക്‌ വീണ്ടും വര്‍ദ്ധിച്ചു. അറുപത്തിരണ്ട്‌ വയസ്സായിരിക്കുന്നുവെങ്കിലും മുപ്പത്തിയഞ്ച്‌ വയസ്‌ ഇപ്പോള്‍ കാണുമ്പോള്‍ തോന്നൂ.

ഇവിടെ നടക്കുന്നതെല്ലാം സശ്രദ്ധം വീക്ഷിച്ചു ക്കൊണ്ട്‌ അല്‌പമകലെ മാറി നിന്നിരുന്ന പ്രിയ ഭാര്യയുടെ കവിളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. ദുഃഖം സഹിക്കാനാകാതെ പല സന്ദര്‍ഭങ്ങളിലും കണ്ണില്‍ നിന്നും അടര്‍ന്ന്‌ വീഴുന്ന ജലകണങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട്‌ ഒപ്പിയെടുത്ത്‌ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഇപ്പോള്‍ എനിക്കതിനാകുന്നില്ലല്ലോ.

വൈകുന്നേരത്തോടെ മനോഹരമായ കാസ്‌കറ്റിലാക്കിയ ശരീരം പൊതുദര്‍ശനത്തിനായി ദേവാലയത്തിലെത്തിച്ചു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനായി എത്തിയിരുന്നവരെ ശ്രദ്ധിച്ച്‌ കാസ്‌കറ്റിന്റെ ഒരു ഭാഗത്ത്‌ അദൃശ്യനായി ഞാനും നിലയുറപ്പിച്ചു. മനസഃക്ഷിയോട്‌ ഒരു ശതമാനം പോലും നീതി പുലര്‍ത്താതെയുളള അനുശോചന സന്ദേശങ്ങള്‍ കേട്ടപ്പോള്‍ ആത്മാവ്‌ പോലും അബോധാവസ്ഥയിലാകുമോ എന്ന ഭയം എന്നെ കീഴ്‌പ്പെടുത്തിയിരുന്നില്ല. ശുശ്രൂഷകള്‍ പൂര്‍ത്തികരിച്ചു ശ്‌മശാന ഭൂമിയില്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന കൂടാരത്തിലേക്കു ശവമഞ്ചം മാറ്റപ്പെട്ടു. റൂമാല്‍ കൊണ്ട്‌ മുഖം മറച്ചതിനുശേഷം സഹോദരന്മാരെ പാതാള വഴിയായി ഞാന്‍ കടന്നു പോകുമ്പോള്‍ എന്ന പ്രാര്‍ഥന മുഖ്യ കാര്‍മ്മികന്റെ അധരങ്ങളിലൂടെ പുറത്തേയ്‌ക്കൊഴുകിയപ്പോള്‍ മനുഷ്യ ജീവിതത്തിന്റെ താല്‌ക്കാലികതയെ കുറിച്ചുളള അവബോധം പലരുടേയും കണ്ണുകളെ ഈറനണിയിച്ചു.

മണ്ണിനാല്‍ മെനയപ്പെട്ട മനുഷ്യന്‍ മണ്ണിലേക്ക്‌ മടങ്ങണമെന്ന ആജ്ഞ നിറവേറ്റുന്നതിന്‌ ആറടി മണ്ണിലേക്ക്‌ ശരീരം അടക്കം ചെയ്‌ത മഞ്ചം സാവകാശം താഴത്തപ്പെട്ടു. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വീടുകളിലേക്ക്‌ യാത്രയായി. പുഷ്‌പാലങ്കൃതമായ മണ്‍കൂനയേയും നോക്കി കൊണ്ട്‌ എത്രനേരം അവിടെ ചിലവഴിച്ചു എന്നറിയില്ല. പരിചിതമായ ഒരു ശബ്ദം കേട്ട്‌ തിരഞ്ഞു നോക്കിയപ്പോള്‍ കണ്ടത്‌ മറ്റാരേയും മായിരുന്നില്ല. ധനവാനേയും ലാസറിന്റേയും കഥ സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകനെ തന്നെ. നഗ്‌ന നേത്രങ്ങള്‍ക്കു അദൃശ്യമായി മറ്റുളളവരെ കാണുന്നതിനും കേള്‍ക്കുന്നതിനും ധനവാനു കഴിഞ്ഞുവെങ്കില്‍ മരണശേഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും അതിനു അര്‍ഹതയുണ്ടെന്നു പറഞ്ഞ അധ്യാപകന്റെ വാക്കുകള്‍ എത്ര യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ഇപ്പോള്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ട ശരീരത്തിലേക്ക്‌ വീണ്ടും പ്രവേശിക്കുവാന്‍ എത്രനാള്‍ കൂടി കാത്തിരിക്കേണ്ടി വരും? എനിക്കു മുമ്പേ ശരീരമുപേക്ഷിച്ചു അന്ത്യകാഹളം മുഴങ്ങും വരെ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ആത്മാക്കളുടെ ഗണത്തില്‍ ചേരുക തന്നെ. മണ്‍കൂനയുടെ സമീപത്തു നിന്നും അനന്ത വിഹായസ്സിലേക്ക്‌ പറന്നുയരുമ്പോള്‍ മണ്‍മറഞ്ഞു പോയ മാതാപിതാക്കള്‍ ഉള്‍പ്പെടെ വലിയൊരു സമൂഹം എന്നെ സ്വീകരിക്കാനെത്തിയിരുന്നു.
 



Comments


XX
by Raju, US on 2015-10-05 13:08:02 pm
Yes this all about life


N/A
by Rajan James, Toronto on 2015-10-02 18:39:11 pm
After a certain age we all thinking and imagin this view sometimes but your story is very short and sweet...good job..


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code