Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടിപ്പു സുല്‍ത്താനെന്ന ചരിത്രനാടകത്തിന്റെ ഐതിഹാസികാവതരണത്തിനു ശേഷം തട്ടകം റിയാദിന്റെ പുതിയ നാടകം നുകം അരങ്ങിലേക്ക്‌   - ജയന്‍ കൊടുങ്ങല്ലൂര്‍

Picture

റിയാദ് : സൗദിഅറേബ്യയിലെ മലയാളികളുടെ നാടകബോധത്തെ അടിമുടി മാറ്റിപ്പണിതുകൊണ്ടാണ് ജയന്‍ തിരുമന അദ്ദേഹത്തിന്‍റെ മൂന്ന്‍ നാടകങ്ങള്‍ റിയാദില്‍ അവതരിപ്പിച്ചത്. ആ മൂന്ന്‍ നാടകങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതും എണ്‍പതിലേറെ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് സമ്പന്നമായതും ഏറെ പണച്ചിലവേറിയതും ചരിത്രത്തോടും തിയേറ്റര്‍ സങ്കല്‍പ്പത്തോടും കൂടുതല്‍ നീതി പുലര്‍ത്തിയതും തട്ടകം അവതരിപ്പിച്ച "ടിപ്പു സുല്‍ത്താന്‍" എന്ന ഐതിഹാസിക നാടകമായിരുന്നു.
 
സൗഹൃദ സാംസ്കാരിക സംഘടനകള്‍ അവതരിപ്പിച്ച "തീപ്പൊട്ടനും" "കുഞ്ഞാലി മരയ്ക്കാരും" മറുനാടന്‍ മലയാളി നാടകപ്രവര്‍ത്തനത്തനങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തട്ടകത്തിന്റെ അടുത്ത നാടകം മലയാളത്തിലെ ഏറ്റവും പ്രശസ്തനായ മനോജ്‌ നാരായണന്‍ എന്ന യുവ സംവിധായകനെ കൊണ്ട് അരങ്ങിലെത്തിക്കണമെന്ന ധാരണ ഉണ്ടാകുന്നത്.
 
അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള "നുകം" എന്ന നാടകത്തിന്റെ രചന സുരേഷ് ബാബു ശ്രീസ്ഥ നിര്‍വഹിക്കുന്നു. കുട്ടികളുടെ നാടകകളരിയിലൂടെ രൂപപ്പെടുന്ന "മലയാളം കാണാന്‍ വായോ" എന്ന കാവ്യ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മനോജ്‌ നാരായണന്‍ തന്നെയാണ്. റിയാദിലെ സണ്‍സിറ്റീസ് പോളിക്ളിനിക്കാണ് നാടകാവതരണങ്ങളുടെ മുഖ്യ പ്രായോജകര്‍.
 
2010, 2011, 2012, 2014 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരങ്ങളിലെ മികച്ച സംവിധായകനും 2007, 2010, 2011 എന്നീ വര്‍ഷങ്ങളിലെ മികച്ച നാടകങ്ങളുടെ സംവിധായകനും മനോജ്‌ നാരായണന്‍ ആയിരുന്നു. 2005 ല്‍ കേരള സംഗീത അക്കാദമിയുടെ കുട്ടികളുടെ നാടകത്തിന്റെ സംവിധായകനും അദ്ദേഹമായിരുന്നു. ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നാടകത്തിനും അതിന്റെ സംവിധാനത്തിനും അഖിലേന്ത്യാ തലത്തില്‍ ലഭിച്ച ഫെയ്മ പുരസ്കാരം അമേച്വര്‍ നാടക രംഗത്തെ അദ്ദേഹത്തിന്‍റെ മികവിന് തെളിവാണ്.
 
കേരളത്തിലെ ഏറ്റവും മുന്‍നിരയിലുള്ള കെ പി എ സി, കോഴിക്കോട് രംഗഭാഷ, കണ്ണൂര്‍ സംഘ ചേതന, പൂക്കാട്‌ കലാലയം എന്നീ സമിതികള്‍ക്ക് വേണ്ടി തുടര്‍ച്ചയായി നാടകം സംവിധാനം ചെയ്യുന്നത് മനോജാണ്. കുറിയേടത്ത് താത്രി, ശ്രീനാരായണ ഗുരു, നീലക്കുയില്‍, പ്രണയസാഗരം, ഗോവര്‍ദ്ധന്റെ യാത്രകള്‍, കുരങ്ങുമനുഷ്യന്‍, ന്‍റെപ്പൂപ്പാക്കൊരാനെണ്ടാര്‍ന്നു എന്നിവ അദ്ദേഹത്തിന്‍റെ മികച്ച നാടകങ്ങളില്‍ ചിലതാണ്.
 
നാടകരംഗത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയ സുരേഷ് ബാബു ശ്രീസ്ഥ നാടകത്തിന്റെ അരങ്ങേറ്റത്തോടനുബന്ധിച്ച് റിയാദില്‍ എത്തിച്ചേരും. കൂടാതെ പ്രകാശ നിയന്ത്രണ രംഗത്തെ പ്രതിഭ കാശീനാഥനും നാടകത്തെ അരങ്ങില്‍ വിജയിപ്പിക്കാന്‍ എത്തുന്നുണ്ട്. ബഷീര്‍ ചേറ്റുവ, ബാബു അമ്പാടി എന്നിവരുടെ നേതൃത്വത്തില്‍ നാടക പരിശീലനം പുരോഗമിക്കുകയാണ്.
 
അനില്‍ അളകാപുരി റിഹേഴ്സല്‍ മാനേജരും ബിനു ശങ്കരന്‍ ക്യാമ്പ് മാനെജരുമാണ്. കുട്ടികളുടെ നാടക ക്യാമ്പിന്റെ ചുമതല സുജിത്തിനാണ്. സന്തോഷ്‌ ജോസഫ്, റഫീഖ് മാനംകേറി, ശോഭനന്‍, അനില്‍ ചിറയ്ക്കല്‍, വാസുദേവന്‍, ഷാജഹാന്‍ എന്നിവര്‍ സംഘാടനത്തിന്റെ ചുമതല വഹിക്കുന്നു. അലക്സ് കൊട്ടാരക്കരയ്ക്കാണ് മാധ്യമ വിനിമയത്തിന്റെ ചുമതല.
 
പത്രസമ്മേളനത്തില്‍ തട്ടകം ചെയര്‍മാന്‍ പ്രമോദ് കുമാര്‍ കോഴിക്കോട് പുതിയ നാടകത്തെയും സംവിധായകനെയും പരിചയപ്പെടുത്തി. എം ഫൈസല്‍ തട്ടകത്തിന്റെ നാടകപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അരങ്ങിലെത്താന്‍ പോകുന്ന രണ്ടു നാടകങ്ങളുടെ പശ്ചാത്തലം സംവിധായകന്‍ മനോജ് നാരായണന്‍ പങ്കുവച്ചു. തീവ്ര മതചിന്തകൊണ്ടും വര്‍ഗ്ഗീയ വിദ്വേഷം കൊണ്ടും കലുഷിതമായ നമ്മുടെ വര്‍ത്തമാന ജീവിതത്തില്‍ പൂക്കള്‍, നിറങ്ങള്‍, ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന നാടകമാണ് നുകം.
 
അസഹിഷ്ണുതയും വെറുപ്പും ഇല്ലാത്ത ഒരു സമൂഹ സൃഷ്ടിക്കായി സ്നേഹത്തിന്റെ ഭാഷയില്‍ പ്രതികരിക്കുന്നതാണ് നുകം എന്ന നാടകം. മലയാള ഭാഷയും സംസ്കാരവും കലകളും സാഹിത്യ രൂപങ്ങളും കടന്നുപോയ വഴികളെ കാവ്യാത്മകമായി അവതരിപ്പിക്കുകയാണ് മലയാളം കാണാന്‍ വായോ എന്ന നാടകത്തില്‍.
 
നാടകപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം സ്നേഹമാണെന്ന് മനോജ്‌ നാരായണന്‍ പറഞ്ഞു. സാമൂഹിക വിമര്‍ശനം ഉള്‍ക്കൊള്ളുന്ന നാടകവുമായി അരങ്ങത്ത് വരുമ്പോള്‍ പലപ്പോഴും ഭീഷണി ഉണ്ടാകാറുണ്ട്. അടുത്ത കാലത്ത് ശ്രീനാരായണ ഗുരു എന്ന നാടകം ചെയ്തപ്പോള്‍ അങ്ങനെ ചിലതുണ്ടായി. കലാകാരന്‍ അതിനെയൊന്നും ഗൌനിക്കുന്നവനോ ഭയക്കുന്നവനോ അല്ല. 
 
റിയാദിലെ നാടകപരിശീലനത്തിനിടയില്‍ പ്രതിഭയുള്ള നിരവധി അഭിനേതാക്കളെ കാണാന്‍ സാധിച്ചത് സന്തോഷം നല്‍കുന്നു. തൊഴില്‍ തിരക്കുകള്‍ക്കിടയിലും അവര്‍ക്ക് കലയോടുള്ള സമര്‍പ്പണം തന്നെ വിസ്മയിപ്പിക്കുന്നു എന്നും മനോജ്‌ പറഞ്ഞു.
 
സ്വതന്ത്രമായ രംഗാവിഷ്കാരത്തിനുള്ള വേദിയാണ് തട്ടകമെന്നും അവിടെ വിഭജനങ്ങള്‍ക്കോ വെറുപ്പിനോ അസഹിഷ്ണുതക്കോ സ്ഥാനമില്ലെന്നും പ്രമോദ് കുമാര്‍ കോഴിക്കോട് പറഞ്ഞു. ഡിസംബര്‍ 4 ന് റിയാദിലും 11 ന് ദാമ്മാമിലും നാടകം അരങ്ങേറും. സണ്‍സിറ്റീസ് പോളിക്ലിനിക് ഡയരക്ടര്‍ അനീഷ്‌ ചിറയ്ക്കല്‍, തട്ടകം കണ്‍വീനര്‍ ഇസ്മയില്‍ കണ്ണൂര്‍, അലക്സ് കൊട്ടാരക്കര, അനില്‍ ചിറയ്ക്കല്‍, രക്ഷാധികാരികളായ സന്തോഷ്‌ ജോസഫ് തലമുകില്‍, എം ഫൈസല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code