Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാഷ്‌ട്രീയക്കാരുടെ മനസ്‌ തിളങ്ങിയാലേ ഇന്ത്യ തിളങ്ങൂ; സെര്‍ജി ആന്റണി

Picture

ചിക്കാഗോ: അസഹിഷ്‌ണുത വര്‍ധിക്കുന്നുവെങ്കിലും ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ ഭാവിയെപ്പറ്റിയോ, മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെപ്പറ്റിയോ അതിരുകവിഞ്ഞ ആശങ്കക്ക്‌ അടിസ്ഥാനമില്ലെന്ന്‌ കേരള മീഡിയ അക്കാഡമി ചെയര്‍മാനും, ദീപികയുടെ ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി. ഇന്ത്യ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആ റാമത്‌ കണ്‍വന്‍ഷനില്‍ `പത്രസ്വാതന്ത്ര്യവും കോര്‍പറേറ്റുകളുടെ ആധിപത്യവും' എന്ന വിഷയത്തെപറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ മൂല്യം വളരെ വലുതാണ്‌. 2012ലെ സെന്‍സസ്‌ പ്രകാരം രാജ്യത്തെ 37 ശതമാനം ജനങ്ങള്‍ക്ക്‌ രണ്ടുനേരം വയറുനിറയെ ഭക്ഷണം ലഭിക്കുന്നില്ലെങ്കിലും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ പിന്നിലല്ല. അടിയന്തരാവസ്ഥക്ക്‌ ശേഷം ഉണ്ടായ ജനാധിപത്യ മുന്നേറ്റം തന്നെ തെളിവായെടുക്കാം.

കോര്‍പറേറ്റ്‌ ആധിപത്യം മാധ്യമ മേഖലയില്‍ എന്നും ഉണ്ടായിരുന്നു. ചണ വ്യവസായികളാണ്‌ ആദ്യത്തെ പത്രങ്ങള്‍ സ്ഥാപിച്ചത്‌. ഗാന്ധിജി നാലു പത്രത്തിന്റെ ഉടമയും പത്രാധിപരുമായിരുന്നു. ലാഭ നഷ്‌ടമില്ലാത്ത ബിസിനസായാണ്‌ അദ്ദേഹം അതിനെ കണക്കാക്കിയത്‌.

കോര്‍പറേറ്റ്‌ ആധിപത്യത്തിനു കീഴില്‍ മാധ്യമ പ്രവര്‍ത്തകര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌. പക്ഷെ പണമുള്ളതു കൊണ്ടു മാത്രം എല്ലാവരും ജനാധിപത്യ വിരുദ്ധര്‍ എന്നര്‍ത്ഥമില്ല. പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ്‌ പ്രശ്‌നം. അതേസമയം സാമൂഹിക പ്രതിബദ്ധതയില്ലാത്തവരും മാധ്യമ രംഗത്തുണ്ട്‌. രാഷ്‌ട്രീയക്കാരെ എങ്ങനെയും പ്രീണിപ്പിച്ചാലേ നിലനില്‍പ്പുള്ളൂ എന്നു കരുതുന്നവര്‍.

തന്നെ വിമര്‍ശിച്ച്‌ കാര്‍ട്ടൂണ്‍ വരയ്‌ക്കാത്തതില്‍ ശങ്കറിനോട്‌ പരാതി പറഞ്ഞ നെഹ്‌റുവിനു ശേഷം രാഷ്‌ട്രീയ നേതാക്കള്‍ക്കു പൊതുവെ സഹിഷ്‌ണുത കുറഞ്ഞു. വിമര്‍ശകരെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളുണ്ടായി. മിക്കവരും തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്താന്‍ മാത്രം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു. ആദ്യം ഈ രാഷ്‌ട്രീയക്കാരുടെ മനസ്‌ തിളങ്ങണം. എന്നാലേ ഇന്ത്യ തിളങ്ങുകയുള്ളൂ. ഈ തിളക്കമില്ലായ്‌മയുടെ പ്രശ്‌നങ്ങളാണ്‌ ഇന്ന്‌ കാണുന്നത്‌.

പക്ഷെ ഗുണകരമായ മാറ്റങ്ങളുമുണ്ട്‌. അവയെ വിലകുറച്ച്‌ കാണരുത്‌. സ്‌മാര്‍ട്ട്‌ സിറ്റി, മെട്രോ റെയില്‍ തുടങ്ങിയവയുടെയൊക്കെ നേട്ടം മാധ്യമങ്ങള്‍ക്ക്‌ അറിയാം. പേപ്പട്ടിയെ പോലും കൊല്ലാന്‍ പാടില്ല എന്ന നിര്‍ദേശം വന്നപ്പോള്‍ അതിനെതിരേ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ രംഗത്തിറങ്ങിയപ്പോള്‍ ഫലമുണ്ടായി.

മാധ്യമങ്ങള്‍ക്ക്‌ സാമൂഹിക പ്രതിബദ്ധത ഇല്ലാതാകുമ്പോള്‍ അപചയം സംഭവിക്കുന്നു. മാധ്യമങ്ങള്‍ തമ്മില്‍ മത്സരം കടുക്കുമ്പോള്‍ അതും ഗുണമേന്മയെ ബാധിക്കുന്നു.

പത്രങ്ങളുടെ പ്രചാരം കേരളത്തില്‍ കൂടിയിട്ടുണ്ടെങ്കിലും അവയുടെ വളര്‍ച്ചാ നിരക്ക്‌ കുറഞ്ഞിരിക്കുന്നു. എങ്കിലും അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും പത്രങ്ങള്‍ക്ക്‌ ഒന്നും പേടിക്കാതെ മുന്നോട്ടു പോകാം. അതുകഴിഞ്ഞ്‌ സ്ഥിതി മാറാം.

മാധ്യമങ്ങള്‍ എക്‌സ്‌ക്ലൂസീവുകള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും അതിനു പലപ്പോഴും ഫോളോഅപ്പില്ല. ഒരു ദിവസം കഴിഞ്ഞ്‌ അതു വിസ്‌മരിക്കപ്പെടുന്നു. എക്‌സ്‌ക്ലൂസീവുകള്‍ ഇന്ന്‌ ഏതായാലും കുറവാണ്‌. ചാനലുകളിലാണ്‌ വല്ലപ്പോഴും വരാറ്‌.

ഒരു കോടിയുടെ മാനനഷ്‌ടക്കേസ്‌ കൊടുക്കണമെങ്കില്‍ പത്തുലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നതാണ്‌ സ്ഥിതി. അത്രയും തുക ഇല്ലായിരുന്നതു കൊണ്ട്‌ ഡോ. തോമസ്‌ ഐസ ക്‌ പത്തുലക്ഷത്തിന്റെ മാനനഷ്‌ടക്കേസ്‌ നല്‍കി.

അന്ത്യകാലത്ത്‌ പള്ളിയില്‍ പോയി കുമ്പസാരിച്ച്‌ കുര്‍ബാന കൈക്കൊള്ളാന്‍ ടി.വി തോമസ്‌ ആഗ്രഹിച്ചെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തില്‍ ലേഖനത്തില്‍ പരാമര്‍ശിച്ചത്‌ വലിയ വിവാദമായി. പൗവത്തിലിനെപ്പറ്റി ഏറ്റവും നിന്ദ്യമായ പരാമര്‍ശങ്ങളാണ്‌ ഇടതു നേതാക്കളില്‍ നിന്നുണ്ടായത്‌. ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞത്‌ ശരിയെന്ന്‌ ടി.വി.ആര്‍ ഷേണായ്‌ ശരിവച്ചതോടെ വിവാദം തീര്‍ന്നു. പിന്നെ അതേപ്പറ്റി ആരും മിണ്ടിയിട്ടില്ല.

സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ മാധ്യമ മുതലാളിമാരൊന്നും നിഷേധിക്കുമെന്നു കരുതുന്നില്ല. അതേസമയം കാര്യങ്ങളെ വിവിധ കോണുകളിലൂടെ കാണേണ്ടതുണ്ട്‌. അതുമൂലം പരാതികളും ഉണ്ടാകുന്നു.

ജോര്‍ജ്‌ ജോസഫ്‌ മോഡറേറ്ററായിരുന്നു. പാനലിസ്‌റ്റുകളായ റെജി ജോര്‍ജ്‌, സിറിയക്‌ കൂവക്കാട്ടില്‍, ജോണ്‍ ഇലയ്‌ക്കാട്ട്‌, സ്‌റ്റീഫന്‍ കിഴക്കേക്കൂറ്റ്‌, സ്‌റ്റാന്‍ലി കളരിക്കമുറിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code