ന്യൂഡല്‍ഹി: ധീരജവാന് ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി(ആര്.ആര് ആശുപത്രി)യില്‍ രാവിലെ 11.45നായിരുന്നു 33കാരനായ ധീരസൈനികന്‍െറ മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതാണ് മരണത്തിന് കാരണമായത്.
സിയാചിന്‍ മഞ്ഞിടിച്ചിലില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയതിന് ശേഷമാണ് ഹനുമന്തപ്പയെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തിന്‍െറ നില ഗുരുതരമായി തുടരുകയായിരുന്നു.അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം എല്ലാവരും മരിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഫെബ്രുവരി എട്ടിന് സൈനികര്‍ നടത്തിയ തെരച്ചിലില്‍ ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എയര്‍ഫോഴ്സിന്‍െറ എല്ലാ സംവിധാനങ്ങളോടും കൂടിയ വിമാനത്തില്‍ ഹനുമന്തപ്പയെ ഡല്‍ഹിയില്‍ എത്തിക്കുയായിരുന്നു. മഞ്ഞിനടിയില്‍ 35 അടി താഴ്ചയില്‍ നിന്നാണ് ഹനുമന്തപ്പയെ രക്ഷിച്ചത്.
ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന്‍െറ ശരീരോഷ്മാവ് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. കരളും വൃക്കയും പ്രവര്‍ത്തന രഹിതമായി. തലച്ചേറിലേക്കുള്ള ഓക്സിജന്‍െറ പ്രവാഹവും നിലച്ചു. ശരീരോഷ്മാവ് കൂട്ടാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. എയിംസില്‍ നിന്ന് വിഗദ്ധ ഡോക്ടര്‍മാരുടെ സംഘമായിരുന്നു ഹനുമന്തപ്പയുടെ ജീവന് രക്ഷിക്കാന്‍ പരിശ്രമിച്ചത്.
അമ്മയും ഭാര്യയും ഒന്നരവയസ്സുകാരി മകളും അടങ്ങുന്നതാണ് കര്‍ണാടകയിലെ ധാര്‍വാഡ് സ്വദേശിയായ ഹനുമന്തപ്പയുടെ കുടുംബം. ഫെബ്രുവരി മൂന്നിനാണ് മദ്രാസ് റെജിമെന്റിലെ പത്തു സൈനികര്‍ സിയാചിനില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ പെട്ടത്. ഒരു മലയാളിയും ഇതില്‍ അകപ്പെട്ടിരുന്നു. കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് സുധീഷ് ആണ് മരിച്ച മലയാളി സൈനികന്.
ഹനുമന്തപ്പയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
Comments