Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിങ്ങളുടെ മൊബൈല്‍ ഫോണിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പുതിയ ആപ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു   - നവാസ് മേത്തര്‍

Picture

തലശേരി: മൊബൈല്‍ ഫോണില്‍ പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്പ് കേരളത്തിലെ നൂറു കണക്കിന് കുടുംബ ബന്ധങ്ങള്‍ തകര്‍ത്തുകൊണ്ടു വ്യാപകമാകുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കളമൊരുക്കിയും രാജ്യസുരക്ഷയെവരെ ബാധിക്കുന്ന തരത്തിലുമുള്ള ഈ ആപ്പ് ഉപയോഗിച്ച് നടന്നിട്ടുള്ള തട്ടിപ്പുകളെ കുറിച്ച് പോലീസും അന്വേഷണം ഊര്‍ജിതമാക്കിക്കഴിഞ്ഞു. ഈ ആപ്പിനെക്കുറിച്ച് വിശദമായി പഠിച്ചു വരികയാണെന്ന് എറണാകുളം ഐജി എസ്.ശ്രീജിത്ത് പറഞ്ഞു.

ആറ് മാസം മുമ്പ് എത്തിയ ഈ ആപ്പ് ഉപയോഗിച്ച് ഇതിനകം നിരവധി മൊബൈലുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ആന്‍ഡ്രോയിഡ് സെറ്റുകളിലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട ആപ്പ് നൂറു കണക്കിന് കുടുംബ ബന്ധങ്ങള്‍ ഇതിനകം തകര്‍ത്തു കഴിഞ്ഞു. നാട്ടിലുള്ള ഭാര്യമാരുടെ അവിഹിതങ്ങളും മറ്റും വിദേശത്തിരുന്ന് കൈയോടെ പിടികൂടുന്ന ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുകയും അമ്മയുടെ വഴി വിട്ട സൗഹൃദം മകന്‍ കൈയോടെ പിടിക്കുകയും ചെയ്തതടക്കം നൂറു കണക്കിന് സംഭവങ്ങളാണ് ഇതിനകം ഉണ്ടായിട്ടുള്ളത്.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈലിലെ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് മറ്റൊരു ഫോണിലെ വാട്‌സ് ആപ്പ് ഓണ്‍ ചെയ്ത ശേഷം ആ ഫോണിന്റെ ക്യാമറയുടെ ഭാഗം സ്കാന്‍ ചെയ്താല്‍ സ്കാന്‍ ചെയ്യപ്പെടുന്ന ഫോണിലേക്ക് വരുന്ന വാട്‌സ് അപ്പ് സന്ദേശങ്ങളും ചിത്രങ്ങളുമുള്‍പ്പെടെ എല്ലാ വിവരങ്ങളും പൂര്‍ണമായും പുതിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള മൊബൈലില്‍ ലഭിക്കുന്നു. ദമ്പതികള്‍ക്കു പുറമെ ബിസ്‌നസ് പങ്കാളികള്‍ തങ്ങളുടെ വിവരങ്ങളും രഹസ്യമായി ചോര്‍ത്താന്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. വിദേശത്തെ പല ഭര്‍ത്താക്കന്മാരും പങ്കാളിയുടെ മൊബൈല്‍ ഇത്തരത്തില്‍ സ്കാന്‍ ചെയ്ത ശേഷമാണ് വിദേശത്തേക്ക് പോയിട്ടുള്ളത്. വിദേശത്തെത്തിയ പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ കാമുകന്‍മാരുമായി ചാറ്റ് ചെയ്യുന്ന ചൂടന്‍ ഡയലോഗുകളും ചൂടന്‍ ചിത്രങ്ങളുമാണ് ലഭിച്ചത്. ഇത്തരത്തില്‍ വ്യക്തമായ തെളിവുകളുമായി നാട്ടിലെത്തിയ ചിലര്‍ ഭാര്യയെ കൈയോടെ വീട്ടില്‍കൊണ്ടു ചെന്നാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വടക്കേ മലബാറില്‍ തന്നെയുള്ള ഒരു കുടുംബത്തില്‍ അമ്മയുടെ മൊബൈല്‍ ഉപയോഗങ്ങളില്‍ സംശയം തോന്നിയ മകന്‍ ഈ സംവിധാനമുപയോഗിച്ച് മാതാവിന്റെ ഫോണ്‍ സ്കാന്‍ ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തത് ആ കുടുംബം തകരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. മാതാവിന് കാമുകനയക്കുന്ന നീലചിത്രങ്ങളാണ് മകന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് മകന്‍ വീടുവിട്ടിറങ്ങുകയും സംഭവങ്ങള്‍ മകന്‍ മനസിലാക്കിയെന്ന് അറിഞ്ഞ മാതാവ് ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. മകളുടെ മൊബൈല്‍ ചോര്‍ത്തിയ പിതാവിന് ലഭിച്ചതും ഞെട്ടിക്കുന്ന വിവരങ്ങള്‍. മകള്‍ക്ക് വരുന്ന ചൂടന്‍ വിഭവങ്ങള്‍ കണ്ട പിതാവ് മകളെ പിടികൂടി. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ ദിവസേന നടന്നു വരുന്നത്.

എന്നാല്‍ ഇതിനേക്കാള്‍ ഗൗരവമേറിയ നൂറുകണക്കിന് വിഷയങ്ങള്‍ ഈ ആപ്പിലൂടെ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സഹയാത്രികരും മറ്റും ഒരു കോള്‍ ചെയ്യാനെന്ന വ്യാജേന വാങ്ങുന്ന ഫോണ്‍ നാല് സെക്കന്‍ഡ് കൊണ്ട് സ്കാന്‍ ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ സ്കാന്‍ ചെയ്യപ്പെടുന്നതോടെ ആ മൊബൈലിന്റെ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെടുന്നു. കംപ്യൂട്ടറിന്റെ എല്ലാ സംവിധാനങ്ങളുമടങ്ങുന്ന ഇന്നത്തെ മൊബൈലുകളിലാണ് കൂടുതല്‍ വിവരങ്ങളും ആളുകള്‍ സൂക്ഷിക്കുന്നത്. മൊബൈലില്‍ സൂക്ഷിച്ചിട്ടുള്ള മുഴുവന്‍ രഹസ്യങ്ങളുള്‍പ്പടെയുള്ള വിവരങ്ങള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്നു.

ബാങ്ക് അക്കൗണ്ടുകളും എടിഎം കോഡുകളും ഉള്‍പ്പടെ ഇത്തരത്തില്‍ ചോര്‍ത്താന്‍ സാധിക്കുമെന്നതിനാല്‍ പണം തട്ടിപ്പിനും ഇതുകാരണമാകുന്നു. എടിഎം കാര്‍ഡിന്റെ കോഡ് ലഭിച്ചാല്‍ കാര്‍ഡില്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ തട്ടിപ്പുകാര്‍ക്ക് പെട്ടെന്ന് സാധിക്കുമെന്ന് ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഹാക്കര്‍മാര്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും ബാങ്കുകളില്‍ വ്യാപകമായി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി വരുന്നതെന്നും സംശയിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ ദിവസേന പുറത്ത് വരുന്നതിനിടയിലാണ് പുതിയ ആപ്പിന്റെ വിവരവും പുറത്ത് വന്നിട്ടുള്ളത്. ഒരു കാരണവശാലും അപരിചതര്‍ക്ക് മൊബൈല്‍ ഫോണ്‍ ഒരു മിനിറ്റ് സമയത്തേക്ക് പോലും കൊടുക്കരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. സുരക്ഷ പരിഗണിച്ച് ആപ്പിന്റെ പേര് വാര്‍ത്തയില്‍ ചേര്‍ക്കു­ന്നില്ല.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code