Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സഭയിലാകെ ലാളിത്യത്തിന്റെ ചൈതന്യം നിറയണം: മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Picture

 കൊടകര: സഭയിലാകെ ലാളിത്യത്തിന്റെ ചൈതന്യവും കുടുംബ കേന്ദ്രീകൃതമായ സഭാശുശ്രൂഷകളും കൂടുതല്‍ സജീവമാക്കാനും പ്രവാസികളുടെ വിശ്വാസ ജീവിതത്തിനു കരുത്തുപകരാനും സീറോ മലബാര്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. അസംബ്ലിയിലെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഭയൊന്നാകെ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. കൂട്ടായ്മാനുഭവത്തിനു വിഘാതമാകുന്ന പിന്തിരിപ്പന്‍ ചിന്തകളിലും വിമര്‍ശനങ്ങളിലും നിലപാടുകളിലും തിരുത്തല്‍ ആവശ്യമാണ്. ക്രിസ്തുവിന്റെയും ആദിമസഭയുടെയും ലാളിത്യം വര്‍ത്തമാനകാലത്ത് ഇടവകകളും സഭാസ്ഥാപനങ്ങളും അനുകരിക്കണം. വ്യക്തി, കുടുംബ, ഇടവക, രൂപത തലങ്ങളില്‍ ആര്‍ഭാടങ്ങളോടും ലാളിത്യത്തിനു തടസമാകുന്ന എല്ലാ കാര്യങ്ങളോടും "അരുത്' എന്നു പറയാനുള്ള ആര്‍ജവമുണ്ടാകണം. മറ്റുള്ളവരോടു കരുതലും കരുണയുമുള്ള സമീപനമാവണം സഭാമക്കളുടെ മുഖമുദ്ര.

യമനില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മിഷനറി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ലോകം മുഴുവന്റെയും പ്രാര്‍ഥനയിലും പ്രവര്‍ത്തനങ്ങളിലും അസംബ്ലിയും ആത്മാര്‍ഥമായി പങ്കുചേരുന്നു. ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ അപലപനീയമാണ്. മാറിയ സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെടുത്തു കുടുംബങ്ങളുടെ ആത്മീയ, ഭൗതിക പുരോഗതിക്കാവശ്യമായ അജപാലനശൈലികള്‍ നമുക്കാവശ്യമാണ്. സാമൂഹ്യ, രാഷ്ട്രീയ, ഭരണ മേഖലകളില്‍ സഭാംഗങ്ങള്‍ കൂടുതല്‍ സജീവമാകണം. പ്രവാസികളായ സഭാംഗങ്ങളുടെ വിശ്വാസജീവിതത്തിനും ജീവിതസാക്ഷ്യത്തിനും അനുകൂല സാഹചര്യങ്ങള്‍ സജ്ജമാക്കേണ്ടത് അത്യാവശ്യമാണ്.

അസംബ്ലിയുടെ നിര്‍ദേശങ്ങളില്‍ സാധ്യമായവ പ്രയോഗത്തിലെത്തിക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് എന്ന നിലയില്‍ താനും സഭയുടെ സിനഡും നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

സമാപന സമ്മേളനത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡ്രാഫ്റ്റിംഗ് കമ്മിറ്റി കണ്‍വീനര്‍ റവ. ഡോ. ടോണി നീലങ്കാവില്‍ അസംബ്ലിയുടെ അന്തിമ പ്രസ്താവന അവതരിപ്പിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് സിനഡിനായി അസംബ്ലിയുടെ പ്രസ്താവന ഏറ്റുവാങ്ങി. അസംബ്ലി കണ്‍വീനറും ഇരിങ്ങാലക്കുട മെത്രാനുമായ മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, അസംബ്ലി സെക്രട്ടറി റവ. ഡോ. ഷാജി കൊച്ചുപുരയില്‍, മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code