Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെറുപ്പിന്റെ രീതിശാസ്­ത്രം (വാല്‍ക്ക­ണ്ണാടി: കോരസണ്‍)

Picture

 കുത്തക മുതലാളിമാരുടെ, കോര്പറേഷനുകള്‍ക്കായി, കോര്‍പറേറ്റ് ഭീമന്മാരാല്‍ ഭരിക്കപ്പെടുന്ന സംവിധാനമാണ് അമേരിക്കന്‍ ജനാധിപത്യം എന്ന് പറയുന്നത് അത്ര തെറ്റാണെന്നു തോന്നുകയില്ല ഇന്നത്തെ അവസ്ഥ വിലയിരുത്തുമ്പോള്‍. എന്ത് ഇല്ലാതെയായാലും, ലാഭത്തിനുവേണ്ടി മാത്രം നിലകൊള്ളുമ്പോള്‍ മുന്നില്‍ കാണുന്നതെല്ലാം അവസരങ്ങള്‍ ആണ്. വിജയം! അതാണ് എല്ലാത്തിന്റെയും അവസാനവാക്ക്, അതിനായി ഭൂമി ചുട്ടുകരിഞാലും സാരമില്ല, വെറുപ്പും വിദ്വേഷവും ഊതിക്കാച്ചി, മുന്നിലുള്ള എല്ലാ അവസരങ്ങളും "വിടക്കാക്കി തനിക്കാക്കി” മാറ്റിയാല്‍ വിജയം ഉറപ്പിക്കാം.

2016 അമേരിക്കന്‍ ഇലക്ഷനില്‍ ജയിച്ചാലും ഇല്ലെങ്കിലും, ഡൊണാള്‍ഡ് ട്രംപ് ഏതായാലും വെറുപ്പിന്റെ ഒരു തുറുപ്പ് ആണ് ഇറക്കിയിരിക്കുന്നത്. ഒട്ടൊക്കെ അത് വിജയിക്കുകയും ചെയ്യുന്നുണ്ട്. വിജയിക്കാനായി അദ്ദേഹം കണ്ടുപിടിച്ച രീതിശാസ്ത്രം കാലപ്പഴക്കത്തില്‍ പലപ്പോഴായി ഉപയോഗിച്ച ഇന്ധനം ആണ് , പക്ഷെ അത് ദൂരവ്യാപകമായ പ്രഖ്യാഘാതങ്ങള്‍ ഇണ്ടാക്കും എന്നതാണ് ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നത്. മെക്‌സിക്കന്‍സും, ഇമ്മിഗ്രന്റ്‌­സും മാത്രമല്ല തനിക്കു ചുറ്റും കൂടിയിരിക്കുന്ന മാധ്യമങ്ങളും, കോടതികളും രാഷ്രീയക്കാരും , മതനേതാക്കളും ഒക്കെ തന്റെയും നാടിന്റെയും ശത്രുക്കളാണ്. കാലങ്ങളായി കാര്‌പെറ്റിനടിയില്‍ മറഞ്ഞുകിടന്ന വെള്ളക്കാരുടെ വര്‍ഗവൈര്യം ജീവന്‍വച്ച് തുടങ്ങി. റഷ്യക്കാരുടെ ചാരസംഘടന വച്ച്‌നീട്ടുന്ന അവസരങ്ങളും ഫലപ്രദമായി എതിരാളികള്‍ക്ക്‌മേല്‍ പ്രയോഗിക്കാനും മടിയില്ല. ശ്രദ്ധകിട്ടാന്‍ എന്തും പറയാന്‍ , ഏതു തലത്തിലും പറയാന്‍ തയ്യാറായ മിടുക്കന്‍ ന്യൂസ് മേക്കറാണ് അദ്ദേഹം.
കാലങ്ങളായി മധ്യ പൂര്‍വ ദേശത്തും, റഷ്യയിലും, തുര്‍ക്കിയിലും ലാറ്റിന്‍ അമേരിക്കയിലും ഒക്കെ ഭരണം നിലനിര്‍ത്താന്‍ പാകത്തില്‍ മതത്തെ ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങളെ ചൊല്‍പ്പടിക്ക് നിയന്ത്രിച്ചു നിര്‍ത്താന്‍ മതവിശ്വാസത്തെ തീപിടിപ്പിക്കയും, അതിനുവേണ്ടി മത നേതാക്കളെ ഉപയോഗിച്ച് മറ്റുള്ള വര്‍ഗ്ഗത്തെയും, മത വിശ്വാസത്തെയും , വര്‍ണത്തേയും വെറുക്കയും ഹനിക്കുകയാണ് ചെയ്യുന്നത്. മതത്തിനു വേണ്ടി സ്വയം ചാവേറാകാന്‍ പാകത്തില്‍ സാധാരണ ജനത്തെ സജ്ജമാക്കുകയാണ് മതനേതാക്കള്‍ക്ക് അവര്‍ നല്‍കുന്ന നിര്‍ദേശം. അത് പാലിക്കപ്പെട്ടാല്‍ കൂടുതല്‍ അധികാരവും അവകാശവും സമ്പത്തും വാരികൊടുക്കാന്‍ അധികാരം കൈയാളുന്നവര്‍ക്കു ഒരു മടിയുമില്ല. സൗദിഅറേബ്യ തങ്ങളുടെ സുന്നി മേധാവിത്യം ലോകത്തില്‍ ചോദ്യം ചെയ്യാത്ത ഇടമായി നിലനിര്‍ത്താന്‍ പാകത്തില്‍ കണ്ടുപിടിച്ച വഹാബിയിസം ഇന്ന് ലോകത്തെ ആകെ കുട്ടിച്ചോറാക്കി മാറ്റിയിരിക്കയാണല്ലോ. എല്ലാ വിധത്തിലുള്ള ഇസ്ലാമിക സംഘട്ടനങ്ങള്‍ക്കു പിന്നിലും തിരഞ്ഞു ചെന്നെത്തുന്നത് ഈ തത്വസംഹിതിയുടെ പീഠത്തിലാണ്. സൗദി സര്‍ക്കാര്‍ നടത്തുന്ന പെട്രോ ഡോളര്‍ മിഷന്‍ ലോകത്തെമ്പാടും അവരുടെ ആരാധന കേന്ദ്രങ്ങളും അതിലൂടെ അവരുടെ കഠിനമായ വിദ്വേഷ ചിന്തകളുമാണ് കടത്തിവിടുന്നത്. അത്തരം ഇടപെടലുകള്‍ സമ്മാനിച്ചതാണ് അല്‍ഖുവൈദയും, നസ്‌­റയയും, ബോക്കോ ഹാറാം, ഇസ്ലാമിക് സ്‌റ്റേറ്റ് , തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങള്‍; അവയിലൂടെ വളര്‍ന്നു വന്നവരാണ് സെപ്തംബര് പതിനൊന്നു സൂത്രധാരികളും. നൂറ്റാണ്ടുകളായി സമാധാനത്തിലും സമൃദ്ധിയിലും കഴിഞ്ഞിരുന്ന യൂറോപ്പ് ഇത്തരത്തിലുള്ള കഠിന വിദ്വേഷത്തിന്റെ നിരന്തര ബലിയാടുകള്‍ ആയികൊണ്ടിരിക്കുന്നു.

ജനങ്ങള്‍ വായിക്കുന്നതും പഠിക്കുന്നതും ചിന്തിക്കുന്നതും ഇവര്‍ക്ക് പേടിസ്വപ്നമാണ്, അത് കൊണ്ട് വെറും മതപഠനശാലകള്‍ മാത്രം നിലനിര്‍ത്തി സാമൂഹിക വിഷയങ്ങള്‍ അവരുടെ കാഴ്ചപ്പാടില്‍ മാത്രം പറഞ്ഞു കൊടുക്കയാണ്. കുറെ വര്ഷങ്ങള്ക്കു മുന്‍പ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കാലത്തു ഒരു പാകിസ്താനി കമ്പനിയുടെ സ്കൂള്‍ അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടേക്കു വന്ന ചില പുസ്തകകെട്ടുകള്‍ തുറന്നു നോക്കിയപ്പോള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ഉള്ള സോഷ്യല്‍സ്റ്റഡീസ് പുസ്തകങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഭാരതത്തെപ്പറ്റി അവിടെ പരാമര്‍ശിക്കുന്ന ഭാഗം വായിച്ചാല്‍, എത്രയും പെട്ടെന്ന് വളര്‍ന്നു, ഏതുവിധേനയും ഭാരതത്തെ നശിപ്പിക്കാന്‍ അവിടെ പഠിക്കുന്നവര്‍ക്ക് തോന്നിപ്പോകും, അത്ര വിദ്വേഷമാണ് ആ പുസ്തകങ്ങളില്‍ ഉടനീളം. കുട്ടികളില്‍ ഇത്രയും ക്രൂരമായ വിദ്വേഷം കയറ്റിവിട്ടാല്‍, ആ രാജ്യത്തിന്റെ എല്ലാ പരാജങ്ങള്‍ക്കും ഒരു ഉത്തരം മാത്രമേയുള്ളൂ , അത് ഭാരതമാണ് എന്നാണ് മനസിലാക്കുക.
ഇസ്രായേല്‍ അറബ് സംഘര്‍ഷത്തിലും ഇതുപോലെ ബോധപൂര്‍വമായ വിദ്വേഷം പ്രചരിക്കപ്പെടുന്നുണ്ട്. പാലസ്തീനികള്‍ അവരുടെ കുട്ടികളെ കല്ലെടുത്തെറിയാന്‍ പരിശീലിപ്പിക്കുന്നതും, യഹൂദര്‍ മറ്റുള്ളവരുടെ സ്ഥലംകയ്യേറി വീടുവെക്കാന്‍ പ്രേരിപ്പിക്കുന്നതും അടുത്ത കാലത്തൊന്നും മാറാന്‍ പോകുന്നില്ല കാരണം, അതിന്റെ ഒക്കെ അടിയില്‍ മത വിശ്വാസം ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇരുകൂട്ടരും കൂടി അറബ് ക്രിസ്ത്യാനികളെ പ്രാവിനെപ്പോലെ പിച്ചി ചീന്തുമ്പോള്‍ ചോദിക്കാന്‍ ആരും ഇല്ല, അതിനും വേദ ശാസ്ത്രപരമായ നീതീകരണം ഉണ്ട്.
ഇന്ത്യയിലും സ്ഥിതി മറിച്ചൊന്നുമല്ല, തങ്ങളുടെ പുരാതന ക്ഷേത്രങ്ങള്‍ മുഗള്‍ തേര്‍ വാഴ്ചകളില്‍ മോസ്­കുകളായെങ്കില്‍, നിര്‍ബന്ധപൂര്‍വം , മറ്റു പോംവഴികള്‍ ഒന്നുമില്ലാതെ പരിവര്‍ത്തനം ചെയ്യപ്പെട്ട്ടവരുടെ തലമുറ മരണം കൊണ്ട് കടം വീട്ടണമോ? ജാതി വ്യവസ്ഥികള്‍ പഴയ കാലത്തെ സാമ്പത്തീക സാമൂഹിക പശ്ചാത്തലത്തിലെ ശരികള്‍ ആയിരുന്നിരിക്കാം, പക്ഷെ അതിലേക്കു തിരിച്ചു പോയാല്‍ ആര്‍ക്കാണ് പ്രയോജനം ഉള്ളത് എന്ന് സാധാരണക്കാരന് മനസ്സിലാകും. കേരളത്തില്‍ ഇന്ന് സവര്‍ണര്‍ എന്ന് ഘോഷിക്കപ്പെടുന്ന സമുദായത്തിന്റെ ഏറിയ കൂട്ടവും പണ്ട് "ശൂദ്രര്‍ " എന്നാണ് വിളിക്കപ്പെട്ടിരുന്നത് എന്ന് പഴയ മാനുവലുകളില്‍ കാണാം. ഇന്ന് ഓരോരുത്തരും സവര്‍ണ്ണന്‍ എന്ന മേല്മുണ്ടു ധരിച്ചു എല്ലാ അമ്പലങ്ങളിലും തൊഴുവാന്‍ സാധിക്കുന്നെങ്കില്‍ അതിന്റെ കാരണം കേരളത്തിലെ ആദ്യകാല ഇംഗ്ലീഷ് പഠന കേന്ദ്രങ്ങളും അതില്‍ നിന്ന് വികാസം പ്രാപിച്ച സാമൂഹിക പരിഷ്കാരങ്ങളും കമ്മ്യൂണിസ്‌റ് പ്രസ്ഥാങ്ങളും ആണ്. ഏറ്റവും ഒടുവിലായി കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ "വാമന ജയന്തിയാക്കി " സവര്‍ണ്ണ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബോധപൂര്‍വമായ പ്രവണതയെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.

സ്പാനിഷ് കപ്പലുകളില്‍ വന്ന ക്രിസ്ത്യന്‍ ചരക്കുകള്‍, അതിനുശേഷം വന്ന മിഷന്‍ പ്രവര്‍ത്തനം ഒക്കെ സാംബ്രാജ്യ ശക്തികളുടെ പിണയാളുകളെ സൃഷ്ടിക്കുക എന്ന ഗൂഢ തന്ത്രമായിരുന്നു. അതില്‍പെട്ടുപോയ പിന്തലമുറകള്‍ ഈ പാപ ഭാരം ചുമക്കുമ്പോള്‍ അവരുടെ നിസ്സഹായത ആര്‍ക്കു മനസ്സിലാക്കാന്‍ ആവും? പടയോട്ടങ്ങളും കോളനിവല്‍ക്കരണവും പുതിയ ഒരു കൂട്ടം മനുഷ്യരെ സൃഷ്ട്ടിച്ചു എന്നത് വിധിവൈപരീതം. കാലപ്പഴക്കത്തില്‍ ഈ കൂട്ടം, തമ്മില്‍ തമ്മില്‍ പഴയ കഥകള്‍ പറഞ്ഞു അടിച്ചു നശിച്ചാല്‍, അന്ന് വിതറിയ വിദ്വേഷ പാഷാണം ഇന്നും ശക്തിയായി പ്രവര്‍ത്തിക്കുന്നു എന്ന തിരിച്ചറിവാണ് സമൂഹം എന്ന നിലയില്‍ നമുക്ക് ആവശ്യം.
പഴയ സോവിയറ്റ് യൂനിയന്‍ന്റെ ഓര്‍മ്മകള്‍ പുതുക്കി റഷ്യന്‍ പ്രസിഡന്റിന്റെ നിരീക്ഷണത്തില്‍ കെജിബി എന്ന രഹസ്യ ചാര സംഘടന എല്ലാ രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലും റഷ്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ സ്വര്‍ണ മകുടമുള്ള പള്ളികള്‍ സ്ഥാപിച്ചുതുടങ്ങി. ഭരണത്തിന്റെ എല്ലാ പിടിപ്പുകേടുകള്‍ക്കും പൊതു സ്വീകാര്യമായ ഉത്തരം കണ്ടെത്താന്‍ ഈ മത കേന്ദ്രങ്ങള്‍ക്കാകും. ഒപ്പം രാജ്യത്തിനു പ്രധാന രഹസ്യങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള കേന്ദ്രങ്ങളുമായിട്ടാണ് ഈ പള്ളികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, ക്രിസ്തുമതത്തിനുവേണ്ടി വാദിക്കാന്‍ റഷ്യന്‍ സഭക്കല്ലാതെ ഇന്ന് റോമന്‍ സഭക്കുപോലും ആവുന്നില്ല. അങ്ങനെ ആഗോള ക്രിസ്തുമത നേതൃത്വം പുതിയ ഒരു ദ്രുവീകരണത്തിലാണ് ചലിക്കുന്നത്.
മനുഷ്യപുത്രന്‍ നേരിട്ട് അവതരിച്ചു ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ ക്രൂശില്‍ സ്വയം വഹിച്ചിട്ടും നന്മയിലേക്ക് ലോകം തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല . ഇനിയും തന്റെ രണ്ടാംവരവില്‍ ഒരു സമ്പൂര്‍ണ ന്യായവിധിയാണ് ക്രിസ്തുമതവിശ്വാസം. ".....അനന്തരം സ്വര്‍ഗം തുറന്നിരിക്കുന്നതും... ഒരു വെള്ളക്കുതിര പ്രത്യക്ഷമായി.... , ജാതികളെ വെട്ടുവാന്‍ അതിന്മേല്‍ ഇരിക്കുന്നവന്‍റെ വായില്‍ നിന്നു മൂര്‍ച്ചയുള്ള വാള്‍ പുറപ്പെട്ടുവന്നു...മരണത്തിന്റെ തീപ്പൊയ്ക...സ്പടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ദൈവതേജസ്സുള്ള ജ്യോതിസ്സ് ...പ്രത്യക്ഷപ്പെടുന്നു ..(വെളിപാട് പുസ്തകം­വിശുദ്ധ ബൈബിള്‍).

ഹിന്ദുഅവതാരങ്ങള്‍ ഒന്നും ധര്‍മ്മം അടിസ്ഥാനപരമായി സംസ്ഥാപിക്കാന്‍ ഉപകരിച്ചിട്ടില്ല, അതാണല്ലോ അടിക്കടി ഓരോ പുതിയ അവതാരങ്ങള്‍ വേണ്ടി വന്നത്, ഇനിയും ഒരു പൂര്‍ണ സംഹാരമായ , വെള്ളക്കുതിരയില്‍ വെട്ടിത്തിളങ്ങുന്ന വാളുമായി എത്തുന്ന കല്‍ക്കി അവതാരമാണ് സത്യയുഗത്തിനു തുടക്കമിടുന്ന സമ്പൂര്‍ണ്ണ സര്‍വനാശം. അങ്ങനെ രാഷ്രീയ­മത ഇടപെടലുകള്‍ കൂടിക്കുഴഞ്ഞു കിടക്കുമ്പോള്‍ എന്താണ് മതംകൊണ്ടു വിശ്വാസിക്കു ലഭിക്കുന്നത് എന്നത് ചിന്തനീയമാണ് .

നേര് ചൂണ്ടിക്കാണിച്ച നന്മയുടെ പൊന്‍കുടങ്ങളെ നാം ദൈവങ്ങളാക്കി ചില്ലിട്ടു പൂട്ടി. ഒരിക്കലും പുറത്തുഇറങ്ങാന്‍ആവാതെ പൂജയുടെ കാവല്‍ക്കാരെ നാം നിരത്തി നിര്‍ത്തി. പുരോഗമന വാദികളായ നരേന്ദ്രബോല്‍ക്കരനെയും, കല്ബുര്ഗിയെയും, ഗോവിന്ദപന്‌സാരെയും വെടിവച്ചു വീഴ്ത്തി. മനുഷ്യത്വത്തിന്റെ അസ്തമനം ചക്രവാളത്തില്‍ നിഴല്‍ വീശിത്തുടങ്ങിയിരിക്കുന്നു .

കല്പിതമായ ഈ വിനാശത്തിനു മരുന്നിടുകയാണ് വെറുപ്പും വിദ്വേഷവും എന്ന സര്‍വസംഹാരി. മനുഷ്യന്റെ അടിസ്ഥാന ഭയവും കൂടപ്പിറപ്പായ അസൂയയും വഴിമരുന്നിടുന്ന വിമര്ശസന്ധിയാണ് വെറുപ്പെന്ന പ്രതിയോര്‍ജ്ജം. എന്തിനു ഈ മനുഷ്യബോംബുകള്‍ വിനാശം വിതക്കുന്നു? എന്തിനീ തര്‍ക്കങ്ങള്‍? ഒരിക്കലും ഒടുങ്ങാത്ത വ്യവഹാരങ്ങള്‍? ചെറിയ സമൂഹത്തിലും ചെറിയ കൂട്ടങ്ങളിലും മാത്രമല്ല സാമ്പ്രാജ്യങ്ങളുടെ അസ്ഥിവാരത്തും ഈ പൂര്‍ണ്ണ സംഹാരത്തിന്റെ നനുത്ത പദസ്വരങ്ങള്‍ കേള്‍ക്കാനാവുന്നില്ലേ?

“Htared is the coward's revenge for being intimidated.”
- George Bernard Shaw



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code