ബര്‍ലിന്‍ : ജര്‍മനിയില്‍ സൗന്ദര്യ വര്‍ധന ശസ്ത്രക്രിയ നടത്തിയ രണ്ടു യുവതികള്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഡോക്ടറെ തേടി പൊലീസ്. ഡ്യൂസ്സല്ഡോര്ഫിലാണ് സംഭവം. റോയല്‍ മരിയ എന്ന സ്വകാര്യ ക്ലിനിക്കിലാണ് പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് രണ്ട് മരണം നടന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ അലി റെസാ സമാരി എന്ന ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കണ്ടെത്തി. ഇയാള്‍ ബ്രസീല്‍ സ്വദേശിയാണെന്നും ഇയാളെ കാണാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പൊലീസിന് നല്കിയ മൊഴി.
വനിതകളുടെ സ്തനവും, നിതംബവും പ്ലാസ്റ്റിക് സര്‍ജറി വഴി സൗന്ദര്യം വര്‍ധിപ്പിക്കുകയാണ് ഈ സ്വകാര്യ ആശുപത്രിയില്‍ നടക്കുന്നത്. ബിയ എന്ന നാല്പത്തി രണ്ടുകാരിയും, മരിയ എന്ന ഇരുപതുകാരിയും ഡോ. സമാരി നടത്തിയ ശസ്ത്രക്രിയ വഴി കൊല്ലപ്പെടുകയാണ് ഉണ്ടായത്. ശസ്ത്രക്രിയയ്ക്ക് ഒന്‍പതിനായിരം യൂറോയാണ് ഫീസായി ആശുപത്രി വാങ്ങികൊണ്ടിരിക്കുന്നത്. ഡോക്ടറുടെ കൈപ്പിഴ കൊണ്ടാണ് യുവതികള്‍ മരണമടഞ്ഞതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ സമാരി വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തി.
പരിശീലനം ലഭിക്കാത്ത പ്ലാസ്റ്റിക്– സൗന്ദര്യ വര്‍ദ്ധക സര്ജന് അല്ല സമാരി എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇയാള്‍ രാജ്യം വിട്ടുവെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ പിടികൂടാന്‍ യൂറോ പോള്‍, ഇന്റര്‍ പോള്‍ എന്നീ പൊലീസ് സേനകളുടെ സഹായം ജര്‍മന്‍ പൊലീസ് തേടി കഴിഞ്ഞു.സമാരി സ്വദേശമായ ബ്രസീലിലേക്ക് കടന്ന് കളഞ്ഞതായി പൊലീസ് സംശയിക്കുന്നു.
Comments