Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 20: ജയന്‍ വര്‍ഗീസ്)

Picture

ഇതിനൊക്കെ മുന്‍പ് തന്നെ ഞാന്‍ രക്ഷാധികാരിയായി നാട്ടിലെ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് " ജൂനിയര്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ട് ലവ്വേഴ്‌സ് അസോസിയേഷന്‍ " എന്ന ' ജ്വാല ' രൂപീകരിച്ചിരുന്നു. കലാ സാഹിത്യ പ്രേമികളായ ശ്രീ.പോള്‍ കോട്ടില്‍, ശ്രീ. പി. സി. ജോര്‍ജ് എന്നീ സുഹൃത്തുക്കള്‍ എന്നോടൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ സ്കൂളിന്റെ ചോര്‍ന്നൊലിച്ചു കൊണ്ടിരുന്ന പ്രധാന കെട്ടിടം ഞങ്ങള്‍ അന്‍പതോളം യുവാക്കള്‍ ചേര്‍ന്ന് സൗജന്യമായി കേടുപാടുകള്‍ തീര്‍ത്ത് ഓട് മേഞ്ഞു കൊടുത്തു. ഞങ്ങള്‍ക്കിടയില്‍ മരപ്പണിക്കാരും, ഇരിന്പ് പണിക്കാരും ഒക്കെ ഉണ്ടായിരുന്നത് കൊണ്ടും, തടി, ഓട് മുതലായ സാധനങ്ങള്‍ നാട്ടുകാരില്‍ നിന്ന് സൗജന്യമായി ലഭിച്ചത് കൊണ്ടും ആണ് ഇത് സാധിച്ചത്. ഇതില്‍ സന്തുഷ്ടനായ ഹെഡ് മാസ്റ്റര്‍ ശ്രീ തുളസീധരന്‍ സാര്‍ അവര്‍കള്‍ ഞങ്ങള്‍ക്ക് നൂറു രൂപ തരികയും, ഞങ്ങള്‍ അത് കൊണ്ട് സമൃദ്ധമായി കാപ്പി കുടിക്കുകയും ചെയ്തു.

 

എന്റെ കലാ സാഹിത്യ പരിശ്രമങ്ങള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ നിന്ന് യാതൊരു പരിഗണനയും ലഭിക്കാതായപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം അന്ന് നിലവിലുണ്ടായിരുന്ന നാടക മത്സര വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിക്കുവാന്‍ തുടങ്ങി. മലയാള നാടക വേദിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അന്ന്. കേരളത്തിലെ മാത്രമല്ല, ഭാരതത്തിലെയും പ്രസിദ്ധമായ പല വേദികളിലും, പലരും എന്റെ നാടകങ്ങള്‍ അവതരിപ്പിക്കുകയും, അംഗീകരിക്കപ്പെടുകയും ചെയ്തു.

 

ആള്‍ ഇന്‍ഡ്യാ റേഡിയോയുടെ ഇന്ത്യയിലെയും, പോര്‍ട്ട് ബ്‌ളയറിലെയും നിലയങ്ങള്‍ പല നാടകങ്ങളും പ്രക്ഷേപണം ചെയ്തു. കേരള സംഗീത നാടക അക്കാദമിയുടെ 79 ലേയും, 82 ലേയും സംസ്ഥാന നാടക മത്സര വേദികളില്‍ മാറ്റുരച്ച ' അസ്ത്രം ' 'ആലയം താവളം ' എന്നീ നാടകങ്ങള്‍ക്ക് മദ്ധ്യ മേഖലാ തലത്തിലും, സംസ്ഥാന തലത്തിലുമുള്ള അവാര്‍ഡുകള്‍ ലഭിച്ചു. ഈ രണ്ടു നാടകങ്ങളിലേയും നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് തുടരെയുള്ള രണ്ടു വര്‍ഷങ്ങളില്‍ അനുഗ്രഹീത കലാകാരനായ ഡി.മൂക്കന്‍ രണ്ടു തവണ കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയത്. രണ്ടുതവണ കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല നടനുള്ള അവാര്‍ഡുകള്‍ നേടിയ നടന്മാര്‍ മലയാളത്തിലെ നാടകത്തിലോ, സിനിമയിലോ വേറെ ഉള്ളതായി അറിവില്ല. എന്നിട്ടും എന്നെപ്പോലെ ശ്രീ ഡി. മൂക്കനും മുഖ്യധാരാ കലാ പ്രസ്ഥാനങ്ങളില്‍ ഇടം നേടാനായില്ല. ഞങ്ങള്‍ ബന്ധപ്പെട്ടിരുന്ന കലാ പ്രസ്ഥാനങ്ങളിലെ ആരും തന്നെ പിന്‍ വാതിലിലൂടെ അകത്തു കടക്കാന്‍ ആഗ്രഹിച്ചിരുന്നില്ലാ എന്നതാവാം ഒരു കാരണം?

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവര്‍ണ്ണ ജൂബിലി നാടകോത്സവത്തില്‍ എറണാകുളം കലാഭവന്‍ ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ' അശനി ' എന്ന നാടകവും, എറണാകുളം ടൗണ്‍ഹാളില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട ' അജപാലകര്‍ക്ക് ഒരിടയഗീതം ' എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

ജ്വാലയിലെ യുവാക്കള്‍ എ യും, ബി യും ആയിത്തിരിഞ്ഞു മത്സര വേദികളില്‍ എന്റെ നാടകങ്ങള്‍ അവതരിപ്പിക്കുവാന്‍ തുടങ്ങി. സംസ്ഥാന തലത്തിലുള്ള മത്സര വേദികളില്‍ ഞാനുള്‍ക്കൊള്ളുന്ന എ ടീമും, പ്രാദേശിക തലത്തിലുള്ള മത്സര വേദികളില്‍ ബി ടീമും നാടകങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു. ' കന്നാലിപ്പിള്ളേരുടെ കളി ' എന്ന് നാട്ടിലെ പണവും, പാരന്പര്യവും, വിദ്യാഭാസവുമുള്ള ചേട്ടന്മാര്‍ പരിഹസിച്ചിരുന്നുവെങ്കിലും, എന്റെ കൂടെ ഉറച്ചു നിന്ന ജ്വാലയിലെ എന്റെ കൂട്ടുകാര്‍ ഇന്നും എന്റെ ആത്മ മിത്രങ്ങളാണ്. നാടകാവതരണങ്ങള്‍ കൊണ്ട് അവരിലാര്‍ക്കും യാതൊരു സാന്പത്തിക നേട്ടവും ഉണ്ടായിട്ടില്ല എന്ന സത്യം വേദനയോടെ ഞാന്‍ തിരിച്ചറിയുന്നുണ്ട്. അവര്‍ക്ക് ലഭിച്ച ഡസന്‍ കണക്കായ സര്‍ട്ടിഫിക്കേറ്റുകള്‍ ലളിതമായ അവരുടെ ജീവിത പരിസരങ്ങളൂടെ അലമാരകളില്‍ ആരും കാണാതെ പൊടി പിടിച്ചും ചിതലരിച്ചും നശിച്ചിട്ടുണ്ടാവും.

 

ഇതിനകം തൃശൂര്‍ ജില്ലയിലേക്ക് താമസം മാറ്റിയ ശ്രീ പോള്‍ കോട്ടില്‍ ചെറിയൊരു പലചരക്കു പീടികയുമായി ഒതുങ്ങി ജീവിക്കുകയായിരുന്നു. ഇക്കാലത്താണ് ഞാനെഴുതിയ ' സമന്വയം ' എന്ന നാടകത്തിന് നല്ല നാടക രചനക്കുള്ള കുട്ടികളുടെ ദീപിക അവാര്‍ഡ് കിട്ടുന്നത്. ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജില്‍ വച്ച് അന്നത്തെ കേരളാ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ കെ. എം. മാണിയാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. അതുവരെ മുണ്ടും ഷര്‍ട്ടും ആയിരുന്നു എന്റെ വേഷം. മന്ത്രിയോട് അവാര്‍ഡ് വാങ്ങാന്‍ മുണ്ടു പോരാ, പാന്റ്‌സ് തന്നെ വേണം എന്നായി സുഹൃത്തുക്കള്‍. നല്ല മുണ്ടുടുത്തിട്ടാണ് മന്ത്രി മാണി പോലും അവാര്‍ഡ് തരാന്‍ വരുന്നത് എന്നതൊന്നും അന്ന് തലക്കകത്ത് കയറിയില്ല. എനിക്ക് പാന്റ്‌സ് ഉണ്ടായിരുന്നില്ല എന്നത് പുല്ലുപോലെ തള്ളിക്കളഞ് പി. സി. ജോര്‍ജ് പാന്റ്‌സുമായി വന്നു. അന്ന് കോളേജില്‍ പഠിച്ചിരുന്ന, എന്റെയും, പി. സി. യുടെയും സുഹൃത്തായിരുന്ന ശ്രീ വത്സന്‍ പോളിന്റെ പാന്റ്‌സാണ് വായ്പയായി സംഘടിപ്പിച്ചത്.

 

തലേ ദിവസം തന്നെ ഇരിങ്ങാലക്കുടയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഞാനും പി. സി. യും താമസം തുടങ്ങി. രചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച ' മൃദുല ' എന്ന് തൂലികാ നാമമുള്ള ഇരുപതു വയസുള്ള ഒരു പയ്യനും വന്നിട്ടുണ്ട്. ആള് ദരിദ്രനാണെന്ന് കണ്ടാലറിയാം. മുറിയൊന്നും എടുത്തിട്ടില്ല. ഞങ്ങളുടെ മുറിയില്‍ താമസിക്കാന്‍ ക്ഷണിച്ചിട്ട് വല്ലാത്ത പേടി. വളരെ നിര്‍ബന്ധിച്ചിട്ട് പേടിച്ചു വിറച്ചാണ് ഞങ്ങളോടൊപ്പം അന്ന് കഴിയാന്‍ സമ്മതിച്ചത്. രാത്രി പയ്യന്‍ ഉറങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നില്ല . ഞങ്ങള്‍ ഉണരുന്‌പോളൊക്കെ പയ്യന്‍ ഞെട്ടിയുണരും. വളരെക്കാലം കഴിഞ്ഞിട്ടും അയാള്‍ എന്തിനെയാണ് ഭയന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇന്ന് ചിന്തിക്കുന്‌പോള്‍, വര്‍ത്തമാന കാല മാധ്യമങ്ങളില്‍ വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണങ്ങള്‍ക്ക് ആരില്‍ നിന്നോ, എന്നോ, എവിടെയോ അയാള്‍ വിധേയനായിട്ടുണ്ടാവാം എന്നാണ്
മനസ്സില്‍ വരുന്നത്.

 

അവാര്‍ഡുമൊക്കെ വാങ്ങി വിജയശ്രീലാളിതരായി ഞങ്ങള്‍ മടങ്ങുകയാണ്. സുഹൃത്തായ ശ്രീ പോള്‍ കോട്ടിലിനെ ഒന്ന് സന്ദര്‍ശിക്കണം എന്ന തീരുമാനം മുന്‍പേയുണ്ടായിരുന്നു. ഈ വലിയ സന്തോഷം അയാള്‍ക്കും കൂടി അവകാശപ്പെട്ടതാണല്ലോ? ചാലക്കുടിക്കു കിഴക്കുള്ള കോര്‍മല എന്ന കുടിയേറ്റ ഗ്രാമത്തിലാണ് പോള്‍ ഉള്ളത്. ബസ്സ് പിടിച്ചും, നടന്നും ഒക്കെയായി ഞങ്ങള്‍ കോര്‍മലയിലെത്തി.

 

( കേരളത്തിലെ മിക്ക ജില്ലകളിലും സന്ദര്‍ശിക്കുകയും, താമസിക്കുകയും ചെയ്തിട്ടുള്ള എനിക്ക് തൃശൂര്‍ ജില്ലയിലുള്ള മനുഷ്യരുടെ നിഷ്കളങ്കമായ സൗഹൃദം മറ്റെവിടെയും കാണാനും, അനുഭവിക്കാനും കഴിഞ്ഞിട്ടില്ല. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇംഗ്ലീഷ് മരുന്ന് ഷോപ്പില്‍ കോര്‍മലയിലേക്കുള്ള വഴി ചോദിച്ച ഞങ്ങളെ തന്റെ കട മറ്റൊരാളെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് ഞങ്ങളോടൊപ്പം വന്ന് കോര്‍മല ബസ്സില്‍ കയറ്റി വിട്ട ഒരു മനുഷ്യനെയും, ബസിലെ തിരക്കില്‍ തങ്ങളുടെ സീറ്റില്‍ സ്വയമൊതുങ്ങി ഞങ്ങളെക്കൂടി ഇരുത്തിക്കൊണ്ടു യാത്ര ചെയ്ത നാട്ടുകാരെയും ആദരവുകളോടെ ഇവിടെ ഓര്‍ക്കുന്നു. കോട്ടയം ടൗണിലെ ഒരു സ്വര്‍ണ്ണക്കടക്കാരനോട് മണര്‍കാട്ടേക്കുള്ള ബസ് ചോദിച്ച എന്നെ, തന്റെ കാല്‍പ്പാദത്തില്‍ ഉടക്കിയ മുഖമുയര്‍ത്താതെ വലതു കൈപ്പത്തിയുടെ പുറം ഇടതു വശത്തു നിന്നും വലതു വശത്തേക്ക് വീശി ' വിട്ടുപോ ' എന്ന് പറയാതെ പറഞ്ഞ മാന്യനെയും ഇവിടെ ചേര്‍ത്തു വായിക്കുന്നു. )

 

പോളേട്ടന്റെ സുഹൃത്തായ ഒരു വലിയ നാടകകൃത്ത് വന്നിട്ടുണ്ട് എന്ന നിലയില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ ഞങ്ങളെ കാത്തു നില്‍പ്പുണ്ട്. പോളേട്ടന്‍ ആരംഭിക്കാന്‍ പോകുന്ന നാടക ട്രൂപ്പില്‍ ചേരാനും കൂടിയാണ് അവരുടെ കാത്ത് നില്‍പ്പ് എന്ന് പിന്നീടാണ് മനസ്സിലായത്.വായ്പ വാങ്ങിയണിഞ്ഞ ബെല്‍ബോട്ടം പാന്റ്‌സിന്റെ പ്രൗഢിയില്‍ ആ ഗ്രാമീണ സൗഹൃദ കൂട്ടായ്മയില്‍ എത്തിപ്പെട്ട എനിക്ക് ശരിക്കും ഒരു ശ്വാസം മുട്ടലാണ് അനുഭവപ്പെട്ടത്. അവരുടെ ഇടയില്‍ ഞാനൊരു അന്യഗ്രഹ ജീവിയെപ്പോലെ ഒറ്റപ്പെട്ടതായി എനിക്ക് തോന്നി. അവരുടെയിടയില്‍ പ്രവര്‍ത്തിക്കുന്‌പോള്‍ അവരുടെ വേഷവും രീതിയുമൊക്കെ പിന്തുടരുന്നതാവും ഭംഗി എന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. അങ്ങിനെയാണ് മുണ്ടും, ഷര്‍ട്ടും എന്ന സാധാരണ വേഷം മാത്രം നിര്‍ബന്ധപൂര്‍വം ഞാനണിഞ്ഞു തുടങ്ങിയത്. പിന്നീട് എനിക്ക് ലഭിച്ച അനേകം അവാര്‍ഡുകള്‍ ഞാന്‍ കൈപ്പറ്റിയത് മുണ്ടും ഷര്‍ട്ടും വേഷത്തിലാണ്. കട്ടിയുള്ള ഖദര്‍ ഒറ്റമുണ്ടാണ് ഞാന്‍ പതിവായി ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്ത് ഈ പിടിവാശി ചില ദുരനുഭവങ്ങളും എനിക്ക് സമ്മാനിച്ചിരുന്നു എന്ന സത്യം വഴിയേ പ്രതിപാദിക്കുന്നതാണ്.

 

പോളിന്റെ വീട്ടിലെ വിഭവ സമൃദ്ധമായ സദ്യ. ഊണിനു ശേഷം പുതിയ ട്രൂപ്പിനെക്കുറിച്ചുള്ള ചര്‍ച്ച. വ്യക്തിപരവും, സത്യസന്ധവുമായ ചില ദാവ്ര്‍ബല്യങ്ങള്‍ മൂലം ജീവിത പരാജയങ്ങള്‍ ഏറ്റു വാങ്ങി നാട് വിട്ട് കോര്‍മലയില്‍ കുടിയേറി ഇപ്പോള്‍ കഷ്ടി പിഷ്ടി ജീവിച്ചു പോകുന്ന ഒരാളാണ് പോള്‍ എന്ന പോള്‍ കോട്ടില്‍. ഈ നാടകസമിതി രൂപീകരണം അയാളെ വീണ്ടും കുത്തുപാള എടുപ്പിക്കും എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. ആര് കേള്‍ക്കാന്‍? അല്‍പ്പം സാന്പത്തിക ശേഷിയൊക്കെ ഉള്ളവരും, തികഞ്ഞ കലാസ്‌നേഹികളുമായ ശ്രീ ജോസ് അരീക്കാടനും, ശ്രീ പ്രഭാകരന്‍ കോടാലി, യുമൊക്കെയാണ് പിന്നിലുള്ളതെന്ന് എന്നെ ധരിപ്പിച്ചു കൊണ്ട് "അക്രോപ്പോളീസ് ആര്‍ട്‌സ് ക്‌ളബ്ബ് " കോര്‍മലയില്‍ രൂപം കൊണ്ടു. എന്തിനും, ഏതിനും എപ്പോളും തയ്യാറായി നില്‍ക്കുന്ന ആണും, പെണ്ണുമായിട്ടുള്ള ഇരുപതോളം വരുന്ന യുവാക്കളുടെ ഒരു കരുത്തുറ്റ സംഘമായിരുന്നു അത്. ആവശ്യത്തിന് പണം കൈയിലുണ്ടായിരുന്നില്ല എന്ന ഒറ്റ പോരായ്മയേ അന്ന് അവര്‍ക്കുണ്ടായിരുന്നുള്ളു.

 

സമിതി നാടകാവതരണങ്ങള്‍ ആരംഭിച്ചു. ശ്രദ്ധേയങ്ങളായി വിലയിരുത്തപ്പെട്ട എന്റെ ചില നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ ഒട്ടനവധി സാധാരണ വേദികളിലും, അന്ന് നിലവിലുണ്ടായിരുന്ന ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികളുടെ മത്സര വേദികളിലും എന്റെ നാടകങ്ങള്‍ അവര്‍ എത്തിക്കുകയും, അഭിനന്ദനങ്ങളും, അവാര്‍ഡുകളും ഏറ്റു വാങ്ങുകയും ഉണ്ടായി. ജോസ് അരീക്കാടനും, പ്രഭാകരന്‍ കോടാലിയും, മുഖ്യ കഥാപാത്രങ്ങളായി എല്ലാ നാടകങ്ങളിലും അഭനയിച്ചു. നല്ല നിലയില്‍ നടന്നിരുന്ന ജോസേട്ടന്റെ ബിസിനസ്സും, പ്രഭാകരന്റെ ചെറുകിട വ്യവസായവുമൊക്കെ മറ്റുള്ളവരെ ഏല്പിച്ചിട്ടാണ് ഇവര്‍ നാടക പ്രവര്‍ത്തനത്തിന് ഇറങ്ങിയത് എന്നതിനാല്‍ കുറെയേറെ സാന്പത്തിക നഷ്ടങ്ങള്‍ അവര്‍ക്കുണ്ടായിട്ടുണ്ട് എന്ന് ഞങ്ങളെല്ലാം അറിഞ്ഞിരുന്നു.

 

അവരോടൊപ്പം സമിതിയിലുണ്ടായിരുന്ന ഒരു ഡസനിലധികം വരുന്ന നിഷ്ക്കളങ്കരായ അഭിനേതാക്കളെയും, മറ്റു പ്രവര്‍ത്തകരെയും ഇവിടെ, എന്റെ നെഞ്ചിന്‍ കൂടില്‍ ചേര്‍ത്തു വച്ച് കൊണ്ട് ഞാന്‍ തേങ്ങുന്നു. അവര്‍ക്കാര്‍ക്കും ഒന്നും നല്‍കുവാന്‍ എനിക്ക് സാധിച്ചില്ല. മിക്കവര്‍ക്കും തങ്ങളാലാവുന്ന സാന്പത്തിക ക്ലേശങ്ങള്‍ സമ്മാനിക്കുവാനല്ലാതെ. അവരറിയുന്നില്ലെങ്കിലും, എന്റെ ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന മൃദുവായ ഒരു സ്‌നേഹച്ചരടില്‍ ഞാനവരെ ബന്ധിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. അതേ അവര്‍ക്കു വേണ്ടി ഇന്നെനിക്ക് ചെയ്യാന്‍ കഴിയുകയുള്ളു. സാന്പത്തിക സുസ്ഥിരതയോ, സാമൂഹിക കെട്ടുപാടുകളോ, ഇല്ലാത്തവരും,എന്തെങ്കിലും ഒരു ധാര്‍മ്മിക നീതി ബോധം ജീവിതത്തില്‍ പുലര്‍ത്തുകവാന്‍ കമ്മിറ്റ് ചെയ്യപ്പെട്ടവരും ദയവായി ഈ രംഗത്തേക്ക് വരരുത് എന്നാണ് അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള എന്റെ എളിയ അഭ്യര്‍ത്ഥന.

 

കുന്നംകുളം ബ്യുറോ ഓഫ് ആര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ സംഘടിപ്പിച്ച ' ബാര്‍ നാടക മത്സരം ' എന്ന അഖില കേരളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെട്ട മത്സരത്തില്‍ ' പട്ടി ' എന്ന എന്റെ നാടകവുമായി പങ്കെടുത്തു കൊണ്ട് അക്രോപ്പോളീസ് ആര്‍ട്‌സ് ക്ലബ് അവാര്‍ഡ് നേടി. ആ നാടകത്തിന് ഏറ്റവും നല്ല രചനക്കുള്ള അവാര്‍ഡ് എനിക്കും കിട്ടുകയുണ്ടായി. പ്രാദേശികമായി നടത്തപ്പെട്ട മിക്ക നാടക മത്സരങ്ങളിലും ഇവര്‍ തന്നെയാണ് സമ്മാനങ്ങള്‍ നേടിയിരുന്നത്.

 

മൂവാറ്റുപുഴയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന യുവാവായ ഒരു ദന്ത ഡോക്ടര്‍ വലിയ നാടക പ്രേമിയായിരുന്നു. മൂവാറ്റുപുഴയിലുള്ള ഒരു പറ്റം യുവാക്കളെ ചേര്‍ത്ത് അദ്ദേഹമൊരു നാടക സമിതി രൂപീകരിച്ചു. കേരളത്തിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കാലൂന്നി നിന്ന് കൊണ്ട് ഞാന്‍ രചിച്ച ' കഴുതകള്‍ ' എന്ന നാടകമായിരുന്നു ആദ്യ നാടകമായി സമിതി തെരഞ്ഞെടുത്തതും, റിഹേഴ്‌സല്‍ ആരംഭിച്ചതും. എന്റെ നിര്‍ദ്ദേശത്തെ മാനിച്ചു കൊണ്ട് ബഹുമാന്യനായ ഡി. മൂക്കനെയാണ് സംവിധായകനായി വിളിച്ചത്.

 

വളരെ രസകരമായി കുറെ റിഹേഴ്‌സലുകള്‍ നടന്നു. മധ്യ കേരളത്തിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡ് ആണ് രംഗം. ശ്രീകൃഷ്ണ ഭക്തനായ ഒരു ഭരണാധികാരി തന്റെ നിത്യേനയുള്ള കുളിച്ചു തൊഴലിനായി ഗുരുവായൂരിലേക്കു പോകും വഴി ശൗചാലയ സൗകര്യത്തിനായി ഈ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതും, രണ്ടു പരിചാരകര്‍ നൃത്ത ചുവടുകളോടെ പിടിച്ചു കൊടുക്കുന്ന തിരശീലയുടെ മാറവ് പറ്റി നഗ്‌ന സന്യാസിനി കുങ്കമ്മ അതേ ശൗചാലയത്തില്‍ എത്തിച്ചേരുന്നതും, പരിചാരകരും, പോലീസുകാരും തമ്മില്‍ പുറത്തു വച്ചുണ്ടാകുന്ന ക്ലാഷുകളോടൊപ്പം, മന്ത്രിയും, നഗ്‌ന സന്യാസിനിയും തമ്മില്‍ ശൗചാലയത്തിന്റെ ഉള്ളില്‍ വച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും രസകരമായി ആവിഷ്ക്കരിച്ചിരുന്ന ഒരു ഹാസ്യ നാടകമായിരുന്നു ഇത്.

 

റിഹേഴ്‌സല്‍ ക്യാംപില്‍ കൂട്ടച്ചിരി പടര്‍ത്തിക്കൊണ്ട് ഡി. മൂക്കന്റ രസകരമായ സംവിധാനത്തില്‍ നാടകം സ്‌റ്റേജിലെത്താന്‍ തയ്യാറെടുക്കുന്‌പോള്‍, ഈ നാടകം തങ്ങളുടെ നേതാവിനെ അപമാനിക്കുന്നതാണ് എന്ന കാരണം പറഞ്ഞ് കൊണ്ട് മൂവാറ്റുപുഴയിലെ ഒരു കൂട്ടം സംഘടിത ഓട്ടോ റിക്ഷാ തൊഴിലാളികള്‍ റിഹേഴ്‌സല്‍ ക്യാംപ് ആക്രമിക്കുകയും, നാടക പ്രവര്‍ത്തകരെ അടിച്ചോടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് സമിതി പിരിച്ചു വിടേണ്ടി വരികയും, മൂവാറ്റു പുഴയിലെ തന്റെ സ്ഥാപനം പൂട്ടേണ്ടി വരികയുമായിരുന്നു. പിന്നീടൊരിക്കലും അദ്ദേഹത്തെ കാണുവാനോ, അദ്ദേഹം എവിടെ പോയി എന്നറിയുവാനോ എനിക്ക് സാധിച്ചിട്ടില്ല.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code