Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളം തേങ്ങുന്നു; ഗാഡ്ഗിലായിരുന്നു ശരി

Picture

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ കേരളം ഇപ്പോള്‍ തേങ്ങുകയാണ്. നിരന്തരമായ പരിസ്ഥിതി ധ്വംസനത്തിന്റെ അനിവാര്യമായ പരിണിതഫലമാണു കേരളം അനുഭവിക്കുന്നതെന്നു പറഞ്ഞ ഗാഡ്ഗിലിനോട്, ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ എന്നു ചോദിച്ച ജനപ്രതിനിധികളുള്ള നാടാണിത്. അധികാരവഴികളില്‍ ഗാഡ്ഗില്‍ അധികപ്പറ്റായിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാല്‍ ജനങ്ങളും ഗാഡ്ഗിലിനെ ഭയന്നു. മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേരളം മഴക്കലിയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ചു നില്‍ക്കുകയാണ്.

 

‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’– 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണു സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ‘ഒരിക്കല്‍ അവര്‍ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പേര്‍ പോസ്റ്റ് ചെയ്തു. 2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സര്‍ക്കാരിനു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തെ ഇളക്കിമറിച്ച പരിസ്ഥിതി സമസ്യയായി മാറാനായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു യോഗം.

 

ഗാഡ്ഗില്‍ എന്നുച്ചരിച്ചാല്‍ ഭൂതബാധപോലെയാണു ഭൂരിഭാഗം രാഷ്ട്രീയക്കാരും മത നേതാക്കളും പ്രതികരിച്ചത്. ‘ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ’ എന്നു തോമസ് ചാണ്ടി എംഎല്‍എയും ‘ജെസിബി പോയിട്ട് കൈക്കോട്ടു പോലുംവയ്ക്കാത്ത നിബിഢവനത്തില്‍ എങ്ങനെ ഉരുള്‍പൊട്ടി?’ എന്നു പി.വി.അന്‍വര്‍ എംഎല്‍എയും ‘പ്രകൃതിയുടെ വിധിയെ ആര്‍ക്കും തടുക്കാനാവില്ല. ഇനിയും നിയമങ്ങളില്‍ ഇളവു വേണം’ എന്നു എസ്.രാജേന്ദ്രന്‍ എംഎല്‍എയും പറഞ്ഞു. ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിന്റെ വാക്കുകള്‍ എല്ലാ അതിരുകളും ഭേദിച്ചു. ‘മാധവ് ഗാഡ്ഗില്‍, ദുരന്തഭൂമിയിലെ ശവംതീനിക്കഴുകന്‍’ എന്നായിരുന്നു ജോയ്‌സിന്റെ വിശേഷണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരസ്യമായി എതിര്‍ത്തവരുടെ പ്രതിനിധികളായിരുന്നു ഈ ജനപ്രതിനിധികള്‍. പ്രളയവും മഴക്കലിയും ഭീകരതാണ്ഡവം ആടിയപ്പോള്‍ പാവം ജനങ്ങള്‍ ഇടയ്‌ക്കെങ്കിലും ഓര്‍ത്തിരിക്കും ഗാഡ്ഗിലിനെ.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code