Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വീണ്ടും ഒരുമയുടെ മഹത്വം: ക്ഷേത്രം വൃത്തിയാക്കി മുസ്ലീം യുവാക്കള്‍

Picture

കണ്ണൂര്‍: ഒരുമയുടെ സന്ദേശം വീണ്ടും വിളിച്ചോതി ഒരുപറ്റം മുസ്ലീം യുവാക്കള്‍ മാതൃകയായി. കനത്ത മഴയിലും മലവെള്ളത്തിലും ശ്രീകണ്ഠപുരം പുഴയില്‍ നിന്നുള്ള പ്രളയജലം തീരത്തുള്ള പഴയങ്ങാടി അമ്മകോട്ടം ദേവീ ക്ഷേത്രത്തെ പൂര്‍ണമായും മുക്കി. രണ്ട് ദിവസത്തെ പ്രളയമിറങ്ങിയപ്പോള്‍ ബാക്കിയായത് മാലിന്യകൂമ്പാരമായിരുന്നു. പ്ലാസ്റ്റിക്കും മരത്തടികളും ചപ്പുചവറുകളും കന്നുകാലികളുടെ ജഡവും തുടങ്ങി ശ്രീകോവിലടക്കം മാലിന്യവും ചെളിയും കൊണ്ട് മൂടി.

 

നിത്യപൂജകള്‍ പുനരാരംഭിക്കുന്നതിന് മുന്‍പ് ക്ഷേത്രം വൃത്തിയാക്കല്‍ വലിയ കടമ്പയായി മാറിയതോടെയാണ് അരയും തലയും മുറുക്കി പഴയങ്ങാടി പ്രദേശത്തെ മുസ്ലീം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡ് ടീം രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അതിനെന്താ പൂര്‍ണ സന്തോഷമെന്ന് പൂജാരിയുടെ മറുപടിയും. പിന്നെ ഒന്നും നോക്കിയില്ല ഇരുപത്തിയഞ്ചോളം വരുന്ന വൈറ്റ് ഗാര്‍ഡ് ടീം പൂര്‍ണസജ്ജരായി ശുചീകരണത്തിനിറങ്ങിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീകോവിലും ക്ഷേത്ര പരിസരവും ക്ലീന്‍. പണിക്കിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ക്ക് ചായയും പലഹാരവും വെള്ളവുമായി പൂജാരിയും സംഘവും കൂടെ തന്നെ ഉണ്ടായിരുന്നു. പണിയും കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളുടെ മനസ്സ് നിറഞ്ഞ സനേഹവും അഭിനന്ദനവും വാങ്ങിയാണ് വൈറ്റ് ഗാര്‍ഡ് സംഘം ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്.

 

ഏത് മതക്കാരായാലും അവര്‍ ആരാധിക്കുന്ന ദൈവത്തിന് ഒരു രൂപമാണുള്ളത്, മതം മനുഷ്യസ്‌നേഹത്തെയാണ് അടയാളപ്പെടുത്തേണ്ടത് അതുകൊണ്ട് ക്ഷേത്രം ശുചീകരിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ വന്നാലും ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ വന്നാലും അത് ഞങ്ങള്‍ക്ക് സന്തോഷം മാത്രമാണെന്ന് ക്ഷേത്രം ഭാരവാഹിയായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

 

മുസ്ലീം ഭൂരിപക്ഷ മേഖലയാണെങ്കിലും നിത്യവും അമ്മകോട്ടം ദേവിക്ഷേത്രത്തിലെ കീര്‍ത്തനങ്ങള്‍ കേട്ടാണ് ഞങ്ങള്‍ എണീക്കുന്നതും വീട്ടിലെത്തുന്നതുമെല്ലാം. അതുകൊണ്ട് തന്നെ അമ്പലം വൃത്തിയാക്കാന്‍ ഇറങ്ങിയത് ഞങ്ങള്‍ക്ക് പൂര്‍ണമായും സന്തോഷവും അഭിമാനവുമാണെന്നാണ് വൈറ്റ് ഗാര്‍ഡ് സംഘത്തെ നയിച്ചവരും പറയുന്നത്. ബലി പെരുന്നാളായ ഇന്ന് രാവിലെ പെരുന്നാല്‍ നിസ്കാരത്തിന് മുന്‍പ് നാട്ടിലെ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ തിരി തെളിയട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ഇവര്‍ പറഞ്ഞു നിര്‍ത്തുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code