Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈ രാത്രി പുലരാതിരുന്നെങ്കില്‍ (കവിത: സന്തോഷ് ആര്‍ പിള്ള)

Picture

എന്റെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ടാ ജാലകവാതിലിന്‍ ചാരേ നില്പവളേ,

 

നിദ്ര വരണ്ട കണ്‍കളടയുവാനറയ്ക്കവേ
നിന്‍റെ തണുത്തുകുളിരണിഞ്ഞ കൈകളെന്‍
മുഖത്തും, തലമുടിയിഴകളിലും തെന്നി നീങ്ങവേ
എപ്പോഴോ ഉറക്കത്തിലാണ്ടു പോയി ഞാന്‍.

 

എന്റെ ശ്വാസം പോലും നിയന്ത്രിക്കുന്നതു നീയല്ലേ.

 

എന്നാലും എന്റെ ശ്വാസം നിലച്ചു കാണാന്‍ എന്തേ നീ ആഗ്രഹിക്കുന്നത്! ഉണരവേ, നിന്‍റെയസാന്നിധ്യം വിരസമായ പകലുകളെ ജനിപ്പിക്കുന്നു.

 

അറിയുമോ! നീയെന്‍ ശ്വാസം.
അത് നിലയ്ക്കുമ്പോഴും ഒന്നായിരിക്കും നാം.

 

നഷ്ടബാല്യത്തിനെത്തേടിയലയവേ ഇടറിവീണ വഴികളിലെവിടെയോ തിരികെ വരാനാവാതെ നില്‍ക്കവേ എന്തിനാണ് നീ നനുത്ത സ്‌നേഹകരങ്ങളാല്‍ വീണ്ടുമെന്നെ കൊണ്ടു വരുന്നു. നാട്ടു വഴികളിലൂടെ വീണ്ടും നടക്കുമ്പോളെപ്പൊഴാണ്, എപ്പോഴാണ് നീയകന്നത്! എന്തിനാണെന്നെയിവിടെ തനിച്ചാക്കിയത്. ബാല്യത്തിന്റെ നന്മയും, നിഷ്കളങ്കതയും നിറഞ്ഞയെന്‍ കുട്ടികാലത്തില്‍ നിന്നും പ്രണയത്തിന്‍ കൗമാരവും, യൗവനത്തിന്‍ തീക്ഷ്ണമാം മോഹവും എന്തിനാണ് വീണ്ടും തിരികെത്തന്നത്.

 

എനിക്കറിയാം സ്വയമുരുകുന്ന നിന്നെ.
സ്വപ്നം നെയ്യുന്ന കാവല്‍കാരനെ വീണ്ടും സ്വപ്നം വിതയ്ക്കുവാന്‍ മോഹിപ്പിക്കുന്നു നീ. നെയ്തു കൂട്ടുന്ന നിറമുള്ള സ്വപ്നങ്ങള്‍
ചക്രവാളസീമയില്‍ തുടങ്ങി പുലരിയുടെ വരവറിയിക്കും വരെ മാത്രമോ!

 

നിര്‍ജീവമായൊരെന്‍ പകലുകളെ കൊന്നൊടുക്കി ഇരവിന്‍ നിശബ്ദമാം ഏകാന്തതയില്‍ നിന്നോടു വാചാലമാകവേ, കെടാവിളക്കു പോല്‍ സുന്ദരമാമെന്‍ സ്വപ്‌നങ്ങള്‍തന്‍ ആയുസ്സ് പുലരി വരെ മാത്രമോ!

 

അറിയാം എന്നിലേ മോഹതാപങ്ങളെ വേര്‍തിരിച്ചറിഞ്ഞും, ശ്വാസനിശ്വാസത്തിന്‍ ആരോഹണാവരോഹണങ്ങള്‍ പുഞ്ചിരിയോടെ വീക്ഷിച്ചും നീയവിടെത്തന്നെയുണ്ടെന്ന്.

 

നിന്‍ ആലിംഗനത്തില്‍ പരവശനാകുന്നൂ ഞാന്‍.
സഖീ..... ഇരവിന്‍ പ്രകാശമേ....
ഈ രാത്രി പുലരാതിരുന്നെങ്കില്‍!

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code