Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിക്കുന്നു: യുഎസ് പ്രതിനിധി ആന്‍ഡ്രെ കാഴ്‌സണ്‍   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ എന്ന് അമേരിക്കയിലെ ഇന്ത്യാനയില്‍ നിന്നുള്ള മുസ്ലിം കോണ്‍ഗ്രസ് പ്രതിനിധി ആന്‍ഡ്രേ കാഴ്‌സണ്‍. പൗരത്വ ഭേദഗതി ബില്‍ എംപിമാര്‍ പാസാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു മുഖം നാം ഇന്ന് കണ്ടുവെന്ന് കാഴ്‌സണ്‍ പറഞ്ഞു. എന്നിരുന്നാലും, ബിജെപിയുടെ ചരിത്രവും വര്‍ഗീയതയുമായുള്ള ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഈ നടപടി അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യയിലെ വിവാദ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ ശേഷമാണ് കാഴ്‌സണ്‍ ഈ പ്രസ്താവന നടത്തിയത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മതപരമായ പീഡനത്തെത്തുടര്‍ന്ന് 2014 ഡിസംബര്‍ 31 നകം ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യന്‍ എന്നീ സമുദായക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഈ ബില്ലില്‍ വ്യവസ്ഥയുണ്ട്. ജമ്മു കശ്മീരില്‍ നിന്ന് പ്രത്യേക പദവി പിന്‍വലിക്കുന്നതിലും കാഴ്‌സണ്‍ ആശങ്ക പ്രകടിപ്പിച്ചു.

 

'ഓഗസ്റ്റ് 5 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ നിന്ന് പ്രത്യേക സംസ്ഥാന പദവി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കശ്മീരിന്‍റെ ഭാവിയില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഞാന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു' കാഴ്‌സണ്‍ പറഞ്ഞു.

 

അതിനെ അപകടകരമായ നീക്കമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു, സര്‍ക്കാര്‍ കശ്മീര്‍ ജനതയുടെ ജനാധിപത്യ ഇച്ഛയെ അവഗണിക്കുകയും, ഇന്ത്യന്‍ ഭരണഘടനയുടെ സമ്പന്നമായ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉന്നയിക്കേണ്ടി വരുന്നത്.

 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത് കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന് ആഗസ്റ്റ് 5 ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു എന്നതും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഇതിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഉഭയകക്ഷി ബന്ധം കുറച്ചുകൊണ്ട് പാക്കിസ്താന്‍ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കിയിരുന്നു. അതേസമയം, ഇത് വ്യക്തമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യ തുടര്‍ച്ചയായി പറയുന്നത്.

 

"ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതോടെ പ്രധാനമന്ത്രിയുടെ മറ്റൊരു മാരകമായ നീക്കമാണ് ഞങ്ങള്‍ കണ്ടത്. എന്നിരുന്നാലും, മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചരിത്രവും വര്‍ഗീയതയുമായുള്ള ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഈ നടപടി അപ്രതീക്ഷിതമല്ല. ന്യൂനപക്ഷ മുസ്ലിംകളെ ഇന്ത്യയിലെ രണ്ടാം ക്ലാസ് പൗരനാക്കാനുള്ള മറ്റൊരു ശ്രമമാണ് ഈ നടപടി" കാഴ്‌സ്ണ്‍ പറഞ്ഞു.

 

നേരത്തെ, ലോക്‌സഭ ബില്‍ പാസാക്കുന്നതിനുമുമ്പ്, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ (The U.S. Commission on International Religious Freedom (USCIRF) ബില്ലിനെ 'തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നീക്കം' എന്ന് വിശേഷിപ്പിക്കുകയും, മതപരമായ മാനദണ്ഡങ്ങളുള്ള ഈ ബില്‍ നിയമമായി മാറ്റാന്‍ മുന്‍കൈ എടുത്ത ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് ഇന്ത്യന്‍ നേതാക്കള്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്താന്‍ യു എസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കാഴ്‌സന്‍ പറഞ്ഞു.

 

എന്നാല്‍, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍റെ വിമര്‍ശനാത്മക പരാമര്‍ശങ്ങളെ അപലപിക്കാതെ, വിദേശകാര്യ മന്ത്രാലയം വക്താവ് രവിഷ് കുമാര്‍, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ സ്ഥാപനത്തിന്റെ കാഴ്ചപ്പാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും, അവരുടെ അധികാര പരിധിയില്ലാത്ത ഒരു വിഷയത്തെക്കുറിച്ചുള്ള മുന്‍വിധി ന്യായീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

 

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്‍റ് ചര്‍ച്ചകള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ യൂഗോ അസ്റ്റുറ്റോ പറഞ്ഞു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code