Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ - 64: ജയന്‍ വര്‍ഗീസ്)

Picture

അപ്പനമ്മമാരെ കൂട്ടിക്കൊണ്ടു വരുന്നതിനായി ഞാനും, ഭാര്യയും നാട്ടിലെത്തി. ഇതിനിടയില്‍ ഒന്ന് രണ്ട് ചെറിയ പ്ലോട്ടുകള്‍ ഞങ്ങള്‍ നാട്ടില്‍ വാങ്ങിയിരുന്നു. പാടത്ത് ഞങ്ങളുടെ നിലത്തിനോട് ചേര്‍ന്ന് അഞ്ചു പറ നിലം വാങ്ങിയതാണ് അതിലൊന്ന്. ഈ അഞ്ചു പറയില്‍ പകുതി റോയിയുടെ ഭാര്യ റൈനക്ക് അവകാശമായി കിട്ടിയപണം ഉപയോഗിച്ചാണ് വാങ്ങിയത്. ബാക്കി പകുതിക്കുള്ള പണം മുടക്കിയത് ഞങ്ങളാണെങ്കിലും, മകള്‍ക്ക് വേണ്ടി അവളുടെ പേരിലാണ് അത് വാങ്ങിയത്. ( മുന്നമേ ഉണ്ടായിരുന്ന മൂന്നര പറയും കൂടി ചേര്‍ത്ത് ആറു പറ നിലം ഞങ്ങള്‍ അവള്‍ക്ക് കൊടുത്തു. പില്‍ക്കാലത്ത് അത് പുരയിടമാക്കി മാറ്റി റബര്‍ കൃഷി ചെയ്തിരിക്കുകയാണിപ്പോള്‍. )

 

ഞങ്ങളുടെ വീട്ടിലേക്ക് വണ്ടി വരുന്നതിനുള്ള സൗകര്യം ഇല്ലാതിരുന്നതും, നടന്നു മാത്രമേ എത്താന്‍ കഴിയുകയുള്ളു എന്നതും എക്കാലവും ഒരു അസൗകര്യം ആയിരുന്നല്ലോ ? റോഡരികില്‍ അല്‍പ്പം സ്ഥലം വാങ്ങി വീട് വയ്‌ക്കേണ്ടത് എല്ലാവരും അംഗീകരിച്ച ആവശ്യമായിരുന്നു. പ്രത്യേകിച്ചും അപ്പനമ്മമാര്‍ പ്രായമായി വരുന്ന അവസ്ഥയില്‍ പെട്ടെന്ന് ആശുപത്രിയിലോ മറ്റോ പോകേണ്ടി വന്നാല്‍ ? ഇത് മനസ്സില്‍ കണ്ടിട്ടാണ് റോഡരികില്‍ സ്ഥിതി ചെയ്തിരുന്ന ഇരുപത് സെന്റ് സ്ഥലം വാങ്ങിയത്. കൂറ്റപ്പിള്ളില്‍ സാവി എന്ന എന്റെ ഒരു യുവ സുഹൃത്തിന്റേതായിരുന്നു ആ സ്ഥലം.

 

ഈ സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോളാണ് ഞങ്ങളുടെ സ്ഥലത്തു നിന്ന് റോഡ് വരെ നീണ്ടു കിടക്കുന്ന ഒരു എഴുപത് സെന്റ് പുരയിടം ' ചേട്ടന്‍ തന്നെ വാങ്ങണം ' എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജോര്‍ജ്ജുകുട്ടിയുടെ വിളി വരുന്നത്. നാട്ടില്‍ വച്ച് ഞങ്ങളുടെ അയല്‍ക്കാരും സഹായികളും ആയിരുന്ന ചെന്പകശേരിയില്‍ ഞ്ഞൂഞ്ഞപ്പന്‍ ചേട്ടന്റെ മൂത്ത മകനായിരുന്നു ജോര്‍ജ് കുട്ടി. വീട്ടിലേക്കു പോകാന്‍ വളഞ്ഞു ചുറ്റി പോകേണ്ടിയിരുന്ന ഞങ്ങള്‍ എളുപ്പത്തിലുള്ള കുറുക്കു വഴിയായി ഇവരുടെ മുറ്റത്തു കൂടിയാണ് അന്ന് നടന്നു പോയിരുന്നത്. സാധാരണ ഗതിയില്‍ തങ്ങളുടെ മുറ്റത്തു കൂടി നടന്നു പോകാന്‍ നാട്ടും പുറത്തുകാര്‍ ആരെയും അനുവദിക്കാറില്ല. പക്ഷെ, ഈ കുടുംബം ഒരിക്കല്‍ പോലും ഞങ്ങളെ വിലക്കുകയോ, സ്‌നേഹക്കുറവ് കാണിക്കുകയോ ചെയ്തിട്ടില്ല എന്നുള്ളതായിരുന്നു ഇവരോട് ഞങ്ങള്‍ക്കുണ്ടായിരുന്ന വലിയ കടപ്പാട്.

 

' എന്തിനാണ് ജോര്‍ജുകുട്ടീ സ്ഥലം വില്‍ക്കുന്നത് ? വില്‍ക്കാതെ പിടിച്ചു നില്‍ക്കാന്‍ നോക്ക് ' എന്ന് ഞാന്‍ പറഞ്ഞെങ്കിലും, ' ഈ സ്ഥലം വിറ്റാല്‍ ഇതിനേക്കാള്‍ കൂടുതല്‍ ആദായം കിട്ടുന്ന ഒരു റബര്‍ തോട്ടം ഒത്തു വന്നിട്ടുണ്ടെന്നും, അത് വാങ്ങാനാണ് ഇത് വില്‍ക്കുന്നതെന്നും ആണ് ജോര്‍ജ്ജുകുട്ടി പറഞ്ഞത്. ' എന്നാല്‍ ജോര്‍ജ്ജുകുട്ടി വില നിശ്ചയിച്ചു കൊള്ളാനും, ആ വില ഞാന്‍ തന്നു കൊള്ളാമെന്നും ഞാന്‍ ഏറ്റു. അങ്ങിനെ ജോര്‍ജ്ജുകുട്ടി നിശ്ചയിച്ച വിലക്ക് ആ വസ്തു ഞങ്ങള്‍ വാങ്ങി. ഇപ്പോള്‍ റോഡില്‍ നിന്ന് ഞങ്ങളുടെ വസ്തുക്കളുടെ അതിര്‍ത്തി വരെ വാഹനം കൊണ്ട് പോകുന്നതിനുള്ള വഴി സൗകര്യം ഉണ്ടായിക്കിട്ടി.

 

ഈ സ്ഥലത്തു ഒരു ചെറിയ വീട് ഉണ്ടായിരുന്നത് കൊണ്ട് അപ്പനമ്മമാരും, അനുജനായ ബേബിയും, കുടുംബവും അങ്ങോട്ട് മാറിത്താമസിച്ചു. ബേബി താമസിച്ചിരുന്ന തറവാട്ടു വീട്ടിലേക്കും അന്ന് വാഹന സൗകര്യം ഇല്ലായിരുന്നു എന്നതും, പ്രായമുള്ള അപ്പനമ്മമാരെ തനിയെ താമസിപ്പിക്കേണ്ട എന്ന സദുദ്ദേശവും ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. അപ്പനമ്മമാര്‍ താമസിച്ചിരുന്ന ഞങ്ങളുടെ ' അക്കര ' വീട്ടിലേക്ക് ( തോടിന്റെ അക്കരെയായിരുന്നു ഞങ്ങളുടെ വീട് എന്നതിനാല്‍ വീട്ടുകാരും, നാട്ടുകാരും ഇതിനെ അക്കര വീട് എന്നാണ് വിളിച്ചിരുന്നത്.) മറ്റൊരു അനുജനായ ജോര്‍ജും കുടുംബവും താമസം മാറ്റി. ജോര്‍ജിന്റെ കുട്ടികള്‍ അനീഷും, നിമിഷയും അന്ന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുകയായിരുന്നു എന്നതിനാല്‍ അവര്‍ക്ക് ചെറിയൊരു സാന്പത്തിക സപ്പോര്‍ട്ട് ഇത് മൂലം ലഭ്യമാവട്ടെ എന്ന് കൂടി കരുതിയിട്ടായിരുന്നു ഈ താമസം മാറ്റലുകള്‍.

 

അപ്പനമ്മമാരും, ഞങ്ങളും, ബേബിയും, അങ്ങിനെ ഞങ്ങളഞ്ചു പേര്‍ ട്രെയിനില്‍ മദ്രാസിലെത്തി. സെന്‍ട്രല്‍ സ്‌റേഷനടുത്തുള്ള ധാരാളമായ മലയാളി ലോഡ്ജുകളില്‍ ഒന്നില്‍ താമസിച്ചു കൊണ്ട്, അവര്‍ തയാറാക്കുന്ന അതി രുചികരമായ മലയാളി ഭക്ഷണം കഴിച്ചു കൊണ്ട് രണ്ടു ദിവസം ഞങ്ങള്‍ മദിരാശിയില്‍ താമസിച്ചു. ഇടയ്ക്ക് കിട്ടിയ സമയങ്ങളില്‍ മറീനാ ബീച്ച് ഉള്‍പ്പടെയുള്ള ചില സ്ഥലങ്ങള്‍ ടാക്‌സിയില്‍ സഞ്ചരിച്ചു കൊണ്ട് സന്ദര്‍ശിച്ചു. പണ്ട് മദ്രാസ് നഗരത്തിലെ ഏതോ ഒരു കോണിലെ ഇരുട്ടില്‍ വഴി മുട്ടി നിന്ന എന്നെ പണം പോലും വാങ്ങിക്കാതെ സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിസരത്തു ഇറക്കി വിട്ട ദയാലുവായ ആ തടിച്ച യുവ ഓട്ടോ െ്രെഡവറുടെ മുഖം നഗരത്തില്‍ കണ്ട ഓട്ടോകളില്‍ ഞാന്‍ വെറുതേ തെരയുന്നുണ്ടായിരുന്നു. സെന്‍ട്രല്‍ സ്‌റ്റേഷനിലെ പത്രക്കടലാസ് ശയ്യയില്‍ നിന്ന് വെളുത്ത നീളന്‍ വടിയുമായി വന്ന് ഞങ്ങളെ അടിച്ചോടിക്കുകയും, ഞാന്‍ കൊടുത്ത ചെറിയ കൈമടക്ക് സ്വീകരിച്ച് എന്നെ മോചിപ്പിക്കുകയും ചെയ്ത പോലീസ് മുഖങ്ങളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

 

മറീനാ ബീച്ചിന്റെ വെളുത്ത പൂഴിപ്പരപ്പില്‍ നിന്ന്, മരത്തടികള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയെടുത്ത കട്ട മരങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കാണാക്കയങ്ങളില്‍, അന്നന്നപ്പത്തിന്റെ ആരും കാണാപ്പൂമീനുകള്‍ തേടിപ്പോകുന്ന അര്‍ദ്ധ നഗ്‌നരായ മുക്കുവക്കോലങ്ങള്‍ ഞങ്ങളുടെ, പ്രത്യേകിച്ചും അപ്പന്റെ നെഞ്ചില്‍ ശരിക്കും ഇടം നേടിയെടുത്തു. ഇവരുടെ ഇല്ലായ്മകളുടെ മുന്നില്‍ നമ്മുടെ ദാരിദ്ര്യം ഒരിക്കലും ഒന്നുമായിരുന്നില്ല എന്ന ഒരഭിപ്രായം ഞങ്ങളോട് പങ്കു വയ്ക്കുകയും ചെയ്തു അപ്പന്‍.

വിസയും വാങ്ങി മടങ്ങിയെത്തിയ ഞങ്ങള്‍ അധികം താമസിയാതെ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റില്‍ തിരിച്ചു പൊന്നു. പേരപ്പന്‍ അമേരിക്കക്ക് പോകുന്നു എന്ന വാര്‍ത്ത അപ്പന്റെ സഹചാരികളില്‍ പലര്‍ക്കും വലിയ വേദനയാണ് ഉണ്ടാക്കി വച്ചത്. വളരെപ്പേര്‍ യാത്രക്ക് മുന്‍പ് വീട്ടില്‍ വന്നിരുന്നു. ' എല്ലാം കണ്ട് എത്രയും വേഗം മടങ്ങിയെത്തണം ' എന്ന ആവശ്യമാണ് പ്രധാനമായും അവരെല്ലാം തന്നെ മുന്നോട്ടു വച്ചത് എന്നത് എന്നെപ്പോലെ അപ്പനും ഞങ്ങളുടെ ഗ്രാമ ജീവിതത്തിന്റെ നേര്‍ച്ചരടുകളില്‍ ഇഴ ചേര്‍ന്നാണ് ജീവിച്ചിരുന്നത് എന്ന സത്യം ഒരിക്കല്‍ കൂടി എന്നെ ബോധ്യപ്പടുത്തുകയായിരുന്നു. എന്നും പ്രായോഗികതയുടെ പ്രയോക്താവായിരുന്ന 'അമ്മയെ ഇതൊന്നും പ്രത്യേകമായി ബാധിച്ചതേയില്ല.

 

അമേരിക്കന്‍ ജീവിതത്തിന്റെ ധാരാളിത്തം അമ്മയെ ആഹ്ലാദിപ്പിച്ചുവെങ്കിലും അപ്പനെ അതൊന്നും ആകര്‍ഷിച്ചില്ല. ആദ്യ ആഴ്ചകളില്‍ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീടുകളില്‍ നടത്തിയ വിസിറ്റിങ്ങുകള്‍ക്ക് ശേഷം കൂട്ടിലിട്ട കിളിയെപ്പോലെ അപ്പന്‍ അകത്തു തന്നെ കൂടി. ചെറിയ യാത്രകളിലും, ഷോപ്പിംഗുകളിലും കൂടെ കൂടിയെങ്കിലും, ഒന്നിലും ശ്രദ്ധയില്ലാതെ ഏതോ ചിന്തയുടെ ലോകത്ത് അപ്പന്‍ ഒറ്റപ്പെട്ടു നിന്നു. ഇതിനകം ഞങ്ങളുടെ ബേസ്‌മെന്റില്‍ താമസമാക്കിയ ബിനോയ് കുസുമം കുടുംബത്തോട് മാത്രമേ അപ്പന്‍ സംസാരിച്ചിരുന്നുള്ളു. അപ്പന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കിയ ബിനോയി ക്രമേണ അപ്പന്റെ അടുത്ത സുഹൃത്തായി മാറി.

പ്രായമുള്ളവര്‍ക്ക് പള്ളി ഒരാശ്രയ കേന്ദ്രം ആവുമല്ലോ എന്ന പൊതു ധാരണ അപ്പനെ സംബന്ധിച്ചിടത്തോളം ശരിയാവില്ല എന്ന് എനിക്കറിയാമായിരുന്നു. കാരണം, പള്ളി ദൈവത്തെ വിലപേശി വില്‍ക്കുന്ന ഇടമാണെന്നും, അച്ചന്മാര്‍ കൂലിക്കു വേണ്ടി തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ ആണെന്നും അപ്പന്‍ ചെറുപ്പ കാലം മുതലേ ഞങ്ങളോട് പറഞ്ഞിരുന്നു. പള്ളിച്ചടങ്ങുകളില്‍ പതിവായും, കൃത്യമായും പങ്കെടുത്തിരുന്ന അമ്മയോട് ഇതൊക്കെ പറഞ്ഞു തര്‍ക്കിച്ച് എന്നും പരാജയപ്പെടുകയായിരുന്നു അപ്പന്‍. എന്നാല്‍പ്പോലും പിറവത്തെ രാജാക്കളുടെ പള്ളിയില്‍ ആണ്ടുതോറും അപ്പന്‍ പോവുകയും നേര്‍ച്ച കഴിക്കുകയും ചെയ്തിരുന്നു. ആണ്ടു കുന്പസാരം മുടങ്ങാതെ നടത്തിയിരുന്ന അപ്പന്‍ അതിനുള്ള ന്യായമായി പറഞ്ഞിരുന്നത്, നമ്മള്‍ ഒരു മേല്‍ക്കൂരക്കടിയില്‍ നില്‍ക്കുന്‌പോള്‍ അതിന്റെ നിയമങ്ങള്‍ പാലിച്ചിരിക്കണം എന്നാണ്.

 

ഞങ്ങളുടെ ഇടവകപ്പള്ളിയുടെ കൈക്കാരന്‍ ( ട്രസ്റ്റി ) ആയും ഒരു ടേമില്‍ അപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പന് തീരെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഇടവകക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയും, സഹ കൈക്കാരനായി വന്നത് അപ്പന്റെ സുഹൃത്തായ തോമാച്ചന്‍ ചേട്ടന്‍ ആയിരുന്നത് കൊണ്ടുമാണ് അപ്പന്‍ സമ്മതിച്ചത്. സത്യ സന്ധമായിട്ടാണ് അവര്‍ ഭരണം നടത്തിയിരുന്നത് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ.

അന്ന് പള്ളിക്കുള്ള വിഹിതങ്ങള്‍ നെല്ലായിട്ടും, തേങ്ങയായിട്ടും ഒക്കെ വീടുകളില്‍ ചെന്നാണ് കളക്ട് ചെയ്തിരുന്നത്. കൈക്കാരന്‍മാര്‍ രണ്ടു പേരും കൂടി ഒരു ചുമട്ടു കാരനോടൊപ്പം ഇതൊക്കെ കളക്ട് ചെയ്‌യുകയായിരുന്നു. നാലുമണി കഴിഞ്ഞ നേരത്ത് പിരിവും കഴിഞ്ഞു വരുന്‌പോള്‍ ഒരു ചായക്കടയില്‍ കയറി അവര്‍ ചായ കുടിച്ചു. അപ്പന്‍ വേണ്ടെന്നു പറഞ്ഞെങ്കിലും തോമാച്ചന്‍ ചേട്ടന്‍ നിര്‍ബന്ധിച്ചതിനാല്‍ അപ്പന്‍ ഒരു കട്ടന്‍ ചായയും, ഒരു ബോണ്ടയും കഴിച്ചു പോയി. ഇത് അപ്പനില്‍ വലിയ കുറ്റബോധം ഉളവാക്കി. പള്ളിയുടെ പണം കൊണ്ട് ചായയും ബോണ്ടയും കഴിക്കാന്‍ പാടില്ലായിരുന്നു എന്ന് അപ്പന്‍ പില്‍ക്കാലത്തു പലപ്പോഴും ഞങ്ങളോട് പറഞ്ഞിരുന്നു. അപ്പന്റെ ഭാഷയില്‍ അത് ഇങ്ങനെയാണ് : " ആ തോമാച്ചന്‍ കാരണം പള്ളിയുടെ ഒരു ചായയും, ബോണ്ടയും എന്റെ വയറ്റിലായിപ്പോയി. "

 

എങ്കിലും ഒന്നുരണ്ടു ഞായറാഴ്ചകളില്‍ ഇവിടുത്തെ പള്ളിയില്‍ ഞങ്ങള്‍ അപ്പനെ കൊണ്ടുപോയി. അതില്‍ ഒന്നും ഒരു മാറ്റവും അപ്പനില്‍ വരുത്താനായില്ല. ' നാട്ടിലാണെങ്കില്‍ കറുത്ത കുപ്പായമിട്ട അച്ചന്മാരെ സഹിച്ചാല്‍ മതി, ഇവിടെയാകുന്‌പോള്‍ കറുത്ത കുപ്പായമിട്ട അല്‍മേനികളെ സഹിക്കാനാണ് പാട്.' എന്ന ഒരഭിപ്രായവും അപ്പന്റേതായി പുറത്തു വന്നു. എന്നും ജോലി കഴിഞ്ഞു തിരിച്ചെത്തുന്‌പോള്‍ ജനാലയിലൂടെ വെളിയിലേക്കു നോക്കി താടിക്കു കയ്യും കൊടുത്ത് വിഷണ്ണനായിരിക്കുന്ന അപ്പനെയാണ് കാണുന്നത്. 'അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന ആഹാരം കഴിച്ചിട്ടുണ്ട് എന്നല്ലാതെ ടി. വി. കാണുന്നതില്‍ പോലും വലിയ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് അമ്മ പറഞ്ഞിരുന്നത്.

 

അപ്പന്‍ പ്രതീക്ഷിച്ചിരുന്നതും, വിശ്വസിച്ചിരുന്നതുമായ ഒരു ജീവിതമല്ലാ എനിക്ക് ഇവിടെയുണ്ടായിരുന്നത് എന്ന് അപ്പന് മനസ്സിലായി. ' നാട്ടിലെ ആ കാറ്റ് കൊണ്ട് നടന്നിരുന്നെങ്കില്‍ പറന്പില്‍ നിന്ന് കിട്ടുന്നതും പെറുക്കിത്തിന്ന് സുഖമായി ജീവിക്കാമായിരുന്നുവല്ലോ ' എന്നും, 'ഇവിടെ നിനക്ക് ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലല്ലോ? ' എന്നും അപ്പന്‍ വേദനയോടെ പറഞ്ഞു. ഇടി വെട്ടിയവനെ പാന്പ് കടിച്ചു എന്ന് പറഞ്ഞത് പോലെ ഗ്യാസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ' പെര്‍മിനെന്റലി ടെര്‍മിനേറ്റിഡ് ' എന്ന കടലാസ് കയ്യില്‍ കിട്ടി. ഏരിയാ മാനേജരുടെ പക അവസരം കിട്ടിയപ്പോള്‍ ആഞ്ഞു പ്രതികരിച്ചു എന്നര്‍ത്ഥം.

 

അപ്പന്റെ കൈയുടെ ഉരത്തിന് വേദനയായിട്ട് കൈ പൊക്കാന്‍ മേലാത്ത അവസ്ഥ വന്നിരുന്നു എന്ന് പില്‍ക്കാലത്ത് ബിനോയി പറഞ്ഞിട്ടാണ് ഞാനറിഞ്ഞത്. ചികില്‍സിക്കാന്‍ എന്റെ കൈയില്‍ പൈസയുണ്ടാവില്ല എന്നറിഞ്ഞിട്ട് ഇക്കാര്യം രഹസ്യമാക്കി വയ്ക്കാന്‍ അമ്മയോട് പ്രത്യേകം ശട്ടം കെട്ടിയിരുന്നുവത്രെ. അപ്പന് കുറേശെ തടി വച്ച് വരുന്നത് ഞാന്‍ കണ്ടിരുന്നു. അദ്ധ്വാന ശീലനും, കൃശ ഗാത്രനുമായ അപ്പന്‍ അനങ്ങാതെ ഇരുന്ന് ആഹാരം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന മാറ്റം ആയിരിക്കും ഇത് എന്നാണു ഞാന്‍ കരുതിയത്. ഒരു ദിവസം നോക്കുന്‌പോള്‍ അപ്പന്റെ രണ്ടു കാല്‍പ്പാദങ്ങളും നീര് വച്ച് വീര്‍ത്തിരിക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്‌പോളാണ് കാര്യങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നത്. വിസിറ്റിങ് വിസയില്‍ വന്ന അവര്‍ക്ക് ഇവിടെ മെഡിക്കല്‍ കവറേജ് കിട്ടില്ലെന്നും, ചികില്‌സിക്കാന്‍ പോയാല്‍ ഭാരിച്ച ഒരു തുക എന്റെ ചുമലില്‍ വന്നു വീഴും എന്നും എങ്ങനെയോ മനസിലാക്കിയിട്ടാണ് ആരോടും ഒന്നും പറയാതെ അപ്പന്‍ ഇതെല്ലാം സ്വയം സഹിച്ചു കൊണ്ടിരുന്നത്. നാട്ടില്‍ പോകണം എന്ന് പറഞ്ഞാല്‍ ടിക്കറ്റിനുള്ള വിലയെക്കുറിച്ചു പേടിച്ചിട്ട് അതും പറഞ്ഞില്ല.

നാട്ടില്‍ നിന്ന് ഇവിടെ വന്നിട്ട് ഒരു കൈയില്‍ നുരയുന്ന മദ്യഗ്ലാസ്സും, മറു കൈയില്‍ എരിയുന്ന സിഗററ്റുമായി ' എന്‍ജോയ് ' ചെയ്യുന്ന എത്ര അപ്പന്മാരെ ഞാന്‍ കണ്ടിരിക്കുന്നു ? ഇവിടെ എന്റെ അപ്പന്‍ എനിക്ക് ഉണ്ടാവാനിടയുള്ള ധന നഷ്ടം കണക്കിലെടുത്ത് എല്ലാം ഉള്ളിലൊതുക്കി സഹിക്കുന്നു. നാട്ടിലെ സാമാന്യം നല്ല കള്ളു കുടിയന്‍ ആയിരുന്നിട്ടു കൂടി വാങ്ങി വച്ചിട്ടുള്ള മദ്യക്കുപ്പിയില്‍ നിന്ന് വളരെ നിയന്ത്രിതമായ അളവില്‍ മാത്രമാണ് അപ്പന്‍ കഴിച്ചിരുന്നത് എന്നും ഞാന്‍ മനസിലാക്കുന്നത് വൈകിയിട്ടാണ്,

 

ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞിട്ട് അപ്പന്‍ സമ്മതിക്കുന്നില്ല. ' നാട്ടില്‍ ചെന്ന് തൂന്പായെടുത്തു നാല് കിള കിളക്കുന്‌പോള്‍ ഇതൊക്കെ പന്പ കടക്കും ' എന്നാണ് അപ്പന്റെ വാദം. അപ്പന് നാട്ടില്‍ പോകണം എന്നാണു ആഗ്രഹം എന്ന് അമ്മയില്‍ നിന്ന് അറിഞ്ഞ ഞാന്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. എത്ര വേണ്ടെന്നു പറഞ്ഞിട്ടും അറുന്നൂറു ഡോളര്‍ കെട്ടിയേല്‍പ്പിച്ച് പത്തനംതിട്ടക്കാരന്‍ പാപ്പച്ചന്‍ എന്ന സുഹൃത്തിന്റെ കൂടെ അപ്പനെ നാട്ടില്‍ അയച്ചു. ( ഈ പാപ്പച്ചന്റെ ഭാര്യ സാറാമ്മ വളരെക്കാലം കന്പനിയില്‍ ജോലിക്ക് വന്നിരുന്നത് എന്റെ കാറില്‍ ആയിരുന്നു. ) നാട്ടിലെ ജീവിത സാഹചര്യങ്ങളിലേക്ക് മടങ്ങിയപ്പോള്‍ യാതൊരു ചികിത്സയും കൂടാതെ തന്നെ അപ്പന്റെ അസുഖങ്ങള്‍ മാറുകയും, ഇനി നാട് വിട്ടു പുറത്തേക്കില്ല എന്ന് എല്ലാവരോടും പറയുകയും ചെയ്തു.

 

അമേരിക്കയും,അമേരിക്കയിലെ ജീവിത രീതിയും അമ്മക്ക് വളരെ ഇഷ്ടമായിരുന്നു. അപ്പനും കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര കാലവും ഇവിടെ നില്‍ക്കുവാന്‍ 'അമ്മ തയാറുമായിരുന്നു. ആശയുടെ മകന്‍ ഷോണിന്റെ ബേബി സിറ്റര്‍ എന്ന നിലയില്‍ കുറേക്കാലം കൂടി 'അമ്മ ഇവിടെ കഴിഞ്ഞു. ഷോണിന്റെ പ്രായത്തിലുള്ള മറ്റൊരു കുട്ടിയെക്കൂടി അതോടൊപ്പം 'അമ്മ നോക്കുന്നുണ്ടായിരുന്നു. ഇതുമൂലം ഒരു വര്ഷം കഴിഞ്ഞു മടങ്ങിപ്പോകുന്‌പോള്‍ കുറച്ചു ഡോളറിന്റെ ഒരു സന്പാദ്യവും അമ്മക്കുണ്ടായിരുന്നു.

ഗ്യാസ് സ്‌റ്റേഷനിലെ ജോലി നഷ്ടപ്പെട്ടതോടെ മറ്റൊരു പാര്‍ട് ടൈം ജോലി കൂടെ കണ്ടെത്താതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല എന്ന അവസ്ഥ വന്നു. യുഗോസ്‌ളാവിയക്കാരനായ ഒരു ബിസിനസ് കാരന്റെ കീഴില്‍ ചെറിയൊരു ജോലി കിട്ടി.

 

ഇടക്കിടെ നന്നായി വയലിന്‍ വായിക്കുന്ന ആ മനുഷ്യന് കുടുംബമോ, കുട്ടികളോ ഒന്നും ഇവിടെയുള്ളതായി അറിവില്ല. പറ്റിയാല്‍ ഒരു വിവാഹം കഴിക്കണമെന്നും അയാള്‍ പറയുന്നുണ്ട്. ഒരു പഴയ കെട്ടിടം അയാളുടേതാണെന്നു പറഞ്ഞു എന്നെ കാണിച്ചു തന്നു. അത് വാടകക്ക് കൊടുത്തിരിക്കുകയാണ് എന്ന് പറയുന്നു. പിന്നെയുള്ളത് ഒരു െ്രെഡ ക്‌ളീനിങ് സ്‌റ്റോര്‍ ആണ്. അവിടെയാണ് എന്നെ നിയമിച്ചിരിക്കുന്നത്. അവിടെ ഒരു തയ്യല്‍ മെഷീന്‍ ഉണ്ട്. െ്രെഡ ക്‌ളീനിംഗിന് വരുന്ന വസ്ത്രങ്ങളില്‍ ചിലതിന് അള്‍ട്രേഷന്‍ ആവശ്യമായി വരാറുണ്ട്. ചിലതിന് നീളം കുറക്കുക, മറ്റു ചിലതിനു വണ്ണം കുറക്കുക മുതലായ ചെറിയ ജോലികള്‍ ആണ് വേണ്ടി വരിക. ഇതിനു നല്ല കൂലിയുണ്ട്. അക്കാലത്തു പോലും ഒരു പീസിന് പത്തു ഡോളര്‍ കിട്ടും. ഇതില്‍ പകുതി എനിക്കു തരും. വരുന്ന ഓര്‍ഡറുകള്‍ വിവരങ്ങള്‍ വിശദമായി എഴുതി കൂട്ടി വച്ചിരിക്കും. ജോലി കഴിഞ്ഞു ഞാന്‍ ചെല്ലുന്‌പോള്‍ ഒന്നൊന്നായി ഫിക്‌സ് ചെയ്താല്‍ മതി. സമയ ക്രമം ഇല്ലാതെ രാത്രി പത്തു വരെയൊക്കെ ജോലി ചെയ്തിട്ടുണ്ട്.

ഇയ്യാളുടേത് ഒരു കുറുക്കന്‍ സ്വഭാവമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏതോ യൂറോപ്യന്‍ രാജ്യത്തു നിന്ന് ഇയാള്‍ കൊണ്ട് വന്നിട്ടുള്ള സുഗന്ധ വസ്തുവായ റോസ് എസ്സന്‍സ് കമ്മീഷന്‍ വ്യവസ്ഥയില്‍ വില്‍ക്കാമോ എന്ന് അയാള്‍ ചോദിച്ചെങ്കിലും ഞാന്‍ ഒഴിവായി. ഒരു ദിവസം എന്നെയും കൂട്ടി ഇത് വില്‍ക്കാനായി ന്യൂ ജേഴ്‌സിയുടെ അങ്ങേ അറ്റത്തുള്ള ഒരു ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഞങ്ങള്‍ പോയി. വളരെ കുറച്ചേ വിറ്റു പോയുള്ളു എന്നതിനാലും, അതിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ല എന്ന ന്യായീകരണത്തോടെയും ഒരു പൈസ പോലും ആയള്‍ എനിക്ക് തന്നില്ല.

 

മറ്റൊരു ദിവസം രണ്ടു കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ നിറയെ ജീന്‍സ് ( പാന്റ്‌സ് ) അയാള്‍ കൊണ്ടുവന്നു. മുന്നൂറിലധികം പീസുകള്‍. സൈസ് സ്‌മോള്‍ തുടങ്ങി താഴോട്ട് പത്തു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ധരിക്കാവുന്നത്. അതും കമ്മീഷന്‍ വ്യവസ്ഥയില്‍ വില്‍ക്കാമോ എന്ന ഓഫര്‍ ഞാന്‍ സ്വീകരിച്ചില്ല. എന്നാല്‍ തീരെ കുറഞ്ഞ ഒരു വിലക്ക് എനിക്ക് വില്‍ക്കാം എന്നായി അയാള്‍. അയാള്‍ പറഞ്ഞ വിലയില്‍ ഞാന്‍ വീണു പോയി. പീസിന് ഒരു ഡോളര്‍ മാത്രം. ജീന്‍സിന് അന്നും പത്തു ഡോളറിനു മുകളില്‍ വിലയുണ്ട്. വലിയ ഒരു ലാഭം കൊയ്‌യാമല്ലോ എന്ന പ്രതീക്ഷയില്‍ ഞാന്‍ അത് വാങ്ങി. മുന്നൂറിലധികം ഡോളര്‍ അയാള്‍ക്ക് ഞാന്‍ കൊടുത്തു.

 

അറിയാവുന്ന മലയാളികളോടൊക്കെ കുറഞ്ഞ വിലക്ക് ജീന്‍സ് വില്‍ക്കാനുണ്ടെന്ന് ഞാന്‍ പറഞ്ഞു. രണ്ടും, മൂന്നും, അഞ്ചും ഡോളര്‍ തന്ന് ചിലരൊക്കെ വാങ്ങി. ഒരു പത്തു പീസ് വിറ്റു പോയിട്ടുണ്ടാവും. ലിവിങ് റൂമില്‍ നല്ലൊരു ഭാഗം സ്ഥലം അപഹരിച്ചു കൊണ്ട് രണ്ടു ബോക്‌സുകള്‍ അങ്ങിനെ ഇരിക്കുകയാണ്. ഇതിനൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നാണു ഭാര്യയുടെ ചോദ്യം. നാടകമെഴുത്ത് തുടങ്ങി ഞാന്‍ നടത്തിയിട്ടുള്ള നഷ്ടക്കച്ചവടങ്ങളുടെ പട്ടികയില്‍ ഈ ജീന്‍സ് കച്ചവടവും കൂടി ഇടം നേടി.

 

നമ്മുടെ ബോംബേയ്ക്ക് സമീപമുള്ള കൊയ്‌നാ പ്രദേശത്ത് ഉണ്ടായ ഭീകരമായ ഭൂകന്പത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച കാലമായിരുന്നു അത്. ന്യൂ ജേഴ്‌സിയിലുള്ള ഒരു ഹൈന്ദവ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആശ്വാസ വസ്തുക്കളുമായി ഒരു ഷിപ്പ് അങ്ങോട്ട് പോകുന്നുണ്ടന്നും, വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ സൗജന്യമായി സ്വീകരിക്കും എന്നും ഒരു പരസ്യം കണ്ടു. നമ്മുടെ ജീന്‍സുകള്‍ അവര്‍ക്കു കൊടുക്കാം എന്ന് തീരുമാനിച്ചു. അഡ്രസ്സ് അറിയാമെങ്കിലും അത്ര ദൂരെ ഞാന്‍ െ്രെഡവ് ചെയ്തിട്ടില്ല. ജി. പി. എസ. ഒന്നും അന്ന് നിലവില്‍ വന്നിട്ടുമില്ല. ചില മലയാളികളോട് തിരക്കിയെങ്കിലും അവര്‍ക്കാര്‍ക്കും തന്നെ അവിടെ എത്താനുള്ള വഴി അറിയില്ല. അറിയാവുന്ന ചിലരുണ്ട്, പക്ഷെ, കൂടെപ്പോരാന്‍ പറ്റില്ല, ജോലിയാണ്.

 

അവസാനം അന്ന് പ്ലിമത്ത് മില്‍സില്‍ ഷിപ്പിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്തിരുന്ന മൈക്ക് എന്ന സായിപ്പ് കൂടെപ്പോരാം എന്നും, വഴി പറഞ്ഞു തരാം എന്നും സമ്മതിച്ചു. സായിപ്പിന് പണം ഒന്നും കൊടുക്കണ്ട, നാല് ബിയറും നാല് പാക്ക് സിഗരറ്റും വാങ്ങിക്കൊടുക്കണം എന്ന വ്യവസ്ഥ മുന്‍കൂര്‍ അറിയിച്ചു. വ്യവസ്ഥ സമ്മതിച്ച് പോകാനുള്ള ദിവസം നിശ്ചയിച്ചു. ആ ദിവസം സായിപ്പിനെയും കൂട്ടി രണ്ടു മണിക്കൂറിലധികം വണ്ടിയോടിച്ച് ഒരു ക്ഷേത്രത്തോടനുബന്ധിച്ചുള്ള ' ഹിന്ദു വിഹാറില്‍' എത്തി അവിടുത്തെ സ്വാമിയെ ബോക്‌സുകള്‍ ഏല്‍പ്പിച്ചു. പത്തിരുപത് ഡോളറിനടുത്തു മുടക്കി ബിയറും, സിഗററ്റുമൊക്കെ വാങ്ങിക്കൊടുത്തുവെങ്കിലും, ആ ഭീമന്‍ ബോക്‌സുകള്‍ ലോഡിങ്ങിനും അണ്‍ ലോഡിങ്ങിനുമെല്ലാം മൈക്ക് സായിപ്പ് ശരിക്കും സഹായിച്ചു.

 

വിവരം അറിഞ്ഞപ്പോള്‍ ബന്ധുക്കളും, സുഹൃത്തുക്കളുമായ മലയാളികള്‍ അറഞ്ഞു ചിരിച്ചു. ചിരിയുടെ അവസാനം അവരുടേതായ ഒരു കമന്റും പുച്ഛ ഭാവത്തില്‍ പുറത്തു വിട്ടു : " ആ ജീന്‍സുകളൊന്നും കൊയ്‌നായില്‍ എത്താന്‍ പോകുന്നില്ല. സ്വാമിയും, കൂട്ടരും അതൊക്കെ വിറ്റ് കാശാക്കിയെടുക്കും " എന്ന്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code