Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് നവ നേതൃത്വത്തില്‍; ഡോ. ജോസഫ് ചാലില്‍ ചെയര്‍മാന്‍, ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്   - ഡോ. മാത്യു ജോയിസ്

Picture

നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ ദേശീയ ഭാരവാഹികളും, അമേരിക്കയിലും കാനഡയിലുമുള്ള എട്ടു ചാപ്റ്ററുകളുടെ നവസാരഥികളും, പ്രശസ്ത രാഷ്ട്രീയ മാധ്യമ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ജൂണ്‍ 28 നു നടന്ന പ്രഥമ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഭരണസാരഥ്യം ഏറ്റെടുക്കുകയുണ്ടായി. പുതിയ ദിശകളിലേക്കും ഉയര്‍ന്ന മാനങ്ങളിലേക്ക് ഈ സംഘടനയെ ഉയര്‍ത്തുവാന്‍ കഴിവുള്ള അവരുടെ നേതൃത്വം വലിയ ഊര്‍ജ്ജമാണ് സംഘടനയ്ക്ക് നല്‍കുന്നത്. സ്ഥാപക നേതാവും സ്ഥാപക ചെയര്‍മാനുമായ ജിന്‍സ്‌മോന്‍ സക്കറിയ പുതുതായി ചുമതലയേറ്റ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക്, സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസഫ് ചാലില്‍ കൂടാതെ മാത്തുക്കുട്ടി ഈശോ, മിനി നായര്‍, തമ്പാനൂര്‍ മോഹന്‍ എന്നിവര്‍ പുതുതായി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആയി ഉത്തരവാദിത്വമേറ്റെടുത്തു.. ഡോ. ചാലിലീനെ അതിഥികള്‍ക്ക് പരിചയപ്പെടുത്തി സംസാരിച്ചത് സ്ഥാപക പ്രസിഡണ്ട് ആയ അജയഘോഷ് ആയിരുന്നു.

 

ഡോ. ചാലില്‍ ചെയര്‍മാനായി സ്ഥാനമേറ്റു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞ ."നിങ്ങളെന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നെ കൂടുതല്‍ വിനയാതീതന്‍ ആക്കുന്നു. എന്‍റെ കഴിവിലും ഉപരിയായി എന്‍റെ കടമകള്‍ നിര്‍വ്വഹിക്കുവാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്." കൂടാതെ "ലോകം ഇന്ന് വളരെ അസാധാരണമായ ഒരു സാഹചര്യത്തിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് ഇന്ന് ജേര്‍ണലിസ്റ്റുകളുടെ ജീവിതവും മീഡിയ പ്രവര്‍ത്തനവും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നത്. ഏകദേശം 146 മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം കോവിഡ് ബാധിച്ച് 31 രാജ്യങ്ങളില്‍ മരണത്തെ പുല്‍കി കഴിഞ്ഞിരിക്കുന്നു. ഈ മഹാമാരിയുടെ മുന്നില്‍ നിന്ന് പടനയിക്കുന്ന ഡോക്ടമാരെയും നഴ്‌സ് മാരെപ്പോലെയും തന്നെ, സത്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന എല്ലാ മീഡിയ പ്രവര്‍ത്തകര്‍ക്കും ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ടിംഗ് ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മറ്റു മുന്‍നിര പോരാളികളെ പോലെ തന്നെ മാധ്യമപ്രവര്‍ത്തകരും ഈ യുദ്ധത്തില്‍ നായകരാകുന്നത്. അതോടൊപ്പം തന്നെ ഈ മഹാമാരിയില്‍ മരണപ്പെട്ട എല്ലാ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഒരു മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ ഡോ. ചാലില്‍ യൂണിവേഴ്‌സല്‍ ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനും പല ശാസ്ത്ര സാങ്കേതിക ലേഖനങ്ങളുടെ ഉപജ്ഞാതാവും, അവ പല രാജ്യാന്തര മീഡിയകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതും ആകുന്നു. അദ്ദേഹം യുഎസ് നേവി മെഡിക്കല്‍ കോറിന്റെ ഒരു വെറ്ററനും ഒരു സര്‍ട്ടിഫൈഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്‍റ് വിദഗ്ധനും കൂടിയാണ്. അമേരിക്കന്‍ കോളേജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവിന്റെ പല അവാര്‍ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡോക്ടര്‍ ചാലിലിന്റെ പേരില്‍ അമേരിക്കയില്‍, ക്ലിനിക്കല്‍ ട്രയല്‍ മാനേജ്‌മെന്റിലും സിസ്റ്റിക് ഫൈബ്രോയ്ഡ്, ഫുഡ് അലര്‍ജി, മള്‍ട്ടിപ്പിള്‍ മൈലോമ എന്നിവയില്‍ പല കണ്ടുപിടുത്തങ്ങള്‍ക്കും പേറ്റന്‍റ് അദ്ദേഹത്തിന്‍റെ പേരില്‍ ഉണ്ട്.

 

അമേരിക്കന്‍ അംബാസഡര്‍ പ്രദീപ്കുമാര്‍ അദ്ദേഹത്തിന്‍റെ അധ്യക്ഷപ്രസംഗത്തില്‍ ഐ ഏ പി സി യുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും, ഇപ്പോള്‍ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ പത്ര റിപ്പോര്‍ട്ടര്‍മാരും മീഡിയ പ്രവര്‍ത്തകരും,

 

ഏറെ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ ശശി തരൂര്‍ എംപി പത്രപ്രവര്‍ത്തകരുടെയും മീഡിയകളുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള പ്രാധാന്യത്തെയും കൂടാതെ ഐ ഏ പി സി യുടെ പ്രവര്‍ത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖലീജ് ടൈംസിലെ ഐസക് ജോണ്‍ ദുബായില്‍ നിന്നും, ഏഷ്യാനെറ്റ് ടിവി ക്കുവേണ്ടി എം ജി രാധാകൃഷ്ണനും, 24 ന്യൂസ് ചാനലില്‍ നിന്നും ശ്രീകണ്ഠന്‍ നായരും, ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്നും പ്രീതു നായരും ഐ ഏ പി സിയുടെ മെമ്പര്‍മാരെയും പുതിയ സാരഥികളെയും അഭിനന്ദിച്ചുകൊണ്ട്, പത്രസ്വാതന്ത്ര്യം ഒരു ജനതയുടെ സ്വാതന്ത്ര്യം ആണെന്നും അതു സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നും കൂടാതെ ഈ പ്രസ്സ് ക്ലബ്ബിന്റെപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും സംസാരിച്ചു.

 

സാമൂഹിക പ്രതിബദ്ധതയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കും, മൂന്ന് അമേരിക്കന്‍ ഇന്ത്യക്കാരെ, ഐഏപിസിയുടെ എക്‌സലന്‍സ് അവാര്‍ഡ്കള്‍ നല്‍കി ആദരിച്ചു. പ്രശസ്ത പ്രോത്സാഹകപുസ്ത രചയിതാവും, വാഗ്മിയുമായ ബോബ് മിഗ് ലാനിക്ക്, ലിറ്ററേച്ചര്‍ എക്‌സലന്‍സ് അവാര്‍ഡ്, ഐഏപിസി വൈസ് ചെയര്‍മാന്‍ ഡോ.. മാത്യു ജോയ്‌സ് നല്‍കുകയുണ്ടായി. മികച്ച യുവസംരംഭകനുള്ള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, ക്യുഫാര്‍മാ എം ഡിയും ഫാര്‍മസ്യൂട്ടിക്കല്‍ വിദഗ്ധനുമായ ബാദല്‍ ഷായ്ക്ക് ഐഏപിസി ജനറല്‍ സെക്രട്ടറി ബിജു ചാക്കോ നല്‍കി, സാങ്കേതികമികവിനുള്ള ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡ്, റെസ്ക്യു പൈലറ്റും റോബോട്ടിക് വിദഗ്ധനുമായരവീന്ദര്‍ പാല്‍ സിങ്, ഐഏപിസി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആനി കോശിയില്‍നിന്നും ഏറ്റുവാങ്ങി.

 

ബോര്‍ഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ വീഡിയോ കോണ്‍ഫറന്‍സിന്റെ ആരംഭം കുറിച്ചുകൊണ്ട് എല്ലാ വിശിഷ്ടാതിഥികളെയും ഐഏപിസി മെമ്പര്‍മാരെയും സൂം വീഡിയോ കോണ്‍ഫറന്‍സിലേക്കു സ്വാഗതം ചെയ്തു.എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കൂടിയായ, എംസി ആനി കോശി അസാധാരണ പാടവത്തോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ക്രമീകരിച്ച് അവതരിപ്പിച്ചു ഐഏപിസി ഡയറക്ടര്‍ തോമസ് മാത്യു അനില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സംസാരിച്ചു. പുതുതായി ചാര്‍ജെടുത്ത എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സിനും ചെയര്‍മാനായ ഡോക്ടര്‍ ജോസഫ് ചാലില്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പുതുതായി ചാര്‍ജെടുത്ത നാഷണല്‍ എക്‌സിക്യൂട്ടീവ്കള്‍ ഡോ. എസ്. എസ്. ലാല്‍, ആനി കോശി, സി.ജി. ഡാനിയേല്‍, ജെയിംസ് കുരീക്കാട്ടില്‍, പ്രകാശ് ജോസഫ്, സുനില്‍ മഞ്ഞനിക്കര, ബിജു ചാക്കോ, ആന്‍ഡ്രൂ ജേക്കബ്, രാജ് ഡിങ്ങറ, ആനി ചന്ദ്രന്‍, നീതു തോമസ്, ഇന്നസെന്‍റ് ഉലഹന്നാന്‍, ബിജു പകലോമറ്റം, ഓ.കെ.ത്യാഗരാജന്‍. ഷിബി റോയ്, കോരസണ്‍ വര്‍ഗീസ് എന്നിവരാണ്.

 

ഐഏപിസിയുടെ ട്രഷറര്‍ ആയ റെജി ഫിലിപ്പ് ഡോ. എസ്. എസ് ലാലിനെ അധ്യക്ഷപ്രസംഗത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ പത്രപ്രവര്‍ത്തകരും മീഡിയകളും സമൂഹത്തിനുവേണ്ടി സത്യം പുറത്തു കൊണ്ടുവരുവാനും അതു സമൂഹത്തിലേക്ക് എത്തിക്കുവാനും ഉള്ള പ്രവര്‍ത്തനം തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും, പലപ്പോഴും തങ്ങളുടെ ജീവനെ പോലും ത്യജിക്കേണ്ടി വന്ന അനേകം പത്ര പ്രവര്‍ത്തകരെ നമുക്ക് ആദരണീയരായി സ്മരിക്കേണ്ടതുണ്ടെന്നും ഓര്‍പ്പിച്ചു.

 

ഡോ. ലാല്‍ ആരോഗ്യപരിപാലനരംഗത്ത് ലോകപ്രശസ്തനും പല ടിവി മാധ്യമങ്ങളില്‍ ഒരു ഗസ്റ്റ് സ്പീക്കറും കഴിവുതെളിയിച്ച ഒരു എഴുത്തുകാരനുമാണ്. ഡോ. ലാല്‍, 2013 ല്‍ അമേരിക്കന്‍ ഇന്‍റര്‍ നാഷണല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ന്റെ പകര്‍ച്ചവ്യാധി തടയുന്ന ഡിപ്പാര്‍ട്ട്‌മെന്‍റ് തലവനായി ചുമതലയേല്‍ക്കുകയും വാഷിംഗ്ടണ്‍ ഡി സി യില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പല രാജ്യങ്ങളില്‍ സന്ദര്‍ശിക്കുകയും പല പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു 1993 ല്‍ ഏഷ്യാനെറ്റില്‍ പള്‍സ് എന്നുപറയുന്ന ഒരു ആരോഗ്യസംബന്ധമായ ടിവി പ്രോഗ്രാം തുടങ്ങുകയും ഏകദേശം അഞ്ഞൂറിലധികം എപ്പിസോഡുകള്‍ പിന്നിടുകയും ചെയ്തു. അദ്ദേഹം ധാരാളം ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെറുകഥകളുടെ സമാഹാരം "ടിറ്റോണി" കഴിഞ്ഞവര്‍ഷം ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. അടുത്തകാലത്ത്

ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടനയുടെ പ്രസിഡണ്ടായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു..

 

ടൊറന്റോ, ഡാലസ്, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലുള്ള ചാപ്റ്റര്‍ ഭാരവാഹികളെ ഡയറക്ടര്‍ പ്രവീണ്‍ ചോപ്ര പരിചയപ്പെടുത്തുകയും തുടര്‍ന്ന് കമലേഷ് മേത്ത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. വാന്‍കൂവറില്‍ നിന്നുള്ള പുതിയ ഭാരവാഹികളെ തമ്പാനൂര്‍ മോഹന്‍ പരിചയപ്പെടുത്തുകയും നയാഗ്ര ഫാള്‍സില്‍ ഉള്ളവരെ ആഷ്‌ലി ജോസഫ്, അറ്റ്‌ലാന്റ, ഹ്യൂസ്റ്റന്‍, ആല്‍ബര്‍ട്ട എന്നിവിടങ്ങളില്‍ ഉള്ളവരെ ഡയറക്ടര്‍ മിനി നായര്‍ പരിചയപ്പെടുത്തുകയും തുടര്‍ന്ന് ഡോ. ലാല്‍ എല്ലാവര്‍ക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തുകയും ചെയ്തു. ബൈജു പകലോമറ്റം(ടൊറന്റോ), ആസാദ് ജയന്‍ (നയാഗ്രാ) മില്ലി ഫിലിപ്പ്(ഫിലാഡല്‍ഫിയ) അനിതാ നവീന്‍ (വാന്കൂവര്‍) ജോസഫ് ജോണ്‍ (ആല്‍ബര്‍ട്ട), സി.ജി. ഡാനിയേല്‍ (ഹൂസ്റ്റണ്‍), മീന നിബു (ഡാളസ്), പി.വി.ബൈജു (ഡയറക്ടര്‍), സാബു കുരിയന്‍ ( അറ്‌ലാന്റാ) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

 

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐ ഏ പി സി)എന്ന ഈ സംഘടന അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്‌ളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ വിവിധ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. ഏഴാം വര്‍ഷത്തിലൂടെ വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന, കഴിവുള്ള ജേര്‍ണലിസ്റ്റുകളെ വളര്‍ത്തിയെടുക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മീഡിയ പ്രവര്‍ത്തകര്‍ക്കും പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു. സമൂഹത്തിലേക്കു സത്യസന്ധമായ വാര്‍ത്തകള്‍ എത്തിക്കുന്നതോടൊപ്പം തന്നെ സത്യവും സുതാര്യവുമായ വാര്‍ത്തകള്‍ ഒരു നല്ല സമൂഹത്തിന്‍റെ ജീവശ്വാസം പോലെ തന്നെ എന്ന് വിശ്വസിക്കുന്നു. അമേരിക്കയിലും കാനഡയിലും ആയി പതിനഞ്ചോളം ഐഏപിസി ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നു.

 

റിപ്പോര്‍ട്ട് : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code