Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ ! ( അനുഭവക്കുറിപ്പുകൾ 98: ജയൻ വർഗീസ്)

Picture

പതിനൊന്നാം വയസിൽ ആരംഭിച്ച് അര നൂറ്റാണ്ടിലധികം വരുന്ന സുദീർഘമായ ഒരു കാലഘട്ടം പിന്നിട്ട എന്റെസാഹിത്യ സപര്യ ആർക്ക് എന്ത് പ്രയോജനം ഉണ്ടാക്കിയെന്ന് ഇന്നും എനിക്ക് നിശ്ചയമില്ല. എന്റെ വ്യക്തി പരമായചില ശീലങ്ങൾ നിമിത്തമാകാം ഇത് വേണ്ട വിധം വിറ്റഴിക്കാനും എനിക്ക് സാധിച്ചില്ല. സ്വയം പറഞ്ഞുവലുതാകുവാനോ, ആരെയെങ്കിലും മണിയടിച്ച് പൊക്കിക്കുവാനോ ഒരിക്കലും ഞാൻ തയാറല്ലായിരുന്നു. എഴുത്തുകാരൻ എന്ന നിലയിൽ എന്നെ ഞാൻ പരിചയപ്പെടുത്തുവാനോ, സാധാരണയായി ‘ കലാകാരന്മാർ ‘ ‘ എന്നറിയപ്പെടുന്നവർ എടുത്തണിയാറുള്ള ' ബുദ്ധിജീവി ലുക്കി ' ൽ കാണപ്പെടുവാനോ ഞാൻ ആഗ്രഹിച്ചില്ല. വിലകുറഞ്ഞതും, സാധാരണവുമായ വേഷം ധരിച്ച് ക്ളീൻ ഷേവിൽ നടക്കുകയും, ഏതൊരു കൂട്ടത്തിലും ഏറ്റവുംചെറുത് ഞാനാണ് എന്ന ഭാവത്തോടെ ജീവിക്കുകയും ചെയ്തത് കൊണ്ടായിരിക്കണം, അടിപൊളിയുടെആശാന്മാരായ മലയാളികൾ എന്നെ അറിയാതെ പോയത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.


സർക്കാർ തലത്തിലും, അല്ലാതെയുമുള്ള പതിന്നാല് അവാർഡുകൾ എന്റെ പേരിൽ കുറിക്കപ്പെട്ടിട്ടുണ്ട് എന്നസത്യം നില നിൽക്കുമ്പോൾ, ന്യായമായും ഞാൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ എന്റെരചനകളിലൂടെ ഞാൻ മുന്നോട്ടു വച്ച പുത്തൻ ആശയങ്ങൾ ലോകം വായിക്കേണ്ടതായിരുന്നു എന്ന എന്റെന്യായമായ അഭിലാഷം നടപ്പിലായില്ലല്ലോ എന്ന സത്യമാണ് ഇന്നും എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിനു വേണ്ടി ആയിരുന്നുവല്ലോ ശരാശരി മലയാളം എഴുത്തുകാർ ഇക്കിളി പ്രേമവും, അവിഹിത ഗർഭവും, കത്തിക്കുത്തും, ഒടുക്കം കല്യാണവും ഒക്കെ ഇന്നും അവരുടെ രചനകൾക്കുള്ള വിഷയങ്ങൾ ആയിസ്വീകരിക്കുമ്പോൾ മനുഷ്യ വർഗ്ഗം പൊതുവായി നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ എന്റെ രചനകളിൽ ഞാൻവിഷയമാക്കിയത്.


സ്നേഹം എന്നാൽ ‘ കരുതൽ ‘ എന്നാണ് യേശു ഉദ്ദേശിച്ച അർത്ഥം എന്ന് ഞാൻ തിരുത്തി. യാതൊരു മുതൽമുടക്കമില്ലാതെ പരസ്പ്പരം വച്ച് മാറാവുന്ന സ്നേഹത്തിന് ഒരിടത്തും ഒരു പ്രസക്തിയുമില്ലെന്നും, അത്തരം സ്നേഹത്തിന്റെ വ്യാപാരങ്ങളിലൂടെയാണ് ക്രിസ്തുവിന്റെ പേരിലുള്ള വമ്പൻ കൂട്ടായ്മകൾ പോലും തങ്ങളുടെമൂല്യങ്ങൾ കളഞ്ഞു കുളിച്ചതെന്നും ഞാൻ പറഞ്ഞു. അതിർത്തികൾ സൃഷ്ടിച്ചു കൊണ്ട് അത് കാക്കാൻ വേണ്ടിപട്ടാളക്കാരനെ ‘ വേഷം ‘ കെട്ടിച്ച് അയക്കുന്ന മനുഷ്യന്റെ സമ്പ്രദായം ക്രൈസ്തവ ദർശനത്തിന്യോജിച്ചതാണെന്ന് ഞാൻ അംഗീകരിക്കുന്നില്ല. ഇവിടെ ഈ വശത്തുള്ളവൻ മിത്രവും, മറു വശത്ത് ഉള്ളവൻശത്രുവുമായി സമ കാലികരായ സ്വന്തം സഹോദരങ്ങൾ ലേബൽ ചെയ്യപ്പെടുകയും, പരസ്പ്പരം കൊല്ലാൻ തോക്കുനീട്ടുകയും ചെയ്യുമ്പോൾ മനുഷ്യ വർഗ്ഗത്തെ കുറിച്ചുള്ള ദൈവ സ്നേഹത്തിന്റെ പ്രായോഗിക പരിപാടി വെറുതേപാഴായിപ്പോകുന്നു. ‘ അതിരുകളില്ലാത്ത ലോകവും,ലേബലുകളില്ലാത്ത മനുഷ്യനും ‘ എന്ന എന്റെ മനസ്സിൽഞാൻ സൂക്ഷിക്കുന്ന സ്വപ്നമാണ്, ‘ ജ്യോതിർഗമയ ‘ ( ‘ റ്റുവാർഡ്സ് ദി ലൈറ്റ് ‘ ) എന്ന എന്റെ നാടകത്തിലൂടെഞാൻ പുറത്തു വിട്ടത് ; ഇന്നല്ലെങ്കിൽ നാളെ അത് നടപ്പിലാവും എന്ന പ്രതീക്ഷയോടെ !


ദൈവം, പ്രകൃതി, മനുഷ്യൻ എന്നീ സംജ്ഞകളിൽ മനുഷ്യ വർഗ്ഗത്തിന്റെ എക്കാലത്തെയും സംശയങ്ങൾക്ക്അപരിമേയമായ ദാർശനികതയുടെ അപാര തീരങ്ങളിൽ നിന്ന് എനിക്ക് വെളിവായ യുക്തി സഹമായ സത്യങ്ങളെലോകം വായിക്കണം എന്ന ആഗ്രഹത്തോടെ ഞാനെഴുതി. മതങ്ങളുടെയും,, ഇസങ്ങളുടെയും കാഴ്ചപ്പാടുകളിൽപോരായ്മകളുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ, അവകളെ കൊന്നു കുഴിച്ചു മൂടണം എന്ന ആധുനിക ബുദ്ധിജീവികളുടെ ആക്രോശങ്ങൾക്കെതിരെ, തെറ്റിനാവശ്യം ശിക്ഷയല്ലാ, തിരുത്തലാണ് എന്ന എന്റെ കാഴ്ചപ്പാട്ലോകം അറിയണം എന്ന് ഞാനാഗ്രഹിച്ചു. യുദ്ധങ്ങളുടെയും, യുദ്ധ ഭീഷണികളുടെയും കറുത്തിരുണ്ടആകാശത്തു നിന്ന് അഭയാന്വേഷിയായ അരിപ്രാവിനെപ്പോലെ ( ഓംചേരിയോട് കടപ്പാട് ) മനുഷ്യന്റെ മാറിലേക്ക് പറന്നണയുന്ന ഭൂമിയെന്ന ഈ വർണ്ണപ്പക്ഷിക്ക്‌ വേണ്ടി പുതിയ കാലത്തിന്റെ ശിബി ചക്രവർത്തിമാരായിമനുഷ്യൻ മാറണം എന്ന എന്റെ കാഴ്ചപ്പാട് ലോകം പങ്കു വയ്ക്കണം എന്ന് ഞാൻ കൊതിച്ചു. ശാസ്ത്രീയം എന്നപേരിൽ എഴുന്നള്ളിച്ചു കൊണ്ട് വരുന്ന കെട്ടു കാഴ്ചകളിൽ മനം മയങ്ങി നൈസർഗ്ഗിക സുരക്ഷിതത്വത്തിന്റെ പുറംതോട് പൊഴിച്ചു കളഞ്ഞ്‌ അപകടത്തിലാവുന്ന സാധാരണ മനുഷ്യൻ വസ്തുത തിരിച്ചറിഞ്ഞു തിരുത്തണംഎന്നും ഞാനാഗ്രഹിച്ചു.


ഒന്നും നടന്നില്ല. കച്ചവട മാഫിയകൾ കയ്യടക്കി വച്ചിരിക്കുന്ന മാധ്യമ പ്രഭുക്കളുടെ കാലു നക്കാൻപോകാതിരുന്നത് കൊണ്ട് ഇവയൊന്നും വേണ്ടത്ര അളവിൽ പുറത്ത് എത്തിക്കാൻ എനിക്ക് സാധിച്ചില്ല. എനിക്ക്തുറന്നുകിട്ടിയ പരിമിതമായ പത്ര മാധ്യമങ്ങളിലൂടെ ഇതൊക്കെ പുറത്തു വന്നുവെങ്കിലും എത്ര പേർശ്രദ്ധിച്ചിരിക്കും എന്ന് ചിന്തിക്കുമ്പോൾ കുറെ വലിയ വട്ടപ്പൂജ്യങ്ങളാണ് മനസിലെത്തുന്നത്. എങ്കിലും നാട്ടിലും, ഇവിടെയുമായി എന്നെ വായിക്കുകയും, എന്റെ ആശയങ്ങൾ നെഞ്ചിലേറ്റുകയും ചെയ്ത ഒരു ചെറു വിഭാഗമുണ്ട്എന്നത് അവരോടുള്ള തികഞ്ഞ കൃതജ്ഞതയോടെ, ഒരെഴുത്തുകാരൻ എന്ന നിലയിൽ ആത്മാഭിമാനത്തോടെഓർത്ത് വയ്ക്കാൻ സാധിക്കുന്നുമുണ്ട്.


മിക്ക ‘ ബുദ്ധി ജീവി ‘ കളുടെയും ഇഷ്ട പാനീയമായ മദ്യം എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയതു ചിലസദസുകളിൽ നിന്നെങ്കിലും തിരസ്‌കൃതനാകുവാനാണ് എന്നെ സഹായിച്ചതെങ്കിലും, അടുത്ത നേരത്തെആഹാരം പോലും അനിശ്ചിതാവസ്ഥയിലായിരുന്ന എന്റെ ദാരിദ്രാവസ്ഥയിൽ നിന്ന് സാമാന്യമായ സാമ്പത്തികഭദ്രതയുടെ ശീതള ഛായയിൽ എത്തിപ്പെടുവാൻ എന്നെ സഹായിച്ചത് അത്തരം ചില ശീലങ്ങളായിരുന്നു എന്നസത്യവും ഇവിടെ അംഗീകരിക്കുന്നു. പണ്ട് ആർ. എസ്. തീയറ്റേഴ്‌സിന് വേണ്ടി നാടകമെഴുതി നടന്ന കാലം മുതൽ' എന്തിനാണീ കൂലിയില്ലാ വേല ? ' എന്ന ചോദ്യം എന്റെ അപ്പൻ എന്നോട് ചോദിച്ചിരുന്നു. അപ്പനെസമാധാനിപ്പിക്കാനായി ' അപ്പൻ നോക്കിക്കോ, ഒരു പെന കൊണ്ട് ഞാൻ ജീവിക്കും ' എന്ന് അന്ന് ഞാൻഅപ്പനോട് പറഞ്ഞിരുന്നു. ജീവിത യാത്രയുടെ കനൽ വഴികളിലൂടെ നടന്നു, നടന്ന് സാന്പത്തിക ഭദ്രതയുടെപച്ചത്തുരുത്തിൽ ഇന്ന് ഞാനെത്തി നിൽക്കുന്പോഴും അത് നേടിത്തന്നത് സാഹിത്യമല്ലെന്ന് എനിക്കറിയാം. അപ്പന്റെ കുഴിമാടത്തിൽ അവസാനത്തെ മണ്ണ് നുള്ളിയിടുന്പോൾ 'അപ്പനോട് ഞാൻ പറഞ്ഞ വാക്ക്നിറവേറിയില്ലാ ' എന്ന് എന്റെ ആത്മാവ് തെങ്ങുന്നതറിഞ്ഞു കൊണ്ടാണ് അവിടെ നിന്ന് പോന്നത്.


ഇടിച്ചു കയറി സ്ഥാനം ഉറപ്പിക്കുക എന്നതാണ് ലോകത്ത് നിലവിലുള്ള രീതി എന്നതിനാൽ മലയാളിയും അത്തന്നെയാണ് പിന്തുടരുന്നത്. ഏത് കുറുക്കു വഴികളിലൂടെ ആണെങ്കിലും മുന്നിലെത്തുന്നവനെ ലോകംഅംഗീകരിക്കുന്നു. ഇത്തരക്കാരെയാണ് ‘ സ്മാർട് പ്യൂപ്പിൾ ‘ എന്ന് വിളിച്ച് ആദര പൂർവം ലോകംഅംഗീകരിക്കുന്നത് എന്ന് അറിയാവുന്നതു കൊണ്ട് തന്നെ അത്തരം ഒരു പോയിന്റിൽ ഒരിക്കലും ഞാൻഎത്തുകയില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.


ആരുടെ തലയിൽ ചവിട്ടിയിട്ടും തങ്ങളുടെ തലകൾ ഉണർത്തി പിടിക്കുന്നവരുടെ കൂടെ ആരാധകർ കൂട്ടമായിഎത്തുകയും, അവരെ ആൾ ദൈവങ്ങളാക്കി അവരോധിച്ചു കൊണ്ട് ആനുകൂല്യങ്ങൾ ആസ്വദിക്കുകയും ചെയ്യും. തേനുള്ള പൂവുകളെ തേടിയൊന്നും ഇനി വണ്ടുകൾ വരാൻ പോകുന്നില്ല എന്ന നഗ്നസത്യം വളരെവൈകിയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. അൽപ്പം കൈപ്പുള്ളതാണെങ്കിലും ഇൻസ്റ്റന്റായിആസ്വദിക്കാൻ കിട്ടുന്നതിലാണ് പുതിയ വണ്ടുകൾക്ക് കമ്പം. ഫാൻസ്‌ അസ്സോസിയേഷനുകളിലും, മത - രാഷ്ട്രീയ ചക്കരക്കുടങ്ങളിലും തൊട്ടു നക്കുന്നവർ ഇങ്ങിനെയാണ്‌ രൂപപ്പെട്ടു വന്നത്. ( ലോക വ്യാപകമായി വേര്പിടിക്കുന്ന സ്‌പോർട് മത്സരങ്ങളിൽ നിന്നാണ് ഈ ‘ രോഗം ‘ പടരുന്നത് എന്നും എനിക്ക് അഭിപ്രായമുണ്ട്. )


ഈയൊരു സാഹചര്യങ്ങളിൽ മലയാളി സമൂഹത്തിലെ മഹാ ഭൂരിപക്ഷവും അടി പിണഞ്ഞു കഴിഞ്ഞ ' അടിപൊളി' യൻ സംസ്‌കാരത്തിൽ നിന്ന് മാറി നിൽക്കുന്ന എന്നെപ്പോലൊരാൾക്ക് ഞാനർഹിക്കുന്ന അംഗീകാരംഅനായാസം ലഭ്യമാവുക എന്നത് അസാധ്യമാണെന്ന് തന്നെ ഞാൻ മനസിലാക്കി. അല്ലെങ്കിൽ ഒരു ജീവിത കാലംഞാൻ കാത്തു സൂക്ഷിച്ച ആദർശ പരതക്ക് അവസാനത്തെ ആണിയുമടിച്ച് കുഴിച്ചു മൂടണം. നാട്ടിലും ഇവിടെയുംഎന്നെ അറിയാവുന്ന ചില സുഹൃത്തുക്കൾ വച്ച് നീട്ടിയ ചില ബഹുമതികൾ എങ്കിലും വളരെ വിനയത്തോടെനിരസിക്കുവാൻ എനിക്ക് സാധിച്ചതും വെറുതേ കാത്തു സൂക്ഷിക്കുന്ന ഈ ആദർശ പരത ഒന്ന് കൊണ്ട്മാത്രമായിരുന്നു എന്നതാണ് സത്യം. ( എനിക്ക് ലഭ്യമായ അവാർഡുകളുടെ ദാതാക്കളിൽ ആരെയും തന്നെ ഞാൻനേരിട്ട് അറിയുന്നവരേയല്ല. ) അവസര വാദത്തിന്റെ ആൾ രൂപങ്ങളായി ആരിൽ നിന്നും എന്തും അടിച്ചെടുക്കുന്നആധുനിക ബുദ്ധി രാക്ഷസന്മാരുടെ മുന്നിൽ അവരിലൊരാളായി നിൽക്കാൻ കഴിയാതെ ഞാൻ ഏകാന്ത യാത്രതുടരുകയാണ്.


വാർദ്ധക്യത്തിന്റെ വാതായനങ്ങൾക്ക് അപ്പുറത്ത് അടുത്ത മണിമുഴക്കം ആർക്കു വേണ്ടിയാണ് എന്ന ഊഴം കാത്തുനിൽക്കുന്നവരുടെ കൂടെ ഞാനുമുണ്ട് എന്നത് എന്നെ യാഥാർഥ്യ ബോധമുള്ള ഒരാളാക്കി മാറ്റുന്നു. നമ്മുടെ മാത്രംസ്‌പെഷ്യൽ എന്ന് കരുതിയിരുന്ന വീര ശൂര പരാക്രമങ്ങൾ ഒന്നൊന്നായി അരങ്ങൊഴിയുമ്പോൾ വായ്ത്തല പോയവാക്കത്തി പോലെ ഒന്നിനും കൊള്ളാത്ത ഒന്നായിത്തീരുകയാണ് നമ്മൾ എന്ന തിരിച്ചറിവോടെ ‘ നിർവിഷാദം ‘ എന്ന കവിതയിൽ ഞാനെഴുതി :


മാറുന്നു,

ജീവിത താളം,

പൽ ചക്രങ്ങൾ

തേയുന്നു, ഘർഷണ

വേഗം സ്പുലിംഗമായ് -

ത്തീരുന്നു, നാളെ

ശവക്കുഴി തീർക്കും

ചുവപ്പിൽ ഞാ -

നെന്നെ യടക്കുന്നു,

കാലമേ,

നിന്റെയീ സ്വപ്നം

പൊലിഞ്ഞു പോകുന്നൂ,

ഞാൻ

ഉണ്ടായിരുന്നതായ്

ആരറിയുന്നു?


നീല നിലാവിന്റെ

മാറിലെയുന്മാദ മൂർച്ച,

മതിഭ്രമ നിശ്വാസം,

സ്വപ്നങ്ങൾ

ചാലുകൾ കീറിയ

ജീവിതം,

വ്യർഥമാ മേതോ നിഗൂഡത

ചൂഴുന്ന താഴ്വര -

യെന്റെ മോഹങ്ങൾ

മരിക്കുന്നു!

കാലമേ,

നിന്റെയീ സ്വപ്നം

പൊലിഞ്ഞു പോകുന്നൂ

ഞാൻ,

ഉണ്ടായിരുന്നതായ്

ആരറിയുന്നു?


എന്റെയഹത്തിന്റെ -

യോരോ കണികയും,

മണ്ണിലലിഞ്ഞലി,

ഞ്ഞില്ലാതെയായി ഞാ -

നെന്ന വെറും മിഥ്യ,

കാലമാം കായലി-

ലാരോ കലക്കിയ

കായം, രുചിക്കുവാ -

നൊന്നുമില്ലെന്റെ

തലച്ചോറിൽ പൊന്തിയ

പൊൻ മുകുളങ്ങൾ

കുമിളകൾ!

ഒക്കെയും മായുന്നവകളിൽ

പൂത്ത വൈഡ്യൂരം പ്രപഞ്ചം,

നിമിഷാർദ്ധ സ്വപ്നങ്ങളെ

വിട,

വീണടിയട്ടെ ഞാൻ! എന്ന്.


കണ്ണടച്ച് പാല് കുടിക്കുന്ന കള്ളിപ്പൂച്ചയെ പോലെയാണ് മലയാളി. ചുറ്റും നടക്കുന്നതെല്ലാം അവൻ അറിയുന്നുണ്ട്. പക്ഷെ ഒന്നും അറിഞ്ഞതായി ഭാവിക്കുന്നേയില്ല. തന്റെ പാല് കൂടിയാണ് അവനു പ്രധാനം. ഒരാളുടെവ്യക്തിത്വത്തിൽ വന്നു പോവാനിടയുള്ള പോരായ്‌മകളെ കുറിച്ചാണ് അറിയുന്നതെങ്കിൽ അത് പെരുപ്പിച്ചുകാണിച്ചു ചവിട്ടി താഴ്ത്തിക്കൊണ്ട് ലഭ്യമാവുന്ന ക്രൂര സംതൃപ്തി ആവോളം ആസ്വദിക്കും. ഒരാളുടെജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ശ്രേഷ്ഠത ഉണ്ടെന്ന് കണ്ടാൽ പിന്നെ മിണ്ടാട്ടമില്ല. ' അതൊന്നുംഞാനറിഞ്ഞിട്ടില്ലാ ' എന്നതാണ് ഭാവം. ഓ! ആനയോ? അവന് ഒരാനയല്ലേ ഉള്ളത് ? എന്റെ വീടിനു ചുറ്റുംആനകളായിരുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കുവാനും യാതൊരു മടിയുമില്ലാത്തവരാണ് നമ്മുടെപാവക്കാക്കുട്ടന്മാർ.


( ദക്ഷിണേഷ്യൻ കടൽ ജലങ്ങളിൽ കാലുറപ്പിച്ചും, ഉത്തുംഗ വിന്ധ്യ- ഹിമവൽ സാനുക്കളിലെ മാനസസരോവരങ്ങളിൽ ശിരസ്സ് അണച്ചുമാണല്ലോ നമ്മുടെ മഹാ ഭാരത വിസ്‌മയത്തിന്റെ കിടപ്പു വശം ? അതിന്റെതെക്കൻ ത്രികോണത്തിന്റെ പടിഞ്ഞാറേ ചരുവിൽ, ഭൂപ്രകൃതിയാൽ തന്നെ പാവക്കാ രൂപം പൂണ്ടു കിടക്കുന്ന ' ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് വിളിപ്പേരുള്ള കേരളത്തിൽ നിന്ന് വന്നിട്ടുള്ള നമ്മൾ മലയാളികൾക്ക് എല്ലാനന്മകളുടെയും പോഷക ഗുണം ഉൾക്കൊള്ളുന്പോഴും കുശുന്പിന്റെയും, കുന്നായ്‌മയുടെയും കൈപ്പു രസമാണ്മുന്നിൽ നിൽക്കുന്നത് എന്നത് യാദൃശ്ചികമാവാം എന്നതിനാലാണ് എന്നെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈസമൂഹത്തെ ഞാൻ ‘ പാവക്കാക്കുട്ടന്മാർ ‘ എന്ന് വിളിക്കുന്നത്. )


ഉന്നതവും, ഉദാത്തവുമായ ഒരു രചന ആയിരുന്നു ' ജ്യോതിർഗമയ ' എന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നത്കൊണ്ടാണ് അത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചത്. മനുഷ്യ വർഗ്ഗത്തിന്റെഇന്നലെകളിലും, ഇന്നുകളിലും, ഇനിയുള്ള നാളെകളിലുമായി പരന്നു കിടക്കുന്ന സ്വപ്നങ്ങളെ വ്യത്യസ്തമായഒരു പ്രിസത്തിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്നു എന്നത് കൊണ്ട് ആ വിഷയത്തിന് മനുഷ്യൻ ഉള്ളകാലത്തോളവും കാലിക പ്രസക്തി ഉണ്ടായിരിക്കും എന്നതും, മനുഷ്യാവസ്ഥയുടെ വഴിത്താരകളിൽ വിളക്ക്മരമായി നിൽക്കാൻ കഴിയുന്ന ഊർജ്ജം പ്രസരിപ്പിക്കാൻ കൃതിക്ക് സാധിക്കും എന്നതുംഎനിക്കറിയാമായിരുന്നു. മലയാളി പറയാൻ മടിക്കുന്ന സത്യം സായിപ്പ് തുറന്നു പറയും എന്നായിരുന്നു എന്റെപ്രതീക്ഷ. എന്റെ മകൻ എൽദോസ് വർഗീസിന്റെ കഠിനമായ അദ്ധ്വാന ഫലമായി ഇംഗ്ലീഷിലേക്കു മൊഴിമാറ്റംനടത്തിയെടുത്ത ‘ റ്റുവാർഡ്‌സ് ദി ലൈറ്റ് ‘ ശ്രീ സുധീർ പണിക്കവീട്ടിൽ എഴുതിയ ഒരു ആസ്വാദനവും കൂടിചേർത്തിട്ടാണ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ കോപിറൈറ്റ്സംരക്ഷണത്തിനായി ' ലൈബ്രറി ഓഫ് കോൺഗ്രസ്സി ' ൽ രെജിസ്റ്റർ ചെയ്തിരുന്നു. ആമസോൺ ഡോട്ട് കോമിൽപുസ്തകം വിൽപ്പനക്ക് വന്നതോടെ ഏതെങ്കിലും ഒരു സായിപ്പ് അതിന്റെ ആത്മാവ് കണ്ടെത്തുമെന്നും, അയാളിലൂടെ കൃതി വലിയ പ്രമോഷൻ നേടുമെന്നും ഒക്കെയായിരുന്നു കണക്ക് കൂട്ടൽ.


ഒന്നും സംഭവിച്ചില്ല. പുസ്തകത്തിന്റെ നൂറ് കോപ്പികൾ പോലും വിറ്റൂ പോകുന്നില്ല. ഏതു നിമിഷവുംഎന്നെത്തേടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ച സായിപ്പിന്റെ വിളി ഇത് വരേയും വന്നു കാണാഞ്ഞപ്പോൾ ഞാൻ കണ്ട്നടന്നത് വെറും ' മലർപ്പൊടിക്കാരന്റെ സ്വപ്നം ' മാത്രമായിരുന്നുവെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടു. സ്വന്തംകൃതികളുടെ പ്രമോഷനായി ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഓരോരുത്തർ കാണിക്കുന്ന വേലത്തരങ്ങൾകാണുന്പോൾ അങ്ങിനെയൊക്കെ ചെയ്യണമെന്ന് എനിക്കും തോന്നിയെങ്കിലും അത്തരം തരികിടകളിലൂടെമുന്നിലെത്തുവാൻ എന്റെ ധാർമ്മിക നീതി ബോധം എന്നെ അനുവദിക്കുന്നുമില്ല. ' തേനുള്ള പൂവുകളെ തേടിവണ്ടുകൾ പറന്നു വരും ' എന്നത് ദാർശനികനായ ലോഹിത ദാസിന്റെ മാത്രം വാക്കുകളല്ലെന്നും, അത് എന്റെകൂടി ആത്മ തേങ്ങലുകൾ ആയിരുന്നുവെന്നും വേദനയോടെ ഞാൻ ഓർമ്മിച്ചെടുത്തു.


രാത്രികളുടെ നിശബ്ദ യാമങ്ങളിൽ എന്റെ ചിന്തകളുടെ പുഷ്‌പിത വനികകളിൽ ഞാനാ വണ്ടിനെതേടിയെങ്കിലും കണ്ടെത്തിയില്ല. നിത്യ ദാരിദ്ര്യത്തിന്റെ നടുക്കയങ്ങളിൽ, ഔപചാരിക വിദ്യാഭ്യാസത്തിന്റെകാണാക്കനിക്ക് വെറുതേ കൈനീട്ടി നിന്ന ഞാൻ എന്തിനീ ബൗദ്ധിക വ്യായാമ രംഗത്ത് വന്നുപെട്ടു എന്ന് ഞാൻഇരുട്ടിനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഓരോ ചെയ്‌തികളും റീവൈൻഡ്ചെയ്‌തു കൊണ്ട് പരിശോധിക്കുന്പോൾ, മനപ്പൂർവം ഞാൻ ഈ രംഗത്ത് വന്നു പെട്ടതല്ലെന്നും, ഒഴിവാക്കാനാകാത്ത ഒട്ടേറെ ആത്മ സംഘർഷങ്ങളുടെ തള്ളിച്ചയിൽ ഞാൻ ഇവിടെ എത്തിപ്പെടുകയായിരുന്നുഎന്നും എനിക്ക് മനസിലായി. ' വെറുതേ ഒരു രസത്തിന് 'എഴുതാൻ വന്നവനല്ലാ ഞാനെന്നും, പല തവണയും ഈപേന താഴെ വയ്‌ക്കണം എന്നാഗ്രഹിച്ചിട്ടും ആരോ അത് വീണ്ടും എന്റെ കൈയിൽ പിടിപ്പിക്കുന്നതായുംമനസിലാക്കിയപ്പോൾ ഇത് എന്റെ നിയോഗം തന്നെയാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.


എന്റേതായ പ്രത്യേക സ്വഭാവ രീതികളും, ആത്മാര്ഥതയില്ലാതെ അഭിനയിക്കാനുള്ള കഴിവില്ലായ്‌മയും മൂലംഎനിക്ക് മലയാളി കമ്യൂണിറ്റിയുടെ അംഗീകാരം കിട്ടുക എന്നത് അസാധ്യം തന്നെയാണെന്ന് ഞാൻതിരിച്ചറിഞ്ഞു. പുറത്തു കടക്കാനൊരുങ്ങുന്ന ഞണ്ടിനെ വലിച്ചു താഴെയിടുന്ന മലയാളത്താൻ ശീലം എനിക്കുംബാധകമാണ് എന്നതിനാൽ ഇവിടെ രക്ഷയില്ലെന്ന് ഞാൻ മനസിലാക്കി. കാണുന്ന സത്യം തുറന്നുപറയുന്നവനാണ് സായിപ്പ് എന്ന പ്രതീക്ഷയിലാണ് ' റ്റുവാർഡ്‌സ് ദി ലൈറ്റ് ' ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ചത്. പക്ഷെഒരു സായിപ്പും അത് കണ്ടതായോ, വായിച്ചതായോ ഒരു സൂചനയും എനിക്ക് ലഭിച്ചില്ല. കൂടുതൽഅന്വേഷിച്ചപ്പോൾ ഇത്തരം കാര്യങ്ങൾ ഇവിടെ പ്രമോട്ട് ചെയ്യുന്നത് അതിനു വേണ്ടി പ്രവർത്തിക്കുന്ന കന്പനികൾആണെന്നും, അവർക്ക് അടക്കേണ്ടുന്ന ഫീസ് നമ്മുടെ പോക്കറ്റിൽ ഒതുങ്ങുന്നത് അല്ലെന്നും മനസിലായി.


ചെകുത്താനും, കടലിനും ഇടയിൽ പെട്ടത് പോലെ ഞാൻ കുഴങ്ങി. മിക്കവാറും പ്രവാസിസാഹിത്യകാരന്മാരെപ്പോലെ സ്വന്തം പണം മുടക്കി പുസ്തകം അച്ചടിപ്പിച്ച് സഹ സാഹിത്യകാരന്മാർക്ക് വെറുതേകൊടുത്തു കൊണ്ട്, കാണുന്പോൾ ചിരിയും, കാണാത്തപ്പോൾ തെറിയും ഏറ്റു വാങ്ങുന്നതിൽ എനിക്ക് വലിയതാൽപ്പര്യം തോന്നിയതുമില്ല. മാത്രമല്ലാ, ഇന്നല്ലെങ്കിൽ നാളെ നമ്മുടെ കാലശേഷം ' ഞങ്ങടെ അപ്പച്ചന്റെ ഒരുതമാശ ' എന്നും പറഞ്ഞു കൊണ്ട് മക്കളും, മരുമക്കളും കൂടി അപ്പന്റെ കൃതികൾ ഗാർബേജിൽ എറിയേണ്ടി വരുന്നഒരവസ്ഥ എന്തിന് ഉണ്ടാക്കി വയ്‌ക്കണം എന്നും ചിന്തിച്ചു പോയി ഞാൻ.


എഴുതുവാനുള്ള ഈ കഴിവ് എനിക്ക് തരേണ്ടതില്ലായിരുന്നുവല്ലോ എന്ന് പറഞ്ഞു കൊണ്ട് ഞാൻ പരിതപിച്ചുകരഞ്ഞ എത്രയോ രാത്രികൾ ! സമൂഹത്തിന്റെ ഉയർന്ന സ്രേണിയിലുള്ള ആർക്കെങ്കിലും ഇത്നൽകിയിരുന്നുവെങ്കിൽ അത് കൊണ്ട് അവൻ പണവും, പ്രശസ്‌തിയും മാത്രമല്ലാ. അധികാരവും, ആജ്ഞാശക്തിയുമുള്ള ഒരു ആൾദൈവം തന്നെ ആയിത്തീരുകയില്ലായിരുന്നുവെന്ന് ആര് കണ്ടു ?


സാഹിത്യ ലോകത്തെ സംസ്ഥാപിത പ്രസ്ഥാനങ്ങളിൽ എന്നെ ഒന്ന് പരിചയപ്പെടുത്തുന്നതിനോ, എന്റെരചനകളിലെ സ്ഥായിയായ സർഗ്ഗ ചൈതന്യം ചികഞ്ഞെടുക്കുന്നതിനോ എനിക്കാരുമില്ല എന്ന നഗ്ന സത്യംഎന്നെ തുറിച്ചുനോക്കി നിന്നു. എന്റെ ഗ്രാമത്തിലെ കൃഷീവലന്മാരും, ദരിദ്രരായ കർഷകത്തൊഴിലാളികളുംസാഹിത്യലോകവുമായി സ്വാഭാവികമായും ബന്ധങ്ങൾ ഉള്ളവരല്ലെന്നും, ആകെ അവർ വായിച്ചിരിക്കാൻഇടയുള്ള മുട്ടത്തു വർക്കിയെപ്പോലെ ഞാനും ഒരു കഥയെഴുത്തു കാരനാണ് എന്ന അറിവ് മാത്രമാണ്അവർക്കുള്ളതെന്നും എനിക്കറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവർക്കാർക്കും ഒരു തരത്തിലും എന്നെപ്രമോട്ട് ചെയ്യാൻ സാധിക്കുമായിരുന്നില്ല. മതത്തിലേയും, രാഷ്ട്രീയത്തിലെയും ഉന്നതരുടെ കാലുനക്കിയാൽചിലപ്പോൾ പ്രയോജനം കിട്ടിയേക്കും എന്ന് എനിക്ക് അറിയാമായിരുന്നുവെങ്കിലും, അത്തരത്തിലുള്ളപിൻവാതിൽ പ്രവേശനങ്ങൾ എന്റെ കാഴ്ചപ്പാടുകൾക്ക് യോജിച്ചതായിരുന്നില്ല എന്നത് കൊണ്ട് ഒരുത്തന്റെയുംമുന്നിൽ യാചിക്കുവാൻ ഞാൻ തയാറായതുമില്ല.


വളരെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും, സമൂഹത്തിലെ ഉന്നത കുല ജാതരുമായിട്ടുള്ള മഹത്വ്യക്തികൾ കൈകാര്യം ചെയ്യുന്ന ഒരു ബൗദ്ധിക വ്യായാമ മേഖലയിൽ എത്തിപ്പെട്ട് അവിടെ നില നിൽക്കാൻഞാൻ ആഗ്രഹിച്ചാൽ അത് കേവലമായ അതിമോഹം മാത്രമായിപ്പോകുമെന്നും, അടുത്ത നേരത്തെആഹാരത്തിനുള്ള വക അനിശ്ചിതമായിരിക്കുന്ന ഒരവസ്ഥയിൽ ആദ്യം അതിനുള്ള വഴി കണ്ടെത്തിയ ശേഷമേ

ബാക്കി വന്നേക്കാവുന്ന ചില്ലികൾ ചെലവഴിച്ച് സാഹിത്യത്തിന്റെ പിറകേ നടക്കേണ്ടതെന്നും ഒക്കെ എനിക്കറിയാമായിരുന്നു. ഒരു ഗ്രാമീണ മേഖലയിലെ ദരിദ്ര സാഹചര്യങ്ങളിൽ അന്നന്നപ്പം കണ്ടെത്തേണ്ടി വരുന്നഒരു യുവാവിന് ഇത്തരം ഒരു സാഹചര്യത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ശാരീരിക - മാനസിക പീഠനങ്ങൾഎത്രയായിരിക്കുമെന്ന് അതനുഭവിച്ചവർക്കു മാത്രമേ സങ്കൽപ്പിക്കാൻ സാധിക്കുകയുള്ളു. അത് കൊണ്ട് തന്നെഎത്രയോ പ്രാവശ്യം ഞാൻ എഴുത്ത് നിർത്തുകയും, ഓരോരോ ജോലികളിൽ മുഴുകുകയും ചെയ്തു ?


ഓരോ തവണയും എന്നെ തോൽപ്പിച്ചു കൊണ്ട് എഴുതാനുള്ള വാസന വീണ്ടും പുറത്തു ചാടുകയും, എല്ലാശപഥങ്ങളും മറന്നു കൊണ്ട് വീണ്ടും ഞാൻ എഴുതിത്തുടങ്ങുകയും ചെയ്തു. ഈ കഴിവ് ഞാൻ സ്വയംആർജ്ജിച്ചത് അല്ലാത്തതിനാലും, ഞാൻ പോലുമറിയാതെ അത് എന്നിൽ നിക്ഷേപിക്കപ്പെട്ടത് ആയതിനാലും, ഇതുമൂലം ഞാൻ ഏറ്റു വാങ്ങേണ്ടി വരുന്ന പരാജയങ്ങളുടെ വേദനകൾ എന്നെ ബാധിക്കുന്നത് അല്ലെന്നും, ആവേദനകൾ ഏറ്റു വാങ്ങേണ്ടി വരുന്നത് ‘ കാട്ടിലെ പാഴ്മുളം തണ്ടിലൂടെ പാട്ടിന്റെ പാലാഴി ‘ തീർക്കുന്ന ആയഥാർത്ഥ രാഗശിൽപ്പി തന്നെയായിരിക്കും എന്നും ഒരു വെളിപാട് പോലെ തിരിച്ചറിയുന്നതോടെ ഒരു വലിയആശ്വാസം എനിക്ക് അനുഭവേദ്യമാവുന്നത് ഞാനറിയുന്നു.


ആയതിനാൽ, യാതൊരു പിൻ വാതിലുകളിലൂടെയും അകത്തു കടക്കുവാൻ ഞാൻ തയാറല്ലെന്ന് ഞാൻ തുറന്നുപറഞ്ഞു. ( ചില ഓഫറുകളും ആയി വന്നവരോട് ഞാനിതു തുറന്നു പറഞ്ഞത് അവരെപ്പോലുംഅത്ഭുതപ്പെടുത്തിക്കളഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. ) ധാർമ്മികതയുടെ ഈ നൂൽപ്പാലത്തിലൂടെനടക്കുന്പോളും, അധാർമികതയുടെ വലിയ പാലം ഞാൻ അവഗണിക്കുകയാണെന്ന് ഞാൻ തുറന്നടിച്ചു. എന്റെരാത്രികളുടെ ഏകാന്ത യാമങ്ങളിൽ ഇരുട്ടിനെ തുറിച്ചു നോക്കി എത്രയോ തവണ ആരെയും കേൾപ്പിക്കാതെഞാൻ പൊട്ടിക്കരഞ്ഞിരിക്കുന്നു ! ഉറക്കമില്ലാത്ത ഇരുട്ടിനെ തുറിച്ചു നോക്കി ഞാൻ നടത്തിയ ഈ ജൽപ്പനങ്ങൾഎവിടെയെങ്കിലും, ആരെങ്കിലും സ്വീകരിക്കപ്പെടുന്നുണ്ടോ എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. എന്നെമനസിലാക്കുവാനും, സഹായിക്കാനും കെൽപ്പുള്ള ആരും എന്റെ അറിവിലോ, പരിചയത്തിലോ എനിക്കാരുമില്ലഎന്ന് തന്നെ ഞാനറിഞ്ഞു. എന്റെ രചനകളിൽ തുടിച്ചു നിൽക്കുന്ന മൂല്യങ്ങളെ കണ്ടെത്തുവാനും, പുറത്തുകൊണ്ട് വരുവാനും കഴിവും, പ്രാപ്‌തിയുമുള്ള ഒരാളുണ്ടെങ്കിൽ അയാളെ എനിക്ക് വേണ്ടി അയക്കേണമേ എന്ന്ഇരുട്ടിന്റെ ഹൃദയത്തിൽ തന്നെ നോക്കി എന്നും ഞാൻ പ്രാർത്ഥിച്ചിരുന്നു.


' ഞാൻ പർവ്വതത്തിലേക്ക് എന്റെ കണ്ണുകളെ ഉയർത്തി. എന്റെ സഹായക്കാരൻ എവിടെ നിന്ന് വരും എന്ന് ഞാൻപറഞ്ഞു. എന്റെ സഹായം ആകാശവും, ഭൂമിയും ദൃഷ്ടിച്ച കർത്താവിന്റെ സന്നിധിയിൽ നിന്ന് വരും. ' എന്ന്യഹൂദ കാവ്യോപാസകൻ ദാവീദ് ഉറപ്പോടെ പാടുകയാണ്. രാജാധികാരത്തിന്റെ ചോരവാൾ മുനയിൽ നിന്ന്രക്ഷപെട്ടോടി, കാട്ടിലെ കാലിക്കൂട്ടങ്ങൾക്ക് കാവലാളായ് നിൽക്കുന്പോൾ തന്റെ നാടൻ നന്തുണിയിൽഅറിയാതെ ദാവീദ് തേങ്ങിപ്പോയ ഗാന ശകലമായിരുന്നു ഇത്. ഫലമോ ? ഒരിടയച്ചെറുക്കന്റെ സ്വപ്നങ്ങൾക്ക്ഒരിക്കലും കടന്നു ചെല്ലാൻ ഇടമില്ലാത്ത യഹൂദ രാജാസനത്തിന്റെ ചെങ്കോലും, കിരീടവുമായി കാലം കാട്ടിലേക്ക്വരികയാണ് ! നിസ്സാരനും, നിസ്സഹായനുമായ ആ ആട്ടിടയന്റെ തലയിൽത്തന്നെ അത് ധരിപ്പിക്കപ്പെടുകയും, അയാളുടെ യാതൊരു പങ്കുമില്ലാതെ യഹൂദ രാജാസനത്തിന്റെ എക്കാലത്തെയും ശ്രദ്ധേയനായ രാജാവായിഅഭിഷേകം ചെയ്യപ്പെടുകയുമായായിരുന്നു എന്നയിടത്താണ് വെറും ആട്ടിടയനായിരുന്ന ദാവീദിന്റെപ്രാർത്ഥനകൾക്ക് ദൈവീകമായ ഉത്തരം ലഭിക്കുന്നത്.


' നിസ്സഹായനും, നിരാവലംബനുമായ മനുഷ്യന്റെ മുന്നിൽ അനിവാര്യമായ സാഹചര്യങ്ങളുടെ രൂപത്തിലും, ഭാവത്തിലും ഇന്നും ദൈവം പ്രത്യക്ഷപ്പെടുന്നുണ്ട് ' എന്ന് ഞാനെഴുതുന്പോൾ, പ്രതിസന്ധികളുടെ മുൾക്കാട്ടിൽമുളച്ച്, കൊല്ലാനായി ഞെരുക്കുന്ന മുൾത്തലപ്പുകളുടെ ഇടയിലൂടെ പുറത്തെ വെളിച്ചത്തിന്റെ വെള്ളിരശ്മികളിലേക്ക് തല നീട്ടി നിൽക്കുന്ന എന്റെ നിസ്സഹായാവസ്ഥയുടെ നേർചിത്രം വരച്ചിടുവാനാണ് ഞാനുംശ്രമിച്ചത്. എന്റേതായ പ്രത്യേക സാഹചര്യങ്ങളിൽ എന്നെ സഹായിക്കാൻ കഴിവും, കരുത്തുമുള്ള ഒരാളെഎനിക്ക് വേണ്ടി അയക്കേണമേ എന്ന എന്റെ പ്രാര്ഥനക്കുള്ള ഉത്തരം എങ്ങിനെ സംഭവിക്കും എന്നസംശയത്തിന്റെ മുൾമുനയിൽ ഞാൻ നിൽക്കുന്പോളാണ് തികച്ചും യാദൃശ്ചികമായി എന്ന് പറയാവുന്നതരത്തിൽ അത് സംഭവിച്ചത്.


( അടുത്ത മൂന്ന് ( 99, 100, 101 ) ഭാഗങ്ങളിലായി അനുഭവക്കുറിപ്പുകളുടെ ഈ പരമ്പര അവസാനിക്കുന്നതാണ്. എങ്കിലും പ്രസ്തുത ഭാഗങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കുവാൻ ചില തടസങ്ങൾ നിലവിൽ ഉണ്ട്. ആ തടസ്സങ്ങൾനീങ്ങുന്ന മുറക്ക് അവ പ്രസിദ്ധീകരിക്കുന്നതാണ്. തുടർച്ചയായി ഇത് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഇ മലയാളി, മലയാളം ഡെയിലി ന്യൂസ്, ജോയിച്ചൻ പുതുക്കുളം മുതലായ മാധ്യമങ്ങളുടെ പ്രവർത്തകർക്കും, ഇത് വരെവായിച്ചു വന്ന സഹൃദയർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഇവിടെ നന്ദി രേഖപ്പെടുത്തുന്നു. വിനയ പൂർവം, ജയൻവർഗീസ്. )



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code