ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ കൊറോണ വൈറസ് പരിശോധന സൗകര്യം വന്‍ തോതില്‍ വര്‍ധിപ്പിച്ചിട്ടും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് അനുഭവപ്പെടുന്നതെന്ന് ബുധനാഴ്ച (ഓഗസ്റ്റ് 5) വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹൂസ്റ്റണ്‍ മേയര്‍ ടര്‍ണര്‍ പറഞ്ഞു. കൂടുതല്‍ പരിശോധന നടത്തുന്നതിന് ഹൂസ്റ്റണ്‍ നഗര വാസികള്‍ തയാറാകണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.
കോവിഡ് രോഗികളില്‍ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തുടര്‍ന്നും പാലിക്കാന്‍ തയാറാകണമെന്നും ടെസ്റ്റിങ് സെന്ററിലെ ഡോക്ടര്‍ ഡേവിഡ് പെര്‍സി പറഞ്ഞു. പരിപൂര്‍ണമായും വൈറസിനെ പ്രതിരോധിക്കുന്നതിന് ഇതു മാത്രമാണ് കരണീയമായിട്ടുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. രോഗവ്യാപനം ഇപ്പോഴും 15 മുതല്‍ 17 ശതമാനം വരെയുണ്ടെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ അതു അഞ്ചു ശതമാനമാക്കി കുറയ്ക്കുന്നതിനുള്ള നടപടികളാണ് സിറ്റി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
മാസ്ക്ക് ധരിക്കണമെന്നതു നിര്‍ബന്ധമാണെന്നും മാസ്ക്ക് ധരിക്കാത്തവര്‍ക്ക് വാണിങ് നല്‍കിയിട്ടും തുടര്‍ന്നും മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക ട്രക്കിംഗ് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹൂസ്റ്റണ്‍ പൊലീസ് ചീഫ് അസിവേഡൊ പറഞ്ഞു. 250 ഡോളര്‍ വരെ ഫൈന്‍ നല്‍കേണ്ട ടിക്കറ്റുകള്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് ലഭിക്കുമെന്നും ചീഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments