Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് കേസ് ഫെഡറല്‍ കോടതിയിലേക്ക് (തോമസ് കൂവള്ളൂര്‍)

Picture

ന്യൂയോര്‍ക്ക്: ടെക്‌സസിലെ റോയിസ് സിറ്റിയിലുള്ള കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ കീഴിലുള്ള മൊത്തം 432 ഏക്കറോളം വരുന്ന സ്ഥലവും, അതിലുള്ള കെട്ടിടങ്ങളും 2018 ഏപ്രില്‍ 12 മുതല്‍ ടെക്‌സസില്‍ തന്നെയുള്ള കെവിന്‍ മക്കുള്ള എന്ന റിസീവരുടെ ഭരണത്തിലാണ്. പ്രസ്തുത 432 ഏക്കര്‍ സ്ഥലം വാങ്ങാന്‍ കാരണം പ്രായമായ കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് വീടുകള്‍ വയ്ക്കുന്നതിനും, നഴ്‌സിംഗ് ഹോം, ക്ലിനിക്കുകള്‍, കേരളാ സ്റ്റൈലില്‍ ഭക്ഷണം നല്‍കുന്ന റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ക്ലബ് ഹൗസുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍, ഗസ്റ്റ് ഹൗസുകള്‍, അസിസ്റ്റഡ് ലിവിംഗ് ഫെസിലിറ്റി, റിക്രിയേഷന്‍ സെന്ററുകള്‍ എന്നുവേണ്ട എല്ലാവിധ ആധുനിക സൗകര്യങ്ങളും അവിടെ ഉണ്ടായിരിക്കുമെന്ന് മെമ്പര്‍മാരെ പറഞ്ഞു വിശ്വസിപ്പിച്ചതാണ്.

 

പ്രായമായവരുടെ പണംകൊണ്ട് യാതൊരു ബാധ്യതകളുമില്ലാതെ വാങ്ങിയ പ്രസ്തുത സ്ഥലം മെമ്പര്‍മാര്‍ക്ക് തുല്യ അവകാശം ഉണ്ടായിരിക്കും എന്ന ഉറപ്പുകൊടുത്ത് വാങ്ങിയതാണ്. പ്രസ്തുത സ്ഥലം ഡവലപ് ചെയ്യുന്നതിനുവേണ്ടി മെമ്പര്‍മാരില്‍ നിന്ന് അഡീഷണല്‍ പണവും പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയവര്‍ വാങ്ങിയിരുന്നു.

 

2017 ഡിസംബര്‍ 2-ന് നടന്ന കമ്പനിയുടെ ജനറല്‍ബോഡി യോഗത്തില്‍ 134 മെമ്പര്‍മാരുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രസ്തുത ജനറല്‍ബോഡിയില്‍ 104 മെമ്പര്‍മാരുടെ സപ്പോര്‍ട്ടോടുകൂടി പുതിയ ഒരു ഭരണസമിതി ആദ്യമായി നിലവില്‍ വന്നു. 2004-ല്‍ ആരംഭിച്ച കമ്പനി തുടങ്ങിയ പ്രസിഡന്റ്, സി.ഇ.ഒ തുടങ്ങിയവര്‍ മാറിമാറി കമ്പനിയുടെ ഭരണസമിതിയില്‍ തുടര്‍ന്നുപോന്നിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രസിഡന്റായി എതിര്‍പ്പില്ലാതെ എന്നെ തെരഞ്ഞെടുക്കുകയും ചെയ്തു.

 

16 മില്യനിലധികം ആസ്തിയുണ്ടായിരുന്ന കെ.സി.എ.എച്ച് കമ്പനിയില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചത് വെറും 383 (മുന്നൂറ്റി എണ്‍പത്തിമൂന്ന്) ഡോളര്‍ മാത്രം എന്നുതന്നെയല്ല, കമ്പനി വക കെട്ടിടവും സ്ഥലവുമെല്ലാം ഒട്ടും അവശേഷിക്കാതെ ആരുടെയെക്കെയോ പേരുകളില്‍ ആക്കിയെന്നും അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ അറിയുന്നത്. തുടക്കത്തില്‍ 150 പേരില്‍ നിന്നും ആളൊന്നുക്ക് 25,000 (ഇരുപത്തയ്യായിരം) ഡോളര്‍ വെച്ച് മൊത്തം കിട്ടിയ പണത്തില്‍ രണ്ടേമുക്കാല്‍ മില്യന്‍ ഡോളര്‍ കൊടുത്ത് യാതൊരു ബാധ്യതയുമില്ലാതെ വാങ്ങിയതായിരുന്നു കെ.സി.എ.എച്ചിന്റെ മൊത്തം സ്ഥലംവാങ്ങിയശേഷം ഒരു മില്യനിലധികം ഡോളര്‍ നീക്കിയിരിപ്പുണ്ടായിരുന്നതായി വാര്‍ഷിക കണക്കുകളില്‍ നിന്നും കാണാന്‍ കഴിഞ്ഞു. ഇരുപത്തയ്യായിരം ഡോളര്‍ തുടക്കത്തില്‍ കൊടുത്തവരെല്ലാം കമ്പനിയുടെ തുല്യ പാര്‍ട്ട്ണര്‍മാര്‍ ആണെന്നും, കമ്പനിക്ക് ലാഭമുണ്ടായാല്‍ മെമ്പര്‍മാര്‍ ലാഭത്തിന് അര്‍ഹരായിരിക്കുമെന്നും പ്രത്യേകം പറഞ്ഞിരുന്നു.

 

2017 ഡിസംബറില്‍ ഞങ്ങള്‍ അധികാരമേറ്റപ്പോള്‍ കമ്പനി ഒരു മില്യനിലധികം ഡോളര്‍ നഷ്ടത്തിലാണെന്നും കണക്കുകളിലൂടെ കാണാന്‍ കഴിഞ്ഞു. അതായത് സ്ഥലമോ, ഓഫീസോ, മറ്റു കെട്ടിടങ്ങളോ ഒന്നുമില്ലാതെ ഒരു മില്യനിലധികം ഡോളര്‍ കൊടുത്തുതീര്‍ക്കാനുള്ള ഒരു കമ്പനി ഈ ലോകത്തില്‍ ആരെങ്കിലും ഏറ്റെടുക്കുമോ? പക്ഷെ, മാനുഷികമായ ചില പരിഗണനകള്‍ വച്ച്, 150 മെമ്പര്‍മാരില്‍ നിന്നും വാങ്ങിയ പണംകൊണ്ട് വാങ്ങിച്ച, തുല്യ പങ്കാളിത്തമുള്ള ഒരു കമ്പനിയാണെന്നു മനസിലാക്കിയതിനാല്‍ കമ്പനിയുടെ ഭരണചുമതല ഞാന്‍ ഏറ്റെടുത്തു. എന്നോടൊപ്പം മറ്റ് 10 പേര്‍ ബോര്‍ഡ് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.

 

ഞങ്ങള്‍ അധികാരമേറ്റതിന്റെ പിറ്റെ ആഴ്ചയില്‍ ടെക്‌സസില്‍ തന്നെയുള്ള ഫിനി തോമസ് എന്ന അറ്റോര്‍ണിയെക്കൊണ്ട് മെമ്പര്‍മാര്‍ക്ക് പദ്ധതി നടപ്പിലാക്കാന്‍വേണ്ടി പ്രത്യേകം മാറ്റിയിട്ടിരുന്ന 150-ഓളം ഏക്കര്‍ സ്ഥലം കൈക്കലാക്കിയ കമ്പനിയുടെ ഒരു ഡയറക്ടര്‍ക്കെതിരേ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തു. 2013 മുതല്‍ 2017 വരെ കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന ഇദ്ദേഹം കമ്പനിയില്‍ നിന്നും പലിശയിനത്തില്‍ 6 ലക്ഷത്തോളം ഡോളര്‍ പലിശ എഴുതിയെടുത്തതിനു പുറമെ രണ്ടു വീടുകളും നിര്‍മ്മിച്ച് ഭാര്യയോടും മക്കളോടുമൊപ്പം അവിടെ താമസക്കാരനുമാണെന്നു കണ്ടെത്തിയതിനുശേഷമാണ് അങ്ങനെ കേസ് കൊടുത്തത്. തുടക്കത്തില്‍ കേരളാ ക്രസ്ത്യന്‍ അഡല്‍ട്ട് ഹോംസ് ഇന്‍ കോര്‍പറേഷന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി ഞങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് എല്‍.എല്‍സി എന്ന പേരിലാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അതെങ്ങനെ സംഭവിച്ചു എന്ന് ആരും തെരക്കിയുമില്ല. ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തത് ആ പ്രദേശത്തെ കൗണ്ടിയായ കോളിന്‍ കൗണ്ടിയിലും.

 

ഞങ്ങള്‍ കേസ് കൊടുത്ത പ്രതി സമ്പന്നനും, പിടിപാടുമുള്ള വ്യക്തി ആയതിനാല്‍ എനിക്കും എന്നോടൊപ്പമുണ്ടായിരുന്ന മറ്റ് 5 ഡയറക്ടര്‍മാര്‍ക്കുമെതിരേ 3 മില്യന്‍ ഡോളര്‍ അയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു പറഞ്ഞ് കൗണ്ടര്‍ കേസ് ഫയല്‍ ചെയ്തു. എന്നുതന്നെയല്ല, കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് ഒരു തട്ടിപ്പ് കമ്പനി ആയിരുന്നുവെന്നും, 10 വര്‍ഷത്തിലേറെ തട്ടിപ്പ് നടത്തിയ ആ കമ്പനിയില്‍ ലാഭം പ്രതീക്ഷിച്ച് പണംമുടക്കിയ അയാള്‍ ഒരു ഇരയായി തീര്‍ന്നതാണെന്നും, നിയമപ്രകാരമാണ് അയാള്‍ കമ്പനിയുടെ സ്ഥലം കൈക്കലാക്കിയതെന്നും, എന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി പഴയ തട്ടിപ്പ് കമ്പനിയുടെ പിന്‍തുടര്‍ച്ചക്കാരാണെന്നും, ആയതിനാല്‍ 3 മില്യന്‍ ഡോളര്‍ അയാള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും കാണിച്ചായിരുന്നു കൗണ്ടര്‍ കേസ്.

 

കൗണ്ടര്‍ കേസ് വന്നതോടെ എന്റെ കൂടെ നിന്നവര്‍ ആകെ അങ്കലാപ്പിലായെന്നു പറയേണ്ടതില്ലല്ലോ. ആദ്യമായി ടെക്‌സസില്‍ നിന്നുമുള്ള, എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭാര്യകൂടിയായ സെക്രട്ടറി രാജിക്കത്ത് എനിക്ക് നല്‍കി. അങ്ങനെ അവര്‍ പിന്നീട് അറ്റോര്‍ണി ഫിന്നിയുമായി ബന്ധപ്പെട്ട് കേസില്‍ നിന്ന് രാജിയായി. ബാക്കിയുണ്ടായിരുന്ന നാലുപേര്‍ എങ്ങനെയെങ്കിലും കേസില്‍ നിന്നും തലയൂരാന്‍ തക്കം പാര്‍ത്തുകൊണ്ടിരുന്നു. അവരുടെ തലയില്‍ ഞാന്‍ ഭാരം എടുത്തുവെച്ചതുപോലെയായിരുന്നു പലപ്പോഴും എന്നോടുള്ള പെരുമാറ്റം.

 

ഏതായാലും ഭൂരിപക്ഷം വരുന്ന ഡയറക്ടര്‍മാര്‍ എപ്പോഴും എന്നോടൊപ്പമായിരുന്നു. ഒടുവില്‍ അറ്റോര്‍ണി ഫിന്നിയുടെ ശിപാര്‍ശ പ്രകാരം ഷോണ്‍ മക്കാഫിറ്റി എന്ന ഒരു വക്കീലിനെ (അതും ടെക്‌സസ് ജൂറിസ് ഡിക്ഷനില്‍ മാത്രം ലൈസന്‍സുള്ളയാള്‍) കൊണ്ടുവന്ന് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. കേസ് ജയിച്ചാല്‍ മാത്രം 35 ശതമാനത്തിനു തുല്യമായ പണംകൊടുത്താല്‍ മതി എന്ന വ്യവസ്ഥയിലാണ് അയാളെ കേസ് ഏല്‍പിച്ചത്. 2018 ഫെബ്രുവരി അഞ്ചാം തീയതി നടത്തിയ ഒരു കോണ്‍ഫറന്‍സ് മീറ്റിംഗിലൂടെ എന്നോടൊപ്പമുള്ള ബോര്‍ഡ് അംഗങ്ങള്‍ സമ്മതിച്ചത് അനുസരിച്ചാണ് ഷോണ്‍ മക്കാഫിറ്റിയുമായുള്ള റീട്ടെയിനര്‍ ഞാന്‍ ഒപ്പുവെച്ചത്. ഷോണിന്റെ നിര്‍ദേശ പ്രകാരം മാറിക്കിടക്കുന്ന ഭൂമികളും, പണവും തിരികെ കമ്പനിയില്‍ കൊണ്ടുവരുന്നതിനും, കണക്കുകള്‍ വേണ്ടവിധം പരിശോധിക്കുന്നതിനുമെല്ലാമായി അയാളുടെ സുഹൃത്തായ കെവിന്‍ മക്കുള്ളോ എന്നയാളെ റിസീവറായി വയ്ക്കണമെന്നും ഷോണും ഫിന്നിയും കെ.സി.എ.എച്ചിനെ പ്രതിനിധീകരിച്ച് കോടതിയില്‍ പൊയ്‌ക്കൊള്ളാമെന്നും പ്രത്യേകം പറഞ്ഞിരുന്നു. കൂടാതെ രണ്ടോ മൂന്നോ മെമ്പര്‍മാരെക്കൊണ്ട് റിസീവറെ വയ്ക്കാന്‍ കോടതിയില്‍ അപേക്ഷ കൊടുക്കണമെന്നും പറഞ്ഞു. ഒറ്റദിവസംകൊണ്ട് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമൊക്കെ താമസിക്കുന്ന മൂന്നു വ്യക്തികളെ പോയി കണ്ട് അവരുടെ നോട്ടറൈസ് ചെയ്ത അപേക്ഷ ഞാന്‍ ഷോണിന് അയച്ചുകൊടുത്തു. അങ്ങനെയാണ് റീസീവറെ വച്ചത്. പലരും കരുതിയത് എതിരാളിയായ പ്രതിയാണ് റിസീവറെ വെച്ചതെന്നാണ്.

 

ഇവിടെ ഒരു കാര്യം മാത്രം പറഞ്ഞുകൊള്ളട്ടെ. പ്രായമായ ആള്‍ക്കാരില്‍ നിന്നും പണം വാങ്ങി തോന്നിയപോലെ ചെയ്താല്‍ അത്തരക്കാര്‍ക്ക് അമേരിക്കയില്‍ രക്ഷയുണ്ടാവുമെന്നു കരുതേണ്ട. പ്രായമായ മെമ്പര്‍മാരുടെ പണം കൊണ്ട് യാതൊരു ബാധ്യതയുമില്ലാതെ വാങ്ങിയതാണ് കെ.സി.എ.എച്ചിന്റെ മൊത്തം സ്ഥലം. അവരുടെ തന്നെ പണംകൊണ്ട് സ്ഥലം ഡവലപ് ചെയ്യുകയും ഉണ്ടായി. അങ്ങനെ 5 മൈല്‍ അകലെ നിന്നും സൂവര്‍, വെള്ളം, ഇലക്ട്രിസിറ്റി, ടെലിഫോണ്‍, ഗ്യാസ്, റോഡ് എന്നിവയെല്ലാം കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോമിനാണെന്നപേരില്‍ റോയിസ് സിറ്റി അനുവദിച്ചുകൊടുത്തു. 17-ഓളം വീടുകളും നിര്‍മ്മിച്ചു. ആ വീടുകളില്‍ ഭൂരിഭാഗവും കൈവശമാക്കിയിരിക്കുന്നത് പ്രസ്ഥാനം തുടങ്ങിയ ഡയറക്ടര്‍മാരാണ് എന്നുള്ളത് മറച്ചുവയ്‌ക്കേണ്ട കാര്യമല്ല. വീടുവയ്ക്കാന്‍ റെഡിയായ 21-ഓളം ലോട്ടുകള്‍ പ്രസ്ഥാനവുമായി അടുത്തു ബന്ധമുണ്ടായിരുന്ന ഡയറക്ടര്‍മാരും, അവരുടെ സ്വന്തക്കാരും കൈക്കലാക്കി. ഒരു മെമ്പര്‍ ഒന്നിലധികം ലോട്ടുകള്‍ കൈക്കലാക്കുകയും ചെയ്തതായി വ്യക്തമായി മനസിലാക്കാന്‍ എനിക്കു സാധിച്ചു.

 

ജനറല്‍ബോഡിയുടെ അറിവോടെയല്ല ഇത്തരത്തിലുള്ള ഭൂമി കൈമാറ്റങ്ങള്‍ നടത്തിയത് എന്നുള്ളതാണ് സത്യം. 2017 നവംബര്‍ വരെ ജനറല്‍ബോഡി വിളിച്ചുകൂട്ടാതെ വന്നപ്പോള്‍ മെമ്പര്‍മാരെ സംഘടിപ്പിച്ച് അവരുടെ പിന്‍ബലത്തോടെയാണ് ജനറല്‍ബോഡി കൂടാന്‍ ഞാന്‍ മുന്‍ പ്രസിഡന്റിനു നിവേദനം നല്‍കിയത്. ഇതില്‍ മുന്‍ പ്രസിഡന്റ് കുറ്റക്കാരനാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ, കുറെക്കൂടി മാന്യമായി അദ്ദേഹത്തിനും, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡയറക്ടര്‍മാര്‍ക്കും ചെയ്യാമായിരുന്നു.

 

തുല്യ പങ്കാളികള്‍ എന്നു പറഞ്ഞ് പണം വാങ്ങിയിട്ട് പണം കൊടുത്തവര്‍ക്കെല്ലാം വീട് വയ്ക്കാന്‍ ഒരു ലോട്ട് കൊടുത്തിരുന്നുവെങ്കില്‍ എത്ര മാന്യതയുണ്ടാകുമായിരുന്നു. കോടതിയില്‍ ഞങ്ങള്‍ കേസ് ആദ്യമായി കൊടുത്തപ്പോള്‍ ഞങ്ങള്‍ക്കെതിരേ കള്ളക്കേസ് ഫയല്‍ ചെയ്യാതെ ഒരു ഒത്തുതീര്‍പ്പിനു ഭൂമി കൈവശം വച്ചിരിക്കുന്ന സമ്പന്നനായ ആ മനുഷ്യന്‍ തയാറായിരുന്നുവെങ്കില്‍ അയാള്‍ക്ക് എത്രമാത്രം പണം ലാഭിക്കാമായിരുന്നു. നല്ല തലയെടുപ്പോടെ സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുകയും ചെയ്യാമായിരുന്നു.

 

പിന്നീടെന്തു സംഭവിച്ചു എന്നുകൂടി അറിയേണ്ടേ? റിസീവര്‍ക്ക് ഞാന്‍ കൊടുത്ത തെളിവുകള്‍ വച്ച് അയാള്‍ അന്വേഷണം നടത്തി 2018 നവംബര്‍ 29-ന് അയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ഡിസ്കവറി പെറ്റീഷന്‍ വായിച്ചാല്‍ 2013 മുതല്‍ 2017 വരെ കമ്പനിയുടെ ഡയറക്ടറായിരുന്നയാള്‍ വഞ്ചനാപരമായ മാര്‍ഗ്ഗത്തിലൂടെ കമ്പനിയുടെ പ്രസിഡന്റിനെ സ്വാധീനിച്ചും തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തുമാണ് സ്ഥലം കൈക്കലാക്കിയതെന്നും, അക്കാരണത്താല്‍ അയാള്‍ കെ.സി.എ.എച്ചിനും അതിനെ മെമ്പര്‍മാര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം റിസീവറുടെ ചെലവുകളും, കോടതി ചെലവുകളും, ടാക്‌സ് മുതലായ കുടിശികളും കൊടുക്കേണ്ടിവരും എന്നതായിരുന്നു റിസീവര്‍ കോടതിയോട് ആവശ്യപ്പട്ടത്. അതു കണ്ടപ്പോള്‍ ഞാനുള്‍പ്പടെയുള്ള ഡയറക്ടര്‍മാര്‍ കേസ് അവസാനിക്കാറായി എന്നു കരുതി. പക്ഷെ പിന്നീടുണ്ടായ നാടകീയ കാര്യങ്ങള്‍ ഇവിടെ വിശദീകരിച്ചാല്‍ കഥ അവസാനിപ്പിക്കാന്‍ പറ്റാതെ വരും. ഇതു കഥയല്ല, യാഥാര്‍ത്ഥ്യമാണ് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

 

റിസീവറുടെ ഡിസ്കവറി പെറ്റീഷനില്‍ കണ്ട കോളിന്‍ കൗണ്ടിയിലെ ജഡ്ജി ചെലവുകള്‍ പരമാവധി ഒഴിവാക്കാന്‍ സാധാരണ കോടതികളില്‍ ചെയ്യുന്നതുപോലെ റിസീവറോട് ഒരു ഒത്തുതീര്‍പ്പ് ശ്രമം സാധിക്കുമെങ്കില്‍ നടത്താന്‍ ആവശ്യപ്പെട്ടു. അങ്ങനെ റിസീവറും സ്ഥലം കൈക്കലാക്കിയ എതിരാളിയുടെ വക്കീലന്മാരും തമ്മില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടായതായി 2019 സെപ്റ്റംബര്‍ അവസാനം കെ.സി.എ.എച്ചിന്റെ പ്രസിഡന്റ് എന്ന നിലയില്‍ എന്നെ അറിയിക്കുകയും, ഡയറക്ടര്‍ ബോര്‍ഡ് ഒക്‌ടോബര്‍ രണ്ടാം തീയതി വിളിച്ചുകൂട്ടാനും ആവശ്യപ്പെട്ടു. പ്രസ്തുത മീറ്റിംഗില്‍ മൊത്തം ഞാനുള്‍പ്പടെ 14 ഡയറക്ടര്‍മാരും പങ്കെടുത്തു. റിസീവറുടെ സെറ്റില്‍മെന്റ് എഗ്രിമെന്റ് പ്രായമായ കെ.സി.എ.എച്ച് മെമ്പര്‍മാര്‍ക്ക് അനുകൂലമല്ലെന്നു കണ്ട് എന്നേടൊപ്പമുള്ള മുഴുവന്‍ ഡയറക്ടര്‍മാരും എതിര്‍ത്തു. പക്ഷെ എന്നോടൊപ്പം കേസില്‍ കുടിങ്ങിയിരുന്ന നാലു പേര്‍ എങ്ങനെയെങ്കിലും കേസില്‍ നിന്നും തലയൂരുക എന്നുള്ള ഉദ്ദേശത്തോടെ ആവണം റിസീവറുടെ പക്ഷം ചേര്‍ന്ന് എനിക്കെതിരേ കോടതിയില്‍ വരെ റിസീവര്‍ക്ക് അനുകൂലമായ രീതിയില്‍ അവരാണ് കെ.സി.എ.എച്ച് എന്നും, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കൂടെ വളരെ കുറച്ച് മെമ്പര്‍മാര്‍ മാത്രമേയുള്ളുവെന്നും പറഞ്ഞ് കള്ള റിക്കാര്‍ഡ് വരെയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. റിസീവറുടെ സെറ്റില്‍മെന്റ് എഗ്രിമെന്റ് വായിച്ചവര്‍ക്ക് അറിയാം എന്താണ് അതില്‍ പറഞ്ഞിരിക്കുന്നതെന്ന്. മൂന്നര വര്‍ഷംകൊണ്ട് കെ.സി.എ.എച്ചിന്റെ സ്ഥലം അയാള്‍ വില്‍ക്കുമെന്നും, വിറ്റുകിട്ടുന്ന പണത്തില്‍ കോടതി ചെലവുകളും, അയാളുടെ മൊത്തം ചെലവുകളും, വില്‍ക്കാന്‍ വേണ്ടിവരുന്ന ചെലവുകളും, കമ്മീഷന്‍ മുതലായവയും കഴിഞ്ഞ് മിച്ചമുള്ള തുക എതിര്‍ കക്ഷിക്ക് 8 ശതമാനം പറഞ്ഞിരുന്ന പലിശയോടെ കൊടുക്കുന്നതിനു പുറമെ എതിര്‍ കക്ഷിയുടെ ഇന്നേവരെയുള്ള വക്കീല്‍ ഫീസുകൂടി കൊടുത്തശേഷം മിച്ചമുണ്ടെങ്കില്‍ അത് കൂടുതല്‍ പണം കൊടുക്കുന്നവര്‍ക്ക് കൊടുത്തശേഷം മിച്ചമുണ്ടെങ്കില്‍ സ്ഥലത്തിന്റെ ഉടമകള്‍ക്ക് കൊടുക്കാമെന്നാണ്. എത്ര തുക കൊടുക്കുമെന്ന് കാണിച്ചിട്ടുമില്ല.

 

എന്നോടൊപ്പമുള്ള ഭൂരിപക്ഷം വരുന്ന ഡയറക്ടര്‍മാരും, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ നിന്നുള്ള കുറെ മെമ്പര്‍മാരും എന്തുവന്നാലും ഒരു വക്കീലിനെകൊണ്ട് റിസീവറുടെ ശ്രമത്തെ കോടതിയില്‍ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അതിനാവശ്യമായ പണം മെമ്പര്‍മാരും, ഡയറക്ടര്‍മാരും ഷെയര്‍ ചെയ്ത് ടെക്‌സാസിലുള്ള ഗ്രെഗ് മിച്ചല്‍ എന്ന വക്കീലിനെ ഞാന്‍ അപ്പോയിന്റ് ചെയ്തു. ഒരു വ്യക്തി എന്ന നിലയ്ക്ക് ഇതെല്ലാം ചെയ്യാന്‍ ആര്‍ക്കും തന്നെ സാധിക്കുകയില്ല എന്നോര്‍ക്കണം. അതേസമയം സംഘടിതമായി നിന്നാല്‍ പണച്ചെലവും കുറവായിരിക്കും.

 

അങ്ങനെ 2019 ഡിസംബര്‍ 6-ന് കോളിന്‍ കൗണ്ടി കോര്‍ട്ടില്‍ കെ.സി.എ.എച്ചിനെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ഗ്രെഗ് മിച്ചല്‍ ഹാജരായി. ഞാനും കോടതിയില്‍ എത്തിയിരുന്നു. 2 മാസത്തേക്ക് കോടതി ഹിയറിംഗ് നീട്ടി. അതിനിടെ കോവിഡ് 19-ന്റെ പേരില്‍ വീണ്ടും കോടതി നീട്ടി. ഇക്കഴിഞ്ഞ 22-ന് നടന്ന ഹിയറിംഗില്‍ കെ.സി.എ.എച്ചിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് കോടതി എന്നേയും ക്ഷണിച്ചിരുന്നു. സൂം വഴിയുള്ള ഹിയറിംഗ് ആയിരുന്നു അത്. പ്രസ്തുത ഹിയറിംഗിലെ പ്രധാന വിഷയം കെ.സി.എ.എച്ചിന്റെ പ്രസിഡന്റിന്റെ അതോറിറ്റി എന്താണ് എന്നുള്ളതായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ മാറ്റണമെങ്കില്‍ ജനറല്‍ബോഡി കൂടുകയോ, പ്രത്യേക കോര്‍ട്ട് ഓര്‍ഡര്‍ ഇടുകയോ വേണം. പ്രസിഡന്റിന് ആള്‍ക്കാരെ എടുക്കുന്നതിനും, മാറ്റുന്നതിനുമുള്ള അധികാരമുണ്ടെന്നും അദ്ദേഹം ശക്തിയുക്തം വാദിച്ചു. ഏതായാലും ഒരു കോടതി ഉത്തരവുണ്ടാകുന്നതുവരെ ഞാന്‍ തന്നെയായിരിക്കും കെ.സി.എ.എച്ചിന്റെ പ്രസിഡന്റ്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെതിരേ പ്രവര്‍ത്തിച്ചതിനു അവരെ മാറ്റി പുതിയ ഡയറക്ടര്‍മാരെ ഞാന്‍ എടുക്കുകയും ചെയ്തു.

 

2020 ജൂണ്‍ മാസം കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കെ.സി.എ.എച്ചിന്റെ കാര്യത്തില്‍ വേണ്ട നിയമ നടപടികള്‍ എടുക്കാന്‍ എന്നോടൊപ്പമുള്ള ഡയറക്ടര്‍ ബോര്‍ഡ് ഐക്യകണ്‌ഠ്യേന അനുമതി നല്‍കുകയുണ്ടായി. ഇനി ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും, നിയമ നടപടികള്‍ക്കുവേണ്ടി പണം മുടക്കിയാല്‍ അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നും പല മെമ്പര്‍മാര്‍ക്കും സംശയമുണ്ട്. അവരുടെ സംശയ നിവാരണത്തിനുവേണ്ടികൂടിയാണ് ഇതെഴുതുന്നത്:

 

ഒന്നാമതായി കോളിന്‍ കൗണ്ടിയില്‍ നില്‍ക്കേണ്ട കേസല്ല ഇത്. കെ.സി.എ.എച്ച് ഇന്‍ കോര്‍പറേഷന്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയത് 317 സ്പ്രൂസ് സ്ട്രീറ്റ്, ബൂന്റണ്‍, ന്യൂജേഴ്‌സി - 07005 എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയാണ്. ആ കമ്പനിയുടെ പേരിലാണ് ഷെയര്‍ ഒന്നിനു 25,000 (ഇരുപത്തയ്യായിരം) ഡോളര്‍ നിരക്കില്‍ 150 മെമ്പര്‍മാരില്‍ നിന്നുമായി മൂന്നേകാല്‍ മില്യന്‍ ഡോളര്‍ വാങ്ങിയതെന്നുള്ളതിനുള്ള തെളിവുകള്‍ ഞാന്‍ ശേഖരിച്ച് ഇതുമായി ബന്ധപ്പെട്ട വക്കീലന്മാര്‍ക്കും ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്കും കൊടുത്തു കഴിഞ്ഞു. കൂടാതെ കമ്പനിയുടെ തുടക്കത്തില്‍ തന്നെ മെമ്പര്‍മാരില്‍ നിന്നും പല കാര്യങ്ങളും മറച്ചുവെച്ചു എന്നു കണ്ടുപിടിക്കപ്പെട്ടു. 2005-ല്‍ ടെക്‌സസിലെ റോയിസ് സിറ്റിയില്‍ 432 ഏക്കര്‍ സ്ഥലം ആര്, എന്തുവിലയ്ക്ക്, ആരില്‍ നിന്നും, ആരുടെ പേരില്‍ വാങ്ങി എന്നുള്ളതിന്റെ യഥാര്‍ത്ഥ രൂപം തുല്യ പങ്കാളികളായ മെമ്പര്‍മാരെ ഒരു മീറ്റിംഗിലും, അതുപോലെ രേഖാമൂലവും അറിയിച്ചിട്ടില്ല.

 

സ്ഥലം വാങ്ങി ആദ്യ വര്‍ഷംതന്നെ സ്ഥലം വാങ്ങിയശേഷം മിച്ചമുണ്ടായിരുന്ന തുകയ്ക്ക് മുപ്പതിനായിരം ഡോളര്‍ പലിശ കിട്ടിയതായും, പതിനായിരത്തിലധികം ഡോളര്‍ വാടക ഇനത്തില്‍ ലാഭം കിട്ടിയതായും 2006-ലെ റിപ്പോര്‍ട്ടില്‍ കാണുന്നു. അത് കെ.സി.എ.എച്ച് ഇന്‍ കോര്‍പറേഷന്റെ പേരില്ല, കെ.സി.എ.എച്ച് എല്‍.എല്‍.സിയുടെ ഡിസംബര്‍ 31, 2006 ബാലന്‍സ് ഷീറ്റ് പ്രകാരമാണ്. ഇതിനിടെ 2006-ല്‍ തന്നെ കെ.സി.എ.എച്ച് 1, എല്‍.പി എന്ന പേരില്‍ 3621 എഫ്.എം. റോഡ്, 1777 കൗണ്ടി റോഡ്, റോയിസ് സിറ്റി ടെക്‌സസ് എന്ന അഡ്രസില്‍ ഒരു ലിമിറ്റഡ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയതായി കാണുന്നു. 2006 ഡിസംബര്‍ മാസത്തെ കെ.സി.എ.എച്ചിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റില്‍ കെ.സി.എ.എച്ച് എല്‍.എല്‍.സിയുടെ അക്കൗണ്ടില്‍ 70,000 (എഴുപതിനായിരം) പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയവരുടെ പേര്‍ക്ക് ഭാവിയില്‍ പാരിതോഷികമായി കൊടുക്കാനുള്ളതായും, 14,000 ഡോളര്‍ ഡിസ്കൗണ്ട് ഇനത്തിലും കൊടുക്കാനുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമെ കമ്പനിക്ക് നിരവധി ബാങ്കുളില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും ഇന്‍വെസ്റ്റിഗേഷനിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു. നോര്‍ത്ത് ഫോര്‍ക് ബാങ്ക്, വാക്കോവിയാ ബാങ്ക്, വണ്‍ വേള്‍ഡ് ബാങ്ക് നമ്പര്‍ 1, വണ്‍ വേള്‍ഡ് ബാങ്ക് നമ്പര്‍ -2 (കെ.സി.എ.എച്ച് 1, എല്‍പി ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്‍സ് അക്കൗണ്ട് 2005).

 

റിസീവര്‍ക്ക് അന്യ സ്റ്റേറ്റില്‍ അധികാരപരിധിയില്ല എന്നുള്ള കാര്യം അയാള്‍ മനസിലാക്കിയതുകൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ധാരാളം കൃത്രിമങ്ങള്‍ കണ്ടുപിടിച്ചെങ്കില്‍ കൂടി അധികാരപരിധിയിലുള്ള ഡിസ്ട്രിക്ട് അറ്റോര്‍ണിയേയോ, ടെക്‌സസിലെ അറ്റോര്‍ണി ജനറലിനെയോ വിവരം അറിയിക്കാതെ രഹസ്യമായി കെ.സി.എ.എച്ചിന്റെ മൊത്തം സ്ഥലം തട്ടിയെടുത്ത് വിറ്റു കാശാക്കി കളയാമെന്ന് അയാള്‍ കരുതി എന്നുവേണം അനുമാനിക്കാന്‍. എന്നോടൊപ്പമുണ്ടായിരുന്ന പേരുകേട്ട റിയല്‍ട്ടര്‍മാരെന്നഭിമാനിച്ചവര്‍ക്കോ ഒന്നും കണക്കുകള്‍കൊണ്ടുള്ള കളിയും, കമ്പനി തുടരെത്തുടരെ മാറുന്നതിനു കാരണമെന്തെന്ന് ചിന്തിക്കാനോ, അന്വേഷിക്കാനോ, അതിനുവേണ്ടി സമയം കണ്ടെത്താനോ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

 

എനിക്കെതിരേ ധാരാളം ഉപജാപങ്ങള്‍ എതിരാളികള്‍ നടത്തിയെങ്കിലും ഈശ്വര കൃപയാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ എനിക്കു കഴിഞ്ഞു എന്നുള്ളതാണ് വാസ്തവം. ഇന്റര്‍ സ്റ്റേറ്റ് കൊമേഴ്‌സ് പ്രകാരം അന്യ സ്റ്റേറ്റുകളില്‍നിന്നും പണം വാങ്ങുകയോ, വ്യാപാരം നടത്തുകയോ ചെയ്താല്‍ അത് ഐ.ആര്‍.എസ്, എസ്.ഇ.സി, എഫ്.ഡി.സി തുടങ്ങിയ നിരവധി ഏജന്‍സികളും, ഫെഡറല്‍ ഗവണ്‍മെന്റും അറിഞ്ഞിരിക്കേണ്ടതും , അവര്‍ നിര്‍കര്‍ഷിക്കുന്ന വിധത്തില്‍ ഓഡിറ്റിംഗ്, റിപ്പോര്‍ട്ടുകള്‍, എല്ലാ മെമ്പര്‍മാരേയും അതാത് ഏജന്‍സികളേയും അറിയിക്കേണ്ടതാണ്. പ്രത്യേകിച്ച് പ്രായമായവരില്‍ നിന്നും അവരുടെ റിട്ടയര്‍മെന്റിലെ സമ്പാദ്യം വാങ്ങി തോന്ന്യാസം കൈകാര്യം ചെയ്താല്‍ ശിക്ഷ എന്താണെന്ന് വിവേകമുള്ളവര്‍ക്ക് മനസിലാകും.

 

2015-ലെ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെയോ രണ്ട് മില്യനിലധികം ഡിസ്കൗണ്ട് പാരിതോഷികം (ഓണറേറിയം), പലിശ തുടങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടെന്നു കാണുന്നു. 2015-ന്റെ അവസാനത്തില്‍ പെട്ടെന്ന് കമ്പനി കെ.സി.എ.എച്ച് -1, എല്‍.എല്‍.സിയില്‍ നിന്നും കെ.സി.എ.എച്ച് എല്‍.എല്‍.സി ആക്കി മാറ്റിയതായും, തുടക്കത്തില്‍ എല്ലാം സേവനമാണെന്നു പറഞ്ഞിട്ട് അവസാനം മെമ്പര്‍മാരില്‍ നിന്നും വാങ്ങിയ തുക മുഴുവന്‍ എഴുതി തള്ളിക്കളഞ്ഞതിനു തുല്യമാണ് വീടുകള്‍ക്കും ലോട്ടുകള്‍ക്കും വന്‍തോതില്‍ ഡിസ്കൗണ്ട് ചിലര്‍ക്ക് മാത്രമായി കൊടുത്തത്. വരുമാനമില്ലാതിരുന്ന കമ്പനിയില്‍ നിന്നും വലിയ തുക ശമ്പളമിനത്തിലും, മറ്റ് അലവന്‍സുകളായും എഴുതി എടുത്തതായി കാണുന്നു.

 

കൂടുതല്‍ വിശദീകരിക്കുന്നില്ല. റിസീവര്‍ അധികാരമേറ്റശേഷം തുടക്കത്തില്‍ ലോഹ്യം കാണിച്ചെങ്കിലും ഒടുവില്‍ കമ്പനിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ മാറ്റാവന്‍ വരെ ശ്രമിക്കുകയും മെമ്പര്‍മാരുമായുള്ള കൂട്ടായ്മ വരെ നശിപ്പിക്കാനും ശ്രമിച്ചു. പ്രായമായവരുടെ പണം കൊടുത്ത് വാങ്ങിയ സ്ഥലം തിരിച്ചുപിടിക്കുന്നതിനുവേണ്ടിയാണ് 2017 ജൂണ്‍ മാസം മുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്റെ സമയം ചെലവാക്കിയത്. അന്യ സ്റ്റേറ്റുകളില്‍ നിന്നും, ഒരു പക്ഷെ മറ്റു രാജ്യങ്ങളില്‍ നിന്നും പണം വാങ്ങിയതിനാല്‍ ഫെഡറല്‍ കോര്‍ട്ടില്‍ കൈകാര്യം ചെയ്യേണ്ട കേസാണ് കെ.സി.എ.എച്ചിന്റേത്. ഫെഡറല്‍ കോര്‍ട്ടില്‍ കേസ് എത്തിക്കു അല്‍പം പണം മുടക്കുള്ളതും, ശ്രമകരവുമാണ്. ധാരാളം വക്കീലന്മാരുടേയും, അക്കൗണ്ടില്‍ പ്രാഗത്ഭ്യമുള്ളവരുടേയും, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്യുന്നവരുടേയും സഹായ സഹകരണങ്ങള്‍ എനിക്ക് ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ കേസ് പണ്ടേയ്ക്കുപണ്ടേ കാലഹരണപ്പെട്ടുപോയേനെ. 2017-ല്‍ കോളിന്‍ കൗണ്ടിയില്‍ കേസ് സമയത്തുതന്നെ ഫയല്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ കെ.സി.എ.എച്ച് എന്നത് മറന്നുകളഞ്ഞാല്‍ മതിയായിരുന്നു.

 

എന്തിനാണ് നമ്മള്‍ അവസാനമായി പോരാടുന്നതെന്ന് ഇനി ഞാന്‍ എഴുതേണ്ടതില്ല. 20 മില്യനോളം വിലമതിക്കുന്ന കെ.സി.എ.എച്ചിന്റെ വീതം എല്ലാവര്‍ക്കും തുല്യമായി കിട്ടണം. അതല്ലെങ്കില്‍ അവരില്‍ നിന്നു വാങ്ങിയ പണം ഇന്നത്തെ മൂല്യം അനുസരിച്ച് പലിശ സഹിതം കിട്ടണം. എല്ലാറ്റിനുമുപരി കെ.സി.എ.എച്ചില്‍ പണം മുടക്കിയവര്‍ക്കെല്ലാം തുല്യ നീതി ലഭിക്കണം. അതാണ് ഞങ്ങളുടെ അന്തിമ ലക്ഷ്യം.

 

എന്നെ പിന്തുണയ്ക്കുന്ന നല്ലവരായ മെമ്പര്‍മാരുടെ സഹകരണത്തോടെ ന്യൂയോര്‍ക്കിലെ പ്രശസ്തനായ ക്രിമിനല്‍ അറ്റോര്‍ണി വിനു വര്‍ഗീസുമായി ഞാന്‍ ബന്ധപ്പെടുകയും, അദ്ദേഹം കേസ് എടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ ഒന്നാം തീയതി 60,000 (അറുപതിനായിരം) ഡോളറിന്റെ റീട്ടെയിനറില്‍ ഞാന്‍ ഒപ്പുവയ്ക്കുകയും ചെയ്തു. കെ.സി.എ.എച്ചില്‍ പണം മുടക്കി നഷ്ടപ്പെട്ടവര്‍ക്കും, ആരെങ്കിലും മെമ്പര്‍മാര്‍ മരിച്ചുപോയിട്ടുണ്ടെങ്കില്‍ അവരുടെ അവകാശികള്‍ക്കും ഞങ്ങളോടൊപ്പം ചേരാവുന്നതാണ്. താത്പര്യമുള്ളവര്‍ വിനു വര്‍ഗീസിന്റെ ഓഫീസുമായി ബന്ധപ്പെട്ട് കെ.സി.എ.എച്ച് മാറ്റര്‍ എന്ന അക്കൗണ്ടില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ, അതല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ കെ.സി.എ.എച്ച് മെമ്പര്‍മാര്‍ക്കുവേണ്ടി തയാറാക്കിയിട്ടുള്ള എസ്‌ക്രോ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്. നിങ്ങളില്‍ പരിചയമുള്ള നാട്ടിലുള്ള മെമ്പര്‍മാരേയും ഈ വിവരം അറിയിച്ചാല്‍ അത് ദൈവനീതിക്ക് നിരക്കുന്നതായിരിക്കും. നിങ്ങളുടെ കൈവശം പണംകൊടുത്തതിന്റെ രസീതോ, ചെക്കിന്റെ കോപ്പിയോ ഉണ്ടെങ്കില്‍ അതും നിങ്ങളുടെ പേരും അഡ്രസും വച്ച് അയച്ചുകൊടുത്താല്‍ നന്നായിരിക്കും. അറ്റോര്‍ണി വിനു വര്‍ഗീസ് അമേരിക്കയിലെ സൂപ്പര്‍ ലോയര്‍മാരില്‍ ഒരാളാണ്. ഗൂഗിളില്‍ നോക്കിയാല്‍ കാണാം. ഒരു മലയാളി കൂടി ആയതിനാല്‍ അതും ദൈവാനുഗ്രഹം. ആരെയും പിടിച്ച് ജയിലില്‍ ഇടണമെന്ന ആഗ്രഹമൊന്നും ഞങ്ങള്‍ക്കില്ല. നീതി ലഭിക്കണം അത്രമാത്രം.

 

അറ്റോര്‍ണി വിനു വര്‍ഗീസിന്റെ അഡ്രസ്:
വര്‍ഗീസ് & അസോസിയേറ്റ്‌സ്, പി.സി 2 വാള്‍സ്ട്രീറ്റ്, ന്യൂയോര്‍ക്ക്- 10005.
ഓഫീസ് ഫോണ്‍ നമ്പര്‍: 212 430 6469.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ വിളിക്കാവുന്നതാണ്.
തോമസ് കൂവള്ളൂര്‍
ഫോണ്‍: 914 409 5772.
ഇമെയില്‍: tjkoovalloor@live.com

 

കെ.സി.എ.എച്ചിനുവേണ്ടി പ്രസിഡന്റ് തോമസ് കൂവള്ളൂര്‍.

 

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code