Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹാഗിയാ സോഫിയ: ഇനി നഷ്ടത്തെ ലാഭമാക്കാന്‍ ശ്രമിക്കാം (മാത്യൂ ചെമ്പുകണ്ടത്തില്‍)

Picture

അപ്പസ്തൊലനായ പൗലോസ് അരയോപ്പാഗസില്‍ നടത്തിയ പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്. മനുഷ്യന്‍റെ സങ്കുചിതബോധത്തിന്‍റെ തടവുകാരനല്ല പ്രപഞ്ചസൃഷ്ടാവായ ദൈവം, അവിടുന്ന് സ്വതന്ത്രനാണ് എന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രസ്താവിക്കുകയായിരുന്നു. ദൈവം ദൈവമായിരിക്കുന്നത് മനുഷ്യന്‍റെ സഹായങ്ങളും ഉപദേശങ്ങളും കൊണ്ടാണ് എന്ന സമകാലികവും എന്നാല്‍ പുറകോട്ടു നോക്കിയാല്‍ ചരിത്രത്തിലുടനീളം കാണുന്നതുമായ മതദര്‍ശനങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കുന്ന പ്രസംഗമായിരുന്നു അരയോപ്പഗാസില്‍ നടന്നത്. ദൈവങ്ങള്‍ മനുഷ്യന്‍റെ സൃഷ്ടികളും ആജ്ഞാനുവര്‍ത്തികളും അതോടൊപ്പം ആരാധനാലയങ്ങളിലെ തടവുകാരുമായി കണക്കാക്കപ്പെടുന്ന സമകാലിക ചിന്തയുടെ ഉറവിടം ഏഥെന്‍സായിരുന്നു. അവിടെയുള്ള അരയോപ്പഗാ കുന്നില്‍ നിന്ന് അദ്ദേഹം പറഞ്ഞു "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനംചെയ്യുന്നത്". (അപ്പ പ്രവൃത്തി 17:24,25)

 

"ഹാഗിയാ സോഫിയ'' ദേവാലയത്തിന്‍റെ കാര്യത്തിലേക്കു വരുമ്പോഴും ദൈവം കുടികൊള്ളുന്നിടം എന്ന അര്‍ത്ഥത്തില്‍ ആ ദേവാലയത്തെയും ക്രൈസ്തവന്‍ കണക്കാക്കുന്നില്ല എന്നത് പച്ചപ്പരമാര്‍ത്ഥമാണ്. അതിനാല്‍ ക്രിസ്ത്യാനിയുടെ ദൈവത്തെ പുറത്താക്കി ഹാഗിയാ സോഫിയ ദേവാലയത്തില്‍ അറബികളുടെ ദൈവത്തെ പ്രതിഷ്ഠിച്ചു എന്നതിലുള്ള പ്രതിഷേധം ക്രൈസ്തവര്‍ക്കും ഉണ്ടാകാനിടയില്ല. കോടാനുകോടി കൊല്ലങ്ങള്‍ക്കു മുമ്പ് "ഉണ്ടാകട്ടെ" എന്ന ഒറ്റവാക്കിനാല്‍ ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന്, ആ വാക്കിന്‍റെ ശക്തിയാല്‍ ഇന്നും വളര്‍ന്നു മുന്നേറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ, താരതമ്യേന ഒരു മണല്‍ത്തരിക്കു സമാനമായ ഒരു ഗ്രഹത്തിലെ കേവലം ആയിരത്തഞ്ഞൂറു കൊല്ലം പഴക്കമുള്ള ഒരു കെട്ടിടം വൈകാരിക വിഷയമാണെന്നും ക്രൈസ്തവന്‍ കരുതുന്നില്ല. എന്നാല്‍, ചരിത്രത്തെ ദൈവശാസ്ത്രം പോലെ പവിത്രമായി കരുതുന്ന ക്രൈസ്തവന്‍റെ ചരിത്രഗാഥകള്‍ക്ക് തീവ്രഭാവം കൈവരുത്തുന്ന, സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ദേവാലയത്തിന് അന്യായമായി അവകാശമുന്നയിച്ച് അതിനെ തട്ടിയെടുത്തപ്പോള്‍, നിസ്സഹായനായി നിന്നുകൊണ്ട് അക്രമിയോടു തോന്നുന്ന വെറുപ്പും പ്രതിഷേധവുമേ ഈ വിഷയത്തിലും ആഗോള ക്രൈസ്തവസമൂഹം പ്രകടിപ്പിച്ചിട്ടുള്ളൂ. "ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്" എന്ന അരയോപ്പഗ പ്രസംഗത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മ സാന്നിദ്ധ്യത്തിന്‍റെ ശക്തി ഇന്നും സഭയെ നയിക്കുന്നു എന്നതിന്‍റെ തെളിവാണ് ക്രൈസ്തവര്‍ ആത്മസംയമനത്തോടെ ലോകത്തെല്ലായിടത്തും ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍.

 

ചരിത്രത്തിലുടനീളം ക്രൈസ്തവസമൂഹത്തെ നിലനിര്‍ത്തിയത് യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും യുഗാന്ത്യ പ്രത്യാശയുമായിരുന്നു. ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളുമാണെന്നു ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസത്തില്‍ മരിച്ചവരുടെ പിന്മുറക്കാരാണ് ക്രൈസ്തവ സമൂഹം. മുന്‍ഗാമികള്‍ ഉയര്‍ത്തിയതും പകര്‍ന്നു നല്‍കിയതുമായ വിശ്വാസദീപശിഖയും അവരുടെ സ്മരണകളും ക്രൈസ്തവസഭ എന്ന തീര്‍ത്ഥാടകസമൂഹത്തിന് എക്കാലത്തും ഊര്‍ജ്ജം പകരുന്ന ചിന്തകളാണ്.

 

ക്രൈസ്തവികതയുടെ നിര്‍ണ്ണായക നാഴികക്കല്ലുകള്‍ നിലനില്‍ക്കുന്ന മണ്ണാണ് തുര്‍ക്കി. ക്രൈസ്തവ വിശ്വാസജീവിതത്തിന് ഊടും പാവും നെയ്ത പൗലോസ് ജനിച്ചു വളര്‍ന്ന താര്‍സൂസും ദൈവപുത്രനോട് ചേര്‍ന്നിരുന്ന യോഹന്നാനും അവനോടുകൂടെ അന്ത്യകാലം കഴിച്ച ദിവ്യരക്ഷകന്‍റെ മാതാവും എല്ലാം ജീവിച്ച എഫേസൂസും ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ ആദ്യമായി സഭാപിതാക്കന്മാര്‍ സമ്മേളിച്ച് ക്രൈസ്തവ വിശ്വാസബോധ്യങ്ങള്‍ക്ക് അടിസ്ഥാനമുറപ്പിച്ച നിഖ്യായയും കോണ്‍സ്റ്റാന്‍റിനോപ്പിളും വെളിപ്പാടു പുസ്തകത്തില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന ഏഴ് സഭകളും എല്ലാം ഹാഗിയാ സോഫിയാ ദേവാലയം നിലനില്‍ക്കുന്ന തുര്‍ക്കിയിലാണ്. ക്രിസ്തുവിശ്വാസത്തിനുവേണ്ടി ജനകോടികള്‍ രക്തസാക്ഷികളുമായ മണ്ണാണത്. നൂറ്റാണ്ടുകളായി ക്രൈസ്തവചരിത്രത്തിന് മൂകസാക്ഷിയായി നിലനിന്ന ഒരു പ്രാര്‍ത്ഥനാലയമായിരുന്നു ഹാഗിയാ സോഫിയ. ഈ മന്ദിരത്തെ അന്യായമായി ചിലര്‍ കൈക്കലാക്കിയതാണ് ഇന്ന് ആഗോളക്രൈസ്തവികതയെ വേദനിപ്പിച്ചത്. ഈ വേദന കേവലം ഒരു കെട്ടിടം നഷ്ടപ്പെട്ടതിലുള്ള ദുഃഖമല്ല, ക്രിസ്തുവിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വത്തിന്‍റെ ബലിവേദിയില്‍ അര്‍പ്പിക്കപ്പെട്ടു വിശ്വാസജീവിതയാത്രയില്‍ മുന്നേറിയവരുടെ ചോരയൊലിക്കുന്നതും ഹൃദയഭേദകവുമായ കുറെ ഓര്‍മ്മകളെയായിരുന്നു തുര്‍ക്കി തൊട്ടുണര്‍ത്തിയത്. ഈ വേദനിപ്പിക്കുന്ന ഓര്‍മ്മകളായിരുന്നു ഹാഗിയാ സോഫിയയുടെ പേരിലുള്ള ക്രൈസ്തവ പ്രതികരണങ്ങളിലെല്ലാം ഉയര്‍ന്നുകേട്ടത്.

 

"എല്ലാം നല്ലതിനല്ല, എന്നാല്‍ എല്ലാറ്റിനെയും നല്ലതിനാക്കി മാറ്റാന്‍ ദൈവത്തിനു കഴിയും" - ഹാഗിയാ സോഫിയാ ദേവാലയം മത-രാഷ്ട്ര സഖ്യ അധിനിവേശത്തിലൂടെ തുര്‍ക്കി കൈക്കലാക്കിയ സംഭവത്തെക്കുറിച്ചുള്ള ലോകവാര്‍ത്തകള്‍ വായിക്കുമ്പോള്‍ ആരില്‍നിന്നോ ഒരിക്കല്‍ കേട്ട ഈ ചിന്തയാണ് ആശ്വസിക്കാനുള്ള വക നല്‍കുന്നത്. ഈ ചരിത്രസ്മാരകം കൈവിട്ടു പോയതിലുള്ള ദുഃഖത്തില്‍ പ്രത്യാശ കൈവിടാതെ, ഈ നഷ്ടത്തെ ലാഭമാക്കുവാന്‍ ആഗോള ക്രൈസ്തവസമൂഹം ശ്രമിച്ചാല്‍, ക്രൈസ്തവികതയുടെ ആധുനികചരിത്രത്തിലെ മഹത്തായ ഒരു പരിശ്രമമായി അത് വാഴ്ത്തപ്പെടും. ഈ നഷ്ടത്തെ എങ്ങനെയാണ് നാം ലാഭമാക്കേണ്ടത്?

 

ക്രൈസ്തവസഭാ ചരിത്രകാരനായിരുന്ന ഡോ. ചേടിയത്ത്, മധ്യകാല സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില നിരീക്ഷണങ്ങളെ പരിശോധിച്ചു വേണം ഇന്നത്തെ നഷ്ടത്തെ നാളത്തെ ലാഭമാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാന്‍. ''പശ്ചിമേഷ്യയില്‍ അറബികള്‍ നിഷ്പ്രയാസം കയറിപ്പറ്റിയത് ബൈസന്‍റൈന്‍ സാമ്രാജ്യത്തിലെ ക്രൈസ്തവരുടെ കലഹങ്ങള്‍ നിമിത്തമാണ്. തുടര്‍ന്ന് അങ്ങോട്ട് കലഹത്തിന്‍റെയും മത്സരത്തിന്‍റെയും ചരിത്രമാണ് ഏഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് പറയാനുള്ളത്. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു..... അറബി തുര്‍ക്കി ആധിപത്യത്തിന്‍ കീഴില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുമ്പോഴും സഹക്രിസ്ത്യാനികളെ ശപിക്കാനും കുറ്റപ്പെടുത്താനും തെറ്റുകണ്ടെത്താനുമാണ് ഏഷ്യയിലെ ക്രിസ്തീയവിഭാഗങ്ങള്‍ തത്രപ്പെട്ടത്. ഇസ്ലാമിന്‍റെ കീഴില്‍ അനുദിനം എണ്ണത്തില്‍ കുറഞ്ഞുകൊണ്ടിരുന്ന കാലത്തും ഒന്നിക്കുന്നതിനെപ്പറ്റി ഗൗരവമായി ഒരു ക്രൈസ്തവനേതാവും ചിന്തിച്ചില്ല. ഇത് ഗൗരതവരതമായ പാപമാണെന്ന ചിന്ത അവര്‍ക്ക് ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ സ്നേഹം കാട്ടി അടുപ്പിക്കാന്‍ കഴിഞ്ഞില്ല. സ്നേഹരാഹിത്യത്താല്‍ അകറ്റാന്‍ കഴിഞ്ഞു. ഇന്നും ഇതില്‍നിന്നും ക്രിസ്ത്യാനികള്‍ പാഠം പഠിക്കുന്നില്ല എന്നതാണ് ഏറ്റപും പരിതാപരകരമായ പാപാവസ്ഥ". (ഡോ ജി ചേടിയത്ത്, മധ്യകാല സഭാചരിത്രം, പേജ് 235)

 

ക്രിസ്ത്യാനികളുടെ ഇടയില്‍ ഐക്യം നഷ്ടപ്പെട്ടപ്പോഴെല്ലാം നാം ദുര്‍ബലരാവുകയും തകര്‍ക്കപ്പെടുകയും പിടിച്ചടക്കപ്പെടുകയും ആയിരുന്നു എന്ന ചരിത്രയാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടു വേണം ഹാഗിയാ സോഫിയാ ദേവാലയ വിഷയത്തെ നാം ഇനി സമീപിക്കാന്‍. ഈ വിഷയത്തെ അപലപിക്കാന്‍ പോലും തയാറാകാത്തതും ധൈര്യപ്പെടാത്തതുമായ ഒരു തലമുറയാണ് ക്രൈസ്തവപക്ഷത്ത് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്നുതുകൂടി ചേര്‍ത്ത് വായിച്ചുകൊണ്ട് വേണം ക്രൈസ്തവസമൂഹം ഭാവിയിലേക്ക് നോക്കാന്‍. വിശ്വാസത്തിന്‍റെയും പാരമ്പര്യങ്ങളുടെയും പൗരാണികതയുടെയും ആചാരങ്ങളുടെയും പേരില്‍ ശത്രുരാജ്യങ്ങളെപ്പോലെ പോരടിച്ചുനില്‍ക്കുന്ന ക്രൈസ്തവസമൂഹം ഈ നില ഇനിയും തുടര്‍ന്നാല്‍ അധികനാള്‍ കഴിയും മുമ്പ് ലോകത്തിലെ എല്ലാ ക്രൈസ്തവദേവാലയങ്ങള്‍ക്കും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഹാഗിയാ സോഫിയാ ദേവാലയത്തിനു സംഭവിച്ച അന്യായമായ അധിനിവേശത്തിന്‍റെ ഗതിയാണ് വരാന്‍ പോകുന്നത് എന്ന തിരിച്ചറിവ് എല്ലാ ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ക്കും ഉണ്ടായിരിക്കണം.

 

ചരിത്രപരവും കൗദാശികവുമായി ഒരേ പാരമ്പര്യം പേറുന്ന ക്രൈസ്തവസഭകള്‍ തമ്മില്‍ തമ്മിലും ഇതരസഭകള്‍ തമ്മിലുമുള്ള അനൈക്യം ഇന്ന് പ്രസിദ്ധമാണ്. ചരിത്രത്തില്‍ സംഭവിച്ച വിവിധ പിളര്‍പ്പുകള്‍ വാസ്തവത്തില്‍ സഭയെ ബലപ്പെടുത്തുകയായിരുന്നു എന്നതാണ് നിഷ്പക്ഷമതികളുടെ നിരീക്ഷണങ്ങള്‍. എഡി 1054ല്‍ കിഴക്കന്‍ പടിഞ്ഞാറന്‍ സഭകള്‍ തമ്മില്‍ വേര്‍പിരിഞ്ഞതും പതിനാറാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്‍റ് നവീകരണ മുന്നേറ്റം ഉറവെടുത്തതും എല്ലാം ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ദൈവം അവയെയെല്ലാം നല്ലതിനായി ഉപയോഗിച്ചു എന്നതാണ് വ്യക്തമാകുന്നത്. ഓര്‍ത്തഡോക്സ്, കാത്തലിക് സഭകളുടെ ചരിത്രപശ്ചാത്തലത്തില്‍ നിന്നും രൂപപ്പെട്ട നവീകരണപ്രസ്ഥാനങ്ങള്‍ ശക്തമായ ഒരു സുവിശേഷീകരണ മുന്നേറ്റമാണ് തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ നിവര്‍ത്തിച്ചത്. തുടര്‍ന്ന് 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഉണ്ടായ പെന്‍റക്കൊസ്റ്റ് ഉണര്‍വ്വ് ആഗോളതലത്തില്‍ ക്രിസ്തുസന്ദേശം എത്തിക്കുന്നതില്‍ ഏറെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. കാത്തലിക്, ഓര്‍ത്തഡോക്സ് എന്നീ എപ്പിസ്കോപ്പല്‍ സഭകളെപ്പോലെ ദൈവവചനത്തിന്‍റെ അടിസ്ഥാനഉപദേശങ്ങള്‍ക്കും പഠിപ്പിക്കലുകള്‍ക്കും ഉള്ളില്‍നിന്നായിരുന്നു പ്രൊട്ടസ്റ്റന്‍റുകളും പെന്‍റക്കൊസ്റ്റലുകളും ക്രൈസ്തവികതയെ നിര്‍വ്വചിച്ചതും സാക്ഷാത്കരിച്ചതും. ക്രൈസ്തവ വിശ്വാസജീവിതത്തെ ചരിത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും പേരില്‍ വ്യത്യസ്ത കോണുകളിലൂടെ നോക്കിക്കാണുമ്പോഴും ആത്യന്തികമായി ദിവ്യരക്ഷകനെ ലോകത്തില്‍ ഉയര്‍ത്തുവാനുള്ള വ്യഗ്രതയിലാണ് ഈ സഭകളെല്ലാം.

 

11-ാം നൂറ്റാണ്ടില്‍ കിഴക്ക് -പടിഞ്ഞാറ് സഭകള്‍ തമ്മിലുള്ള വേര്‍പിരിയലും 16-ാം നൂറ്റാണ്ടിലുണ്ടായ പ്രൊട്ടസ്റ്റന്‍റ് നവീകരണവുമെല്ലാം ക്രൈസ്തവസഭകളെ ആഗോളതലത്തില്‍ വലിയ ധ്രുവീകരണത്തിന് വഴിതെളിച്ചുവെങ്കിലും അതിനെ കത്തോലിക്കാ സഭ യാഥാര്‍ത്ഥ്യബോധത്തോടെയാണ് സമീപിച്ചത്. 1965ല്‍ സമാപിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ ഇതര ക്രൈസ്തവസഭകളെ കത്തോലിക്കാ സഭ എപ്രകാരമാണ് വീക്ഷിക്കുന്നത് എന്നത് വ്യക്തമാക്കിയിട്ടുണ്ട്.

 

"ഈ കൗണ്‍സിലിന്‍റെ ചിന്ത ആദ്യമായി തിരിയുന്നത് ക്രിസ്തുവിനെ ദൈവമായും കര്‍ത്താവായും ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള ഏകമധ്യസ്ഥനായും പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ട് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിന് മഹത്വമര്‍പ്പിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളിലേക്കാണ്. ഇവര്‍ക്ക് കത്തോലിക്കാ സഭയുടെ പഠനങ്ങളുമായി സാരമായ വ്യത്യാസമുണ്ടെന്നുള്ള വസ്തുത ഈ കൗണ്‍സിലിന് ബോധ്യമാണ്. മാംസംധരിച്ച ദൈവവചനമായ ക്രിസ്തുവിനെ സംബന്ധിച്ചും അവിടുത്തെ രക്ഷണീയകര്‍മ്മത്തെ സംബന്ധിച്ചും ഭിന്നതകളുണ്ട്. ഇങ്ങനെ സഭയുടെ നിഗൂഡതയിലും സഭാശുശ്രൂഷയിലും രക്ഷണീയ വേലയില്‍ മറിയം വഹിക്കുന്ന പങ്കിലും ഈ വ്യത്യാസം ദൃശ്യമാണ്. ഇതോടൊപ്പം ഞങ്ങള്‍ക്കാനന്ദം പകരുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ വേര്‍പെട്ട സഹോദരന്മാര്‍ ക്രിസ്തുവിനെ സഭൈക്യത്തിന്‍റെ ഉറവിടവും കേന്ദ്രബിന്ദുവുമായിക്കാണുന്നു എന്നതാണത്. ക്രിസ്തുവുമായി ഐക്യത്തില്‍ വര്‍ത്തിക്കാനുള്ള അവരുടെ തീരാദാഹം കൂടുതല്‍ ഗാഢമായ ഐക്യത്തെ ആശ്ലേഷിക്കാനും ഭൂമിയില്‍ ജനപദങ്ങളുടെ ഇടയ്ക്ക് എവിടെയും തങ്ങളുടെ വിശ്വാസത്തിനു സാക്ഷികളാകാനും അവര്‍ക്ക് ആവേശം പകരുന്നു (രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ്, എക്യൂമെനിസം, പേജ് 375, പാര 20, 1978)

 

രണ്ടാം വത്തിക്കാന്‍ സൂന്നഹദോസില്‍ "വേര്‍പെട്ട സഹോദരന്മാര്‍" എന്ന് പ്രൊട്ടസ്റ്റന്‍റ്, പെന്‍റക്കൊസ്റ്റ് സഭാംഗങ്ങളെ അഭിസംബോധന ചെയ്യുന്നതുതന്നെ വിശ്വാസസംബന്ധിയായ വിഷയങ്ങളില്‍ വൈവിധ്യം നിറഞ്ഞുനില്‍ക്കുമ്പോഴും ഏകലക്ഷ്യത്തിലേക്ക് മുന്നേറുവാന്‍ ഐക്യത്തിനായുള്ള വലിയൊരു ആഹ്വാനമാണ് മുഴങ്ങുന്നത്. കത്തോലിക്കാ സഭ ഉയര്‍ത്തുന്ന ഈ ഐക്യാഹ്വാനം എല്ലാ സഭകളുടെയും മുകള്‍ഘടകങ്ങളെ സ്വാധീനിക്കുന്നു, മുന്‍നിര നേതാക്കന്മാര്‍ തമ്മില്‍ തമ്മില്‍ ചര്‍ച്ചകളും നടക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ഐക്യബോധം സഭകളുടെ താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നതാണ് നമ്മുടെ എല്ലാവിധ ബലഹീനതകള്‍ക്കും കാരണമാകുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം. ക്രൈസ്തവര്‍, അവര്‍ ഏത് സഭാവിഭാഗത്തില്‍ ഉള്ളവര്‍ എന്നിരിക്കിലും ആത്യന്തികമായി ഒന്നാണ് എന്ന ബോധമാണ് നമുക്ക് അതിജീവനത്തിന് ഇന്ന് അവശ്യമായിരിക്കുന്നത്. ഈ അവബോധം നശിപ്പിച്ച് ഐക്യം തകര്‍ക്കുന്ന വിധത്തില്‍ സംസാരിക്കുന്നതും എഴുതുന്നതും പ്രസംഗിക്കുന്നതും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതകളാണ്.

 

അന്ധമായ കത്തോലിക്കാ വിരോധവും അന്ധമായ പ്രൊട്ടസ്റ്റന്‍റ്, പെന്‍റക്കൊസ്റ്റ് വിരോധവും ഒഴിവാക്കി കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ ക്രൈസ്തവര്‍ ഒന്നിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുശിഷ്യന്മാരായ പത്രോസിന്‍റെയും തോമസിന്‍റെയും പേരില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ പള്ളികള്‍ക്കു വേണ്ടി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും ഉപദേശവിഷയങ്ങളുടെയും പേരില്‍ ക്രൈസ്തവര്‍ പോരടിക്കുന്തോറും എതിരാളികള്‍ ഏറെ പ്രബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുള്ള സാമാന്യബോധമെങ്കിലും കാണിക്കാത്തിടത്തോളം ഹാഗിയാ സോഫിയാ സംഭവം ഒറ്റപ്പെട്ടസംഭവമായി അവശേഷിക്കില്ല എന്ന തിരിച്ചറിവാണ് ഇനി ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റിക്ക് അനിവാര്യമായിരിക്കുന്നത്.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code