ഫ്ളോറിഡ: ഫ്ളോറിഡ സംസ്ഥാനത്ത് കോവിഡ് 19 വീണ്ടും വ്യാപകമാകുന്നു. നവംബര്‍ 19 വ്യാഴാഴ്ച മാത്രം 9000 പുതിയ രോഗികളും, 81 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫ്ളോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്താണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. മയാമി- ഡേഡ് കൗണ്ടിയില്‍ മാത്രം 2000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് മാസത്തിനുശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഹോട്ട് സ്പോട്ടായി മാറിയിരിക്കുകയാണ് മയാമി- ഡേഡ് കൗണ്ടി.
കഴിഞ്ഞയാഴ്ച മുതല്‍ ഓരോ ദിവസവും 7080 -ലധികം പുതിയ കേസുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മരണം ശരാശരി 64 ഉം. മാര്‍ച്ചിനുശേഷം ഫ്ളോറിഡയില്‍ 18030 പേര്‍ക്കാണ് കോവിഡ് 19 മൂലം ജീവന് നഷ്ടമായത്.
സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ദീര്‍ഘനാളുകള്‍ക്കുശേഷം ആദ്യമായാണ് പാന്ഡമിക്കിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്. ട്രംപ് അഡ്മിനിസ്ട്രേഷനും, ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും ഇതിനകം തന്നെ അഞ്ച് മില്യന്‍ നീഡില്‍സ്, സിറിഞ്ച്, ആല്‍ക്കഹോള്‍, സ്വാമ്പ് എന്നിവ എത്തിക്കുമെന്നും, വാക്സിന് ഉടന്‍ ലഭിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
ഫ്ളോറിഡയിലെ വിവിധ മേയര്‍മാര്‍ ഗവര്‍ണറോട് കോവിഡിനെ പ്രതിരോധിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടതിനോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. മാസ്ക് ധരിക്കാത്തവര്‍ക്കെതിരേ ഫൈന്‍ ഏര്‍പ്പെടുത്തണമെന്ന് മേയര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.
Comments