Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുന്‍ ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പി. കൃഷ്ണന്‍ നിര്യാതനായി   - ബൈജു പി.വി

Picture

എഡ്മണ്‍റ്റന്‍: യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ടയിലെ സോഷ്യോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന പരമേശ്വരന്‍ കൃഷ്ണന്‍ നിര്യാതനായി. കാനഡയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍, അക്കാദമിക് മേഖലയില്‍ മികവ് തെളിയിച്ച വ്യക്തി ആയിരുന്നു, ജനസംഖ്യ പഠനത്തില്‍ ലോക പ്രശസ്തനായിരുന്ന ഡോ. പി. കൃഷ്ണന്‍. തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ജനിച്ച അദ്ദേഹം, അധ്യാപന ജീവിതം ആരംഭിച്ചത് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു.

 

തുടര്‍ന്ന് അമേരിക്കയിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌കോളര്ഷിപ്പോടെ പിഎച് ഡി പൂര്‍ത്തിയാക്കി. ഡോക്ടറേറ്റ്‌നു ശേഷം, യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ടയില്‍ ചേര്‍ന്ന അദ്ദേഹമാണ്, സര്‍വകലാശാലയില്‍ ഡെമോഗ്രഫി പഠന ശാഖ ആരംഭിച്ചത്. കാനഡയിലെ പല ജനസംഖ്യ ഗവേഷണങ്ങള്‍ക്കും നേതൃത്വം കൊടുത്ത പ്രൊഫസര്‍ കൃഷ്ണന്‍, കാനഡയിലെ ഡെമോഗ്രഫി മേഖലയിലെ ആധികാരിക പ്രസിദ്ധീകരണമായ കനേഡിയന്‍ സ്റ്റഡീസ് ഇന്‍ പോപുലേഷന്‍ എന്ന ജേര്‍ണല്‍ 1974 ല്‍ ആരംഭിച്ചു. അതിന്റെ ആദ്യ എഡിറ്ററും ആയിരുന്നു. ഡെമോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കനേഡിയന്‍ സംഘടന ആയ കാനേഡിയന്‍ പോപുലേഷന്‍ സൊസൈറ്റിയുടെ ആദ്യ സമ്മേളനം അദ്ദേഹത്തിന്റെ നേതൃത്തില്‍ 1975 ല്‍ യൂണിവേസിറ്റി ഓഫ് ആല്‍ബെര്‍ട്ടയില്‍ വെച്ച് നടന്നു.

 

ഡോ. കൃഷണന്റെ കീഴില്‍ നിരവധി പേര് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. എഡ്മന്റോണില്‍ വെച്ച് കണ്ടുമുട്ടിയ ലീലയെ (സികെസിഎ സെക്രട്ടറി റേച്ചല്‍ മാത്യുവിന്റെ സഹോദരി) അദ്ദേഹം 1973 ല്‍ വിവാഹം കഴിച്ചു. 1998 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ടയില്‍ നിന്നും വിരമിച്ച അദ്ദേഹം, 2001 മുതല്‍ ആഫ്രിക്കയിലെ ബോട്‌സ്വാന സര്വ്വകലാശാലയില് ഡെമോഗ്രഫി പഠനശാഖാ ആരംഭിക്കാനും, പഠിപ്പിക്കാനുമായി അങ്ങോട്ട് പോയി. അവിടെ ജോലി ചെയ്യുമ്പോള്‍, 2009 ല്‍ അദ്ദേഹത്തിന്റെ ഭാര്യ ലീല അന്തരിച്ചു. 2010 മുതല്‍ തന്‍റെ വിശ്രമ ജീവിതതിനായി അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു.

 

ഇതിനിടയില്‍ ചൈനയിലെ പീക്കിങ് സര്‍വകലാശാല, ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, മെക്‌സിക്കോ സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിങ്ങനെ നിരവധി സര്‍വകലാശാലകളില്‍ ഡോ കൃഷ്ണന്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്റ്റഡി ഓഫ് പോപുലേഷന്‍ 2012 ല്‍, ഇന്ത്യന്‍ ജനസംഖ്യ പഠന ശാഖക്കുള്ള ആജീവനാന്ത സംഭാവന മുന്‍നിറുത്തി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഡെമോഗ്രഫി മേഖലയിലെ നിരവധി ഗ്രന്ധങ്ങളുടെ രചയിതാവാണ് ഡോ. പി. കൃഷ്ണന്‍. ഇവയില്‍, പൊളിറ്റിക്കല്‍ ഡെമോഗ്രഫി ഓഫ് ഇന്ത്യ, ഗ്ലിമ്പ്‌സസ് ഓഫ് ഇന്ത്യന്‍ ഹിസ്‌റ്റോറിക്കല്‍ ഡെമോഗ്രഫി എന്നീ പുസ്തകങ്ങള്‍ ഇന്ത്യന്‍ ജനസംഖ്യ പഠനമേഖലയിലെ ആധികാരിക ഗ്രന്ഥങ്ങളാണ്.

 

എഡ്മണ്‍റ്റണിലെ സാമൂഹിക രംഗത്തും ഗണ്യമായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഡോ. കൃഷ്ണന്‍. ആല്‍ബെര്‍ട്ടയിലെ ആദ്യ ഹൈന്ദവ സംഘടന ആയ എഡ്മണ്‍റ്റോണ്‍ ഭജനസഘം ആരംഭിച്ചതില്‍ പ്രധാനിയാണ് ഡോ കൃഷ്ണന്‍. ഇന്ത്യന്‍ ഭാഷകള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ശനിയാഴ്ചകളില്‍ യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ടയില്‍ ഹിന്ദി പഠിപ്പിക്കാനുള്ള അവസരം അദ്ദേഹം ഒരുക്കി.

 

കുറച്ചു വര്ഷങ്ങളായി തിരുവനന്തപുരത്തു സഹോദരന്റെ വസതിയില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന ഡോ. കൃഷ്ണന്‍ ഫെബ്രുവരി 17 നാണു, തന്റെ 84ലാം വയസില്‍ അന്തരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ട, സോഷിയോളജി വിഭാഗം അദ്ദേഹത്തിന്റെ മരണത്തില്‍ അനുസ്മരണം നടത്തിയിരുന്നു.

 

ഡോ. കൃഷ്ണന്റെ സമരണക്കായി ഒരു എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ബന്ധുക്കള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകം ആദരിച്ചിരുന്ന സാമൂഹ്യ ശാസ്ത്രജ്ഞനായ ഒരു കനേഡിയന്‍ മലയാളിയെയാണ്, അദ്ദേഹത്തിന്റെ മരണം മൂലം നഷ്ടപെട്ടത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code